Thursday 15 July 2021

ശ്ലോകം 31 32

ശ്ലോകം 31

ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരു മു-
ഹൂർത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിൻകളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ, നാരായണായ നമഃ

(ഖട്വാംഗനെന്ന- ഖട്വാംഗൻ എന്നു പേരോടുകൂടിയ, ധരണീശന്നു- സൂര്യവംശ ചക്രവർത്തിക്ക്, നീ- അല്ലയോ ഭഗവൻ, അങ്ങ്, മുഹൂർത്തേന- രണ്ടു നാഴികയ്ക്കുള്ളിൽ, ഗതി കൊടുപ്പാനും- ബ്രഹ്മപ്രാപ്തി നൽകാനും, എന്തു വിധി- എന്തു ന്യായം, നിൻ കളികൾ- ഭഗവാന്റെ ലീലകൾ, ഇപ്പോലെ- ഇതുപോലെ, തങ്ങളിൽ വിരുദ്ധങ്ങളായ വകൾ പരസ്പരം യോജിപ്പില്ലാത്തവയായി കാണപ്പെടുന്നവ, ഒട്ടല്ല അനേകമുണ്ട്)

ഖട്വാംഗൻ എന്നു പേരായ സൂര്യവംശചക്രവർത്തിക്ക് അല്ലയോ ഭഗവൻ, അങ്ങ് രണ്ടു നാഴികയ്ക്കുള്ളിൽ ബ്രഹ്മപ്രാപ്തി നൽകിയതിൽ എന്താണു ന്യായം? ഭഗവാന്റെ ലീലകൾ ഇതുപോലെ തങ്ങളിൽ യോജിപ്പില്ലാത്തവയായി കാണപ്പെടുന്നവ അനേകമുണ്ട്. നാരായണനു നമസ്കാരം.

'ഖട്വാംഗ കഥ' - ഭാഗവതം ഒമ്പതാം സ്കന്ധം ഒമ്പതാമധ്യായത്തിലാണ് ഖട്വാംഗന്റെ ബ്രഹ്മപ്രാപ്തി വിവരിച്ചിരിക്കുന്നത്. ദേവന്മാരപേക്ഷിച്ചതനുസരിച്ച് ഖട്വാംഗൻ ദേവലോകത്തെത്തി യുദ്ധത്തിൽ അസുരന്മാരെ വധിച്ചു. ദേവസത്ക്കാരത്തിനു പാത്രമായി ഭവിച്ച അദ്ദേഹം തനിക്കിനി രണ്ടുനാഴിക മാത്രമേ ജീവിച്ചിരിക്കാനുള്ളു എന്നു ധരിക്കാനിടയായി. പെട്ടെന്നു മനസ്സ് ലോകകാര്യങ്ങളിലെല്ലാം നിസ്സംഗമായി ഭവിച്ചു. കുട്ടിക്കാലം മുതൽത്തന്നെ ഖട്വാംഗൻ ഈശ്വരധ്യാനപരനായിരുന്നു. അതിനാൽ ദേവന്മാർ പ്രതിജ്ഞ ചെയ്ത ലൗകികവരങ്ങളൊന്നും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചില്ല. നേരെ കൊട്ടാരത്തിലെത്തി രാജ്യകാര്യങ്ങളെല്ലാം അനന്തരാവകാശികളെ ഏൽപ്പിച്ചു. ശേഷിച്ച രണ്ടു നാഴിക ബ്രഹ്മധ്യാനത്തിൽത്തന്നെ കഴിച്ചുകൂട്ടി. അങ്ങനെ കൈവല്യ പദവി നേടി. ഈ ഖട്വാംഗ കഥയാണ് ആചാര്യൻ മുപ്പത്തൊന്നാം പദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇവിടെ പ്രാരാബ്ധവാസന അവശേഷിച്ചിരുന്നതുകൊണ്ട് ഇന്ദ്രദ്യുമ്നനു ക്ലേശിക്കേണ്ടിവന്നുവെന്നും പ്രാരാബ്ധവാസന പൂർണമായി ശമിച്ചിരുന്നതിനാൽ ഖട്വാംഗന് രണ്ടു നാഴിക കൊണ്ടു മുക്തി ലഭിച്ചുവെന്നും കാണേണ്ടതാണ്.

