Friday, 16 July 2021

ഹരിനാമകീർത്തനം

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലി
കളുണ്ടാകയെങ്കലിഹ നാരായണായ നമ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാന്ദമെന്തു ഹരിനാരായണായനമഃ

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമഃ

6
ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരനാരായണായ നമഃ

7
ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിഛ്കുമുദ-
കര്‍പ്പോളപോലെജനനാന്ത്യേന നിത്യഗതി
ത്വല്‍ഭക്തി വര്‍ദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ് വരിക നായായണായ നമഃ

8
ണത്താരില്‍ മാനനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സലനന്താദിഹീനനതി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

9
പച്ചക്കിളിപ്പവിഴപാല്‍ വര്‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയ സൃഷ്ടിക്കു സത്വരജ-
സ്തമോഭേദ രൂപ ഹരി നാരായണായ നമഃ

10
തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

11
യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എമ്പക്കലുളള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

12
നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങൌയര്‍ന്നളവില്‍
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

13
മല്‍ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍ പ്രാണദേഹവുമനിത്യം കലത്ര ധനം
സ്വപ്നാദിയില്‍ പലതുകണ്ടാലുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ

14
അന്‍പേണമെന്‍ മനസ്സില്‍ ശ്രീനീലകണ്ടഗുരു
മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ

15
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ

16
ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളും
നര്‍ക്കേന്തുവഹ്നികളൊടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണായ നമഃ

17
ഈ വന്ന മോഹമകലെപ്പോവതിന്ന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

18
ഉള്ളില്‍ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂഗതിക്കുവഴി നാരായണായനമഃ

19
ഊരിന്നു വേണ്ട ചില ഭാരങ്ങള്‍ വേണ്ടതിന്
നീരിന്നുവേണ്ട നിജദാരങ്ങള്‍ വേണ്ടതിന്ന്
നാരായണാച്യുതഹരേ! എന്നതിന്നൊരുവര്‍
നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ

20
ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

21
ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ

22
(നു) സ്മാദി ചെര്‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

23
നൂ(ലു)കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ

24
ഏകാന്തയോഗികളിലാമാംക്ഷകൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ

25
ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൌവ്വണ്‍നമെട്ടുമുടനെണ്‍ മ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ

26
ഓതുന്നു ഗീതികളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്മതിനു പോരാ നിനക്കുബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

27
ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേകദാപി സുഖമില്ലെന്നു തല് പരിചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയില്‍ നാരായണായ നമഃ

28
അംഭോജസംഭവനുമന്‍പോടുനീന്തിബത-
വന്മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമഃ

29
അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടുചെന്നഥതടുത്തോരുനാല്‍ വരെയു-
മപ്പോലെനൌമി ഹരിനാരായണായ നമഃ

30
കഷ്ടം ഭവാനേയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്ത്യേന നീബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കറ്റിപ്പിച്ചതെന്തിനിതു
മോര്‍ക്കാവതല്ല ഹരിനാരായണായ നമഃ

31
ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തുവിധി?
ഒട്ടല്ലനിന്‍ കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമഃ

32
ഗര്‍വ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

33
ഘര്‍മ്മാതപം കുളിര്‍ന്നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
വൃന്ദാവന്ത്തിലഥ നാരായണായ നമഃ

34
ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു! ഹരിനാരായണായ നമഃ

35
ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേര്‍പൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരിനാരായണായ നമഃ

36
ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്മഹിമയാര്‍ക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമഃ

37
ജ ന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മനാസതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

38
ത്ധങ്കാരമാദമിവയോഗീന്ദ്രരുള്ളിലുമി-
തോതുന്നഗീതകളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരി നാരായണായ നമ!

39
ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു-
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടായതിന്നുമിഹ!
മോഹംനിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാകമമ നാരായണായ നമഃ

40
ടങ്കംകുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ

41
ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
മേകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

42
ഢംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങള്‍ തീര്‍ക്ക ഹരിനാരായണായ നമഃ

43
ഢക്കാമൃദംഗതുടിതാലങ്ങള്‍ കേട്ടനുഭ-
വിക്കാമതിന്നിലയിലിന്നേടമോര്‍ത്തു മമ
പാര്‍ക്കുന്നതല്ലമനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരിനാരായണായ നമഃ

44
ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ

45
തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നിടയില്‍
മുക്തിക്കുകാരണമിതേശബ്ദമെന്നു തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമഃ

46
ഥ ല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

47
ദംഭായവന്മരമതിന്നുള്ളില്‍നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നുഗതി
നിന്‍ പാദഭക്ത ഹരിനാരായണായ നമഃ

48
ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ

49
നന്നായ്ഗതിക്കൊരുസഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍ മാരി പെയുതുപുനര്‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

50
പലതും പറഞ്ഞു പകല്‍ കളയുന്ന നാവുതവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേള്‍പ്പു ഹരിനാരായണായ നമഃ

51
ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമഃ

52
ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍ തത്ത്വമോര്‍ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

53
ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖ-
അയ്യോകൃതാന്തനിഹ പിന്‍പേ നടന്നു മമ
എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരിനാരായണായ നമഃ

54
മനിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസുദേഹങ്ങള്‍ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ

55
യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

56
രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൌസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

57
ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകള്‍ നാരായണായ നമഃ

58
വദനം നമുക്കു സിഖി വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

59
ശക്തിക്കുതക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാപിദേഹദൃഢവിശ്വാസമോടുബത
ഭക്ത്യാകടന്നുതവതൃക്കാല്‍ പിടിപ്പതിന-
യയ്ക്കുന്നതെന്തു ഹരിനാരായണായ നമഃ

60
ഷഢൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാനരംഗമതില്‍
തത്രാപിനിത്യവുമൊരിക്കാലിരുന്നരുള്‍ക
സത്യസ്വരൂപ ഹരി നാരായണായ നമഃ

61
സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണുഹരി നാരായണായ നമഃ

62
ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയാവതല്ല തവ മറിമായതന്മഹിമ
അരിവായ്, മുതല്‍ക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളീക നാരായണായ നമഃ

63
ളത്വം കലര്‍ന്നിതുലകാരത്തിനപ്പരി‍ചു
തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെഹൃദി
നില്‍ക്കുന്ന നാഥ! ഹരിനാരായണായ നമഃ

64
ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യപൊരുള്‍
അറിയായുമായ് വരിക നാരായണായ നാമ:

65
കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തു പിഴവഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

66
മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരാ‍യണായ നമഃ

ശ്ലോകം 01

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യ രൂപ ഹരി നാരായണായ നമഃ

ഓങ്കാരത്തിന്റെ പൊരുളായ പരബ്രഹ്മം തന്നെ മൂന്നായി വേർപെട്ട് അഹങ്കാരങ്ങളായി ഭവിച്ചു.
ആ അഹങ്കാരങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട് ഓങ്കാരമായ പൊരുൾ തന്നെ സാക്ഷിയായി വിളങ്ങി.
ഈ വസ്തുസ്ഥിതി പ്രത്യക്ഷമായി അനുഭവിച്ചറിയുന്നതിനു സഹായിയായി ഭവിച്ച പരമഗുരുവായി വിളങ്ങുന്ന ഹരിരൂപനായ നാരായണനു നമസ്കാരം.

എല്ലാ വ്യക്തികളിലും അഹങ്കാരരൂപത്തിൽ ഞാൻ, ഞാൻ എന്നിങ്ങനെ സദാ സ്ഫുരിക്കുന്ന ബോധാംശം പരമാത്മാവിന്റെ തന്നെ അംശമാണെന്നും ഗുരുകാരുണ്യം നേടി പ്രണവോപാസന ശീലിച്ചാൽ ഈ സത്യസ്ഥിതി ആർക്കും സാക്ഷാത്കരിക്കാമെന്നും ഒന്നാം ശ്ലോകത്തിൽ തന്നെ ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നു.

ഓങ്കാരമായ പൊരുൾ - ബ്രഹ്മമാണ് ഇവിടെ ഓങ്കാരമായ പൊരുൾ. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. ഘനീഭൂതമായ നിശ്ചലബോധാനുഭവമാണ് ബ്രഹ്മാനുഭവം. ഉപനിഷത്തുകൾ ഈ സത്യത്തെ 'സച്ചിദാനന്ദം' എന്ന് വിവരിക്കുന്നു. ശുദ്ധമായ ഉണ്മ, ശുദ്ധമായ ബോധം, ശുദ്ധമായ ആനന്ദം ഇവ ഏകീഭവിച്ചു ഘനീഭവിച്ചതാണ് ബ്രഹ്മസ്വരൂപമെന്ന് താത്പ്പര്യം. സർവ്വത്ര ഇടതിങ്ങി നിറഞ്ഞിരിക്കുന്ന ഈ സത്യത്തെ ആർക്കും ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് കണ്ടറിയാൻ സാധ്യമല്ല. ആരംഭത്തിൽ ഏതെങ്കിലും നാമത്തിലോ രൂപത്തിലോ മനസ്സിനെ ഏകാഗ്രതപ്പെടുത്തികൊണ്ടുള്ള ഉപാസനയിൽ കൂടി മുന്നോട്ടു നീങ്ങി സാക്ഷാത്കരിച്ചു വേണം ഈ സത്യത്തെ അറിയാൻ. ഇങ്ങനെ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ ഉപാസനയ്ക്കവലംബമായി ഉപനിഷത്തുകൾ കണ്ടുപിടിച്ചിട്ടുള്ള പ്രതീകമാണ് 'പ്രണവം' അഥവാ ഓംകാരം. പ്രണവോപാസനയിൽ അഥവാ 'ഓം' കാരധ്യാനത്തിൽ സഗുണനിർഗുണോപാസനകൾ സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു. 'ഓം'കാരം നീട്ടി ഉച്ചരിച്ച് ഏകാഗ്രപ്പെടുന്ന മനസ്സ് സഗുണമായ പ്രണവത്തിൽ തുടങ്ങി ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തിൽ നിർഗുണമായ ആത്മസത്ത യിലെത്തി അവസാനിക്കുമെന്ന് പ്രണവോപാസന കൃത്യമായി ശീലിക്കുന്നവർക്കൊക്കെ ബോധ്യമാകുന്നതാണ്. ഇങ്ങനെ 'ഓം'കാരം ആത്മസാക്ഷാത്കാരത്തിൽക്കൂടി പരബ്രഹ്മസത്തയെ നേരിട്ട് വെളിപ്പെടുത്തി കൊടുക്കുന്ന മന്ത്രമായതുകൊണ്ട് അതിനെ ഉപനിഷത്തുകൾ പരമാത്മാവിനെ പ്രത്യേകമായി പ്രഖ്യാപിച്ചു. ഉപനിഷത്ത്സംബന്ധമായ ഇക്കാര്യമാണ് എഴുത്തച്ഛൻ 'ഓം'കാരമായ പൊരുൾ എന്നു വിവരിച്ചിരിക്കുന്നത്.

മൂന്നായ് പിരിഞ്ഞുടനെ അങ്കാരമായ് - 'ഓം'കാരത്തെ ബ്രഹ്മപ്രതീകമായി എല്ലാ ഉപനിഷത്തുകളും അംഗീകരിച്ചിട്ടുണ്ടെങ്കിലും മാണ്ഡുക്യോപനിഷത്ത് ആണ് പ്രണവത്തെ പൂർണമായി വിവരിച്ചിട്ടുള്ളത്. 'ഓം'കാരം പ്രപഞ്ചമായി കാണപ്പെടുന്ന ബ്രഹ്മത്തെയും പ്രപഞ്ചാതീതമായി സത്യസ്വരൂപമായി വിളങ്ങുന്ന ബ്രഹ്മത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു. പരബ്രഹ്മം മൂന്നായി വേർതിരിഞ്ഞാണ് പ്രപഞ്ചാനുഭവം ഉളവാക്കുന്നത്. പ്രപഞ്ച അനുഭവത്തെ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നു മൂന്നായി നമുക്ക് വേർതിരിക്കാം. ബ്രഹ്മപ്രതീകമായ് 'ഓം'കാരത്തിലും ഈ മൂന്നു വേർതിരിവുകളെയും ഘടിപ്പിച്ചിട്ടുണ്ട്.അ,ഉ,മ് എന്നീ മൂന്നു ധ്വനികൾ കൂടിച്ചേർന്നതാണ് 'ഓം'കാരം. 'അ' ജാഗ്രത്തിനെയും 'ഉ' സ്വപ്നത്തെ യും 'മ്' സുഷുപ്തിയെ യും പ്രതിനിധീകരിക്കുന്നു. ഉണർന്നിരുന്നു ജ്ഞാനകർമ്മേന്ദ്രിയങ്ങൾ കൊണ്ട് ബാഹ്യ ദൃശ്യങ്ങളെ അനുഭവിക്കുന്നതാണ് 'ജാഗ്രത്ത്.' ഇന്ദ്രിയാനുഭവങ്ങളെയെല്ലാം ഉപസംഹരിച്ചശേഷം മനസ്സ് ശരീരാന്തർഭാഗത്ത് ഒതുങ്ങി നിന്ന് കൊണ്ട് സ്വയം ദൃശ്യങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നതാണ് 'സ്വപ്നം.' പ്രപഞ്ച അനുഭവങ്ങളെയെല്ലാം ഉപശമിപ്പിച്ച് അനുഭോക്താവ് അജ്ഞാനാവരണത്താൽ മറയ്ക്കപ്പെട്ടു പരമാത്മാവിൽ ലയിച്ചിരിക്കുന്ന അവസ്ഥയാണ് 'സുഷുപ്തി' അഥവാ 'ഗാഢനിദ്ര' ഞാൻ, ഞാൻ എന്നിങ്ങനെ എല്ലാ വരിയിലും നിരന്തരം സ്ഫുരിക്കുന്ന അഹന്ത ബോധമാണ് മാറിമാറി ഈ മൂന്ന് സ്ഥാനങ്ങളിൽ നിന്നുകൊണ്ട് പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്ന ജീവാത്മാവ്. ഈ അഹന്തയെ തന്നെ പ്രപഞ്ചത്തെ മുഴുവൻ ഒന്നായി അനുഭവിക്കുന്ന 'വിശ്വാഹന്ത' എന്നും വ്യക്തികളിൽ വേർതിരിഞ്ഞു നിന്നുകൊണ്ടു പ്രപഞ്ചത്തെ അല്പാല്പമായി അനുഭവിക്കുന്ന 'വ്യക്തിഹന്ത' എന്നും രണ്ടായി തരം തിരിക്കാം. വേദാന്തശാസ്ത്രം വ്യക്തിഹന്തയെ 'വൃഷ്ടി' എന്നും വിശ്വാ ഹന്തയെ 'സമഷ്ടി' എന്നും വിളിക്കുന്നു. സമഷ്ടിയുടെ അംശങ്ങളാണ് വ്യഷ്ടികളെല്ലാം. തിരയുടെ അംശങ്ങൾ കുമിളകൾ എന്നപോലെ. ജാഗ്രത്സ്ഥാനത്തു നിന്നുകൊണ്ട് സമ്പൂർണ്ണ പ്രപഞ്ചത്തിൽ അഭിമാനം കൊള്ളുന്ന സമഷ്ട്യഹന്തയെ ഉപനിഷത്ത് 'വൈശ്വാനരൻ' എന്ന് വിളിക്കുന്നു, പുരാണങ്ങളിൽ വിരാട്പുരുഷനെന്നും. ജാഗ്രത്തിൽ നിന്നുകൊണ്ട് പ്രപഞ്ചത്തെ അനുഭവിക്കുന്ന വ്യഷ്ട്യഹന്തയാണ് വിശ്വൻ 'വിശ്വൻ.' 'വിശ്വൻ' വൈശ്വാനരന്റെ അംശമാണ്. അതുപോലെ സ്വപ്ന സ്ഥാനത്തുനില്ക്കുന്ന സമഷ്ട്യഹന്തയെ 'ഹിരണ്യഗർഭ'നെന്നും വ്യഷ്ട്യഹന്തയെ 'തൈജസ'നെന്നും വിളിക്കുന്നു. തൈജസൻ മാരുടെ സമഗ്ര രൂപമാണ് ഹിരണ്യഗർഭൻ. സുഷുപ്തിയിൽ ലയിക്കുന്ന വിശ്വാഹന്തയ്ക്ക് 'ഈശ്വര'നെന്നും വ്യക്തി ഹന്തയ്ക്ക് 'പ്രാജ്ഞൻ' എന്നുമാണ് പേർ. നിശ്ചലവും നിർവികാരവുമായ ബ്രഹ്മ സത്യത്തിൽ ബ്രഹ്മശക്തിയായ മായ പടുത്തുയർത്തുന്നതാണ് പ്രപഞ്ചം. ഉറക്കത്തിൽ മായ അജ്ഞാനാവരണമായും സ്വപ്നത്തിൽ മനോദൃശ്യങ്ങളായും ജാഗ്രത്തിൽ ബാഹ്യദൃശ്യങ്ങളായും വികസിച്ചു കാണപ്പെടുന്നു. മായ ഇങ്ങനെ രൂപഭേദം കൊള്ളുമ്പോൾ അവയിൽ ഓരോന്നിലും പ്രതിബിംബിച്ച് അവയെ പ്രകാശിപ്പിക്കുന്ന പരമാത്മ പ്രതിബിംബങ്ങളാണ് അഹങ്കാരങ്ങൾ. അപ്പോൾ ഒരേ പരമാത്മാവ് തന്നെ ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും കാണപ്പെടുന്ന മായാരൂപങ്ങളിൽ അഹന്താബോധരൂപത്തിൽ പ്രതിബിംബിച്ച് വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നിങ്ങനെ മൂന്നായി പിരിയുന്നതോടെയാണ് പ്രപഞ്ചാനുഭവമെല്ലാം ഉളവാകുന്നത്. മഹത്തായ ഈ സാക്ഷാത്കാര രഹസ്യമാണ്, മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായ് എന്നു തുഞ്ചത്താചാര്യൻ വർണിച്ചിരിക്കുന്നത്.

ത്രിഗുണങ്ങളെ അവലംബമാക്കിയും ഈ 'മൂന്നായ് പിരിവി'നെ വിവരിക്കാവുന്നതാണ്. പ്രകാശം, പ്രവൃത്തി, മോഹം ഇവയെ പ്രതിനിധാനം ചെയ്യുന്ന സത്ത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതി ഗുണങ്ങളെ ആശ്രയിക്കുന്നവയാണ് എല്ലാ പ്രപഞ്ച ഘടകങ്ങളും. പ്രാധാന്യേന സത്വഗുണത്തിൽ വർത്തിക്കുന്ന അഹന്തയെയാണ് പുരാണങ്ങൾ 'വിഷ്ണു' എന്ന് നാമകരണം ചെയ്തിരിക്കുന്നത്. രജോഗുണ പ്രധാനമായ അഹങ്കാരത്തെ ബ്രഹ്മാവ് എന്നും തമോഗുണ പ്രധനമായതിനെ ശിവനെന്നും വിളിക്കുന്നു. രക്ഷയും സൃഷ്ടിയും സംഹാരവുമാണ് യഥാക്രമം ഈ അഹങ്കാരങ്ങളുടെ പ്രാധാന്യേനയുള്ള കർമ്മപരിപാടി. മുൻ വിവരിച്ചതുപോലെ സമഷ്ടി വൃഷ്ടിഭേദങ്ങൾ ഈ അഹങ്കാരങ്ങൾക്കും ഉണ്ടെന്നറിയേണ്ടതാണ്. സത്വഗുണ സമഷ്ടി സാക്ഷാത് വിഷ്ണുവും രജോഗുണ സമഷ്ടി സാക്ഷാൽ ബ്രഹ്മാവും തമോഗുണ സമഷ്ടി ശി വനുമാണെങ്കിൽ ഇവരുടെ അംശങ്ങൾ തന്നെയാണ് പ്രപഞ്ചത്തിലെ എല്ലാ വ്യഷ്ട്യഹന്തകളും. ഇങ്ങനെ വിശ്വ തൈജസ പ്രാജ്ഞ രൂപത്തിലായാലും വിഷ്ണുബ്രഹ്മാശിവ രൂപത്തിലായാലും ബ്രഹ്മജ്യോതിസ്സ് മായാഗുണങ്ങളിൽ പ്രതിബിംബിച്ച് മൂന്നായി പിരിയുമ്പോഴാണ് അഹങ്കാരങ്ങൾ രൂപംകൊള്ളുന്നത്. വിഷ്ണുബ്രഹ്മാശിവ രൂപത്തിലുള്ള അഹങ്കാരങ്ങളെയും 'ഓം'കാരം ഉൾക്കൊള്ളുന്നു. 'അ' വിഷ്ണുവിന്റെ പ്രതിനിധിയാണ് 'ഉ ' ബ്രഹ്മാവിന്റെ, 'മ' ശിവന്റെയും. ഇതത്രേ 'ഓം'കാരമായ പൊരുലിന്റെ അഹങ്കാരരൂപത്തിലുള്ള മൂന്നായ് പിരിവ്. സ്വാത്ത്വികാഹങ്കാരം, രാജസാഹങ്കാരം, താമസാഹങ്കാരം.

അതിനു താൻ തന്നെ സാക്ഷി - പ്രതിബിംബരൂപത്തിലുള്ള ഈ അഹങ്കാരത്തെ ഉളവാക്കി. എന്നാൽ അതിന്റെ കർമ്മങ്ങളുമായി ലേശംപോലും ബന്ധപ്പെടാതെ അവയെ പ്രകാശിപ്പിച്ചുകൊണ്ട് കേവലം സാക്ഷി രൂപേണ വർത്തിക്കുന്ന സത്യ വസ്തുവാണ് പരമാത്മാവ്. ഈ പരമാത്മ സ്ഥിതിയെ സൂര്യ പ്രതിബിംബങ്ങളോട് സൂര്യനുള്ള ബന്ധവുമായി താരതമ്യപ്പെടുത്താം. വിവിധ ജലപാത്രങ്ങളിൽ സൂര്യൻ പ്രതിബിംബിക്കുന്നുവന്നു കരുതുക. ജല പാത്രത്തിന്റെ വലുപ്പവും അതിലുള്ള വെള്ളത്തിന്റെ പ്രത്യേകതയും അനുസരിച്ചായിരിക്കും പ്രതിബിംബങ്ങൾ രൂപം കൊള്ളുക. ജല പാത്രം വലുതാണെങ്കിൽ പ്രതിബിംബം വലുതായിരിക്കും, ചെറുതാണെങ്കിൽ ചെറുതും. വെള്ളം കലങ്ങിയതാണെങ്കിൽ പ്രതിബിംബം കലങ്ങിയിരിക്കും, ശുദ്ധമാണെങ്കിൽ ശുദ്ധം. വെള്ളത്തിന് ചലനമുണ്ടെങ്കിൽ പ്രതിബിംബം ചലിക്കും. നിശ്ചലം ആണെങ്കിൽ നിശ്ചലം. ജലപാത്രങ്ങളുടെ എണ്ണമനുസരിച്ച് ഇത്തരം എത്ര പ്രതിബിംബങ്ങൾ വേണമെങ്കിലും ഒരേ സൂര്യനിൽ നിന്നും രൂപപ്പെടാൻ പ്രയാസവുമില്ല. അപ്പോൾ പ്രതിബിംബങ്ങളുടെ എണ്ണമോ വലിപ്പച്ചെറുപ്പമോ ശുദ്ധ്യാശുദ്ധിയോ ചലന നിശ്ചലാവസ്ഥ യോ ഒന്നുംതന്നെ ലേശം പോലും ബാധിക്കാതെ സൂര്യന് സാക്ഷി രൂപേണ നിന്ന് എല്ലാ പ്രതിബന്ധങ്ങളെയും അതാതിന്റെ രൂപത്തിൽ പ്രകാശിപ്പിക്കാൻ കഴിയുന്നു. ഇതുപോലെയാണ് മായാ ഗുണങ്ങളിൽ പ്രതിബിംബിക്കുന്ന പരമാത്മപ്രതി ബിംബങ്ങളായ അഹങ്കാരങ്ങളെ അവയുടെ ഗുണമോ കർമ്മമോ തന്നെ ബന്ധിക്കാതെ പരമാത്മാവ് സാക്ഷിരൂപേണ പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.

' ഗുരു കാരുണ്യവും വസ്തു ബോധവും' - ജീവബ്രഹ്മൈക്യമെന്ന മോക്ഷമാണല്ലോ വേദാന്തശാസ്ത്രംലക്ഷ്യം. ഇതു നേടാൻ, ജീവനെന്ത്? ബ്രഹ്മമെന്ത്? ഈ രണ്ടിനും തമ്മിലുള്ള ബന്ധമെന്ത്? എന്നീ കാര്യങ്ങൾ വ്യക്തമായി ധരിച്ചാലേപറ്റൂ. അഹങ്കാര രൂപത്തിലുള്ള ജീവനുകൾക്ക് ബ്രഹ്മവുമായുള്ള ബന്ധമെന്തെന്നത്ര മേൽ വിവരിച്ചത്. ഇതു സിദ്ധാന്തപരമായി അറിഞ്ഞാൽ മാത്രം പോരാ, സാക്ഷാത്കരിച്ച് അനുഭവിക്കാൻ കഴിയണം. അതാണ് 'ബോധംവരൽ.' ഈ ബോധവരാൻ സത്യം സാക്ഷാത്കരിച്ച ഗുരുവിന്റെ കാരുണ്യം ഉണ്ടെങ്കിലേ പറ്റൂ. സത്യസാക്ഷാത്കാരത്തിൽ ബ്രഹ്മ നിഷ്ഠനായ ഗുരുവിന്റെ ഉപദേശവും കാരുണ്യവും അതിപ്രധാനമായ പങ്കുവഹിക്കുന്നു. തനിക്ക് ആ ഉപദേശവും കാരുണ്യവും ലഭിച്ചുവെന്നും ബോധം വന്നുവെന്നുമാണ് 'അതു ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യരൂപ' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

'ഗുരുവും നാരായണനും ഒന്നുതന്നെ' - ബ്രഹ്മവിത്ത് ബ്രഹ്മമായി ഭവിക്കുന്നു എന്നാണ് ഉപനിഷത് പ്രഖ്യാപനം. വേദാന്ത സത്യം അനുഭവിച്ചറിയാൻ സഹായിക്കുന്ന ബ്രഹ്മനിഷ്ഠനായ ഗുരു ശിഷ്യനെ സംബന്ധിച്ചിടത്തോളം സാക്ഷാൽ ഈശ്വരൻ തന്നെയാണ്. ശിഷ്യന്റെ കളങ്കങ്ങളെ മുഴുവൻ ഹരിക്കുന്നത് കൊണ്ട് അദ്ദേഹം ഹരി നാരായണനുമാണ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്താനാണ് 'ആചാര്യ രൂപ ഹരി നാരായണായ നമഃ' എന്നു ശ്ലോകം അവസാനിപ്പിച്ചിരിക്കുന്നത്. 'ഗുരുരൂപനായി പാപഹാരിയായി വിളങ്ങുന്ന ബ്രഹ്മസ്വരൂപിൻ, അങ്ങേയ്ക്കു നമസ്കാരം' എന്ന് താത്പ്പര്യം.

ഈ ശ്ലോകം സാംഖ്യമതം അനുസരിച്ച് വ്യാഖ്യാനിക്കാം എന്ന് പറയുന്നുണ്ട്. അത് ഒരിക്കലും ശരിയാകില്ല. സംഖ്യമതം പ്രകൃതിയും പുരുഷനും രണ്ട് ഭിന്നവസ്തുക്കളാണെന്നു ശഠിക്കുന്നു. അദ്വൈതവേദാന്തമാകട്ടെ, പ്രകൃതിയെ അഥവാ മായയെ പരമാത്മാവിന്റെ ശക്തിവിശേമായി മാത്രമേ അംഗീകരിക്കുന്നുള്ളൂ. അദ്വൈതവേദാന്തിക്ക് പ്രകൃതിയും പ്രകൃതികാര്യങ്ങളും പരമാത്മാവിന്റെ തന്നെ പ്രകടഭാവങ്ങളാണ്. അപ്പോൾ 'ഓം'കാരമായ പൊരുൾ അങ്കാരമായി ഭവിച്ചു എന്നു പറയുന്നത് അന്വർത്ഥമാണ്. സാംഖ്യ മതമനുസരിച്ച് പ്രകൃതി പുരുഷനിൽ നിന്നും ഭിന്നയായതുകൊണ്ട് സാംഖ്യ പ്രകൃതിയെ 'ഓം'കാരമായ പൊരുളായി ആരും തന്നെ അംഗീകരിച്ചിട്ടില്ല. അതിനാൽ, പ്രകൃതിപരിണാമങ്ങളായി അഹങ്കാരങ്ങൾ രൂപം കൊള്ളുമ്പോൾ അതിനെ 'ഓം'കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ അങ്കാരമായ്' എന്നു വ്യാഖ്യാനിക്കാനേ സാധ്യമല്ല. മതഭേദത്തെ മുൻനിർത്തിയുള്ള ഇത്തരം വ്യാഖ്യാനങ്ങൾ ആചാര്യപാദർ കാട്ടിത്തരാൻ കൊതിക്കുന്ന യഥാർത്ഥ സത്യത്തെ മറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കൂ. രണ്ടാമത്തെ വ്യാഖ്യാനം ഇക്കാര്യം കുറെക്കൂടി തെളിയിക്കും.

പൂർണമായ അദ്വൈതാനുഭവം മാത്രമേ മനുഷ്യമനസ്സിന് പരമമായ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യൂ. ദ്വിതീയാദ്വൈഭ യം ഭവതി- 'രണ്ടിന്റെ തോന്നലിൽ നിന്നാണല്ലോ ഭയമുളവാകുന്നത്' എന്നാണ് ഉപനിഷത് പ്രഖ്യാപനം. അതുകൊണ്ട് രണ്ടിന്റെ ഭയം പൂർണമായി മാറിക്കിട്ടണേ എന്നാണ് ആചാര്യൻ രണ്ടാം ശ്ലോകത്തിൽ പ്രാർത്ഥിക്കുന്നത്

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ











ശ്ലോകം 02 03

ശ്ലോകം 02

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ, നാരായണായ നമഃ

( ഒന്നായ നിന്നെ- ഒന്നു മാത്രവും രണ്ടില്ലാത്തതുമായ അങ്ങയെ, ഇഹ- ഈ പ്രപഞ്ചത്തിൽ, ഉണ്ടായൊരിണ്ടൽ - വന്നുചേർന്ന ദുഃഖം, ബത- ആശ്ചര്യം, മമ- എനിക്ക്, എങ്കൽ ഇഹ- എന്നിൽ ഈ ജീവിതത്തിൽ)

ഒന്നു മാത്രമായി രണ്ടില്ലാതെ വിളങ്ങുന്ന അങ്ങയെ പലതായി വേർതിരിഞ്ഞതുപോലെ കാണാനിടയായതോടെ വന്നുചേർന്ന ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ, ആശ്ചര്യം. എനിക്കു പലതായി തോന്നുന്നതിനു മുമ്പ് എങ്ങനെയായിരുന്നുവോ അതുപോലെ ഒന്നുമാത്രമായി അനുഭവിക്കുവാൻ അങ്ങയുടെ കാരുണ്യവർഷം എന്നിൽ ഈ ജീവിതത്തിൽത്തന്നെ ഉണ്ടാകണേ. അല്ലയോ പാപഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

'ഒന്നായ നിന്നെ' - 'ഓം'കാരമായ പൊരുളിൽ അങ്കാരങ്ങൾ ആവിർഭവിക്കുന്നതോടെയാണ് ഒന്നായ സത്യത്തിൽ പലതിന്റെ തോന്നലുണ്ടാകുന്നത്. മായയുടെ സൂക്ഷ്മ രൂപമായ അന്തഃകരണത്തിൽ പ്രതിബിംബിക്കുന്ന ബോധാംശങ്ങളാണ് അഹങ്കാരങ്ങൾ. സൂക്ഷ്മ ങ്ങളും സ്ഥൂലങ്ങളുമായാ മായരൂപങ്ങളെ അഹങ്കാരങ്ങൾ. അനുഭവിച്ചറിയുന്നതാണല്ലോ പ്രപഞ്ച അനുഭവം. ജീവൻ മാർക്കാണ് പ്രപഞ്ച അനുഭവം അഹന്തരൂപത്തിൽ ഉള്ള ജീവൻ മായാ നിർമ്മിതങ്ങളായ സൂക്ഷ്മസ്ഥൂല ജഡദൃശ്യങ്ങളെ അറിഞ്ഞനുഭവിക്കുന്നതുതന്നെയാണ് പ്രപഞ്ച അനുഭവം. അപ്പോൾ പ്രപഞ്ച അനുഭവത്തെ അനുഭോക്താക്കളായ ജീവന്മാർ എന്നും അനുഭവിക്കപ്പെടുന്ന ജഡദൃശ്യങ്ങൾ എന്നും രണ്ടായി തിരിക്കാം. ഇവയിൽ ബ്രഹ്മ ശക്തിയായ മായ സ്പന്ദിച്ചു ണ്ടാക്കിക്കാണിക്കുന്നവയാണ് ജഡദൃശ്യങ്ങൾ. ശക്തിയുടെ സൂക്ഷ്മ രൂപങ്ങളായ അന്തക്കരണങ്ങളിൽ പ്രതിബിംബിക്കുന്ന ബ്രഹ്മം ശങ്ങൾ ആണ് ജീവന്മാർ. ശക്തിസ്പന്ദിക്കാൻ തുടങ്ങുന്നതിനുമുമ്പ് ജീവന്മാരോ ജഡദൃശ്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തീർച്ച. അപ്പോൾ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശക്തി ബ്രഹ്മസ്വരൂപത്തിൽ ലയിച്ചു ഒളിഞ്ഞു കിടന്നിരുന്നു. ഈ വസ്തു രഹസ്യമാണ് ചാന്ദോഗ്യോ പനിഷത്ത് സദേവ സൗമ്യ, ഇദമഗ്ര ആസീ ദേകമേവാദ്വിതീയം എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. സൃഷ്ടിക്കു മുൻപ് ഈ പ്രപഞ്ചം ഒന്നു മാത്രവും രണ്ട് ഇല്ലാത്തതുമായ സത്യമായിരുന്നു. ഇവിടെ ആദികാരണമായ ബ്രഹ്മത്തിൽ ഭേദം നിഷേധിക്കാൻ ഉപനിഷത്ത് ഒന്നുമാത്രം. രണ്ടില്ലാത്തത് എന്നു മൂന്നു പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പദാർത്ഥങ്ങൾക്ക് മൂന്നുതരം ഭേദങ്ങൾ ആണ് കാണപ്പെടുന്നത്. സ്വഗതഭേദം, സജാതീയഭേദം, വിജാതീയഭേദം. ഒരു വൃക്ഷത്തിൽ തന്നെ ഇല, പുഷ്പം, കായ എന്നിങ്ങനെ കാണുന്ന ഭേദമാണ് സ്വഗതഭേദം. ഒരു വൃക്ഷം മറ്റൊരു വൃക്ഷത്തിൽ നിന്നും ഭിന്നമാണ്. ഇതാണ് സജാതീയ ഭേദം. വൃക്ഷം, കല്ല് മുതലായ മറ്റു പദാർഥങ്ങളിൽ നിന്നും ഭിന്നമാണ് ഇതത്രേ വിജാതീയഭേദം. ഒന്ന്, മാത്രം, രണ്ടില്ലാത്തത് എന്ന മൂന്നു പദങ്ങൾ കൊണ്ട് ഉപനിഷത്ത് സൃഷ്ടിക്കുമുമ്പുണ്ടായിരുന്ന സത്തയിൽ ഈ മൂന്നുവിധ ഭേദങ്ങളെയും നിഷേധിച്ചിരിക്കുകയാണ്. അഹങ്കാരങ്ങളും മായാ ജഡദൃശ്യങ്ങളും ആവിർഭവിക്കുന്നതിനുമുമ്പ് ബ്രഹ്മത്തിന് വൃക്ഷത്തിനെന്നപോലെ അവയവങ്ങൾ ഉണ്ടായിരുന്നില്ല. വൃക്ഷത്തിന് ഭിന്നമായ മറ്റൊരു വൃക്ഷമുണ്ടായിരിക്കുന്നത് പോലെ ബ്രഹ്മത്തിന് ഭിന്നമായ വേറൊരു ബ്രഹ്മവും അപ്പോൾ ഉണ്ടായിരുന്നില്ല. ഇനി വൃക്ഷത്തിന് കല്ല് മുതലായ ഇതര പദാർത്ഥങ്ങളുമായി വിജാതീയഭേദവുമുണ്ടായിരിക്കുന്നതുപോലെ ബ്രഹ്മത്തിന് വല്ല വിജാതിയഭേദവുമുണ്ടായിരിക്കുമോ? 'ഉണ്മ'യായ ബ്രഹ്മത്തിന്റെ വിജാതിയഭേദം 'ഇല്ലായ്മ' ആകാൻ അല്ലേ പറ്റൂ? ഇല്ലാത്തതുമായി ഉള്ളതിനു ഭേദമേ സാധ്യമല്ല. അതുകൊണ്ട് വിജാതിയഭേദവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൃഷ്ടിക്ക് മുമ്പ് ജഗത്ത് ഒന്നുമാത്രവും രണ്ടില്ലാത്തതുമായ സത്തയായ ബ്രഹ്മമായിരുന്നു. 'ഒന്ന്' എന്നുള്ളതുകൊണ്ട് സ്വഗതഭേദവും 'മാത്രം' എന്നുള്ളതുകൊണ്ട് സജാതീയഭേദവും, 'രണ്ടില്ലാത്തത്' എന്നുള്ളതുകൊണ്ട് വിജാതീയഭേദവും ഉപനിഷത്ത് ബ്രഹ്മത്തിൽ നിഷേധിച്ചിരിക്കുന്നു. ഇങ്ങനെ സർവഭേദരഹിതവും പ്രപഞ്ചത്തിന്റെ പരമകാരണവും ശുദ്ധബോധസ്വരൂപവുമായ ബ്രഹ്മത്തെയാണ് ആചാര്യൻ 'ഒന്നായ നിന്നെ' എന്ന ഭാഗം കൊണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

'ഇഹ രണ്ടെന്നു കണ്ടളവിൽ' - പ്രപഞ്ചം സത്യമെന്നു തോന്നുന്നിടത്തോളമേ ദൈവത്തിനു സ്ഥാനമുള്ളൂ. പ്രപഞ്ചത്തിന്റെ പരമകാരണം അന്വേഷണമാണ് സത്യാന്വേഷണം. ഉണ്ടായി മറയുന്ന നിരവധി പ്രപഞ്ച നാമരൂപങ്ങളെകണ്ടിട്ട്, ഇവ ഏതിൽ നിന്ന് ഉണ്ടായി വരുന്നു? ഏതിൽ നിലനിൽക്കുന്നു? ഏതിൽ തിരിച്ച് ലയിക്കുന്നു? എന്ന ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിക്കാനാണ് ഉപനിഷത്തിലെ സത്യജിജ്ഞാസുകൾ എത്നിച്ചത്. തുടർന്ന് ഏത് ഉണ്ടെങ്കിൽ പ്രപഞ്ചം ഉണ്ട്, ഏത് ഇല്ലെങ്കിൽ പ്രപഞ്ചം ഇല്ല, ആ ഏകവസ്തുവിനെ അവർ അന്വേഷിച്ചു. അതോടെ അഖണ്ഡവും നിശ്ചലവുമായ ബോധമാണ് പ്രപഞ്ചത്തിന്റെ പരമകാരണം എന്ന് തെളിഞ്ഞു. ബോധമുണ്ടെങ്കിൽ പ്രപഞ്ചം ഉണ്ട്, ബോധം ഇല്ലെങ്കിൽ പ്രപഞ്ചം ഇല്ല എന്ന ലളിതവും അനിഷേധ്യവും ആയ യുക്തിയും അവർ പ്രഖ്യാപിച്ചു. സ്വർണമുണ്ടെങ്കിൽ ആഭരണങ്ങൾ ഉണ്ട് സ്വർണം ഇല്ലെങ്കിൽ ആഭരണങ്ങൾ ഇല്ല അതുകൊണ്ട് ആഭരണങ്ങളായി കാണപ്പെടുന്ന വിഭിന്ന നാമരൂപങ്ങളുടെ പരമ കാരണം സ്വർണമാണ്. ആഭരണങ്ങളായി കാണപ്പെടുന്ന നാമരൂപങ്ങളോ? വിശേഷിച്ച് വസ്തുസത്ത ഇല്ലാതെ സ്വർണത്തിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ. അതുപോലെ ബോധമാണ് പ്രപഞ്ചത്തിന്റെ പരമ കാരണമെങ്കിൽ ഉണ്ടായി മറയുന്ന പ്രപഞ്ച നാമരൂപങ്ങൾ ബോധഭിന്നമായ വസ്തുസത്ത ഒന്നുമില്ലാതെ അതിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ തന്നെ. ഇവിടെ ഒരാൾക്ക് രണ്ടുതരം അനുഭവം ഉണ്ടാകാം. ആഭരണങ്ങൾ നിരത്തിവെച്ചിരിക്കുന്നടത്തു ആഭരണ നാമരൂപങ്ങൾ സത്യമെന്ന് ധരിക്കാം. അതുപോലെ ഒരാൾ പ്രപഞ്ചത്തെ നോക്കി ഉണ്ടായി മറയുന്ന പ്രപഞ്ചനാമരൂപങ്ങളെ സത്യമെന്ന് ധരിക്കാം. രണ്ടിടത്തും വസ്തു ബോധമില്ലാത്ത അജ്ഞത നിമിത്തമാണ് പലതുമുണ്ടെന്ന് ധരിക്കാൻ ഇടയാകുന്നത്. നേരെമറിച്ച് ഒരാൾ ആഭരണങ്ങളിൽ സർവ്വത്ര അവയുടെ പരമകാരണമായ സ്വർണത്തെ കാണുന്നു എന്നിരിക്കട്ടെ. അയാൾക്ക് പലതിൽ ഒന്നേ കാണാനുള്ളു. അതുപോലെ പ്രപഞ്ചത്തിന്റെ പരമകാരണമായ അഖണ്ഡ ബോധത്തെ മനനധ്യാനത്തിൽക്കൂടി കണ്ടറിഞ്ഞിട്ടുള്ളവർക്ക് പലതായി കാണുന്ന പ്രപഞ്ചനാമരൂപങ്ങളിൽ ബോധസ്വരൂപനായ ഒരൊറ്റ വസ്തുവിനെ മാത്രമേ കാണാൻ ഉണ്ടാവുകയുള്ളൂ. തുഞ്ചത്ത് ആചാര്യനെ പോലെയുള്ള ഋഷീശ്വരന്മാർ സർവ്വദാ ഈ സത്യം സാക്ഷാത്കരിച്ചനുഭവിച്ചിട്ടുള്ളവരാണ്. അപ്പോൾ പരമ കാരണമായ വസ്തുവിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് പ്രപഞ്ച അനുഭവത്തിൽ പലതു സത്യമാണെന്ന് ഭ്രമിക്കാനിടവരുന്നത്. ഈ അജ്ഞതയെത്തന്നെയാണ് വേദാന്തശാസ്ത്രം 'അവിദ്യ' എന്ന് വിളിക്കുന്നത്. അവിദ്യയുളവാക്കുന്ന പ്രപഞ്ചമെന്ന ഈ ദ്വൈതാഅനുഭവത്തെ ചൂണ്ടിക്കൊണ്ടാണ് 'ഇഹ രണ്ടെന്നു കണ്ടളവിൽ' എന്നു ശ്ലോകത്തിൽ പ്രസ്താവിച്ചിരിക്കുന്നത്.

'ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല, ബത' - അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇങ്ങനെ അഞ്ചെണ്ണമാണ് ജീവിത ക്ലേശങ്ങൾ. പതഞ്ജലി യോഗസൂത്രത്തിൽ ഈ അഞ്ചു ക്ലേശങ്ങളും വിവരിച്ചിട്ടുണ്ട്. പ്രപഞ്ചമായി കാണപ്പെടുന്ന വസ്തു എന്താണെന്നും അതിന്റെ സ്വഭാവം എന്താണെന്നുമുള്ള അറിവില്ലായ്മയാണ് അവിദ്യ. അവിദ്യയെ തുടർന്നുണ്ടാവുന്നവയാണ് മറ്റെല്ലാ ക്ലേശങ്ങളും. അവിദ്യ ഞാൻ, ഞാൻ എന്ന അഹങ്കാരത്തിന് ശക്തി കൂട്ടുന്നു 'ഞാൻ' എന്ന ഭാവമാണ് അസ്മിത. ഞാൻ എന്ന ഭാവത്തിന് ശക്തി കൂട്ടുന്നതോടെ എനിക്ക് ചിലതിനോടൊക്കെ ഇഷ്ടവും മറ്റു ചിലതിനോടൊക്കെ അനിഷ്ടവും വന്നുചേരുന്നു. ചിലതിനോടുള്ള ഇഷ്ടമാണ് രാഗം. മറ്റു ചിലതിനോടുള്ള അനിഷ്ടമാണ് ദ്വേഷം. തുടർന്ന് ഇന്നുള്ള ദേഹം ഒരു വിധത്തിലും നഷ്ടപ്പെടരുതെന്ന ചിന്തയുദിക്കുന്നു. ഈ മരണ ഭയമാണ് അഭിനിവേശം. ഈ ക്ലേശങ്ങളുടെ ഫലമായി ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെ മൂന്നുതരം ദുഃഖങ്ങൾ സദാ തുടർന്നനുഭവിക്കേണ്ടിവരുന്നു. ജനനം, മരണം, ജര, വ്യാധി എന്നിവയും കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നു തുടങ്ങിയവയുമാണ് ആദ്ധ്യാത്മിക ദുഃഖങ്ങൾ. ശരീരത്തെ ബാധിക്കുന്ന ദുഃഖങ്ങളാണ് ആദ്ധ്യാത്മിക ദുഃഖങ്ങൾ. ജനനം മരണം തുടങ്ങിയവ മാംസമയമായ സ്ഥൂലദ്ദേഹത്തിന് വന്നുചേരുന്ന ദുഃഖങ്ങൾ ആണ്. കാമം ക്രോധം മുതലായവ അന്തക്കരണം എന്നറിയപ്പെടുന്ന സൂക്ഷ്മശരീരത്തിനു വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ഉറക്കത്തിലെ കാരണശരീരം ഉളവാക്കുന്ന ആധ്യാത്മിക ദുഃഖമാണ് അജ്ഞത. ഭൂകമ്പം, കൊടുങ്കാറ്റ്, അഗ്നിബാധ, വെള്ളപ്പൊക്കം ഇവയൊക്കെയാണ് ആധിഭൗതികദുഃഖങ്ങൾ. പഞ്ചഭൂതങ്ങളെ ആശ്രയിച്ച് വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ആധി ഭൗതികദുഃഖങ്ങൾ. വിധിവശാൽ യാദൃശ്ചികമായി വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ആധിദൈവിക ദുഃഖങ്ങൾ. അപ്രതീക്ഷിതമായി വന്നുചേരുന്ന അപകടങ്ങൾ എല്ലാം ഇതിൽപ്പെടുന്നു. മനുഷ്യർ പരസ്പരം ഉണ്ടാക്കിതീർക്കുന്ന യുദ്ധം, കൊള്ള, കൊല ഇവയൊക്കെ കർമ്മഗതി അനുസരിച്ച് വന്നു ചേരുന്ന ആധിദൈവികദുഃഖങ്ങളാണ്. ഈ ദുഃഖങ്ങളെ കുറിച്ചുള്ള നിരന്തര ഭയമാണ് എല്ലാത്തിലും വലിയ ദുഃഖം. സദാ ചലിച്ചു പരിണമിച്ചു കൊണ്ടിരിക്കുന്ന ഭൗതികജീവിതം ഇങ്ങനെ നിരന്തരം ദുഃഖ സങ്കുലവും ഭയാകുലവുമാണ്. സത്യമറിയാൻ യത്നിക്കാത്തവർക്ക് ഈ ദുഃഖങ്ങളും ഭയവും സദാ കൂടി വരികയും ചെയ്യും. വെറും അറിവില്ലായ്മ അഥവാ അവിദ്യ ഉണ്ടാക്കിതീർക്കുന്ന ഈ ക്ലേശദുഃഖഭയകോലാഹലത്തെക്കുറിച്ച് 'ആശ്ചര്യം' എന്നല്ലാതെ മറ്റെന്തു പറയാൻ? ഇത്രയും വെളിപ്പെടുത്താനാണ് 'ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല' എന്ന് ആചാര്യൻ പ്രസ്താവിച്ചിരിക്കുന്നത്.