ഭക്തന്മാരോടുള്ള പെരുമാറ്റത്തിൽ മാത്രമേ ഭഗവാനു വൈരുദ്ധ്യമുള്ളോ? അല്ല. മറ്റു പല രംഗങ്ങളിലും ഭഗവാന്റെ പ്രവൃത്തികൾ വിരുദ്ധങ്ങളായിത്തന്നെ കാണുന്നു. സ്വന്തം ബലവീര്യങ്ങൾ പ്രകടമാക്കുന്ന കാര്യത്തിൽപ്പോലും ഇതു കാണ്മാനുണ്ടെന്നാണ് മുപ്പത്തിരണ്ടാം പദ്യത്തിൽ വിവരിക്കുന്നത്.







ശ്ലോകം 32

ഗർവ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടെനിൽപതിനു പോരാ നിനക്കു ബലം
അവ്വാരിധൗ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിനു മതി നാരായണായനമഃ

(യുധി- യുദ്ധത്തിൽ, ഗർവ്വിച്ചു വന്നൊരു- അഹങ്കാരത്തോടെ വന്നെതിരിട്ട, ജരാസന്ധനോട്- ജരാസന്ധനെന്ന രാജാവിനോട്, ചൊവ്വോടെ- നേരിട്ട്, നിൽപ്പതിന്- നിന്നു യുദ്ധം ചെയ്യാൻ, നിനക്ക്- അല്ലയോ ഭഗവാനെ അങ്ങേയ്ക്ക്, ബലം പോരാ- ബലമില്ലാതെ പിന്തിരിഞ്ഞോടേണ്ടി വന്നു, അവ്വാരിധൗ- എന്നാൽ മറുകര കാണാനില്ലാത്ത സമുദ്രത്തിൽ, ദഹനബാണം തൊടുത്ത്- ആഗ്നേയാസ്ത്രം പ്രയോഗിച്ച്, അത്- ആ സമുദ്രത്തെ മുഴുവൻ, തിളപ്പിപ്പതിനു മതി- തിളപ്പിച്ച് ഇളക്കിമറിക്കുന്നതിന് അങ്ങേയ്ക്ക് ബലമുണ്ട്)

യുദ്ധത്തിൽ അഹങ്കാരത്തോടെ വന്നെതിരിട്ട ജരാസന്ധനെന്ന രാജാവിനോട് നേരിട്ടു നിന്നു യുദ്ധം ചെയ്യാൻ അല്ലയോ ഭഗവാനേ, അങ്ങേയ്ക്കു ബലമില്ലാതെ പിരിയേണ്ടി വന്നു. എന്നാൽ മറുകര കാണാനില്ലാത്ത സമുദ്രത്തിൽ ആഗ്നേയാസ്ത്രം പ്രയോഗിച്ച് ആ സമുദ്രത്തെ മുഴുവൻ തിളപ്പിച്ച് ഇളക്കി മറിക്കുന്നതിനു അങ്ങേയ്ക്ക് ബലമുണ്ട്. എന്തൊരാശ്ചര്യം! നാരായണനു നമസ്കാരം.