'പണ്ടേ കണക്കെ വരുവാൻ' - ക്ലേശകരങ്ങളായ ജീവിത ദുഃഖങ്ങളും ഭയവും ഒഴിവാക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ. ദുഃഖത്തിന്റെ മൂലകാരണം ഒഴിവാക്കുക. ഉപരിതലത്തിൽ പരിഷ്കാരങ്ങൾ വരുത്തിയതുകൊണ്ട് മാത്രം ഒന്നുമായില്ല. ഉപരിതലത്തിലെ എല്ലാ പരിഷ്കാരങ്ങളും ദുഷ്ടു കിടക്കെ വ്രണം വരട്ടുന്നതിന് തുല്യമാണ്. വ്രണം വരട്ടുന്നതോടൊപ്പം ദുഷ്ടു മാറ്റാൻ കൂടി യത്നിക്കേണ്ടതാണ്. അല്ലെങ്കിൽ വരണ്ടെന്നു തോന്നിയ വ്രണം ഏതുനിമിഷവും പൊട്ടിപഴുപ്പൊലിച്ചു എന്നുവരും. ദുഃഖത്തിന്റെ മൂലകാരണം അവിദ്യയാണ്. ഒന്നിൽ പലതുണ്ടെന്ന് ഭ്രമിക്കുന്നതാണ് 'അവിദ്യ.' ഇത് മാറണം ഇതിന് കാര്യകാരണ ചിന്ത വഴി നിലനിൽപ്പിന് ആശ്രയമായ പരമകാരണവസ്തുവിനെ കണ്ടുപിടിക്കണം. ആധുനികശാസ്ത്രം തന്നെ ഇന്ന് ഒരതിരുവരെ ഈ കൃത്യം നിർവഹിച്ചു കഴിഞ്ഞിട്ടുണ്ട്. ജഡം( മാറ്റർ) എന്നൊന്നില്ലെന്നും ശക്തിസ്പന്ദനരൂപത്തിലുള്ള പ്രാണപ്രവാഹം (എനർജി) മാത്രമേയുള്ളൂവെന്നും ആധുനികശാസ്ത്രം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ജഡനാമരൂപങ്ങൾ ആയി കാണപ്പെടുന്ന സകലതും പ്രാണപ്രവാഹത്തിന്റെ രൂപാന്തരങ്ങൾ മാത്രം. ഉപനിഷത്തുകൾ ഏകകണ്ഠമായി ഇക്കാര്യം ആയിരമായിരം വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചതാണ്. ജഡപ്രപഞ്ചത്തെ ഉണ്ടാക്കി കാണിക്കുന്ന ശക്തിപ്രവാഹത്തിന്റെ ഉറവിടം ഏതെന്ന് മാത്രമേ ഇനി ആധുനിക ശാസ്ത്രത്തിനു തന്നെയും തെളിയിക്കേണ്ടതായിട്ടുള്ളൂ. ഇക്കാര്യം മാത്രം പുറമേ അന്വേഷിച്ചാൽ ഒരിക്കലും കണ്ടു കിട്ടുകയില്ല എന്നാണ് വേദാന്തമതം. അതുകൊണ്ടാണ് ഭാരതീയ ചിന്തകന്മാർ അന്തർമുഖരായി അന്വേഷണം ഉള്ളിലേക്ക് തിരിച്ചുവിട്ടത്. തുടർന്ന് ശക്തി പ്രവാഹത്തിന്റെ ഉറവിടമായ അഖണ്ഡനിശ്ചലബോധത്തെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞു. സർവ്വത്ര ഇടതിങ്ങി നിറഞ്ഞ് നിശ്ചലമായി നിൽക്കുന്ന ആ ബോധം ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ലെന്നും സംശയാതീതമായി തെളിഞ്ഞു. ഇതു കഴിഞ്ഞതോടെ പ്രപഞ്ച രഹസ്യം മുഴുവൻ അവർക്ക് തുറന്നുകിട്ടി. സനാതനമായ അഖണ്ഡ ബോധസത്തയിൽ അതിന്റെ ശക്തി സ്പന്ദിച്ചുണ്ടാക്കി അ mഴിക്കുന്നതാണ് എല്ലാ പ്രപഞ്ച ഘടകങ്ങളും പുതുതായി ഒന്നും ഉണ്ടാക്കുന്നില്ല. ഒന്നും നശിക്കുന്നുമില്ല നിശ്ചലബോധവസ്തുവിൽ ശക്തി ഒളിഞ്ഞുകിടക്കുന്നു, അതു പുറത്തുവന്നു. ശക്തിയിൽ പ്രപഞ്ച നാമരൂപങ്ങൾ ഒളിഞ്ഞുകിടക്കുന്നു, അവ പുറത്തുവന്നു. വസ്തുവിൽ ഉള്ളതാണ് ശക്തി, ശക്തിയിൽ ഉള്ളവയാണ് കാര്യരൂപങ്ങൾ. അവ ചിലപ്പോൾ തെളിയുന്നു. ചിലപ്പോൾ ഒളിയുന്നു. ഒന്നും പുതുതായി ഉണ്ടാകുന്നില്ല. അന്തിമമായി നശിക്കുന്നുമില്ല. വസ്തു ഒന്നേയുള്ളു, രണ്ടില്ല. ഇക്കാര്യം തെളിഞ്ഞു അനുഭവഗോചരമായാൽ ഈ ജീവിതം ഒരു നാടകം പോലെ അഭിനയിച്ചു തീർക്കാനേയുള്ളൂ. ഇവിടെ ദുഃഖത്തിന് യാതൊരു പ്രസക്തിയുമില്ല. ദുഃഖിച്ചതുകൊണ്ട് വസ്തു സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നതല്ല. അപ്പോൾ അവനവന്റെ കർത്തവ്യങ്ങൾ ഭംഗിയായി അനുഷ്ഠിച്ചുകൊണ്ട് വസ്തുവിന്റെ അദ്വൈതസ്ഥിതി അനുഭവിച്ചറിയാൻ നിരന്തരം യത്നിക്കേണ്ടതാണ്. ഇടയ്ക്കു കയറിവന്ന അവിദ്യയാണല്ലോ പലതു കാട്ടി ഈ കുഴപ്പമെല്ലാം വരുത്തിവെച്ചത്. അവിദ്യ മാറി ആദ്യമേ തന്നെയുള്ള അദ്വൈതസ്ഥിതി ബോധിക്കലാണ് 'പണ്ടേക്കണക്കെ വരിക.'

നിൻകൃപാവലികളുണ്ടാകയെങ്കൽ' - ഗുരു കാരുണ്യവും ഈശ്വരകാരുണ്യവും കൊണ്ട് മാത്രമേ വസ്തു ബോധം തെളിയൂ. കരുണാമയനും ബ്രഹ്മനിഷ്ഠനുമായ ഗുരു ശിഷ്യന്റെ അപൂർണതകളും തെറ്റുകളും കണ്ടറിഞ്ഞ് അപ്പപ്പോൾ തിരുത്തി അവനെ സത്യത്തോട് അടുപ്പിക്കുന്നു. സാധന അനുഷ്ഠാനങ്ങളിലും അനുഭൂതി ദശകളിലും കൂടെക്കൂടെ ഉണ്ടാകുന്ന സംശയങ്ങൾ എല്ലാം തീർത്തു മുന്നോട്ടു നയിക്കുന്നു. ഇതാണ് ഗുരുകാരുണ്യം. ഗുരുകാരുണ്യം ലഭിച്ച് സാധനാനുഷ്ഠാനങ്ങൾ ശക്തിപ്പെട്ട് സംശയങ്ങൾ തീരുന്നതോടെ ഉള്ളിൽ ആത്മവസ്തു തെളിഞ്ഞ് ചിത്തപ്രസാദരൂപത്തിലുള്ള സമാധി അനുഭവ വിഷയമായിത്തീരുന്നു. നിസ്സംഗത്വവും ഏകാഗ്രതയും വളരുന്നതോടെ സവികല്പസമാധി ദശകൾ കടന്ന് നിർവികല്പദശയിൽ എത്തിച്ചേരുന്നു. തുടർന്ന് ഈശ്വരസാന്നിധ്യം സർവ്വത്ര പ്രത്യക്ഷഅനുഭവമായിത്തീരുന്നു. ഇതുതന്നെയാണ് ഈശ്വരകാരുണ്യം. ഗുരുകാരുണ്യവും ഈശ്വരകാരുണ്യവും ഉണ്ടാകണേ എന്ന പ്രാർത്ഥനയാണ്, 'നിൻകൃപാവലികളുണ്ടാകയെങ്കലിഹ' എന്ന ഭാഗത്തിൽ.

ഗുരുവന്ദനവും അദ്വൈതബോധാനുഭവത്തിനായി ഗുരുവിന്റെയും ഈശ്വരന്റെയും കാരുണ്യം വേണമെന്നുള്ള പ്രാർത്ഥനയും കഴിഞ്ഞു ലക്ഷ്യം നേടാനുള്ള ചില പ്രധാന സാധനാക്രമങ്ങളും അനുഭവസ്വരൂപവും വിവരിക്കുകയാണ് ആചാര്യൻ മൂന്നാം പദ്യത്തിൽ







ശ്ലോകം 03

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

ആനന്ദവും ബോധവും സ്വരൂപമായിട്ടുള്ളവനും, ഏതു പാപവും ഹരിക്കുന്നവനും, ഗോപികമാരെ രമിപ്പിച്ചവനുമായ അല്ലയോ ഉണ്ണിക്കണ്ണാ!
ഞാൻ, ഞാൻ എന്ന അഹങ്കാരഭാവം ഈ ലോകത്തിൽ തോന്നാൻ ഇടയാകാതെ അനുഗ്രഹിക്കണമേ!

ഇനി 'ഞാൻ' എന്ന ഭാവം തോന്നുകയാണെങ്കിൽ എല്ലാം ഞാൻ തന്നെ എന്ന അനുഭവം വന്നുചേരാൻ ഇടയാക്കണേ.
ഏതു വരവും തരാൻ കരുത്തുള്ള ഭഗവാൻ നാരായണനായ അങ്ങേയ്ക്ക് നമസ്കാരം.

പ്രപഞ്ചത്തിന്റെ പരമകാരണമായ പരമാത്മാവിനെ സാക്ഷാത്ക്കരിച്ച് ഇവിടെ പലതില്ല എന്നു ബോധിക്കുകയാണ് ജീവിതലക്ഷ്യം. ഇതു നേടാൻ എന്താണു മാർഗം? മനസ്സ് ഉള്ളിലൊതുക്കി ഏകാഗ്രപ്പെട്ടാലേ ആത്മസാക്ഷാത്കാരം സാധ്യമാവൂ. ഇതിന് ആദ്യമായി ബ്രഹ്മനിഷ്ഠനായ ഗുരുവിൽ നിന്നും വസ്തു സ്വരൂപം ഗ്രഹിക്കണം. തുടർന്ന് ഒരു ഇഷ്ടദേവനെ തിരഞ്ഞെടുക്കണം. എന്നിട്ട് ആ ദേവനെ പരമസത്യത്തിന്റെ പ്രതീകമായി കൽപ്പിച്ച് ഉള്ളിൽ സദാ ധ്യാനിച്ച് ഉറപ്പിക്കണം. രണ്ടുതരത്തിലാണ് ഇഷ്ടദേവതാധ്യാനം തുടരേണ്ടത്. ആദ്യമായി ദിവസം ഒന്നോ രണ്ടോ പ്രാവശ്യം ഏകാന്ത സ്ഥലത്ത് ചെന്നിരുന്നു ലോകസങ്കൽപ്പങ്ങൾ എല്ലാം പുറന്തള്ളിയിട്ട് ഇഷ്ടദേവനിൽത്തന്നെ മനസ്സിനെ ഉറപ്പിച്ചുനിർത്താൻ യത്നിക്കണം. ഈ ധ്യാനം കൃത്യമായി തുടരണം. അതോടൊപ്പം ലോകകാര്യങ്ങളിൽ ഏർപ്പെടുന്ന മറ്റു സമയങ്ങളിലെല്ലാം തരം കിട്ടുമ്പോഴൊക്കെ ഇഷ്ടദേവതാ രൂപം സ്മരിക്കാൻ യത്നിക്കണം. ഈ രണ്ട് ധ്യാനക്രമങ്ങളും പരസ്പര പോഷകങ്ങളാണ്. ലോകവ്യവഹാരവേളയിൽ ഭഗവത്സ്മരണ നിരന്തരമായി വരുന്തോറും ഏകാന്തധ്യാനത്തിൽ മനസ്സിന്റെ ഏകാഗ്രത കൂടിവരും. തുടർന്ന് ഏകാന്തധ്യാന വേളയിൽ ഇഷ്ടദേവതാരൂപം ഉള്ളിൽ ചൈതന്യമുറ്റു പ്രകാശിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. അതോടൊപ്പം ലോകകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ഈശ്വരസ്മരണ നിരന്തരമായിത്തീരുകയും ഭഗവാൻ സദാ തന്റെ കൂടെയുണ്ടെന്ന് തോന്നുകയും ചെയ്യും. ചിത്തം മലിനതകൾ മാറി ശുദ്ധീകരിക്കപ്പെടും. അതോടെ ഉള്ളിലും പുറത്തും ഇടതിങ്ങി നിറഞ്ഞുനിൽക്കുന്ന ബോധാനന്ദ സ്വരൂപമായ ആത്മസത്യം തെളിയാനും തുടങ്ങും. വസ്തുസ്വരൂപഗ്രഹണം, ഇഷ്ടദേവതാ സ്വീകാരം, നിരന്തര ധ്യാനം, ചിത്തശുദ്ധി, വസ്തുവിന്റെ പ്രത്യക്ഷാനുഭവം ഇതാണ് ക്രമം. 'ആനന്ദചിന്മയ' എന്ന പദം കൊണ്ടു വസ്തു സ്വരൂപഗ്രഹണത്തെയാണ് സൂചിപ്പിച്ചിരിക്കുന്നത്. 'ഗോപികാരമണ' എന്ന സംബോധന കൊണ്ട് ഇഷ്ടദേവതാ സ്വീകാരത്തെ സൂചിപ്പിക്കുന്നു. കാമ മാലിന്യ ത്തോടുകൂടി, തന്നെ ഭജിക്കാൻ എത്തിയ ഗോപികമാരെപ്പോലും ശുദ്ധാത്മാക്കളാക്കി സായൂജ്യത്തിനർഹരാക്കിത്തീർത്ത ഭഗവാൻ, ഭക്തരിൽ സദാ കരുണാനിധിയായി വർത്തിക്കുന്നവനാണെന്നു സൂചന. വസ്തു ബോധവും ഇഷ്ടദേവതാ ധ്യാനവും ഉറയ്ക്കുന്നതോടെ കളങ്കങ്ങൾ എല്ലാം അകന്ന് ചിത്തം ശുദ്ധീകരിക്കപ്പെടുമെന്നാണ് 'ഹരേ' എന്ന സംബോധന കൊണ്ട് സൂചിതമാകുന്നത്. സച്ചിദാനന്ദമായ സത്യവസ്തു ആദ്യമേ തെളിഞ്ഞു കിട്ടുക ആർക്കും എളുപ്പമല്ല. ഏതെങ്കിലും ഒരു രൂപത്തെ യോ നാമത്തെയോ ആശ്രയിക്കാതെ മനസ്സിന് ഏകാഗ്രപ്പെടാനും സാധ്യമല്ല. ഏകാഗ്രപ്പെടുന്ന ചിത്തം ശുദ്ധിനേടി സത്യാനുഭവസമർഥമായിത്തീരുന്നു. വാസിഷ്ഠത്തിൽ വസിഷ്ഠൻ രാമനെ ഇങ്ങനെ ഉപദേശിക്കുന്നു:

സാഗര ഭജ താവത് ത്വം
യാവത് സത്ത്വം പ്രസീദതി
നിരാകാരേ പരേ തത്ത്വേ
തതഃ സ്ഥിതിരനുത്തമാ.

അല്ലയോ രാമ! ആദ്യം ഏതെങ്കിലും ഇഷ്ടദേവതയുടെ സാകാരരൂപം ധ്യാനിച്ചു ഉറപ്പിക്കൂ. ചിത്തം ശുദ്ധമായി പ്രസന്നമാകുന്നതുവരെ ഇതു തുടരണം. തുടർന്നു നിരാകാരമായ പരമതത്ത്വത്തിൽ ഉറപ്പുറ്റ സ്ഥിതിവന്നു ചേരും. ഈ ഉപാസന ക്രമമാണ് ആദ്യത്തെ മൂന്ന് സംബോധനകളിൽ ആചാര്യൻ ഉള്ളടക്കം ചെയ്തിരിക്കുന്നത്.

'ഞാനെന്നഭാവമതു തോന്നായ്കവേണമിഹ' - സച്ചിദാനന്ദ സത്യത്തിൽ മായാശക്തി സ്പന്ദിച്ച് ജഡരൂപങ്ങളെ ഉളവാക്കുന്ന തോടെ സൂക്ഷ്മജഡരൂപങ്ങളിൽ പ്രതിഫലിക്കുന്ന ബോധാംശമാണ് അഹങ്കാരമെന്നു നാം കണ്ടുവല്ലോ. ഇതുതന്നെയാണ് ജീവൻ. പ്രാണനും മനസ്സുമാണ് മായയുടെ സൂക്ഷ്മജഡ രൂപങ്ങൾ. പ്രാണന്റെയും മനസ്സിന്റെയും ഓരോ സ്പന്ദനവും ഈ അഹങ്കാര ബോധം ഉൾക്കൊള്ളുന്നുണ്ടെന്നറിയേണ്ടതാണ്. ഈ തത്ത്വം ഗ്രഹിക്കാത്തതുകൊണ്ടാണ് ഭൗതികശാസ്ത്രജ്ഞൻമാർ ജീവന്റെ രഹസ്യം എന്തെന്നറിയാതെ ഇന്നും ഉഴലുന്നത്. പ്രാണമനസ്പന്ദനങ്ങളിൽ രൂപം കൊള്ളുന്ന അഹങ്കാരത്തിനു പിന്നെ രണ്ടു ഗതിയേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ പ്രാണമനഃസ്പന്ദനങ്ങളെന്ന ആശയങ്ങളെ ഉപേക്ഷിച്ച് ബിംബരൂപമായ സത്യവുമായി ഐക്യം പ്രാപിക്കാം. ജലത്തിലെ സൂര്യപ്രതിബിംബം ജലം ഉപേക്ഷിച്ചാൽ സാക്ഷാൽ സൂര്യനുമായി ഐക്യം പ്രാപിക്കും പോലെ. ഈ ഐക്യപ്രാപ്തിയാണ് ജീവന്റെ മോക്ഷം. അതല്ലെങ്കിൽ പ്രാണമനഃസ്പന്ദനങ്ങൾക്കു കട്ടി വർധിപ്പിച്ച് സ്ഥൂലശരീരങ്ങളെ ഉണ്ടാക്കിയും അഴിച്ചും അവയിൽ മാറിമാറി പ്രവർത്തിച്ചുകൊണ്ടിരിക്കാം. ഇതാണ് ജനനമരണരൂപമായ സംസാരത്തിലെ ചുറ്റിത്തിരിയൽ. പ്രാണമനസ്പന്ദനങ്ങൾക്കു കട്ടി കൂടുംന്തോറും ഞാൻ, ഞാൻ എന്ന അഹങ്കാര ഭാവത്തിനു ശക്തികൂടും. സ്ഥൂലശരീരങ്ങളെ ഉണ്ടാക്കി അഴിക്കുമ്പോഴൊക്കെ ആ ശരീരങ്ങളിലും അതിൽക്കൂടി ബന്ധപ്പെടുന്ന മറ്റു ജഡരൂപങ്ങളിലും എന്റെത്, എന്റെത് എന്ന മമതയും വന്നുചേരും. അഹങ്കാരവും മമതയും ജഡ ബന്ധത്തെയാണ് കൂട്ടി കൂട്ടികൊണ്ടുപോകുന്നതെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അവ രണ്ടും ഓരോ ചുവടുവയ്പ്പിലും ജീവനെ ബോധസ്വരൂപമായ അതിന്റെ സ്ഥാനത്തു നിന്നും അകറ്റിക്കളയുകയാണ് ചെയ്യുന്നത്. ബോധത്തിനു വന്നുചേരുന്ന ജഡസമ്പർക്കമാണ് ബന്ധം. അതുപേക്ഷിച്ച് ബോധം സ്വരൂപസ്ഥിതി പ്രാപിക്കുന്നതാണ് 'മോക്ഷം.' അഹങ്കാരവും മമതയും വർധിക്കുന്തോറും ജഡസമ്പർക്കം കൂടി, ബന്ധം ദൃഢപ്പെടും. അഹങ്കാരവും മമതയും കുറയുന്തോറും ജഡസമ്പർക്കം കുറഞ്ഞ്, ബോധം സ്വരൂപസ്ഥിതിയിലേക്കു മടങ്ങും. ഈ ബന്ധമോക്ഷ രഹസ്യം അനുഭവിച്ചറിഞ്ഞ ആളായതുകൊണ്ടാണ് ആചാര്യൻ 'ഈ ലോകത്തു ഞാനെന്ന ഭാവം തോന്നാനിടവരരുതേ' എന്നു പ്രാർത്ഥിച്ചിരിക്കുന്നത്.

'തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ:'

അഹങ്കാര സ്വരൂപമായ ജീവന് രണ്ടു ഗതിയേയുള്ളൂ എന്നു നാം കണ്ടുവല്ലോ. അഹംഭാവവും മമതയും കുറച്ചു ജഡസമ്പർക്കത്തിൽനിന്നും ക്രമേണ പിന്മാറി പൂർണമായ സ്വരൂപസ്ഥിതി വീണ്ടെടുക്കലാണ് അവയിലൊന്ന്. ഇതിനുള്ള എളുപ്പവഴിയാണ് ഈശാവാസ്യോപനിഷത്ത് തേനത്യക്തേന ഭുഞ്ജിഥാ എന്നു നിർദ്ദേശിക്കുന്നത്. ഈ ജഗത്തിനെ ത്യജിച്ചിട്ടു ഭുജിക്കൂ എന്നാണ് ഉപനിഷത്തു പറയുന്നത്. ഒരേ ജഗദീശ്വരൻ ഈ ജഗത്തിൽ സർവത്ര അകവും പുറവും നിറഞ്ഞു വസിക്കുന്നു. അതുകൊണ്ട് ഒരൽപ്പബോധം സ്വയം ഞാൻ വേറെയാണെന്നഭിമാനിക്കുന്നതിനോ ഇവിടെ ചിലതൊക്കെ എന്റേതാണെന്നഭിമാനിക്കുന്നതിനോ യാതൊരർത്ഥവുമില്ല. ഇപ്പോൾ ഞാൻ ഈശ്വരസ്വരൂപത്തിൽ നിന്നും വേറെയല്ലെന്നും ഇവിടെ കാണപ്പെടുന്നതെല്ലാം ഈശ്വരന്റേതാണെന്നും ഭാവന ചെയ്യണം. ഇതാണ് യാഥാർത്ഥ്യം. ഈ യാഥാർഥ്യം അറിയുന്നത് തന്നെയാണ് ത്യാഗം. എന്റേതായി ഇവിടെ യാതൊന്നുമില്ല. എല്ലാം ഈശ്വരന്റേത്. ഈ ജഗത്ത് എങ്ങനെയിരിക്കണമെന്ന് അന്തിമമായി നിർണയിക്കേണ്ടയാളും ഭഗവാൻ തന്നെയാണ്. എല്ലാവരും ആ ജഗദീശ്വരന്റെ കയ്യിലെ വെറും ഉപകരണങ്ങൾ. ഒരാളിൽ ഈ ഭാവനകൾ ദൃഢപ്പെടുന്നതോടെ അഹന്തയും മമതയും കുറയാൻ തുടങ്ങുന്നു. ഭഗവാന്റെ കയ്യിലെ ഉപകരണമെന്ന നിലയിൽ സ്വകൃത്യങ്ങൾ വിട്ടുവീഴ്ച കൂടാതെ അനുഷ്ഠിക്കവേ തന്നെ രാഗദ്വേഷമദമത്സര്യാദി മലിനതകൾ ചിത്തത്തെ വിട്ടകലുന്നു. തുടർന്നു ജഡസമ്പർക്കം ക്രമേണ മാറി അഹങ്കാരം ശീതളതയും പ്രസന്നതയും നിറഞ്ഞ ശുദ്ധ ബോധമായി വികസിക്കുന്നു. ബോധത്തിന്റെ വികാസം വർദ്ധിക്കുന്തോറും ഈ ജഗത്തിനു മുഴുവൻ ആശ്രയമായ ബോധം ഞാൻ തന്നെയാണെന്നു സൂര്യതുല്യം സംശയമെന്യേ തെളിയും. പരമമായ ആനന്ദവും ശാന്തിയും സംജാതമാകും. ജനന-മരണങ്ങളറ്റ സനാതനസത്യമാണ് താനെന്നും ഉറപ്പുവരും. ചുരുക്കത്തിൽ ആത്മസാക്ഷാത്കാരം ബ്രഹ്മ സാക്ഷാത്കാരത്തിലേക്കു നയിക്കും. അതോടെ ഇക്കണ്ടതെല്ലാം താൻ തന്നെ എന്നനുഭവിക്കാറാവും. ഇതാണ് 'അല്പം ത്യജിച്ചു പൂർണം വരിക്കുന്ന' പ്രക്രിയ. ഈ സാക്ഷാത്കാര രഹസ്യം തന്നെയാണ് അനുഭവവേദിയായ ആചാര്യൻ, 'തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.
വരദ, നാരായണായ നമഃ

ആത്മസാക്ഷാത്കാരത്തിനുള്ള ശ്രമം മനുഷ്യജീവിതത്തെ ഭൗതികവും ആധ്യാത്മികവുമായ തലത്തിൽ പൂർണധന്യതയിൽ കൊണ്ടെത്തിക്കുന്നുവെന്നാണ് വേദാന്തമതം. ആത്മാന്വേഷണമില്ലാത്ത ഭൗതികത സമ്പൂർണ്ണനഷ്ടത്തിലും അശാന്തിയിലും കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ. ബോധ ത്തിന്റെ ശുദ്ധ വികാസം മുന്നേറുന്തോറും ഭഗവാൻ കാരുണ്യം വർഷിച്ച് സകലതും നേടിത്തരുന്നു എന്ന തോന്നലാണുണ്ടാവുക. ഈ അനുഭവരഹസ്യം കൂടി സൂചിപ്പിച്ചുകൊണ്ടാണ് വരദനായ നാരായണ, അങ്ങേയ്ക്കു നമസ്കാരം എന്നു പറഞ്ഞിരിക്കുന്നത്.

പൂർണ്ണമായ സത്യസാക്ഷാത്കാരത്തോടെ അഖിലം ഞാൻ തന്നെയെന്ന് അനുഭവിച്ചറിയാൻ കഴിയും. ഇക്കണ്ടതെല്ലാം ഒന്നുതന്നെ എന്നനുഭവിക്കുമ്പോഴുള്ള വസ്തുസ്വരൂപമാണ് ആനന്ദഘനമായ ബോധം. അതു തന്നെയാണ് ബ്രഹ്മം. കാണപ്പെടുന്ന പ്രപഞ്ചനാമരൂപങ്ങളെല്ലാം ഈ ബോധ വസ്തുവിൽ മാറിമാറി പ്രകാശിച്ചു മറയുന്ന കാഴ്ചകൾ മാത്രം. കാഴ്ചക്കാർ എവിടെയും ബോധം തന്നെയാണ്. അവനവന്റെ പ്രപഞ്ചാനുഭവം വിശകലനം ചെയ്താൽത്തന്നെ യുക്തിക്ക് ഇത് തെളിഞ്ഞു കിട്ടും. പ്രപഞ്ചം എത്ര വലുതാകട്ടെ പക്ഷെ, ഒരാൾക്കു തന്നിലുള്ള 'ഞാൻ' എന്ന ബോധകേന്ദ്രത്തെ ആശ്രയിക്കാതെ ഒരനുഭവവും സാധ്യമല്ലെന്നു തീർച്ചയാണല്ലോ. അങ്ങനെയാണെങ്കിൽ അനുഭവരൂപമായ പ്രപഞ്ചത്തിന്റെ കേന്ദ്രം അനുഭോക്തവിന്റെ ഉള്ളിലുള്ള 'ഞാൻ' മാത്രമാണെന്നു തീർച്ച. ആ കേന്ദ്രത്തെ പഠിച്ചാൽ നിലനിൽപ്പിന്റെ മുഴുവൻ രഹസ്യം തെളിയും. യുക്തിയുടെ മണ്ഡലത്തിൽ അനിഷേധ്യമായി വിളങ്ങുന്ന ഈ വസ്തുത വെളിപ്പെടുത്തിത്തരാനാണ് ആചാര്യൻ അടുത്ത പദ്യത്തിൽ ഒരുമ്പെടുന്നത്

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ






ശ്ലോകം 04 05

ശ്ലോകം 04

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

( അർക്കാനലാദിവെളിവ്- സൂര്യൻ, അഗ്നി മുതലായ വെളിച്ചം)

സൂര്യൻ, അഗ്നി മുതലായ വെളിച്ചമെല്ലാം കണ്ടറിയുന്നത് കണ്ണ് എന്ന ഇന്ദ്രിയമാണ്. കണ്ണ് എന്ന ഇന്ദ്രിയത്തെ കണ്ടറിയുന്ന കാഴ്ചക്കാരൻ മനസ്സാണ്, മനസ്സിനെ കണ്ടനുഭവിക്കുന്ന വെളിച്ചമോ ഞാൻ തന്നെയാണ്. ഈ തീരുമാനം വരുന്നതോടെ ഉണ്ടാകുന്ന ആനന്ദത്തിനളവില്ല. കളങ്കഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

'അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുന്ന കണ്ണ്' - നിലനിൽപ്പിന്റെ രഹസ്യം ലളിതമായും വ്യക്തമായും കാട്ടിത്തരാൻ കഴിവുള്ള ഒരു വിവേചന രീതിയാണ് ദൃഗ്ദൃശ്യവിവേകം. അനുഭവത്തെ ഏതാനും ഘട്ടങ്ങളായി തിരിച്ചിട്ട് ഓരോ ഘട്ടത്തിലുമുള്ള ദൃക്കേത്, ദൃശ്യമേത് എന്നു വേർതിരിക്കുക. അപ്പോൾ ഏതനുഭവ ഘട്ടവും ദൃക്കെന്നും ദൃശ്യമെന്നും അഥവാ കാഴ്ചക്കാരനെന്നും കാഴ്ചയെന്നും രണ്ടായി വേർതിരിയുന്നതു കാണാൻ കഴിയും. ഇവയിൽ കാഴ്ചക്കാരനില്ലാതെ കാഴ്ചകൾക്ക് ഉൺമ സാധ്യമല്ലെന്നും സ്പഷ്ടമാകും. അപ്പോൾ കാഴ്ചകളുടെയെല്ലാം കാഴ്ചക്കാരൻ അന്തിമമായി തീരുമാനിക്കപ്പെട്ടാൽ ആ കാഴ്ചക്കാരൻ മാത്രമാണ് സത്യമെന്നു നിർണയിക്കാനും പ്രയാസമില്ലല്ലോ. ആദ്യമായി അനുഭവത്തിലെ ഇന്ദ്രിയതലത്തെ വിശകലനം ചെയ്തു നോക്കാം. അനുഭവത്തിന്റെ ഏറ്റവും ഉപരിതലം അതാണല്ലോ. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ രൂപം, ശബ്ദം, ഗന്ധം, രസം, സ്പർശം എന്നിവയെ അനുഭവിക്കുന്നതോടെയാണ് ബാഹ്യപ്രപഞ്ചം അനുഭവ വിഷയമാകുന്നത്. ഇവിടെ ഇന്ദ്രിയങ്ങൾ കാഴ്ചക്കാരും ഇന്ദ്രിയവിഷയങ്ങളായ രൂപം തുടങ്ങിയവ കാഴ്ചകളുമാണ്. കണ്ണില്ലാതെ രൂപമുണ്ടെന്ന് ആരും അനുഭവിക്കുകയില്ല. ഇതു തന്നെയാണ് മറ്റ് ഇന്ദ്രിയ വിഷയങ്ങളുടെയും സ്ഥിതി. എന്നാൽ ഇന്ദ്രിയവിഷയങ്ങൾ അനുഭവപ്പെടാതിരിക്കുമ്പോപ്പോഴും ഇന്ദ്രിയങ്ങൾ അനുഭവമണ്ഡലത്തിൽ പ്രകാശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചുവന്ന കണ്ണാടി ധരിച്ചാൽ ഒരാൾ പ്രപഞ്ചത്തെ മുഴുവൻ ചുവപ്പായി കാണുന്നതുപോലെ ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന വെറും കാഴ്ചകളാണ് ബാഹ്യപ്രപഞ്ചദൃശ്യങ്ങളെന്നു വന്നുചേരുന്നു. ഈ അനുഭവ രഹസ്യമാണ് 'അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണ്' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 'അർക്കാനലാദിവെളിവ്' എന്നതുകൊണ്ട് എല്ലാ ഇന്ദ്രിയവിഷയങ്ങളെയും ഗ്രഹിക്കേണ്ടതാണ്, 'കണ്ണ്' എന്നതുകൊണ്ട് എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും







ശ്ലോകം 05

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ
( ഉര ചെയ്വതിന്- രചിക്കുന്നതിന് അഥവാ തുടർന്നുച്ചരിക്കുന്നതിന്, ഗുരുവരുളാലേ - ഗുരുകാരുണ്യ ത്തിലൂടെ, ദേവകളും ഭൂസുരരും- ദേവന്മാരും ബ്രാഹ്മണരും, അരുൾ ചെയ്ക - കാരുണ്യം വർഷിക്കുക, ഉരചെയ്‌വതിന്നരുൾക- ഭഗവത്നാമം ഉച്ചരിച്ചു കഴിഞ്ഞുകൂടാൻ കരുണ കാണിക്കുക. )

ഈ ഭഗവത്നാമകീർത്തനം രചിക്കുന്നതിന് അഥവാ തുടർന്നുച്ചരിക്കുന്നതിന് ഗുരുകാരുണ്യ ത്തിലൂടെ ദേവകളും ബ്രാഹ്മണരും കാരുണ്യം വർഷിക്കുമാറാകണം. ഭൂമിയിൽ മനുഷ്യജന്മം കിട്ടിയ നിലയ്ക്ക് മരണംവരെ ഭഗവത്നാമമുച്ചരിച്ചു കഴിഞ്ഞുകൂടാൻ കരുണ കാണിക്കണേ, അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

നിരന്തരമായ ഈശ്വര ബുദ്ധി പുലർത്തി ജീവിതയാത്ര തുടരാൻ ഉള്ള എളുപ്പ വഴിയാണ് നാമസ്മരണവും കീർത്തനവും. ഇതു സാധിക്കണമെങ്കിൽ ഈശ്വരൻ മാത്രമാണ് സത്യമെന്നും ഈശ്വരപ്രാപ്തിയാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നും കാലേക്കൂട്ടി ഉറയ്ക്കണം. ഈശ്വരനാണ് സത്യമെന്ന് വെറുതെ വിശ്വസിച്ചത് കൊണ്ട് മാത്രമാവില്ലല്ലോ. ശ്രുതി, യുക്തി, അനുഭവം ഇവയുടെ പശ്ചാത്തലത്തിൽ അത് ഉറപ്പു വന്നെങ്കിലേ പറ്റൂ. ഇവിടെയാണ് വ്യക്തമായ വസ്തു ബോധത്തോടെ സദാ ബ്രഹ്മനിഷ്ഠനായി കഴിയുന്ന ഒരു ഗുരുവിന്റെ കാരുണ്യം ആവശ്യമായിത്തീരുന്നത്. ഗുരു ശ്രുതി വാക്യങ്ങൾ ഉദ്ധരിച്ചും, യുക്തി വിവരിച്ചും, സ്വാനുഭവം വെളിവാക്കി യും സത്യം ഉപദേശിക്കുന്നതോടെ ഈശ്വരൻ മാത്രമാണ് സത്യമെന്ന യാഥാർത്ഥ്യം സംശയാതീതമായി തെളിയുന്നു. പരമാനന്ദ പ്രാപ്തിയും ജീവിതധന്യതയും ഈശ്വരസാക്ഷാത്കാരം കൊണ്ട് മാത്രമേ ഉണ്ടാവൂ എന്നറിയുന്നതോടെ ജീവിത ലക്ഷ്യമെന്തെന്ന കാര്യത്തിലും ഉറപ്പു വരുന്നു. പ്രപഞ്ചത്തെ നിയമാനുസൃതം പ്രവർത്തിപ്പിച്ചുപോരുന്ന എല്ലാ ഘടകങ്ങളിലും തുടർന്നു ദേവ ഭാവന സംജാതമാകുന്നു. ദേവ ഭാവന ആകെ പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വരുത്തുന്ന തോടെ സത്യ ജിജ്ഞാസുവിന്റെ ഹൃദയത്തെ ദിവ്യചൈതന്യം കൊണ്ട് നിറച്ച് ജഡത്വം അകറ്റുകയും ചെയ്യും. ഭാവന എങ്ങനെയോ ചിത്തം അങ്ങനെ രൂപം കൊള്ളുമെന്നാണ് നിയമം. സൂര്യചന്ദ്രാദിപ്രപഞ്ചഘടകങ്ങളെല്ലാം വെറുതെ ജഡമാണെന്നു കരുതിയാൽ അങ്ങനെ കരുതുന്നയാളിന്റെ ചിത്തത്തിനും ജഡത്വം വർദ്ധിക്കും. നേരെ മറിച്ച് അവയൊക്കെ ചേതനനായ ഈശ്വരന്റെ ദേവരൂപങ്ങളാണെന്ന യാഥാർഥ്യം ധരിക്കാൻ കഴിഞ്ഞാൽ ആദ്യം അത് അവനവനു തന്നെ ഗുണകരമായി ഭവിക്കും. നമ്മെ ജീവിക്കാൻ സർവഥാ സഹായിക്കുന്ന ദേവന്മാരെ യജ്ഞാദിക്രിയകൾ കൊണ്ട് പ്രസാദിപ്പിക്കണമെന്നാണ് ഗീതയിൽ ഭഗവാനാവശ്യപ്പെടുന്നത്.

ഭൂമിയിൽ മനുഷ്യജന്മം കിട്ടുന്നത് മഹാഭാഗ്യമാണ്. നിത്യമെന്തെന്നോ അനിത്യമെന്തെന്നോ വിവേചനം ചെയ്തറിയാനുള്ള വിശേഷബുദ്ധി മനുഷ്യനു മാത്രമേ ലഭിച്ചിട്ടുള്ളൂ. ഭാഗവതപുരാണം പറയുന്നത് ഇങ്ങനെയാണ്: ബ്രഹ്മാവ് വിവിധതരത്തിലുള്ള അനേകം ജീവജാലങ്ങളെ സൃഷ്ടിച്ചു. എന്നിട്ടും അദ്ദേഹത്തിന് തൃപ്തി വന്നില്ല. ഒടുവിൽ സത്യം കണ്ടറിയാൻ ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സു തെളിഞ്ഞത്. സത്യം ബോധിക്കുന്ന ബുദ്ധിയാണ് ബുദ്ധി. മനുഷ്യബുദ്ധിക്ക് ആ കഴിവുണ്ടായിരിക്കേ അതു സാധിക്കുന്നില്ലെങ്കിൽ ജന്മം വ്യർത്ഥമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. സത്യാന്വേഷണത്തിനു പാകപ്പെട്ട ലോകവും മനുഷ്യലോകമാണ്. അതുകൊണ്ട് മനുഷ്യജന്മം പാഴാക്കരുതേ എന്നു സൂചിപ്പിക്കാനാണ് 'നരനായ് ജനിച്ചു ഭുവി' എന്ന ഭാഗം ആചാര്യൻ ചേർത്തിരിക്കുന്നത്.

ജീവിതം ഒരു തുടർച്ചയാണ്. രൂപപരിണാമങ്ങളിൽക്കൂടെയുള്ള തുടർച്ച. ഒരു പദാർത്ഥം അതിന്റെ ഇപ്പോഴത്തെ രൂപം വെടിഞ്ഞാൽ അനിവാര്യമായും മറ്റൊരു രൂപം അംഗീകരിക്കേണ്ടിവരും. ഒരു രൂപം വെടിയുക എന്നുപറഞ്ഞാൽ മറ്റൊരു രൂപം അംഗീകരിക്കുകയാണെന്നാണ് അർത്ഥം. മറിച്ച്, ഒരു രൂപം അംഗീകരിക്കുക എന്ന് പറഞ്ഞാൽ മറ്റൊരു രൂപം വെടിയുകയെ ന്നാണ് അർത്ഥം.ഈ രൂപപരിണാമം ഇന്ന് ആധുനിക ശാസ്ത്രം പോലും പൂർണമായി സമ്മതിക്കുന്ന പദാർഥരഹസ്യമാണ്. രൂപപരിണാമങ്ങളാണ് ജനന-മരണങ്ങൾ. ബോധസ്വരൂപമായ ആത്മാവ് ഇന്ന് ഒരാളിൽ നിലവിലുണ്ടെങ്കിൽ നാളെ അത് ഇല്ലാതാവുക സാധ്യമല്ല. അത് ഇന്നത്തെ രൂപം വെടിഞ്ഞാൽ മറ്റൊരു രൂപത്തിൽ നാളെ പ്രത്യക്ഷപ്പെടട്ടേ തീരൂ. ബോധവസ്തുവിനു രൂപപരിണാമം ഉണ്ടാകുന്നത് അതു പ്രതിബിംബിക്കുന്ന ജഡോപാധിയെ ആശ്രയിച്ചാണ്. ചിത്തമാണ് ഈ ജഡോപാധി. ഇക്കാര്യം പ്രത്യക്ഷത്തിൽ നമുക്ക് കണ്ടറിയാവുന്നതേയുള്ളൂ. ഒരു വ്യക്തി തൽക്കാലം ആരാണെന്നു നിർണയിക്കാനുള്ള ഘടകം അന്തക്കരണം വഴി പ്രകടമാകുന്ന അയാളുടെ അഹന്തയാണ്. ഇവൻ കള്ളനാണ്, ഇവൻ ഗായകനാണ്, ഇവൻ കവിയാണ്, ഇവൻ അസുരനാണ്, ഇവൻ ദേവനാണ് എന്നൊക്കെ വ്യക്തികൾ വേർതിരിയുന്നതു ചിത്തസങ്കൽപങ്ങളെയും അതിനെത്തുടർന്നുള്ള പ്രവർത്തികളെയും ആശ്രയിച്ചാണെന്നു തീർച്ചയാണല്ലോ. ചുരുക്കത്തിൽ ഒരു വ്യക്തി ഇന്ന് ഏതു തരക്കാരനാണ് നാളെ ഏതു തരക്കാരനായിരിക്കും എന്നൊക്കെ നിർണയിക്കുന്ന ഒരേയൊരു ഘടകം ചിത്തസങ്കല്പങ്ങളാണ്. മനുഷ്യനു മാത്രം ഈ ചിത്തവൃത്തികളെ കുറെയൊക്കെ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഉദാത്തങ്ങളായ ചിത്തവൃത്തികൾ ഉപേക്ഷിച്ച് നീചവൃത്തികൾ കൈക്കൊള്ളാം, നീചവൃത്തികൾ ഉപേക്ഷിച്ച് ഉത്തമങ്ങളായ ചിത്തവൃത്തികൾ സ്വീകരിക്കാം. എന്തുതന്നെയായാലും ചിത്തവൃത്തികളാണ് വ്യക്തിസ്വരൂപം നിർണയിക്കുന്ന ഘടകങ്ങൾ. അപ്പോൾ മരണവേളയിൽ നിലവിലുള്ള ചിത്തവൃത്തി ആയിരിക്കും രൂപപരിണാമത്തിലെ അടുത്തഘട്ടം നിർണയിക്കുന്ന ഘടകം. മരണവേളയ്ക്കു തൊട്ടുമുമ്പുള്ള ചിത്തവൃത്തിക്കനുസരണമായി തുടർന്ന് ജനിക്കേണ്ടി വരുമെന്നു സാരം. ചിലർ ശാസ്ത്രജ്ഞന്മാരായോ, കവികളായോ, ചക്രവർത്തി മാരായോ ഒക്കെ ജനിക്കാൻ കൊതിച്ചു എന്നുവരും. ജീവിതത്തിൽ തുടർന്നു ചിരകാലം ആവർത്തിച്ചുറപ്പിച്ചിട്ടുള്ള അഭിലാഷമായിരിക്കും മരണവേളയിൽ ഇങ്ങനെ ഉത്ക്കടമായി പ്രത്യക്ഷപ്പെടുക. അവർക്കു നിശ്ചയമായും സാധിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിയമം. ഏതു രീതിയിലായാലും ജനന-മരണങ്ങൾ പ്രയോജന ശൂന്യങ്ങളായ കെട്ടുപാടുകളായിട്ടാണ് സത്യദർശികൾ കാണുന്നത്. അതുകൊണ്ട് രൂപപരിണാമപ്രവാഹം വെടിഞ്ഞ് സത്യ സ്വരൂപത്തിൽ ലയിക്കുകയെന്ന മോക്ഷമാണ് യഥാർഥജീവിത ലക്ഷ്യമായിരിക്കേണ്ടതെന്ന് അവർ നിർദ്ദേശിക്കുന്നു. ഇതു സഫലമാവണമെങ്കിൽ ജീവിതത്തിലുടനീളം സത്യസ്വരൂപം വിചാരം ചെയ്തുറപ്പിക്കണം. മരണവേളയിൽ സത്യസ്വരൂപ ത്തെ സ്മരിച്ചുകൊണ്ടു ശരീരം ഉപേക്ഷിക്കാനും കഴിയണം.

പ്രപഞ്ചമായി കാണപ്പെടുന്ന സകലതും, സൂക്ഷ്മമായ ശക്തി സ്പന്ദനം പോലും സദാ ചലിച്ചു പരിണമിച്ചു കൊണ്ടിരിക്കുകയാണെന്നാണല്ലോ ആധുനികശാസ്ത്രം തെളിയിച്ചിട്ടുള്ളത് അപ്പോൾ പ്രപഞ്ചത്തിന്റെ നിയമഘടകങ്ങൾ കർമ്മവും പരിണാമവുമാണ് ഇതു രണ്ടും എവിടെ തുടങ്ങി? എവിടെ അവസാനിക്കും? ഈ ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിച്ചാൽ ജീവിതരഹസ്യം അതോടെ വെളിവാകും. ഈ രണ്ട് ചോദ്യങ്ങളുടെയും ഉത്തരമാണ് ആചാര്യൻ ആറാം പദ്യത്തിൽ വിവരിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ



Manu Kumar Elayidam



ശ്ലോകം 06 07

ശ്ലോകം 06

ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും, പരമനാരായണായ നമഃ

( ശ്രീമൂലമായ പ്രകൃതീങ്കൽ- ഈശ്വര ശക്തിയായ മൂലപ്രകൃതിയിൽ, പരമഹാമായ തന്റെ ഗതി- ബ്രഹ്മശക്തിയായ മായയുടെ തന്നെ പ്രവർത്തനമണ്ഡലമാണ്, അവധി ഇല്ല- അവസാനം ഇല്ല)

ഈശ്വര ശക്തിയായ മൂലപ്രകൃതി യിൽ ആരംഭിച്ചു ജനന-മരണ പരിണാമം അവസാനിക്കുന്നതുവരെ ബ്രഹ്മശക്തിയായ മായയുടെ തന്നെ പ്രവർത്തനമണ്ഡലമാണ്. ഇവിടെ നിരവധി ജനന-മരണ പരിണാമ ഘട്ടങ്ങൾ കടന്നാലും കർമ്മപ്രവാഹം അവസാനിക്കുന്നതല്ല. പരമകാരണ സ്വരൂപമായ അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

ഈ ശ്ലോകത്തിൽ 'ശ്രീമൂലമായ പ്രകൃതി' എന്നതും 'പരമഹാമായ' എന്നതും പര്യായപദങ്ങളാണെന്നോർക്കണം. അഖണ്ഡവും ആനന്ദ ബോധസ്വരൂപവുമായ പരബ്രഹ്മമാണ് പ്രപഞ്ചത്തിന്റെ പരമകാരണം. പ്രപഞ്ചദൃശ്യങ്ങൾ ആവിർഭവിക്കുന്നതിനു മുമ്പ് പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന്റെ ഒരംശത്തിൽ അതിൽത്തന്നെ ഒളിഞ്ഞുകിടക്കുന്ന ഒരു ശക്തി സ്പന്ദിച്ച് ആവിർഭവിക്കുന്നതോടെയാണ് സൃഷ്ടി ആരംഭിക്കുന്നത്. ശക്തി ബ്രഹ്മത്തിന്റെ ഏകദേശാംശത്തിൽ മാത്രമേ സ്പന്ദിച്ച് ആവിർഭവിക്കുന്നുള്ളൂ എന്നകാര്യം പുരുഷസൂക്തം വെളിപ്പെടുത്തിയിട്ടുണ്ട്.

പാതോസ്യ വിശ്വാഭൂതാനി - ത്രിപാദസ്യാമൃതം ഭുവി - പുരുഷന്റെ നാലിലൊരുഭാഗത്തുമാത്രമേ പ്രപഞ്ചമുള്ളു, നാലിൽ മൂന്നു ഭാഗവും ആനന്ദ സ്വരൂപമായി ദിവ്യമായി വർദ്ധിക്കുന്നു" എന്നാണ് പുരുഷസൂക്തം പ്രഖ്യാപിക്കുന്നത്. ഏകാംശേന സ്ഥിതോ ജഗത് -" എന്റെ ഒരംശം ജഗത്തായി കാണപ്പെടുന്നു" എന്നിങ്ങനെ ഭഗവാൻ ഗീത പത്താം അധ്യായത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പ്രപഞ്ച നിർമ്മിതിക്കായി ബ്രഹ്മ സ്വരൂപത്തിൽ തെളിയുന്ന ശക്തിയാണ് മൂലപ്രകൃതി അഥവാ മഹാമായ. ആചാര്യൻ മൂലപ്രകൃതിക്ക് 'ശ്രീ' എന്ന വിശേഷണം ചേർത്തിരിക്കുന്നത് പദ്യം ആ അക്ഷരത്തിൽ തുടങ്ങാൻ വേണ്ടി മാത്രമല്ല. ഒന്നാമതായി, മൂലപ്രകൃതി ബ്രഹ്മശക്തി ആണെന്നും അത് ബ്രഹ്മത്തിൽനിന്നും ഭിന്നമല്ലെന്നും കാണിക്കാനാണ് ആ വിശേഷണം.