'ജരാസന്ധയുദ്ധം' - മഗധരാജാവാണ് ജരാസന്ധൻ. ജരാസന്ധന്റെ പിതാവിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സന്തതിയില്ലാതെ ദുഃഖിതനായി കഴിയവേ രാജാവിന് bhriguമുനി ഒരു മാമ്പഴം സമ്മാനിച്ചു. രാജാവ് മാമ്പഴം രണ്ടായി പകുത്ത് രണ്ട് ഭാര്യമാർക്കും നൽകി. തുടർന്നു ഗർഭംധരിച്ച ഭാര്യമാർ കുഞ്ഞിന്റെ പപ്പാതി ദേഹങ്ങളെ പ്രസവിച്ചു. നിരാശനായ രാജാവ് ദേഹങ്ങളെ പുറത്തു കളഞ്ഞു. അപ്പോൾ 'ജര' എന്ന പിശാചി ആ ദേഹങ്ങളെ യോജിപ്പിച്ചു. അങ്ങനെയാണ് ജരാസന്ധൻ ഉണ്ടായത്. ബലവാനായ ജരാസന്ധൻ നിരവധി രാജാക്കന്മാരെ കീഴടക്കി കാരാഗ്രഹത്തിൽ ബന്ധിച്ചു. ജരാസന്ധന്റെ മകളെയാണ് കംസൻ വിവാഹം ചെയ്തിരുന്നത്. കൃഷ്ണൻ കംസനെ വധിച്ച്തോടെ ജരാസന്ധൻ കോപിഷ്ഠനായി ഭവിച്ചു. തുടർന്ന് 23 അക്ഷൗഹിണിപടയോടുകൂടി ജരാസന്ധൻ യദു രാജധാനിയായ മധുരാപുരിയെ വളഞ്ഞു. കൃഷ്ണനാകട്ടെ, സൈന്യത്തെ മുഴുവൻ നശിപ്പിച്ച ശേഷം രാജാവിനെ മടക്കിയയച്ചു. ഇങ്ങനെ 17 പ്രാവശ്യം സംഭവിച്ചു. പതിനെട്ടാം പ്രാവശ്യം ജരാസന്ധൻ യവനരാജാവിന്റെ സഹായത്തോടെ വീണ്ടും മധുരാപുരിയെ വളഞ്ഞു. ഇപ്രാവശ്യം ഭഗവാൻ യുദ്ധരംഗത്തുനിന്നും പിൻവാങ്ങി സമുദ്ര മധ്യത്തിൽ ഒരു ദുർഗം പണിത് അവിടെ താമസമാക്കി. ആ ദുർഗമാണ് ദ്വാരക. ജരാസന്ധൻ പിന്നീട് ധർമ്മപുത്രരുടെ രാജസൂയം നടക്കുന്നതിനു മുമ്പ് ദ്വന്ദയുദ്ധത്തിൽ ഭീമനാൽ വധിക്കപ്പെട്ടു. ജരാസന്ധനുമായി പതിനെട്ടാമതുണ്ടായ യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ടാണ് 'ജരാസന്ധനോട്‌ യുധി ചൊവ്വോടെ നിൽപതിനു പോരാ നിനക്കു ബലം' എന്നു പ്രസ്താവിച്ചിരിക്കുന്നത്.


'വാരിധി തിളപ്പിക്കൽ' - ശ്രീരാമാവതാരത്തിലെ കഥയാണിവിടെ പ്രസ്തുതം. രാമൻ വാനര സൈന്യവുമായി ലങ്കയിലെത്താൻ സമുദ്രതീരം പ്രാപിച്ചു. ലങ്കയിലേക്കു വഴി നൽകാനായി സമുദ്രത്തോട് പ്രാർത്ഥിച്ചു. മൂന്നുദിവസം പ്രാർത്ഥിച്ചിട്ടും വരുണൻ വഴി നൽകിയില്ല. വരുണന്റെ ഉദാസീനത രാമനെ കോപാവിഷ്‌ടനാക്കി. ലക്ഷ്മണനോട് വില്ലു അമ്പും കൊണ്ടുവരാൻ ആജ്ഞാപിച്ചു. സമുദ്രജലം ഭസ്മമാക്കിത്തീർക്കുന്നുണ്ടെന്നും വാനര സൈന്യം കാൽനടയായി ലങ്കയിൽ പ്രവേശിക്കട്ടെ എന്നും രാമൻ പ്രസ്താവിച്ചു. വില്ല് കുലച്ച് അമ്പ് തൊടുത്തു. ലോകം മുഴുവൻ ഇളകിമറിഞ്ഞു.സമുദ്രം തിളച്ചു പൊങ്ങി. ജലജന്തുക്കൾ ചൂടേറ്റു ഭയപ്പെട്ടു. തുടർന്ന് ദിവ്യ രൂപം ധരിച്ചു വരുണൻ മുമ്പിലെത്തി രാമ പാദങ്ങളിൽ കുമ്പിട്ടതോടെ രാമന്റെ കോപം ശമിക്കുകയും ചെയ്തു. ബാണം തൊടുത്തതേയുള്ളു സമുദ്രം തിളച്ചു. ഈ സംഭവമാണ് 'അവ്വാരിധൗ ദഹനബാണം തൊടുത്തതു തിളപ്പിപ്പതിനു മതി' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.

ഭഗവാന്റെ ഇത്തരം വിരുദ്ധ പ്രകടനങ്ങൾ നിരവധിയുണ്ട്. അങ്ങനെയുള്ള വേറെ രണ്ടെണ്ണം ചൂണ്ടിക്കാട്ടുകയാണ് മുപ്പത്തിമൂന്നാം പദ്യത്തിൽ.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ


No comments:

Post a Comment