ശക്തി സ്പന്ദനാത്മകമായ കർമ്മം ആരംഭിച്ചതോടെയാണല്ലോ അവ്യക്തം മുതലുള്ള ജഡരൂപഭേദങ്ങൾ പ്രത്യക്ഷപ്പെട്ടത്. ശക്തി ചലന രൂപത്തിലുള്ള കർമ്മം അവസാനിപ്പിച്ചാൽ രൂപപരിണാമങ്ങൾ ഒക്കെ അവിടെ നിലയ്ക്കും. അപ്പോൾ ജനന-മരണപരിണാമരൂപത്തിലുള്ള സംസാരബന്ധത്തിനു നമുക്കു കണ്ടെത്താവുന്ന ഒരേ ഒരു കാരണം കർമ്മമാണ്. കർമ്മവും ജന്മവും വിത്തും വൃക്ഷവും പോലെ ചക്രാകാരമായി കറങ്ങികൊണ്ടിരിക്കുന്ന സംസാരഗതിയുടെ രണ്ടു ഘട്ടങ്ങളാണ്. അതുകൊണ്ട് കർമ്മമെന്ന വിത്ത് നശിച്ചാലേ ജന്മമെന്ന വൃക്ഷം മുളയ്കാത്തിരിക്കൂ. നിരവധി ജന്മങ്ങളെടുത്തതുകൊണ്ടോ അനവധി കർമ്മം ചെയ്തതു കൊണ്ടോ ഇതു സാധ്യമാവില്ല. കർമ്മം ചെയ്യലും ജന്മമെടുക്കലും വിത്തുകളെ ഉണ്ടാക്കുന്നതിനു മുളപ്പിക്കുന്നതിനും തുല്യമാണ്.







ശ്ലോകം 07

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വദ്ഭക്തിവർധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്വരിക നാരായണായ നമഃ

( ഗർഭസ്ഥനായ്- മാതൃ ഗർഭത്തിൽ കുറെക്കാലം കഴിച്ചുകൂട്ടിയിട്ടുണ്ട്, ഭുവി -ഭൂമിയിൽ, ഉദകപ്പോളപോലെ- വെള്ളത്തിലെ കുമിള എന്ന പോലെ, ന നിത്യഗതി- മോക്ഷം ലഭിക്കുന്നതേയില്ല)

മായാമറ നീങ്ങാത്തി ടത്തോളം മാതൃ ഗർഭത്തിൽ കുറേക്കാലം കഴിച്ചുകൂട്ടീട്ട് ഭൂമിയിൽ വെള്ളത്തിലെ കുമിളപോലെ പിറന്നും ചത്തും സംസാര ഗതി തുടരണം. മരണവേളയിൽ മോക്ഷം ലഭിക്കുന്നതേയില്ല. അതുകൊണ്ട് എന്റെ മനസ്സിൽ അങ്ങയോടുള്ള ഭക്തി വർദ്ധിച്ചുകൊണ്ടേയിരിക്കണം. അതിനായി സദാ അങ്ങയെ പ്രണമിക്കാൻ ഇടവരട്ടെ. അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

ഗർഭദുഃഖം, ജനനദുഃഖം, മരണദുഃഖം ഇവയാണ് സംസാര ഗതിയിലെ മഹാ ദുഃഖങ്ങൾ. അന്തക്കരണമാണ് ജീവന്റെ സൂക്ഷ്മശരീരം. സൂക്ഷ്മശരീരത്തോടുകൂടി ജീവൻ പ്രാണനെ ആശ്രയിച്ചു മാംസസ്ഥിമയമായ സ്ഥൂലശരീരം വിട്ടിറങ്ങിപ്പോകുന്നതാണ് മരണം. ഇങ്ങനെ ഇറങ്ങിപ്പോകുന്ന സൂക്ഷ്മശരീരം പ്രാണനിയന്ത്രണത്തിനു വിധേയമായി ക്രമത്തിൽ സങ്കല്പസാമ്യംകൊണ്ടു കർമ്മബന്ധമുള്ള ഒരു പിതാവിന്റെ സൂക്ഷ്മശരീരത്തിൽ കടന്നുകൂടുന്നു. അങ്ങനെ പിതൃബീജം വഴിയായി മാതാവിന്റെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നു. തുടർന്നു ദിനംപ്രതി ആ ജീവന്റെ സങ്കല്പത്തിന് അനുരൂപമായ ശരീരം രൂപപ്പെട്ടുവരുന്നു. അഞ്ചാം മാസത്തിൽ ജീവചൈതന്യം സ്പഷ്ടമായി സ്ഫുരിക്കും. തുടർന്ന് ഒരു ഘട്ടത്തിൽ തന്റെ കഴിഞ്ഞ കാല ജീവിതഗതി മുഴുവൻ സ്മരണമണ്ഡലത്തിൽ കാണാറാകും.

ജനിച്ചാൽ മരിക്കും, മരിച്ചാൽ ജനിക്കും. ഇത് അനിവാര്യമായ ജീവിത നിയമമാണ്. ഏതെങ്കിലും രൂപത്തിൽ ഇന്ന് നിലവിലുള്ള ഒരു പദാർത്ഥത്തിന് ആത്യന്തികമായ നാശം സാധ്യമല്ല. രൂപഭേദം മാത്രമേ സാധ്യമാവൂ. ബോധവും മനസ്സും ദേഹവും ഇന്ന് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും രൂപത്തിൽ അവ നാളെയും നിലനിൽക്കുക തന്നെ ചെയ്യും. ഇവിടെ വെറും രൂപപരിണാമങ്ങളെ ഉത്ഭവമായും നാശമായും ഭ്രമിക്കുന്നത് കൊണ്ടാണ് എല്ലാ ദുഃഖങ്ങളും വന്നുചേരുന്നത്. നേരെമറിച്ച്, ഒരേ വസ്തു തന്നെയാണ് ഇങ്ങനെ നാനാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു മറയുന്നതെന്നും രൂപങ്ങളുടെ ആവിർഭാവതിരോഭാവങ്ങൾ വസ്തുവിന് അണുപോലും കൂടുതലോ കുറവോ ഉണ്ടാക്കുന്നില്ലെന്നുമുള്ള വാസ്തവം അനുഭവിച്ചറിയാൻ കഴിഞ്ഞാൽ ഭയമൊക്കെ നീങ്ങുന്നതാണ്. പൂർണ്ണമായ വസ്തുസാക്ഷാത്കാരം കൊണ്ടേ ഇത് സാധ്യമാവൂ. വെള്ളത്തിൽ തിരകളും കുമിളകളും ഉണ്ടായി മറയുന്നു. തിരകളും കുമിളകളും കേവലം വെള്ളത്തിലെ രൂപഭേദങ്ങൾ മാത്രമാണ്. അറിവില്ലാത്ത ഒരു കുട്ടിക്ക്, തിരകളും കുമിളകളും ജനിക്കുന്നു, മരിക്കുന്നു എന്നൊക്കെ തോന്നാം. എത്ര തിരകളും കുമിളകളും ഉണ്ടായി മറഞ്ഞാലും വെള്ളത്തിന്റെ അളവിനോ സ്വരൂപത്തിനോ മാറ്റമില്ലെന്നു തീർച്ചയാണല്ലോ. ഇതുപോലെ പ്രപഞ്ചത്തിലെയും വസ്തുസ്ഥിതി ബോധ്യമുള്ളയാൾ ഇവിടെ എന്തൊക്കെ സംഭവിച്ചാലും അശേഷം കുലുങ്ങുന്നില്ല.

മനുഷ്യജന്മം സഫലമാകണമെങ്കിൽ ഈ ജീവിതത്തിൽ മരണത്തിനു മുമ്പ് ഞാൻ ജനിച്ചിട്ടില്ലെന്നും മരിക്കുകയില്ല എന്നും ഉറപ്പു വരണം. ഞാൻ നിത്യമുക്തമായ ആത്മാവാണെന്നും ദേഹം വസ്ത്രമെന്നപോലെ എനിക്ക് സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന ഒരു ഉപകരണം മാത്രമാണെന്നും ഉറപ്പു വരണം. ദേഹമുപേക്ഷിക്കുന്നതിനുമുമ്പ് ഈ ഉറപ്പു വന്ന ആളാണ് ജീവന്മുക്തൻ. ജീവന്മുക്തി നേടി ദേഹത്തെ മൺകട്ടപോലെ വലിച്ചെറിയാൻ കഴിയുന്ന ആളാണ് ധീരനെന്നത്രേ ഭാഗവതമതം.

ഗുരുമുഖത്തുനിന്നും വസ്തു സ്വരൂപം ഗ്രഹിച്ചശേഷം ജഗദാശ്രയമായ ആ സത്യവസ്തുവിൽ പരമപ്രേമം വന്നുചേരുന്നതാണ് ഭക്തി. നിഷ്കളങ്കമായ ഭക്തി ലോക മോഹങ്ങളിൽ നിന്നും ചിത്തത്തെ അകറ്റി ശുദ്ധീകരിക്കുന്നു. തുടർന്ന് ആത്മാവായി വർത്തിക്കുന്ന ജഗത് സത്യം ശുദ്ധചിത്തത്തിൽ വ്യക്തമായി പ്രകാശിക്കാൻ തുടങ്ങുന്നതോടെ സിദ്ധാന്തപരമായി അറിയപ്പെട്ടിരുന്ന വസ്തു അനുഭവരൂപത്തിൽ പ്രകാശിക്കാൻ തുടങ്ങുന്നു. നിരന്തരമായി സത്യസ്വരൂപ സ്മൃതി അഭ്യസിച്ചാലേ ഭക്തിയും തത്ത്വബോധവും കൈവരൂ. അതുകൊണ്ടാണ് ആചാര്യൻ ഭക്തി വർദ്ധിക്കണമെന്നും അതിനായി ഭഗവാനെ നിത്യം തൊഴാൻ ഇടവരണമെന്നും പ്രാർത്ഥിച്ചിരിക്കുന്നത്.

അനന്യഭക്തി, നിരന്തരസ്മരണ ഇവയാണ് തത്ത്വബോധം കൈവരുത്തുന്നതെന്നു കണ്ടുവല്ലോ. സഗുണമായിട്ടായാലും നിർഗുണമായിട്ടായാലും നിരന്തരസ്മരണ ഉറച്ചുകിട്ടണേ എന്നു പ്രാർത്ഥിക്കുകയാണ് അടുത്ത പദ്യത്തിൽ

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




ശ്ലോകം 08 09

ശ്ലോകം 08

ണത്താരിൽമാനിനിമണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത, കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

( ണത്താരിൽ മാനിനിമണാളൻ -നല്ല പൂവിൽ പിറന്നവളായ അതായത് പൂമാതാവായ ലക്ഷ്മിയുടെ പ്രിയതമനും, പുരാണപുരുഷൻ -പണ്ടേയുള്ള വനും, അനന്താദിഹീനനപി - അന്തവും ആദിയും ഇല്ലാത്തവനാണെങ്കിലും, ഹേ അച്യുത- സ്വരൂപത്തിനൊരിക്കലും മാറ്റമില്ലാതെ വിളങ്ങുന്ന അങ്ങ്)

പൂമാതാവായ ലക്ഷ്മിയുടെ പ്രിയതമനും, പണ്ടേയുള്ളവനും ഭക്തജനങ്ങളിൽ അതിയായ വാത്സല്യമുള്ളവനുമായ ഭഗവാൻ ആദിയും അന്തവും ഇല്ലാത്തവൻ ആണെങ്കിലും സ്വരൂപത്തിനു ഒരിക്കലും മാറ്റമില്ലാതെ വിളങ്ങുന്ന അങ്ങ് ഹൃദയത്തിൽ സ്ഥിരമായൊരു കളിപ്പന്തലിട്ടു താമസമാക്കി എന്റെ മനസ്സിൽ സദാ കളിയാടുക, അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

പ്രപഞ്ചത്തിനാദികാരണമായി ബോധസ്വരൂപമായി വർത്തിക്കുന്ന ഈശ്വരസത്ത ആദിയോ അന്തമോ ഇല്ലാത്ത സനാതനസത്യമാണെന്നു നാം മുമ്പ് കണ്ടുവല്ലോ. ഒരു വസ്തുവിന് കാലത്തെയോ ദേശത്തെയോ ആശ്രയിച്ചാണ് ആദിയും അന്തവും ഉണ്ടാവുക. ഇന്ന സമയത്ത് ജനിച്ചു, ഇന്ന സമയത്ത് മരിച്ചു എന്ന വ്യവഹാരങ്ങളാണ് കാലത്തെ ആസ്പദമാക്കിയുള്ള ആദ്യന്ത വ്യവഹാരങ്ങൾ. ഇന്ന ഇടത്തു തുടങ്ങി, ഇന്ന ഇടത്തു ഒടുങ്ങി എന്ന മട്ടിലുള്ളവയാണ് ദേശത്തെ ആസ്പദമാക്കിയുള്ള ആദ്യന്ത വ്യവഹാരങ്ങൾ. കാലദേശങ്ങളെ ആസ്പദമാക്കിയുള്ള ഈ രണ്ടുതരം ആദ്യന്തവ്യവഹാരങ്ങളും പരമസത്യത്തിൽ ഇല്ലെന്ന് ഓർക്കണം. പരമ സത്യം കാലദേശാതീതമാണ്. അഖണ്ഡബോധസ്വരൂപനായ സത്യത്തിൽ ശക്തിസ്പന്ദന രൂപത്തിലുള്ള കർമ്മ ചലനമാണ് കാലത്തിന്റെ തോന്നൽ ഉളവാക്കുന്നത്. പദാർത്ഥരൂപങ്ങളുടെ ആവിർഭാവമാണ് ദേശത്തിന്റെ തോന്നലിനു കാരണം. ഇങ്ങനെ കാല ദേശങ്ങളുടെ ആവിർഭാവത്തിനും കാരണമായി വർത്തിക്കുന്ന സത്യം കാലദേശങ്ങളുടെ പ്രവർത്തനവലയത്തിൽപ്പെടാൻ പറ്റുകയില്ലല്ലോ. നാരായണീയത്തിലെ ആദ്യ ശ്ലോകത്തിൽ മേൽപ്പത്തൂർ, കാലദേശാവധിഭ്യാം നിർമുക്തം എന്നു വർണിച്ചിരിക്കുന്നത് ഈ വസ്തുത തന്നെയാണ്. ഇക്കാര്യമാണ് പ്രസ്തുത ശ്ലോകത്തിൽ അനന്താദിഹീനനപി എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് കാലദേശങ്ങളുടെ തോന്നലിനു മുൻപേ നിലവിലുള്ള സത്യമാണ് 'ജഗദീശ്വരൻ.' 'പുരാണപുരുഷൻ' എന്ന വിശേഷണം അക്കാരണത്താൽ ഭഗവാന് തികച്ചും അന്വർത്ഥമാണ്. ഭഗവാനു മുമ്പ് മറ്റു യാതൊന്നും ഉണ്ടായിരുന്നില്ല. പിമ്പുണ്ടായതെല്ലാം ഭഗവാനെ ആശ്രയിച്ചു മാത്രം കാണപ്പെട്ടവയുമാണ്. അതുകൊണ്ട് ഭഗവാൻ പണ്ടേ യുള്ളവനാണ്. പണ്ടേയുള്ള ഈ ഭഗവാനെ സമീപിക്കാൻ ബുദ്ധിക്ക് രണ്ടു മാർഗ്ഗങ്ങളെയുള്ളു, സഗുണ മാർഗ്ഗവും നിർഗുണ മാർഗ്ഗവും. ഇതിൽ ഏത് അവലംബിച്ചാലും ഭഗവാൻ 'ണത്താരിൽമാനിനിമണാളനാ'ണ്. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മുഴുവൻ പ്രതീകമാണ് ലക്ഷ്മി. അതുപോലെ സർവ്വവ്യാപിയായ പരമാത്മാവിന്റെ പ്രതീകമാണ് ശംഖചക്രാബ്ജധരനും പീതാംബരധാരിയുമായ വിഷ്ണു. 'വിഷ്ണു' എന്ന പദത്തിനു തന്നെ സർവ്വത്ര വ്യാപിച്ചിരിക്കുന്നവൻ എന്നാണർത്ഥം. ബോധസ്വരൂപമായ സൂക്ഷ്മ സത്യം വിചാരം ചെയ്ത് അറിയാൻ കഴിവില്ലാത്തവർക്ക് ആരംഭത്തിൽ ചതുർബാഹുവായി വനമാല ധരിച്ച്, കടകകുണ്ഡലകിരീടങ്ങളോടുകൂടി ശോഭിക്കുന്ന ലക്ഷ്മീമണാളനെ ധ്യാനിച്ച് ബുദ്ധിക്ക് ഏകാഗ്രത വരുത്താവുന്നതാണ്. ആദ്യമേതന്നെ വസ്തു ബുദ്ധിക്ക് പിടികിട്ടുന്നവർക്ക് വിചാര രൂപത്തിലുള്ള ജ്ഞാനമാർഗമോ സങ്കല്പ നിരോധന രൂപത്തിലുള്ള യോഗമാർഗ്ഗമോ അംഗീകരിച്ച് ബുദ്ധിയെ ഏകാഗ്രപ്പെടുത്തി സത്യത്തെ സമീപിക്കാവുന്നതാണ്. ഏതു മാർഗ്ഗം അവലംബിച്ചാലും മനസ്സ് ഏകാഗ്രപ്പെടുന്നതോടെ വ്യക്തിയുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കുണ്ഡലിനി അഥവാ പ്രപഞ്ചപ്രാണശക്തി ഉണർന്ന് ദേഹമാകെ വ്യാപിക്കും. ഹൃദയ അന്തർഭാഗം പ്രകാശം കൊണ്ട് നിറയും. ശക്തിയുടെ ഉറവിടങ്ങളായ ആധാരപത്മങ്ങൾ വ്യക്തമായി കാണാറാകും. പ്രപഞ്ചപ്രാണശക്തിയായ കുണ്ഡലിനി ആധാരപത്മങ്ങളിൽ നിന്നും ഊറി പ്രകാശിച്ചതുകൊണ്ടുതന്നെയായിരിക്കണം യോഗികൾ ലക്ഷ്മിയെ 'ണത്താരിൽമാനിനി' എന്നു സങ്കൽപ്പിക്കാൻ ഇടയായത്. ശക്തിപ്രസരണത്തിനുള്ളിൽ അതിനുറവിടമായ ബോധസത്യവും യോഗിബുദ്ധിക്ക് അനുഭവ വിഷയമായിത്തീരുന്നു. ഇങ്ങനെ 'ണത്താരിൽ മാനിനിമണാളനാ'ണ് ജഗദീശ്വരനെന്ന് ബോധ്യപ്പെടുന്നു. ചുരുക്കത്തിൽ ആധാരപത്മങ്ങളിൽ നിന്നുള്ള പ്രപഞ്ചപ്രാണശക്തിയുടെ ആവിർഭാവം, അതിൽ വ്യക്തമായി തെളിയുന്ന ശക്തിക്കുറവിടമായ ബോധവസ്തു. യഥാക്രമം ഇവയുടെ പ്രതീകങ്ങളായ ലക്ഷ്മിയും വിഷ്ണുവും, ഇത്രയും അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതാണ് 'ണത്താരിൽ മാനിനിമണാളൻ' എന്ന പദമെന്നോർക്കണം. കുണ്ഡലിനിപ്രാണപ്രസരത്തിന്റെ വിശദവിവരം ഒമ്പതാം പദ്യത്തിന്റെ വ്യാഖ്യാനം നോക്കി അറിയേണ്ടതാണ്. സഗുണമോ നിർഗുണമോ ആയ ഏതു മാർഗ്ഗം അവലംബിച്ചാലും ബുദ്ധി ഏകാഗ്രപ്പെടുന്തോറും ഭഗവദ് രൂപം കൂടുതൽ കൂടുതൽ തെളിഞ്ഞു കിട്ടുകയും അലൗകികമായ ആനന്ദവും ശാന്തിയും കൂടി വരികയും ചെയ്യും. അതോടെ ഭക്തനുള്ള ഭൗതിക സമ്പത്തുകൾ പോലും ഭഗവാന്റെ അനുഗ്രഹം മാത്രമാണെന്നു ബോധ്യപ്പെടുകയും ചെയ്യും. ജീവിതം ദിനംപ്രതി ധന്യധന്യമായിത്തീരുന്നു എന്നനുഭവിക്കാനും കഴിയും. ഇക്കാരണത്താലാണ് മറ്റു സത്യദർശികളെ പിന്തുടർന്ന് എഴുത്തച്ഛനും ഭഗവാനെ 'ഭക്തവത്സലൻ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.സഗുണമോ നിർഗുണമോ ആയ ഭക്തിയെ അവലംബിച്ച് തന്നെ സമീപിക്കുന്നവരിൽ വാത്സല്യം ചൊരിഞ്ഞ് അവരുടെ ജീവിതത്തെ ധന്യമാക്കിത്തീർക്കുന്നവൻ എന്നു താത്പര്യം.

ഈശ്വരൻ സർവ്വവ്യാപിയാണ്. അതുകൊണ്ടുതന്നെ ഭഗവാൻ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ സാദാ കുടികൊള്ളുന്നു. ഒരിക്കലും അവിടെ നിന്ന് വിട്ടു പോകുന്നില്ല. ഒരിക്കലും സ്വരൂപത്തിനു കേടു പറ്റാത്തവൻ ആയതുകൊണ്ടാണ് ആചാര്യൻ ഭഗവാനെ 'അച്യുത' എന്ന് സംബോധന ചെയ്തിരിക്കുന്നതും 'ച്യുതി' കേടുപറ്റൽ, അതില്ലാത്തവനാണ് അച്യുതൻ. അപ്പോൾ ഒരു കേടും പറ്റാതെ ഉള്ളിൽ സദാ കുടികൊള്ളുന്ന ഭഗവാനെ ആർക്കുവേണമെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കി കണ്ടെത്താവുന്നതാണ്. ഇങ്ങനെ ഭഗവാനെ കണ്ടെത്താൻ ഒരാൾ പ്രധാനമായും രണ്ടു കാര്യങ്ങളാണനുഷ്ഠിക്കേണ്ടത്. ഉള്ളിൽ ബോധാനന്ദസ്വരൂപനായ ജഗദീശ്വരൻ വിട്ടുപോകാതെ ഇരിക്കുന്നു എന്നു സദാ ഓർമ്മിക്കുക. ജീവിതത്തിന്റെ അന്തിമലക്ഷ്യം ആ ഭഗവാനെ കണ്ടെത്തുകയാണ് എന്നും സ്മരിക്കുക. ഈ നിരന്തര സ്മരണ നിലനിർത്തുന്നത് ചിത്തത്തിന്റെ ജോലിയാണ്. ഇതത്രേ അവധാരണം. ഇതിനെ ഭാവനാമയമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുകയാണ് ആചാര്യൻ. 'ചിത്തത്തിലച്യുത കളിപ്പന്തലിട്ട്' എന്ന ഭാഗം കൊണ്ട്. അന്തക്കരണം പ്രവർത്തന ഭേദമനുസരിച്ച് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നു നാലായി തിരിയുന്നു. വിവിധ ലോക സങ്കല്പങ്ങളിപ്പെട്ടു തിരിയുകയാണ് മനസ്സിന്റെ ജോലി. തീരുമാനമെടുക്കുന്ന അന്തക്കരണാംശമാണ് ബുദ്ധി. അഭിമാനിക്കുന്നത് അഹങ്കാരം. അവധാരണമാണ് ചിത്തത്തിന്റെ പ്രവർത്തനം. ഇതാണ് വ്യവസ്ഥ. കളിക്കാൻ പന്തലിട്ടു കഴിഞ്ഞാൽ പിന്നെ കളി, പന്തലിനുള്ളിലും അതിനു ചുറ്റുമായി ഒതുങ്ങി നിന്നു കൊള്ളുമല്ലോ. ഭഗവാൻ ഉള്ളിലിരിക്കുന്നുവെന്നും, ഭഗവത്സ്മരണ ഒരിക്കലും വിട്ടു പോകരുതെന്നും ചിത്തം സ്മരിക്കുമെങ്കിൽ ആ സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ ലോകസങ്കൽപ്പങ്ങളിലൂടെ ആ ജീവിതയാത്ര തുടരാൻ പ്രയാസമില്ല. ഭഗവാനെ മറന്ന് ലോകസങ്കൽപങ്ങളിൽപെട്ടു പോയാലേ പേടിക്കാനുള്ളൂ. ഭഗവാനെ സദാ ഓർമിച്ചുകൊണ്ടു തന്നെ വിവിധ ലോക സങ്കല്പങ്ങളെ ഉപലാളിക്കാൻ എന്റെ മനസ്സിനു കഴിവുണ്ടാകണന്നാണ് 'വിളയാടീടുകെൻമനസി' എന്ന ഭാഗംകൊണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്തം കൊണ്ട് സദാ ഭഗവാനെ സ്മരിക്കാനും സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ സങ്കല്പങ്ങളിലൂടെ ലോകത്തു വ്യവഹരിക്കാനും കഴിയണമെന്നു ചുരുക്കം





ശ്ലോകം 09

പച്ചക്കിളിപ്പവിഴപാല്‍ വര്‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയ സൃഷ്ടിക്കു സത്വരജ-
സ്തമോഭേദ രൂപ ഹരി നാരായണായ നമഃ

പച്ചക്കിളിയുടെയും പവിഴത്തിൻറെയും പാലിൻറെയും നിറങ്ങൾക്ക് തുല്യമായ നിറങ്ങൾ.

യഥാക്രമം തമോഗുണത്തിൻറെയും രാജോഗുണത്തിൻറെയും, സത്ത്വഗുണത്തിൻറെയും നിറങ്ങളായ പച്ച ചുവപ്പ് വെളുപ്പ് എന്നിവ കാണാൻ കൊതിക്കുന്നവർക്ക് ആറാധാരങ്ങളും കടന്ന തദുപരി ബ്രഹ്മ രന്ധ്രത്തിലൂടെ സഹസ്രാര പദ്മത്തിലെത്തിച്ചേരുന്നതോടെ പ്രപഞ്ചത്തിൻറെ രക്ഷ പ്രളയം സൃഷ്ടി എന്നിവക്കുവേണ്ടി സത്ത്വം രജസ്സ് തമസ്സ് എന്നീ ഗുണഭേദം അംഗീകരിച്ച് വിഷ്ണു ബ്രഹ്‌മാവ്‌ ശിവൻ എന്നിങ്ങനെ മൂന്നു രൂപത്തിൽ വിങ്ങുന്നത് ഒരേ ഹരിതന്നെ എന്ന് തെളിയും അങ്ങനെയുള്ള നാരായണാ അങ്ങേക്ക് നമസ്കാരം.

സമാധിതയിൽ ജ്വലിക്കുന്ന മണിദീപം പോലെ പരമാത്മസ്വരൂപം കൈക്കൊണ്ടു ഹൃദയത്തിൽ തെളിയുന്ന അല്ലയോ ഭഗവൻ ഹരിനാരായണായ അങ്ങേയ്ക്കു നമസ്കാരം





ശ്ലോകം 10 11

ശ്ലോകം 10

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

( തത്വത്തിനുള്ളിൽ- മായാ നിർമ്മിതങ്ങളായ ജഡതത്ത്വങ്ങളാൽ മറയ്ക്കപ്പെട്ട്, ഉദയം ചെയ്തിരുന്ന പൊരുൾ- എന്നാൽ ഒരു കേടും കൂടാതെ നിത്യമുക്തമായി വിലസുന്ന ബോധവസ്തു, എത്തീടുവാൻ- സാക്ഷാത്കരിച്ചറിയാൻ, ഗുരുപദാന്തേ ഭജിപ്പവനു- ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ആശ്രയിക്കുന്നവന്, മുക്തിക്കു തക്ക- മോക്ഷം കിട്ടാൻ ഉചിതമായ)

മായാ നിർമ്മിതങ്ങളായ ജഡതത്വങ്ങളാൽ മറയ്ക്കപ്പെട്ട്, എന്നാൽ ഒരു കേടും കൂടാതെ നിത്യമുക്തമായി വിലസുന്ന ബോധവസ്തു സാക്ഷാത്കരിച്ചറിയാനായി ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ആശ്രയിക്കുന്നവന് മോക്ഷം കിട്ടാൻ ഉചിതമായ തത്ത്വോപദേശം ഗുരു നൽകും. അപ്പോൾത്തന്നെ അയാൾക്കു ജനന-മരണ രഹിതമായ സത്യമാണ് താനെന്ന് തെളിയും. നാരായണായികൊണ്ടു നമസ്കാരം.

തത്ത്വത്തിനുള്ളിൽ - പ്രപഞ്ചമായി കാണപ്പെടുന്ന നിലനിൽപ്പിന്റെ അടിസ്ഥാന പദാർഥങ്ങളെ ആധുനിക ശാസ്ത്രജ്ഞന്മാരെന്നപോലെ ഭാരതീയ തത്ത്വശാസ്ത്രജ്ഞന്മാരും ഗണിച്ചിട്ടുണ്ട്. എന്നാൽ, വിവിധ ശാസ്ത്രജ്ഞന്മാർ തത്വങ്ങളുടെ എണ്ണം പറയുന്നിടത്ത് ഭേദം കാണുന്നു. തത്വസംഖ്യകളിലെ ഈ വൈവിധ്യത്തെക്കുറിച്ച് ഭാഗവതം ഏകാദശ സ്കന്ധത്തിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ ഉദ്ധവർ ഭഗവാനോട് ചോദിക്കുന്നുണ്ട്. തത്വങ്ങൾ 28 ആണെന്നും 26 ആണെന്നും 25 ആണെന്നും 60 ആണെന്നും 70 ആണെന്നും 96 ആണെന്നും ഇങ്ങനെ പലതരത്തിൽ പറയപ്പെടുന്നുണ്ടല്ലോ. ഇതിന്റെ രഹസ്യം എന്താണ്? ഉദ്ധവരുടെ ഈ ചോദ്യങ്ങൾക്കു ഭഗവാൻ മറുപടി പറയുന്നത് ഇങ്ങനെയാണ്. തത്ത്വഭേദങ്ങളെല്ലാം മായാ പ്രകടനങ്ങളാണ്. അതുകൊണ്ട് ഓരോരുത്തർ ഭേദബുദ്ധിയോടെ എങ്ങനെ സങ്കൽപ്പിച്ചു കാണുന്നുവോ അങ്ങനെ ഗണിച്ചിരിക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് സംഖ്യാഭേദത്തിൽ സംശയിക്കാനൊന്നുമില്ല. ഏതായാലും എഴുത്തച്ഛൻ എല്ലാ മതഭേദങ്ങളെയും ഉൾക്കൊള്ളാൻ വേണ്ടിയാണോ എന്നു തോന്നുമാറ് ഹരിനാമകീർത്തനത്തിൽ ഏറ്റവും വലിയ സംഖ്യയാണ് അംഗീകരിച്ചിരിക്കുന്നത്. തത്ത്വങ്ങളെ എണ്ണിയെണ്ണി പറഞ്ഞിട്ട് തത്ത്വസംഖ്യ 96 ആണെന്ന് ഇരുപത്തഞ്ചാം ശ്ലോകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്, 'തത്ത്വമതിൽ മേവുന്ന നാഥ' എന്നു ഭഗവാനെ ഇരുപത്തഞ്ചാം പദ്യത്തിൽ സംബോധന ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് പ്രസ്തുത പദ്യത്തിൽ 'തത്ത്വത്തിനുള്ളിൽ' എന്ന ഭാഗം കൊണ്ട് ആചാര്യനുദ്ദേശിക്കുന്നത് മായാനിർമിതങ്ങളായ 96 തത്വങ്ങളാലും മറയ്ക്കപ്പെട്ടിരിക്കുന്ന പൊരുളിനെയാണെന്നുള്ളതിൽ സംശയിക്കാനില്ല.

ഉദയം ചെയ്തിരുന്ന പൊരുൾ - ചേതനതത്വത്തിലാണ് അതിന്റെ ശക്തിയായ മായ ജഡതത്ത്വങ്ങളെ ഉണ്ടാക്കിക്കാണിക്കുന്നത്. മായ പ്രകടമാകുന്ന തോടെ ഒരേ ചേതനതത്വം തന്നെ പുരുഷനെന്നും പ്രകൃതിയെന്നും രണ്ടായി പിരിഞ്ഞപോലെ കാണാനിടവരുന്നു. തുടർന്ന് പ്രകൃതി പുരുഷന്റെ സാന്നിധ്യത്തിൽ വിവിധ ജഡ തത്വങ്ങളെ ഉണ്ടാക്കി കാണിക്കുന്നു. ഇവിടെ ഒരു പ്രധാന കാര്യം ധരിക്കാനുണ്ട്. പ്രകൃതിതത്വം ആവിർഭവിക്കുമ്പോഴോ, അതു ജഡതത്വങ്ങളെ ഉണ്ടാക്കി കാണിക്കുമ്പോഴോ പുരുഷന്റെ സ്വരൂപത്തിന് അണുപോലും വികാരം സംഭവിക്കുന്നില്ല. അതുകൊണ്ടാണ് പരബ്രഹ്മത്തിൽ മായ ഉണ്ടാക്കി കാണിക്കുന്ന പ്രപഞ്ചം കയറിൽ സർപ്പമെന്ന പോലെയോ മരുഭൂമിയിൽ വെള്ളമെന്നപോലെയോ പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രമദൃശ്യം മാത്രമാണെന്നു സത്യദർശികൾ സിദ്ധാന്തിക്കുന്നത്. ഇങ്ങനെ കാരണവസ്തുവിന് അണുപോലും വികാരമുണ്ടാക്കാതെ അതിൽ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളാണ് ശാസ്ത്രം വിവർത്തകാര്യങ്ങളെന്നു പറയുന്നത്. ബ്രഹ്മത്തിൽ മായ ഉണ്ടാക്കി കാണിക്കുന്ന എല്ലാ ജഡതത്വങ്ങളും വിവർത്ത കാര്യങ്ങളാണ്. അതുകൊണ്ട് ഈ വിവർത്ത കാര്യങ്ങൾ ഉണ്ടാകുമ്പോഴും നിലനിൽക്കുമ്പോഴും മറയുമ്പോഴും സത്യസ്വരൂപം നിർവികാരമായിത്തന്നെ ആനന്ദഘനമായി വിലസുന്നു. ജഡതത്ത്വങ്ങൾ അകലുന്ന തോടുകൂടി ഏതൊരു ജിജ്ഞാസുവിനും ഈ വസ്തുത സാക്ഷാത്കരിച്ചനുഭവിക്കാവുന്നതാണ്. തത്ക്കാലം ജഡതത്വങ്ങളാൽ മറയ്ക്കപ്പെട്ടുനിൽക്കുന്ന വസ്തുവിന്റെ ആനന്ദഘനമായ ഈ നിർവികാരസ്ഥിതി വെളിപ്പെടുത്താനാണ് ആചാര്യൻ 'ഉദയം ചെയ്തിരുന്നപൊരുൾ' എന്നു പറഞ്ഞിരിക്കുന്നത്. 'ഇരുന്ന' എന്ന ഭൂതകാല പ്രയോഗം അർത്ഥവത്താണ്. ജഡതത്ത്വാ വിർഭാവത്തിനുമുമ്പുള്ള സ്ഥിതി തന്നെ ഇപ്പോഴും തുടരുന്നുവെന്നു സൂചന.

മുക്തിക്കു തക്കൊരുപദേശം തരും ജനന മറ്റീടുമന്നവന് - മേൽവിവരിച്ച വസ്തുവിന്റെ നിർവികാരസ്ഥിതി സാക്ഷാത്കരിച്ചു സദാ അനുഭവിക്കുന്നയാളാണല്ലോ ബ്രഹ്മനിഷ്ഠനായ ഗുരു. ഈ സാക്ഷാത്കാരം തനിക്കും അനുഭവിക്കാൻ വേണ്ടിയാണ് ശിഷ്യൻ ബ്രഹ്മ നിഷ്ഠനായ ഗുരുവിനെ പദാന്തേ ഭജനമാരംഭിക്കുന്നത്. ഗുരു ആദ്യമായി പാകപ്പെട്ട ശിഷ്യന് വസ്തുസ്ഥിതി വ്യക്തമായി വിവരിച്ചു കൊടുത്തിട്ട് സ്വയം ശിഷ്യൻ ജനന-മരണ രഹിതമായ ആ സത്യവസ്തു തന്നെയാണെന്നും കാട്ടിക്കൊടുക്കുന്നു. ശ്രുതി പ്രസിദ്ധങ്ങളായ തത് ത്വം അസി- 'അതു നീ തന്നെ' എന്നിത്യാദി മഹാവാക്യങ്ങൾ പാകപ്പെട്ട ശിഷ്യന്മാർക്ക് ഉടനേതന്നെ പ്രത്യക്ഷാനുഭവം പകർന്നുകൊടുക്കാനുള്ള ഗുരുക്കന്മാരുടെ മഹാവാക്യങ്ങളായിട്ടാണ് കരുതപ്പെടുന്നത്. മഹാവാക്യോപദേശത്തോടൊപ്പം ഗുരുകാരുണ്യം നിറഞ്ഞ നോട്ടം കൊണ്ടും സ്പർശം കൊണ്ടും ഒക്കെ അനുഭവം പകർന്നു കൊടുത്തു ശിഷ്യനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രാമകൃഷ്ണവിവേകാനന്ദന്മാരുടെ ഗുരുശിഷ്യബന്ധം ഇതിനുത്തമ ദൃഷ്ടാന്തമാണ്. വസ്തുബോധമുണ്ടാകുന്നതോടെ താൻ ജനിച്ചിട്ടേയില്ലെന്നും ഇനിയൊരിക്കലും മരിക്കുകയില്ലെന്നും ശിഷ്യനു ബോധ്യപ്പെടുന്നു. അതുകൊണ്ടത്രേ 'ജനനമറ്റീടുമന്നവന്' എന്ന് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

കർമ്മമാണ് ബന്ധം. കർമ്മം ഭൗതികഫലത്തിൽ മനസ്സിനെ ആസക്തമാക്കിത്തീർക്കുന്നു. ഫലഭോഗം വീണ്ടും കർമ്മം ചെയ്യാൻ ഹേതുവായും ഭവിക്കുന്നു. ഒരു കർമ്മവും ഫലം പൂജിക്കുന്നതോടെ അവസാനിക്കുന്നില്ല. ഒരു കർമ്മത്തിന്റെ ഫലം ഭുജിച്ചു കഴിയുമ്പോൾ ആ ഫലഭോഗം വാസനാരൂപത്തിൽ ഉള്ളിൽ അടിയുന്നു. കർമ്മം ആവർത്തിക്കുന്തോറും വാസനയ്ക്ക് ശക്തി കൂടിവരും. അതുകൊണ്ട് കർമ്മം ചെയ്തു കർമ്മബന്ധം ഇല്ലാതാക്കാൻ ഒരിക്കലും സാധ്യമല്ല. തത്വ വിചാരത്തോടുകൂടിയ ഈശ്വരസ്മരണ ഒന്നുമാത്രമേ ആത്മാവിനെ കർമ്മബന്ധത്തിൽ നിന്നും വേർപെടുത്തു. കർമ്മബന്ധം അകന്നുകിട്ടാൻ അതുണ്ടാകണേ എന്നാണ് ആചാര്യൻ പതിനൊന്നാം ശ്ലോകത്തിൽ അപേക്ഷിക്കുന്നത്.





ശ്ലോകം 11

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എൻപക്കലുള്ള ദുരിതം പാർത്തു കാണുമള
വംഭോരുഹാക്ഷ ഹരിനാരായണായ നമഃ

( എൻപാപമൊക്കെയറിവാൻ- എന്റെ കർമ്മബന്ധങ്ങൾ എല്ലാം വിലയിരുത്താൻ, ധർമ്മപതി- ധർമ്മരാജാവ് അഥവാ മൃത്യു, ചിത്രഗുപ്തനുടെ- ധർമ്മരാജാവിന്റെ കാര്യസ്ഥനായ ചിത്രഗുപ്തന്റെ അഥവാ സൂക്ഷ്മശരീരത്തിന്റെ, സമ്പൂർണ്ണലിഖ്യതഗിരം കേട്ട് - പൂർണമായി രേഖപ്പെടുത്തിയിട്ടുള്ള വാക്കുകേട്ട്, എൻപക്കലുള്ളദുരിതം പാർത്തുകാണുമളവ്- എന്റെ കർമ്മബന്ധത്തിന്റെ വില തീരുമാനിക്കാൻ ഭാവിക്കുമ്പോൾ, അംഭോരുഹാക്ഷ-അല്ലയോ ഭഗവൻ, അവിടുന്ന് അടുക്കലുണ്ടായിരിക്കണേ)

എന്റെ കർമ്മബന്ധങ്ങളെല്ലാം വിലയിരുത്താൻ യമധർമ്മ രാജാവ് അഥവാ മൃത്യു കാര്യസ്ഥനായ ചിത്രഗുപ്തന്റെ അഥവാ അന്തഃകരണത്തിന്റെ പൂർണമായി രേഖപ്പെടുത്തിയിട്ടുള്ള വാക്കു കേട്ട് എന്റെ കർമ്മബന്ധത്തിന്റെ വില തീരുമാനിക്കാൻ ഭാവിക്കുമ്പോൾ അല്ലയോ ഭഗവൻ, അവിടുന്ന് അടുക്കലുണ്ടായിരിക്കണേ. പാപഹാരിയായ നാരായണനു നമസ്കാരം.

'കർമ്മബന്ധത്തിന്റെ വിലയിരുത്തൽ' - സാധാരണഗതിയിൽ കർമ്മത്തെ പുണ്യം എന്നും പാപം എന്നും രണ്ടായി വക തിരിക്കാറുണ്ട്. പുണ്യം ഉത്തമ ജന്മത്തിനും പാവം അധമ ജന്മത്തിനും കാരണമായി ഭവിക്കുന്നു. ഒരു മുമുക്ഷുവിനെ സംബന്ധിച്ചിടത്തോളം പുണ്യവും പാപവും ബന്ധം തന്നെയാണ്. രണ്ടും ജനന-മരണ രൂപത്തിലുള്ള സംസാരത്തിന് കാരണമായിത്തീരുന്നു എന്നുള്ളതു കൊണ്ടുതന്നെ. പുണ്യം സ്വർണച്ചങ്ങലയാണെങ്കിൽ പാപം ഇരുമ്പ് ചങ്ങല, അത്രേയുള്ളൂ ഭേദം. സ്വർണ്ണ ചങ്ങല കൊണ്ടായാലും ഇരുമ്പ് ചങ്ങല കൊണ്ടായാലും ബന്ധനം ബന്ധനം തന്നെയാണ്. ജന്മമറുന്ന മുക്തിയാണ് ഹരിനാമകീർത്തനത്തിലെ വിഷയം എന്നുള്ളതുകൊണ്ട് പ്രസ്തുത പദ്യലെ 'പാപ' ശബ്ദം എല്ലാത്തരം കർമ്മബന്ധങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നു കാണേണ്ടതാണ്. 'ഒക്കെ' എന്ന വിശേഷണം ഈ ധാരണയ്ക്കു സഹായകമായും വർത്തിക്കുന്നു. കർമ്മം എങ്ങനെയാണ് ജനന-മരണ സംസാരത്തിനു കാരണമായിത്തീരുന്നത്? ഒരു വ്യക്തിക്ക് സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ മൂന്ന് ശരീരങ്ങളാണുള്ളത്. മാംസാസ്ഥി മയമായ ബാഹ്യശരീരമാണ് സ്ഥൂലശരീരം. സങ്കല്പവാസനാ മയമായ അന്തകരണമാണ് സൂക്ഷ്മശരീരം. ഉറക്കത്തിലെ അജ്ഞാനമറയാണ് കാരണശരീരം. ഇവയിൽ മാംസസ്ഥി മയമായ ബാഹ്യശരീരം സങ്കൽപ്പവാനാമമായ സൂക്ഷ്മശരീരത്തിന്റെ ഒരു ഉപകരണം മാത്രമാണ്. ഇക്കാര്യം ചിന്തിക്കുന്നവർക്കൊക്കെ ബോധ്യപ്പെടും. അതുപോലെ ഉറക്കത്തിലെ കാരണശരീരം, സൂക്ഷ്മശരീരം ലയിച്ചുണ്ടാകുന്ന ഒരു മറയാണ്. ഉറക്കത്തിൽ ആരും പുതിയ കർമ്മം ഒന്നും ചെയ്യുകയോ ഫലം അനുഭവിക്കുകയോ ചെയ്യുന്നില്ല. സ്വപ്നം ഉറക്കമല്ലെന്നോർക്കുക. സ്വപ്നത്തിൽപോലും കർമ്മം ചെയ്യുന്നതും ഫലം അനുഭവിക്കുന്നതും സൂക്ഷ്മശരീരമാണ്. അപ്പോൾ യഥാർത്ഥത്തിൽ കർമ്മത്തിന്റെ മുഴുവൻ കലവറ സങ്കല്പവാസനാമയമായ സൂക്ഷ്മശരീരമാണ്. കഴിഞ്ഞു പോകുന്ന ഓരോ കർമ്മവും വാസനാരൂപത്തിൽ അതിന്റെ മുദ്ര ഈ സൂക്ഷ്മശരീരത്തിൽ സൂക്ഷിച്ചാട്ടാണു പോകുന്നത്. സൂക്ഷ്മശരീരത്തെ ഉപകരണമായ സ്ഥൂലശരീരം ഉപയോഗശൂന്യമായിത്തീരുമ്പോൾ സൂക്ഷ്മശരീരം അതിനെവലിച്ചെറിയുന്നു. ഇതാണ് മരണം. ഉപകരണം ഉപയോഗശൂന്യമെന്ന് കണ്ടാൽ ആരാണ് വലിച്ചെറിയാത്തത്? ഒരു ഉപകരണം വലിച്ചെറിഞ്ഞാൽ പുതുമയുള്ള മറ്റൊരു ഉപകരണം സ്വീകരിക്കാതെ വയ്യല്ലോ. ഇങ്ങനെ ഒരു പുതിയ ഉപകരണം സ്വീകരിക്കുന്നതാണ് ജനനം. ജീവിച്ചിരിക്കുമ്പോൾ തന്നെ സങ്കൽപ്പങ്ങളെയും വാസനകളെയും തത്ത്വവിചാരവും ഈശ്വരസ്മരണയും കൊണ്ടുപശമിപ്പിച്ച് ശുദ്ധബോധസ്വരൂപം സാക്ഷാത്കരിച്ചാൽ അതാണ് മോക്ഷം. സൂക്ഷ്മ ശരീരത്തിന്റെ സ്വഭാവമനുസരിച്ചാണ് പുതിയ ഉപകരണത്തിന്റെ രൂപം നിർണയിക്കപ്പെടുന്നത്. അപ്പോൾ മരണവേളയിൽ സങ്കല്പങ്ങളും വാസനകളും എന്തൊക്കെയാണെന്നുള്ളതിനെ ആശ്രയിച്ചാണ് അടുത്ത ജനനം എങ്ങനെയുള്ളതായിരിക്കണമെന്ന കാര്യം തീരുമാനിക്കപ്പെടുക. ചുരുക്കത്തിൽ ഒരു ജീവിതത്തിലെ എല്ലാ കർമ്മ ചലനങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുള്ള സൂക്ഷ്മശരീരം പേറിക്കൊണ്ടാണ് ജീവൻ മരണത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടുക. ഈ ശാസ്ത്ര സത്യത്തെയാണ് ധർമ്മപതി ചിത്രഗുപ്തനുടെ സമ്പൂർണ്ണലിഖ്യതഗിരം കേൾക്കുന്നതായി പുരാണങ്ങളെ അനുസ്മരിച്ചുകൊണ്ട് ആചാര്യൻ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ധർമാധർമ്മങ്ങളെ പാകപ്പെടുത്തി അനുഭവിക്കുന്ന കാലത്തിന്റെ പ്രതീകം തന്നെയാണ് കാലൻ അഥവാ ധർമ്മപതി. അതാതുകാലത്ത് കർമ്മ ചലനങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ധർമ്മപതിയുടെ കാര്യസ്ഥനായ ചിത്രഗുപ്തനാണ് സൂക്ഷ്മശരീരം. കാലത്താൽ ചിത്രമാംവണ്ണം ഗോപനം ചെയ്യപ്പെട്ടു സംസാരബന്ധത്തിൽ സുരക്ഷിതമായി തുടരുന്ന ഘടകമാണല്ലോ സൂക്ഷ്മശരീരം. അതുകൊണ്ട് പേര് തികച്ചും അന്വർത്ഥമാണ്. മരണം സൂക്ഷ്മശരീരത്തിലെ രേഖകൾക്ക് അനുസരണമായാണല്ലോ അടുത്ത ജനനത്തിനു വഴിതെളിക്കുന്നത്. അപ്പോൾ ധർമ്മപതി സമ്പൂർണ്ണലിഖ്യതഗിരം കേൾക്കുന്ന കാര്യവും യോജിക്കുന്നുണ്ട്.

'ദുരിതം പാർക്കുന്നിടത്ത് അംഭോരുഹാക്ഷൻ' - മരണവേളയിലെ സങ്കൽപവും വാസനയും എന്തായിരിക്കണമെന്നുള്ളതിനെ ആശ്രയിച്ചാണ് അപ്പോഴത്തെ സൂക്ഷ്മശരീരത്തിന്റെ രൂപം നിർണയിക്കുക. അതോടെ ജീവനു തുടർന്നുള്ള ജനനം ഏതുതരത്തിലായിരിക്കണമെന്നും തീരുമാനിക്കപ്പെടുന്നു. സൂക്ഷ്മശരീരമാണ് കർമ്മബന്ധം നിർണയിക്കുന്ന ധർമ്മപതി യുടെ കാര്യസ്ഥനായ ചിത്രഗുപ്തൻ. അതു രേഖപ്പെടുത്തിയിരിക്കുന്ന ലോക വാസനകളാണു ദുരിതം. ഇങ്ങനെയുള്ള ലോക വാസനകൾ അനന്തരജന്മം നിർണയിക്കപ്പെടാനായി കാലത്തിന്റെ മുമ്പിൽ വിലയിരുത്തപ്പെടുമ്പോൾ ദുരിതങ്ങളെയെല്ലാം പുറന്തള്ളികൊണ്ട് ജഗദീശ്വരന്റെ അനന്യസ്മരണമാണ് ചിത്രഗുപ്തന്റെ രേഖകളിൽ സ്ഥലം പിടിച്ചിരിക്കുന്നതെന്നു വന്നാൽ പിന്നെ ജനിക്കാനിടവരുന്നില്ല. അതാണ് ദുരിതം പാർത്തുകാണുമളവിൽ അംഭോരുഹാക്ഷൻ അടുത്തുണ്ടായിരിക്കണമെന്ന് ആചാര്യൻ അപേക്ഷിക്കുന്നത്. അതല്ല, അതിരറ്റ ധനതൃഷ്ണ, മമതാബന്ധം, സുഖമോഹം തുടങ്ങിയ ലോകവാസനകളാണ് ചിത്രഗുപ്തൻ രേഖപ്പെടുത്തിയിരിക്കുന്നതെന്നു വന്നാൽ അവ സഫലമാക്കാനുതകുന്ന ജന്മമായിരിക്കും ധർമ്മപതി അഥവാ മൃത്യു വിധിക്കുന്നത്.

ജീവന് പഞ്ചേന്ദ്രിയങ്ങളും മനസ്സും കൂടിചേർന്നു ണ്ടാക്കിക്കൊടുക്കുന്ന അനുഭവങ്ങളാണല്ലോ പ്രപഞ്ചാനുഭവങ്ങൾ. ഇന്ദ്രിയങ്ങളും മനസ്സും നിലനിൽക്കുന്നതോ, പ്രാണനെ ആശ്രയിച്ചാണ്. മാത്രമല്ല, പ്രാണൻ പലരൂപത്തിൽ വേർതിരിഞ്ഞു വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് സംസാര കാരണമായ ശരീരം തന്നെ തുടർന്നു നിലനിൽക്കുന്നത്. ആത്മവസ്തുവിനെ സുവ്യക്തമായി കാട്ടിത്തരാൻ കഴിവുള്ള ജ്ഞാനസൂര്യൻ ഉദിച്ചാൽ പിന്നെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും പ്രാണന്മാർക്കും എന്താണു സംഭവിക്കുക? ഇക്കാര്യമാണ് പ്രതീകാത്മകമായി ആചാര്യൻ പന്ത്രണ്ടാം പദ്യത്തിൽ വിവരിച്ചിരിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




ശ്ലോകം 12 13

ശ്ലോകം 12

നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ-
ളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

സൂര്യൻ ഉദിച്ചു പൊങ്ങുമ്പോൾ നക്ഷത്രക്കൂട്ടങ്ങളും ചന്ദ്രപ്രഭ യും എങ്ങോ പോയി മറയും. അതുപോലെ ഉള്ളിൽ ജ്ഞാനസൂര്യൻ ഉദിച്ചുയരുമ്പോൾ ഇന്ദ്രിയക്കൂട്ടങ്ങളും അവയുടെ വിഷയങ്ങളും മനസ്സിന്റെ ശോഭയും എങ്ങോ പോയൊളിക്കും. പക്ഷിക്കൂട്ടം പക്ഷി രാജാവായ ഗരുഡനെ കാണുന്നതോടെ ഞങ്ങളെ കാത്തുകൊള്ളണേ എന്നു ശരണം പ്രാപിക്കും. അതുപോലെ ഉപപ്രാണന്മാർ മുഖ്യപ്രാണനെ സാക്ഷാത്കരിക്കുന്നതോടെ അതിന്റെ ആധിപത്യം അംഗീകരിച്ച് അടങ്ങും.

'സൂര്യനുദിച്ചാൽ നക്ഷത്രങ്ങളും മനസ്സും എങ്ങോ പോയൊളിക്കും' - രാത്രികാലത്ത് ആകാശത്തേക്ക് നോക്കിയാൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും ചന്ദ്രനേയും കാണാൻ കഴിയും. സൂര്യപ്രകാശം ഏറ്റുവാങ്ങിയാണ് ഇവയൊക്കെ പ്രകാശിക്കുന്നത്. എന്നാൽ പകൽ സൂര്യൻ ഉദിച്ചു കഴിയുന്നതോടെ ആകാശത്തുനിന്നും നക്ഷത്രങ്ങളും ചന്ദ്രനും മറയുന്നു, അവ അവിടെ ഉണ്ടെങ്കിൽപ്പോലും കാണാൻ കഴിയുന്നില്ല. അതുപോലെ ജ്ഞാനസൂര്യൻ ഉള്ളിൽ ഉദയം ചെയ്താൽ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും മങ്ങിമറയുന്നു. അവ ഉണ്ടെങ്കിൽ പോലും അവയ്ക്കു സത്യത്തിൽ നിന്നും ഭിന്നമായ നിലനിൽപ്പ് ഇല്ലാതായിത്തീരുന്നു. വസ്തു ഒന്നേയുള്ളൂ, അല്പംപോലും പലതില്ല എന്ന അറിവാണു ജ്ഞാനം. അഖണ്ഡവും ആനന്ദസ്വരൂപവമായ ബോധമാണ് വസ്തു. ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങൾ ഈ വസ്തുവിനെ പല വിഷയങ്ങളായി വേർതിരിച്ച പോലെ കാട്ടിത്തരുന്നതാണു പ്രപഞ്ചാനുഭവം. ആത്മാവിനെ സാക്ഷാത്കരിച്ചു വസ്തുസ്ഥിതി അനുഭവിക്കാൻ തുടങ്ങുന്നതോടെ ജഡോപകരണങ്ങളായ ഇന്ദ്രിയങ്ങൾക്കു പലതു കാട്ടിത്തരാനുള്ള കഴിവ് നഷ്ടമാകുന്നു. പലതില്ലെന്നു വന്നാൽ മനസ്സിന്റെ വിഭ്രമങ്ങളും അതോടെ അടങ്ങുന്നു. ജ്ഞാനോദയ ത്തോടെ ഭിന്നപ്രപഞ്ച വിഷയങ്ങൾക്കുണ്ടാകുന്ന ഈ അർത്ഥശൂന്യതയെയാണ് വേദാന്തി 'മിഥ്യ' എന്നു പറയുന്നത്. ജ്ഞാനോദയാത്തിനു മുമ്പു പ്രപഞ്ചം മിഥ്യയാണെന്ന് വേദാന്തത്തിനഭിപ്രായമില്ല. ഒരു ലൗകികനു പ്രപഞ്ചം സത്യം തന്നെ, ജ്ഞാനിക്കു മിഥ്യയും. മിഥ്യാത്വം നാമ ബാധ്യത്വം തത്ത്വജ്ഞാനോദയേ സത: - "തത്വജ്ഞാനം ഉദയം ചെയ്യുന്നതോടെ ഇല്ലാതായിത്തീരുന്ന അവസ്ഥയാണു മിഥ്യത്വം" എന്നത്രേ മിഥ്യത്വത്തിന്റെ നിർവചനം. ജ്ഞാനോദയ ത്തിൽ പോലും പ്രപഞ്ചം പാടേ ഇല്ലാതായിത്തീരുകയില്ല, പലതിന്റെ കാഴ്ചപോയി എല്ലാം ഒരേ പരബ്രഹ്മ വസ്തുവായി പരിലസിക്കുന്നു എന്നാണു കാണേണ്ടത്. ആത്മസാക്ഷാത്കാരത്തോടെ വന്നുചേരുന്ന ഈ പ്രപഞ്ചം മിഥ്യാത്വം ആണ്. സൂര്യനുദിക്കുന്നതോടെ നക്ഷത്രങ്ങളും ചന്ദ്രനും മറയുമെന്നിങ്ങനെ ആചാര്യൻ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്.

'പ്രാണസാക്ഷാത്കാരം' - കുണ്ഡലിനി പ്രാണസാക്ഷാത്കാരത്തെക്കുറിച്ച് ഒമ്പതാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ നാം പരാമർശിച്ചിട്ടുണ്ടല്ലോ. അഖണ്ഡബോധവസ്തുവിൽ മായാശക്തി സ്പന്ദിച്ചുയരുന്നതോടെയാണല്ലോ സൃഷ്ടി ആരംഭിക്കുന്നത്. സ്പന്ദിച്ചുയരുന്ന ശക്തി ആദ്യമായി ചെയ്യുന്നത് വസ്തുവിനെ മറച്ച് ഒരു അവ്യക്താവസ്ഥയുളവാക്കലാണ്. ബാഹ്യ ദൃഷ്ടിക്കു കാണാവുന്ന ഈ അവ്യക്താവസ്ഥ തന്നെയാണ് ശൂന്യാകാശം. സ്പന്ദനപ്രവാഹ രൂപത്തിൽ തുടർന്നും പ്രത്യക്ഷപ്പെടുന്ന ശക്തിയുടെ വ്യക്തരൂപമാണ് മുഖ്യ പ്രാണൻ. ആധുനിക ശാസ്ത്രപ്രസിദ്ധമായ എനർജിയും ഇതുതന്നെയാണ്. പ്രാണസ്പന്ദനത്തിനു ഗതിവേഗം കൂടുന്നതോടെയാണ് മനസ്സ് രൂപംകൊള്ളുന്നത്. മനസ്സാണ് ജഡ രൂപങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നത്.ഈ പരിണാമക്രമം നേരെ തിരിഞ്ഞാലോ? ജഡസമ്പർക്കം വിട്ട് ഏകാഗ്രപ്പെടുന്ന മനസ്സ് പ്രാണനിൽ അലിഞ്ഞു ചേരുന്നതോടെ മുഖ്യ പ്രാണൻ പ്രത്യക്ഷപ്പെടും. മുഖ്യപ്രാണ സാക്ഷാത്കാരത്തോടെ തന്നെ വ്യക്തമായ സത്യബോധവും ഉദയം ചെയ്യും, പ്രപഞ്ചദൃശ്യങ്ങളായി കാണപ്പെടുന്നതൊക്കെ താൻ തന്നെയാണ് എന്ന് അനുഭവിക്കുറുമാകും. പ്രാണസാക്ഷാത്കാരത്തിൽ എത്തുന്ന ബുദ്ധിക്ക്, സത്യസാക്ഷാത്കാരത്തിന് അവ്യക്താവസ്ഥ തടസ്സമാവുകയില്ലെന്നാണ് ശാസ്ത്രം ഘോഷിക്കുന്നത്. മുഖ്യപ്രാണനെ സാക്ഷാത്ക്കരിക്കാൻ കഴിയാതെ വാസനാബദ്ധനാകുന്ന മനസ്സ് ചിലപ്പോൾ അവ്യക്താവസ്ഥയിൽ ഉറക്കത്തിലെന്നപോലെ ലയിച്ചു പോകും. അതുകൊണ്ടാണ് മരണത്തിനു മുമ്പ് പലരും അനേക ദിവസം അബോധാവസ്ഥയിൽ കഴിയാൻ ഇട വരുന്നത്. സത്യ ദർശനത്തിന്റെ അതിവിശിഷ്ടമായ ഒരു ഘട്ടമാണ് മുഖ്യപ്രാണസാക്ഷാത്കാരം. കുണ്ഡലിനീ പ്രാണസാക്ഷാത്കാരവും ഇതുതന്നെ. മുഖ്യ പ്രാണന് ഹിരണ്യഗർഭൻ, പ്രജാപതി, മഹാനാത്മാ, സൂത്രാത്മാവ്, മഹത്തത്ത്വം, സത്വബുദ്ധി എന്നിങ്ങനെ അനേകം പര്യായങ്ങളുണ്ട്. എല്ലാ പ്രപഞ്ച ദൃശ്യങ്ങളും ഒരേ പ്രാണനിൽ കോർക്കപ്പെട്ടിരിക്കുന്നു. അതുപോലെ വ്യക്തി ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രാണനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വ്യക്തി ശരീരത്തിലെ പ്രാണൻ പ്രപഞ്ച പ്രാണനായ മുഖ്യപ്രാണന്റെ ഒരു ഭാഗം മാത്രമാണ്. ഏകാഗ്രപ്പെടുന്ന യോഗി ചിത്തത്തിന് സ്വന്തം ശരീരത്തിനുള്ളിൽ തന്നെ ഈ പ്രപഞ്ചപ്രാണനെ അനുഭവിച്ചറിയാൻ കഴിയും. സർപ്പത്തെപ്പോലെ കുണ്ഡലാകൃതിയിൽ ചുരുണ്ടു കിടക്കുന്ന ഒരു ശക്തി ശരീരാന്തർഭാഗത്തുനിന്നും ചുരുൾ നിവർത്തി പരക്കുന്നതായിട്ടാണ് യോഗിയുടെ അനുഭവം. കുണ്ഡലാകൃതിയിൽ ചുരുണ്ടു കിടക്കുന്നത് പോലെ കാണപ്പെടുന്നത് കൊണ്ടാണ് 'കുണ്ഡലിനി' എന്ന പേര് നൽകിയിരിക്കുന്നത്. മുഖ്യപ്രാണനെ ആശ്രയിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് ഇന്ദ്രിയങ്ങളെ പോലും ഉപനിഷത്തുക്കൾ 'പ്രാണ' ശബ്ദം ചൊല്ലി വിളിക്കാറുണ്ട്. കൂടാതെ ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങളെ ആസ്പദമാക്കി വേറെ അഞ്ചു പ്രാണന്മാരെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗങ്ങളായി കല്പിച്ചിട്ടുണ്ട് പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണ് പഞ്ചപ്രാണന്മാർ. പ്രാണവായു ഹൃദയ സ്ഥാനത്തിരുന്ന് ഉച്ഛ്വാസ നിശ്വാസങ്ങളെ ചെയ്യിക്കുന്നു. അപാനവായു വിസർജനേന്ദ്രിയ സ്ഥാനത്തിരുന്ന് മലമൂത്ര വിസർജനങ്ങളെ സഹായിക്കുന്നു. സമാന വായു നാഭിസ്ഥാനത്തിരുന്ന് ഭക്ഷണരസത്തെ സർവ്വ അവയവങ്ങൾക്കും പകുത്തു കൊടുക്കും. ഉദാനവായു കണ്ഠസ്ഥാനത്തിരുന്ന് ജഡരാഗ്നിയെ ജ്വലിപ്പിച്ച് അന്നപാനാദികളെ ഉള്ളിലേക്ക് കടത്തിക്കൊണ്ടിരിക്കും. വ്യാനവായു എല്ലാ അവയവങ്ങളിലും വ്യാപിച്ച് ദേഹത്തെ നിലനിർത്തും. നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, എന്നിങ്ങനെ അപ്രധാനന്മാരായ മറ്റ് അഞ്ച് പ്രാണന്മാരും ശരീര പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്. നാഗൻ ചർദ്ദിയെയും കൂർമൻ വിക്കൽ, കണ്ണിന്റെ ഉന്മേഷനിമേഷങ്ങൾ എന്നിവയേയും കൃകലൻ തുമ്മൽ, വലിവ് മുതലായവയേയും ദേവദത്തൻ ചിരി, കോട്ടുവാ മുതലായവയേയും ഉണ്ടാക്കും. ധനഞ്ജയൻ ജീവൻപോയ ശേഷവും ദേഹത്തിൽ അല്പംനേരം തങ്ങിനിൽക്കുന്നു. മേൽവിവരിച്ച പത്തു പ്രാണന്മാരും ഇന്ദ്രിയങ്ങളുമാണ് ഉപപ്രാണന്മാർ. ഇവയാണ് ശ്ലോകത്തിലെ 'പക്ഷീഗണം'. മുഖ്യ പ്രാണനാണ് ഗരുഡൻ. മുഖ്യ പ്രാണനെ ആശ്രയിച്ചാണ് ഉപപ്രാണന്മാരുടെ സ്ഥിതി. ചാന്ദോഗ്യോപനിഷത്തിലെ അഞ്ചാം അധ്യായത്തിൽ ഒരു കഥയുണ്ട്: ഒരിക്കൽ പ്രാണന്മാർക്കിടയിൽ അവരിൽ ആരാണ് ശ്രേഷ്ഠൻ എന്നൊരു വാദമുണ്ടായി. അവർ മുഖ്യപ്രാണനെ സമീപിച്ച് ഈ വിഷയം ചർച്ച ചെയ്തു. ആരിറങ്ങി പോയാൽ ഈ ശരീരം പൂർണമായി ഉപയോഗശൂന്യമായിത്തീരുമോ ആയാളാണ് ശ്രേഷ്ഠൻ എന്ന് പ്രജാപതി അറിയിച്ചു. ഉപപ്രാണന്മാരിൽ മുറയ്ക്ക് ഓരോരുത്തർ അൽപകാലത്തേക്ക് പ്രവർത്തനം നിർത്തി നോക്കി. ശരീരത്തിന് വലിയ ആപത്ത് ഒന്നും സംഭവിച്ചില്ല. എന്നാൽ, മുഖ്യപ്രാണൻ ദേഹം വിട്ടിറങ്ങിപ്പോകാൻ ഭാവിച്ചു അപ്പോഴേക്കും മറ്റാർക്കും തന്നെ അതിനുള്ളിൽ ഇരിക്കാൻ കഴിയാതെയായി. മറ്റെല്ലാ പ്രാണന്മാരും മുഖ്യപ്രാണനോട് വിട്ടുപോകരുതെന്ന് തൊഴുത് അപേക്ഷിച്ചു. ഇതുതന്നെയാണ് 'പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു രക്ഷിക്കയെന്നടിമ' എന്ന ഭാഗംകൊണ്ട് ആചാര്യൻ ഭാവനാമയമായി വിവരിച്ചിരിക്കുന്നത്. അപ്പോൾ ജ്ഞാനോദയത്തോടെ വസ്തു അഖണ്ഡാനന്ദബോധം മാത്രമാണെന്നും അതിന്റെ ശക്തി സ്പന്ദന രൂപത്തിലുള്ള മുഖ്യ പ്രാണനാണ് പ്രപഞ്ച ഘടകങ്ങളെ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സൂര്യതുല്യം തെളിയുമെന്നാണ് പന്ത്രണ്ടാം ശ്ലോകം വെളിപ്പെടുത്തിയിരിക്കുന്നത്.

ജ്ഞാനലാഭത്തോടെ സർവ്വം ബ്രഹ്മസ്വരൂപമായി അനുഭവപ്പെടുമെന്നാണല്ലോ നാം ഉപരി ചർച്ച ചെയ്തത്. ജ്ഞാനിക്കു പിന്നെ തന്റെതായി ഒന്നും അവശേഷിക്കുന്നില്ല. മുമ്പ് താൻ ഇവിടെ പലതും കണ്ടതും അവയോടൊക്കെ തനിക്കുണ്ടായിരുന്ന ബന്ധങ്ങളും ഒരു സ്വപ്നം മാത്രമായിരുന്നു എന്നും ബോധ്യമാകുന്നു. ജ്ഞാനിയുടെ ഈ അനുഭവമാണ് പതിമൂന്നാം പദ്യത്തിൽ ആചാര്യൻ വിവരിച്ചിരിക്കുന്നത്:





ശ്ലോകം 13

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലവു കണ്ടാലുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ

എന്നിലുള്ള ജീവാത്മാവും പ്രപഞ്ചത്തിനാശ്രയമായ പരമാത്മാവും ഒന്നുതന്നെന്നനുഭവിക്കാൻ കഴിവുള്ള ജ്ഞാനിക്ക് തന്റെ പ്രാണനും ശരീരവും കുടുംബവും സ്വത്തും എല്ലാം നശ്വരമാണെന്നറിയാൻ ഇടവരുന്നു. സ്വപ്നം,ഭ്രമം, രോഗം മുതലായ അവസ്ഥകളിൽ പലതിന്റെ കാഴ്ച കാണാൻ ഇടവന്നാൽ, ഉറക്കം ഉണരുകയും ഭ്രമം മാറുകയും രോഗം ഭേദമാവുകയും ചെയ്യുമ്പോൾ എങ്ങനെ കാര്യം വ്യക്തമാകുന്നു വോ, ജ്ഞാനിയുടെ സ്ഥിതിയും അതുപോലെയാണെന്നറിയേണ്ടതാണ്.

മത്പ്രാണനും പരനും ഒന്നെന്നുറയ്ക്കുക

മായാനിർമിതങ്ങളായ ജഡോപാധികളിൽ പ്രതിബിംബിക്കുന്ന ബോധമാണ് ജീവാത്മാവെന്നും നാം മുമ്പ് മനസ്സിലാക്കിയല്ലോ. പ്രാണനാണ് ആദ്യത്തെ ജഡോപാധി. തുടർന്ന് മനസ്സ്. പ്രാണനിലും മനസ്സിലും പ്രതിബിംബബോധം ഞാൻ ഞാൻ. എന്നിങ്ങനെ പ്രകടമായി അനുഭവപ്പെടുന്നു. മനസ്സിനുപരിയുണ്ടാകുന്ന ജഡോപാധിയാണ് സ്ഥൂലദേഹം. ഈ ഉപാധികളിൽ പ്രതിബിംബിക്കുന്ന ബോധം ഉപാധികളിൽ നിന്നും ഭിന്നമാണെന്നു തീർച്ചയാണല്ലോ. എന്നാൽ ഉപാധികളും താനും ഒന്നാണെന്നു ബോധത്തിന് ഭ്രമം വരുന്നതാണ് ദുഃഖ കാരണം. ഈ ഭ്രമം ജഡോപാധികൾ സത്യമാണെന്ന തോന്നലിനിടയാക്കുന്നു. തുടർന്നു പുറമേയുള്ള ജഡരൂപങ്ങളെല്ലാം സത്യമെന്നു ഭ്രമിക്കാനും ഇടവരുന്നു. ഈ ഭ്രമം മാറിക്കിട്ടാൻ ഒരു വഴിയേയുള്ളൂ. ജഡോപാധികളെ പുറന്തള്ളിയിട്ട് ബോധം അവയിൽ നിന്നു വേർപെടണം. ആദ്യം പുറമേനിന്ന് അനുഭപ്പെടുന്ന ജഡരൂപങ്ങളെ പുറംതള്ളണം. തുടർന്നു സ്വന്തം വ്യക്തിത്വത്തിന്റെ ഘടകങ്ങളായ സ്ഥൂലദേഹം, മനസ്സ്, പ്രാണൻ എന്നീ ജഡോപാധികളെ പുറന്തള്ളണം. എങ്ങനെയാണ് ഈ ജഡോപാധികളെ പുറന്തള്ളുക? ജഡദൃശ്യാനുഭവം വിശകലനം ചെയ്താൽ വിചിത്രമായ ഒരു രഹസ്യം വെളിപ്പെടും. ജഡദൃശ്യങ്ങൾ ഉണ്ടെന്ന് വച്ച് അനുഭവവിഷയമാകണമെന്നോ ഇന്ന രീതിയിൽത്തന്നെ അനുഭവിക്കണമെന്നോ ഒരു നിയമവുമില്ല. അനുഭവിക്കുന്നയാളിന്റെ ബോധത്തിൽ ഉദയം ചെയ്യുന്ന നാമരൂപസങ്കല്പമാണ് ജഡാനുഭവത്തിനു കാരണം. ഇന്ന രീതിയിൽ അനുഭവിക്കണമെന്നു തീരുമാനിക്കുന്നതും സങ്കൽപ്പം തന്നെ. അപ്പോൾ ജഡരൂപങ്ങളെ ഒഴിച്ചു മാറ്റുകയെന്നു പറഞ്ഞാൽ ബോധത്തിലെ നാമരൂപസങ്കല്പങ്ങളെ ഒഴിച്ചു മാറ്റുകയെന്നാണ് അർഥം. ഇതുതന്നെയാണ് യോഗാഭ്യാസം. ഏകാന്തമായ ഒരു സ്ഥലത്തിരുന്നു മനസ്സിനെ അന്തർമുഖം ആക്കി ബോധതലത്തിൽ പൊന്തിവരുന്ന നാമരൂപസങ്കല്പങ്ങളെ പിടികൂടുക. എന്നിട്ട് 'ഇതല്ല, ഇതല്ല' എന്നു പറഞ്ഞ് അവയെ പുറംതള്ളുക. ഈ പ്രക്രിയയാണ് ഉപനിഷത്ത് 'നേതി, നേതി' പ്രക്രിയ എന്നു പേരിട്ടിരിക്കുന്നത്. ഇങ്ങനെ സങ്കല്പവാസനാമയമായ ചിത്തത്തെ പുറന്തള്ളുന്നതോടെ പ്രാണ സ്പന്ദനം വ്യക്തമാകും. ബോധപൂർവ്വം പ്രാണസ്പന്ദനത്തെയും നിരോധിക്കുക. അതോടെ ജഡോപാധികളെല്ലാം അകന്നു ശുദ്ധബോധം തെളിയും. തുടർന്നു ജീവാത്മാവായി വ്യക്തിശരീരത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ ബോധം തന്നെയാണ് സൂര്യചന്ദ്രാദി പ്രപഞ്ചശരീരങ്ങളെയെല്ലാം പ്രകാശിപ്പിക്കുന്നതെന്നറിയാനും കഴിയും. വേദത്തിൽ ഈ സാക്ഷാത്കാരത്തെ വെളിപ്പെടുത്തുന്ന നാല് മഹാവാക്യങ്ങളുണ്ട്. ഋഗ്വേദോപനിഷത്തായ 'ഐതരേയ' ത്തിലെ മഹാവാക്യമാണ് പ്രജ്ഞാനം ബ്രഹ്മ എന്നത്. വ്യക്തിശരീരങ്ങളെ പ്രവർത്തിപ്പിക്കുന്ന ബോധവും ബ്രഹ്മവും ഒന്നുതന്നെ എന്നാണ് വാക്യാർത്ഥം. ബൃഹദാരണ്യകോപനിഷത്ത് യജുർവേദത്തിൽപ്പെട്ടതാണ്. ഇതിലെ മഹാവാക്യമത്രേ അഹംബ്രഹ്മാസ്മി എന്നത്. 'ഞാൻ ബ്രഹ്മമാകുന്നു' എന്നാണ് വാക്യാർത്ഥം. സാമവേദോപനിഷത്താണ് 'ഛാന്ദോഗ്യം' തത്ത്വമസി എന്ന പ്രസിദ്ധമായ മഹാവാക്യം അതിലുള്ളതാണ്. 'അതു നീ തന്നെ' എന്നത്രേ വാക്യാർത്ഥം. മാണ്ഡുക്യോപനിഷത്ത് അഥർവ്വവേദത്തിൽപ്പെട്ടതാണ്. 'ഈ ആത്മാവ് ബ്രഹ്മം തന്നെ' എന്നർത്ഥം വരുന്ന അയമാത്മാ ബ്രഹ്മ എന്ന മഹാവാക്യം അതിൽ ഉള്ളതാണ്. ഇങ്ങനെ ശ്രുതി ഏകകണ്ഠമായി ഘോഷിക്കുന്നതും ജ്ഞാനി പ്രത്യക്ഷമായനുഭവിക്കുന്നതുമായ സത്യസ്ഥിതിയാണ് 'മത്പ്രാണനും പരനുമൊന്നെന്നറിയുക.'

'തത്പ്രാണദേഹവുമനിത്യം കളത്രധനം' - സ്വന്തം വ്യക്തിത്വത്തിലെ ജഡോപാധികളായ പ്രാണനെയും മനസ്സിനെയും ദേഹത്തെയും വേർപെടുത്തിയാണല്ലോ മത്പ്രാണനും പരനും ഒന്നെന്നു കണ്ടത്. ബോധത്തിൽ നിന്നും വേർപിരിഞ്ഞ ജഡോപാധികൾ സ്വയം നിലനിൽപ്പുപോലുമില്ലാത്ത വെറും കാഴ്ചകളാണെന്നു തെളിഞ്ഞു. സ്വന്തം വ്യക്തിത്വത്തിലെ ജഡരൂപങ്ങൾ പോലും അനിത്യങ്ങളാണെന്നു തെളിഞ്ഞ സ്ഥിതിക്ക് പുറമേ കാണപ്പെടുന്ന ജഡരൂപങ്ങളുടെ കഥ പറയാനില്ലല്ലോ. അങ്ങനെ കുടുംബാംഗങ്ങളായും വീടായും സ്വത്തായും കാണപ്പെടുന്ന എല്ലാം അനിത്യം തന്നെയെന്നു ബോധ്യപ്പെട്ടു. ഇല്ലാതിരുന്നിട്ട് ഉണ്ടായിക്കാണപ്പെടുകയും കുറച്ചു കഴിഞ്ഞ് വീണ്ടും ഇല്ലാതാവുകയും ചെയ്യുന്നതൊക്കെ അനിത്യജഡം. പ്രപഞ്ചത്തിൽ കാണുന്ന പ്രാണസ്പന്ദനം മുതൽ കട്ടിപിടിച്ച പദാർത്ഥം വരെയുള്ള എല്ലാം അതുകൊണ്ട് അനിത്യജഡം തന്നെ. ഉണ്ടാവുക, നിലനിൽക്കുക, പെരുകുക, രൂപം മാറുക, ജീർണിക്കുക, ഇല്ലാതാവുക ഇവയാണ് ജഡ വികാരങ്ങൾ. ഈ ജഡവികാരങ്ങളെ തടയാൻ ആർക്കും സാധ്യമല്ല. നേരെമറിച്ച് ഉണ്ടാകാതെയും രൂപം മാറാതെയും നശിക്കാതെ യും സനാതനമായി നിലനിൽക്കുന്നതേതോ അതാണു സത്യം. ബോധമൊന്നുമാത്രമേ ഈ നിലയിൽ തുടരുന്നുള്ളൂ. ശുദ്ധബോധത്തിന്റെ സാക്ഷാത്കാരത്തോടെ ഇക്കാര്യം പൂർണമായും തെളിയുന്നു. അതുകൊണ്ടാണ് ബോധമല്ലാത്ത മറ്റെല്ലാക്കാഴ്ചകളും അനിത്യമെന്നു വിവരിച്ചിരിക്കുന്നത്.

'സ്വപ്നാദിയും ഉണർവും' - ബോധം ഒന്നുമാത്രമേ സത്യമായുള്ളുവെങ്കിൽ സാക്ഷാത്കാരത്തിനു മുമ്പുണ്ടായിരുന്ന ജഡബന്ധങ്ങളുടെ രഹസ്യമെന്ത്? അജ്ഞാന സ്വരൂപിണിയായ അവിദ്യ ബോധത്തെ മറച്ചുണ്ടാക്കിത്തീർക്കുന്ന ഭ്രമം. ഇത്തരം ഭ്രമങ്ങൾക്ക് ഈ ജീവിതത്തിൽത്തന്നെ വേണ്ടുവോളം ദൃഷ്ടാന്തങ്ങൾ ഉണ്ടല്ലോ. നല്ല ബോധത്തോടെ ഉണർന്നിരിക്കുന്ന വ്യക്തി ഉറങ്ങാൻ കിടന്ന് അല്പം കഴിയുമ്പോൾ നേരത്തെയുള്ള ഉണർവ്വും അനുഭവവും നഷ്ടപ്പെടുന്നു എന്നു മാത്രമല്ല, സ്വപ്നരൂപത്തിൽ പല പുതിയ അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ചിലർക്കു സ്വപ്നത്തിൽ സ്വന്തം ശിരസ്സു ഛേദിക്കപ്പെടുന്നതായി അനുഭവമുണ്ടാകുന്നു. സന്താനങ്ങൾ മരിക്കുന്നതായി കാണാൻ ഇടവരുന്നു. സ്വപ്നത്തിൽ ഒരു നിമിഷം അനേക സംവത്സരങ്ങളായി മാറുന്നു. വീട് കാടായി പ്രത്യക്ഷപ്പെടുന്നു. സ്വപ്ന വേളയിൽ ഇവയെല്ലാം യഥാർത്ഥ അനുഭവങ്ങളാണുതാനും. അതുകൊണ്ടാണല്ലോ സ്വപ്നത്തിൽ ദുഃഖിക്കാനും സുഖിക്കാനും പരിഭ്രമിക്കാനുമൊക്കെ ഇട വരുന്നത്. ഉണർന്നിരുന്ന വ്യക്തിയിൽ ഉറക്കത്തോടെ ഈ പുതിയ അനുഭവങ്ങൾ ഉളവാക്കിയതാരാണ്? നിദ്രാശക്തി. നിദ്ര വിട്ടുണരുന്നതോടെ താൻ മാത്രമേയുള്ളൂവെന്നും സ്വപ്നത്തിൽ പലതു കണ്ടതെല്ലാം കേവലം ഭ്രമമായിരുന്നു എന്നും തെളിയുന്നു. അവിദ്യ വിട്ട് ഉണരുന്ന ജ്ഞാനിയുടെയും കഥ ഇതുതന്നെ.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




ശ്ലോകം 14 15

ശ്ലോകം 14

അൻപേണമെൻമനസി ശ്രീനീലകണ്ഠ ഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടു ചേർക്ക ഹരിനാരായണായ നമഃ

(ഇഹ - ഈ കീർത്തനഗ്രന്ഥത്തിൽ, ഞാനും ഇതി - ഞാൻ ഇപ്രകാരം, അംഭോരുഹാക്ഷ - ജഗദീശ്വരനെ, വാഴ്ത്തുന്നു - സ്തുതിക്കുന്നു, എൻ മനസി - എന്റെ ഹൃദയത്തിൽ, അൻപേണം - കാരുണ്യം ചൊരിഞ്ഞ് തെളിഞ്ഞു വിളങ്ങണം)

ഈ കീർത്തന ഗ്രന്ഥത്തിൽ ഞാൻ ഇപ്രകാരം ജഗദീശ്വരനെ സ്തുതിക്കുന്നു. എന്റെ ഹൃദയത്തിൽ വന്ദ്യനായ ശ്രീനീലകണ്ഠ ഗുരു കാരുണ്യം ചൊരിഞ്ഞു തെളിഞ്ഞു വിളങ്ങണം. മാത്രമല്ല, ഞാൻ രചിക്കുന്ന കീർത്തനങ്ങളിൽ 51 അക്ഷരങ്ങളും യഥാക്രമം ഓരോന്നായി ഭംഗിയാംവണ്ണം ചേർക്കാനനുഗ്രഹിക്കണം. ഹരിനാരായണനു നമസ്കാരം.

16 സ്വരങ്ങളും 35 വ്യഞ്ജനങ്ങളും, ഇങ്ങനെ അക്ഷരസംഖ്യ 51. യഥാക്രമം ഓരോന്നായി ഈ സ്വരങ്ങളും വ്യഞ്ജനങ്ങളും ആദ്യക്ഷരങ്ങളായി അംഗീകരിച്ചുകൊണ്ടാണ് ഇനിയുള്ള പദ്യങ്ങൾ രചിച്ചിരിക്കുന്നത്. തുടർന്ന് ഒടുവിൽ രണ്ടുപസംഹാര പദ്യങ്ങളും. സ്വരവ്യഞ്ജന ക്രമത്തിൽ ആരംഭിക്കുന്ന പദ്യരചനയുടെ തുടക്കം കുറിക്കാനാണ് ഗുരുവിനെ ഒരിക്കൽകൂടി വന്ദിച്ചിരിക്കുന്നത്. എഴുത്തച്ഛന്റെ ഗുരുവിന്റെ പേര് നീലകണ്ഠനെന്നായിരുന്നു എന്ന് ഈ പദ്യത്തെ ആസ്പദമാക്കി ചിലർ ഊഹിക്കുന്നു.

ഇങ്ങനെ അക്ഷരക്രമത്തിൽ കീർത്തന ശ്ലോകങ്ങൾ രചിക്കാനുണ്ടായ പ്രേരണ എന്താണ്? വെറും ഭാവന മാത്രമാണോ? അതോ അതിനു പ്രേരകമായ വല്ല തത്ത്വചിന്തയും പിറകിലുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പതിനഞ്ചാം പദ്യം.





ശ്ലോകം 15

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി-
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

( ഇതൊക്കെയും - ഇക്കാണുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം, ആദ്യാക്ഷരത്തിൽ - ആദികാരണവും ജന്മനാശങ്ങളില്ലാത്തതുമായ പരബ്രഹ്മത്തിൽ, ഉളവായോന്നു - ഉത്ഭവിച്ചവയാണ്, ഇത് - ഈ പ്രപഞ്ചം, ആദ്യാക്ഷരത്തിൽ - ആ പരബ്രഹ്മത്തിൽത്തന്നെ, അടങ്ങുന്നതും - നിലനിന്ന് തിരിച്ചു ലയിക്കുന്നതും, കരുതി - കണക്കാക്കി, ഇവയിൽ - 51 അക്ഷരങ്ങളിൽ, ആദ്യക്ഷരാൽ - ഈശ്വരവാചിയായ ആദ്യത്തെ അകാരം മുതൽ)

ഇക്കാണുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം ആദികാരണവും ജന്മനാശങ്ങളുമില്ലാത്തതുമായ പരബ്രഹ്മത്തിൽ പൊന്തിവന്ന വയാണ്. ഈ പ്രപഞ്ചം ആ പരബ്രഹ്മത്തിൽ തന്നെ നിലനിന്നു തിരിച്ച് ലയിക്കുന്നതുമാണ്. ഈ വസ്തുത ധരിച്ച് 51 അക്ഷരങ്ങളിൽ ഈശ്വരവാചിയായ ആദ്യത്തെ അകാരം മുതൽ ഓരോ അക്ഷരമായെടുത്ത് പല പ്രകാരത്തിലും ഭഗവാനെ സ്തുതിക്കുന്നതിനു അനുഗ്രഹിക്കുമാറാകണം. നാരായണനു നമസ്കാരം.
'പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി ബ്രഹ്മത്തിൽ നിലനിന്ന് ബ്രഹ്മത്തിൽ ലയിക്കുന്നു:' 
വേദാന്തം ഇന്നറിയപ്പെടുന്നതുപോലെയുള്ള ഒരു മതമല്ല. എല്ലാ മതങ്ങൾക്കും ഉറപ്പുറ്റ അടിത്തറ നൽകാൻ കഴിവുള്ള സത്യാന്വേഷണ ശാസ്ത്രമാണത്. ഉണ്ടായി മറയുന്നതായി കാണപ്പെടുന്ന പ്രപഞ്ചകാര്യരൂപങ്ങളുടെ പരമകാരണമെന്തെന്നന്വേഷിക്കുന്നതാണല്ലോ സത്യാന്വേഷണം. ആധുനിക ശാസ്ത്രങ്ങൾക്കൊന്നും ഇനിയും അത് വെളിപ്പെട്ടു കിട്ടിയിട്ടില്ല. വേദാന്തം അവകാശപ്പെടുന്നത് സൂര്യതുല്യം ആ പരമകാരണം വെളിപ്പെട്ടു കിട്ടിയിട്ടുണ്ടെന്നാണ്. വേദാന്തത്തിലന്റെ ഈ അവകാശവാദത്തെ ചോദ്യംചെയ്യാൻ ഇന്നുവരെ മറ്റൊരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, വേദാന്തത്തിലെ കണ്ടുപിടുത്തം ചിരകാലമായി ആവർത്തിച്ചു പരീക്ഷിച്ചുറപ്പിക്കപ്പെടുന്നുമുണ്ട്. ഉപനിഷത്തുക്കളിൽ ശിഷ്യന്മാർക്ക് ഗുരുക്കന്മാരോടു പ്രധാനമായി ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, ഉണ്ടായി മറയുന്ന ഈ പ്രപഞ്ചദൃശ്യങ്ങൾ എവിടെ നിന്നും ഉണ്ടായിവരുന്നു, എവിടെ നിലനിൽക്കുന്നു, എവിടെ തിരിച്ചു ലയിക്കുന്നു? തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലിയിൽ വരുണപുത്രനായ ഭൃഗു പിതാവായ വരുണനോട് ഈ ചോദ്യം ചോദിച്ചു. വരുണന്റെ മറുപടി ഇങ്ങനെയായിരുന്നു: ഏതിൽ നിന്ന് ഈ പ്രപഞ്ച ഘടകങ്ങൾ പൊന്തിവരുന്നു വോ, ഏതിൽ നിലനിൽക്കുന്നുവോ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ, ആ പരമകാരണ വസ്തുവാണ് ബ്രഹ്മം. അതിനെ ബുദ്ധിയുടെ ഏകാഗ്രതാരൂപത്തിലുള്ള തപസ്സു കൊണ്ട് കണ്ടെത്തേണ്ടതാണ്. പ്രപഞ്ചത്തിന് പരമ കാരണം ഉണ്ടായതോ നശിക്കുന്നതോ ആകാൻ സാധ്യമല്ല. ഉണ്ടാകുന്നതും നശിക്കുന്നതും ഒരിക്കലും പരമകാരണമായിരിക്കുയില്ല. അതുകൊണ്ടാണ് ബ്രഹ്മത്തെ 'അക്ഷരം' എന്നു വിളിക്കുന്നത്. നാശമില്ലാത്തത് എന്നർത്ഥം. ആദ്യം അവനവന്റെ ഹൃദയഗുഹയിൽ സാക്ഷാത്കരിക്കേത്. ഈ പരമകാരണമായ ബ്രഹ്മത്തിന്റെ സ്വരൂപമെന്തെന്നും തൈത്തിരീയോപനിഷത്ത് ബ്രഹ്മാനന്ദവല്ലിയിൽ നിർവചിക്കുന്നു. സത്യം, ജ്ഞാനം, അനന്തം, ബ്രഹ്മ എന്നാണ് നിർവചനവാക്യം. സത്യവും ജ്ഞാനവും അനന്തവുമാണ് ബ്രഹ്മം. സത്യമെന്നാൽ ഒരിക്കലും സ്വരൂപത്തിനു മാറ്റമില്ലാത്തത് എന്നർത്ഥം. ജ്ഞാനമെന്നാൽ ശുദ്ധമായ ബോധം എന്നർത്ഥം. അനന്തമെന്നതിന്, കാലം കൊണ്ടോ ദേശം കൊണ്ടോ അവസാനിക്കാത്തത് എന്നർത്ഥം. പ്രപഞ്ച അനുഭവത്തിൽ മാറ്റമില്ലാതെ തുടരുന്ന ഒരേയൊരു ഘടകം ബോധമാണെന്ന് ചിന്തിച്ചാൽ ആർക്കും തെളിയും. ബോധം ബോധമായി തുടർന്നാലല്ലേ എവിടെയും ആർക്കും അനുഭവം സാധ്യമാവൂ. അതുകൊണ്ട് അനന്തമായ ഒരു ബോധത്തിൽ ഉദിച്ചസ്തമിക്കുന്ന കാഴ്ചകൾ മാത്രമാണ് പ്രപഞ്ച ദൃശ്യങ്ങൾ. ആ ബോധമോ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാതെ സനാതനമായി വിളങ്ങുന്ന അക്ഷരസത്യം. അതു തന്നെയാണ് ബ്രഹ്മം. ഉപനിഷത്സാരം മുഴുവൻ സംഗ്രഹിച്ചുകൊണ്ട് ബ്രഹ്മസൂത്രത്തിലെ ജന്മാദ്യസ്യ യത: എന്ന രണ്ടാം സൂത്രത്തിൽ ബാദരായണൻ പ്രഖ്യാപിക്കുന്നതും ഇതുതന്നെ. ഈ ജഗത്തിനന്റെ ജന്മസ്ഥിതിലയങ്ങൾ ബ്രഹ്മത്തിൽ നിന്നും ഭവിക്കുന്നു എന്നാണ് സൂത്രാർത്ഥം. ശ്രീശങ്കരഭഗവത്പാദർ സൂത്രാ ർത്ഥം ഇങ്ങനെ വിവരിക്കുന്നു: "നാമരൂപങ്ങളിൽക്കൂടി പലതായി വേർതിരിഞ്ഞു കാണപ്പെടുന്നതും അനേകം കർത്താക്കളെയും ഭോക്താക്കളെയും കൊണ്ട് നിറഞ്ഞതും പ്രത്യേകം നിയതമായ ദേശകാല നിമിത്ത ക്രിയാ ഫലങ്ങളോടു കൂടിയതും മനസ്സുകൊണ്ട് ഭാവന ചെയ്യാൻ കഴിയാത്ത രചനാവൈഭവത്തോടുകൂടിയതുമായ ഈ ജഗത്തിനന്റെ സൃഷ്ടിസ്ഥിതി പ്രളയങ്ങൾ സർവജ്ഞവും സർവശക്തിമത്തുമായ ഏതൊരു കാരണത്തിൽ നിന്നും സംഭവിക്കുന്നുവോ അതാണ് ബ്രഹ്മം." ഇക്കാര്യം നല്ലവണ്ണം വിചാരം ചെയ്ത് അനുഭവിച്ച ആളായതുകൊണ്ട് തന്നെയാണ് ആചാര്യൻ 'ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി' എന്നു പ്രസ്താവിച്ചിരിക്കുന്നത്.

'ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി' - 16 സ്വരങ്ങളും 35 വ്യഞ്ജനങ്ങളും ചേർന്നതാണ് അൻപത്തൊന്നക്ഷരം. ഇവയിൽ ആദ്യത്തെ സ്വരമാണ് 'അ' എന്ന അക്ഷരം. അപ്പോൾ ആദ്യക്ഷരം മുതൽ എന്ന് പറഞ്ഞാൽ അകാരം മുതൽ എന്നർത്ഥം. അതുകൊണ്ട് ഈ ശ്ലോകത്തിൽ 'ഓരോന്നെടുത്ത്, ഉപരി' എന്നു പദം പിരിക്കാൻ പാടില്ല. പ്രസ്തുതമായ ശ്ലോകത്തിനു മുമ്പു തന്നെ അകാരം ചേർത്തുള്ള ശ്ലോകം എഴുതിക്കഴിഞ്ഞിരിക്കുന്നു. 'ഉപരി' എന്നു പദം പിരിച്ചാൽ ആ ശ്ലോകം ഉൾക്കൊള്ളാൻ കഴിയാതെപോകും. അതുകൊണ്ട് 'പരികീർത്തിപ്പത്തിന്' എന്നു തന്നെയാണ് പദം പിടിക്കേണ്ടത്. അകാരത്തെ തൊട്ടു തുടങ്ങുന്നത് അർത്ഥവത്തുമാണ്. 'ഓം'കാരത്തിലെ ആദിമവർണമായ 'അകാരം' വിഷ്ണുവിന്റെ പ്രതീകമാണെന്ന് നാം ഒന്നാംപദ്യത്തിന്റെ വ്യാഖ്യാനത്തിൽ കണ്ടുവല്ലോ. അക്ഷരാണാമകാരോസ്മി- അക്ഷരങ്ങളിൽ വച്ചു ഞാൻ അകാരമാണ്' എന്നു വിഭൂതി യോഗത്തിലെ മുപ്പത്തിമൂന്നാം ശ്ലോകത്തിൽ ഗീതയിലും ഭഗവാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ജഗത്ത് ഈശ്വരങ്കൽ തുടങ്ങുന്നതും ഒടുങ്ങുന്നതുമായതുകൊണ്ട് എന്റെ ഈ കീർത്തനഗ്രന്ഥത്തിന്റെ പ്രധാനഭാഗവും ഈശ്വരപര്യായമായ അകാരം തൊട്ട് ഓരോ അക്ഷരം ചേർത്തു രചിക്കാൻ കഴിയുമാറാകണം എന്നു ചുരുക്കം

ആദികാരണമായ അക്ഷരവസ്തു ശുദ്ധബോധസ്വരൂപമായ പരബ്രഹ്മമാണെന്നു നാം കണ്ടു. പക്ഷേ, ആ പരബ്രഹ്മത്തെ ഒരിടത്തും കാണ്മാനില്ലല്ലോ. എങ്ങനെയാണ് ആ സത്യത്തെ കണ്ടറിയുക? ദേഹം കണ്ടല്ലേ നാം ബോധമുള്ള ജീവികളെ തിരിച്ചറിയുന്നത്. അതുപോലെ ഈ ജഗത്ത് ഈശ്വരന്റെ ദേഹമാണ്. ജഗത്തെന്ന ദേഹം കണ്ടിട്ട് അതിലിരുന്ന് ആ ദേഹത്തെ പ്രവർത്തിപ്പിക്കുന്ന ഈശ്വരനെ ആദ്യം അറിയണം. തുടർന്ന് ഈശ്വരന്റെ ശുദ്ധരൂപം സാക്ഷാത്കരിക്കണം. ഇതാണ് വിരാട് രൂപോപാസന വഴിയുള്ള സാക്ഷാത്കാരം. പുരുഷസൂക്തവും ഇതിഹാസ പുരാണങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒന്നാണ് വിരാട് രൂപോപാസന. ഈ വിരാട് രൂപോപാസനയ്ക്കു വഴി തെളിക്കണമെന്നാണ് പതിനാറാം പദ്യത്തിൽ ആചാര്യൻ അപേക്ഷിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