Friday, 16 July 2021

ശ്ലോകം 16

ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട്പുരുഷനിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

അർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും - സൂര്യൻ, ചന്ദ്രൻ, അഗ്നി ഇവരോടൊത്ത് ത്രിമൂർത്തികളും, അഗ്രേ വിരാട്പുരുഷ - ഇങ്ങനെ വിവിധ രൂപത്തിൽ മുമ്പിൽ തെളിഞ്ഞ് വിളങ്ങുന്ന അല്ലയോ വിരാട് പുരുഷ, നിന്മൂലം അക്ഷരവും - അങ്ങേയ്ക്കും കാരണമായി വിളങ്ങുന്ന നാശരഹിതമായ ബ്രഹ്മവും, ഈ ലോകത്തിൽ)

വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രപഞ്ചവും, ഇന്ദ്രൻ തുടങ്ങിയുള്ള ദേവന്മാരും സൂര്യൻ, ചന്ദ്രൻ, അഗ്നി ഇവരോടൊത്തു ത്രിമൂർത്തികളും ഇങ്ങനെ വിവിധ രൂപത്തിൽ വിളങ്ങുന്ന അല്ലയോ വിരാട്പുരുഷ, അങ്ങയെ ഓർമ്മിക്കുമാറാകണം. തുടർന്ന് അങ്ങേയ്ക്കും കാരണമായി വർത്തിക്കുന്ന അക്ഷരബ്രഹ്മത്തെയും ഓർമ്മിക്കുമാറാകണം.

'വിരാട് രൂപം' - ഒരേ സത്യസ്വരൂപത്തിൽ രൂപംകൊണ്ട വിവിധ ദൃശ്യങ്ങളാണ് പ്രപഞ്ച ഘടകങ്ങൾ. അതുകൊണ്ട് ഒരീശ്വരന്റെ ശരീരാവയവങ്ങളാണിവയെല്ലാം. ഈശ്വരന്റെ ശുദ്ധരൂപം ധരിക്കാൻ കഴിയാത്തവർ ആരംഭത്തിൽ ഒരീശ്വരന്റെ ശരീരാവയവങ്ങളാണ്‌ പ്രപഞ്ച ഘടകങ്ങൾ എന്ന യാഥാർത്ഥ്യം എങ്കിലും ഭാവന ചെയ്ത് ഉറപ്പിക്കണം. ഇതാണ് വിരാട് രൂപോപാസന. വിവിധ രൂപത്തിൽ രാജിക്കുന്ന അഥവാ പ്രകാശിക്കുന്ന പുരുഷനാണ് വിരാട്പുരുഷൻ. അപ്പോൾ വിശ്വവും ഇന്ദ്രാദിദേവന്മാരും അർക്കേന്ദു വഹ്നികളും ത്രിമൂർത്തികളും ഒക്കെ മുമ്പിൽ പ്രത്യക്ഷനായി നിൽക്കുന്ന ഈ വിരാട്പുരുഷന്റെ അവയവങ്ങൾ തന്നെയാണ്. പ്രപഞ്ചത്തെയാകെ ഒന്നായിക്കാണാനുള്ള ഈ ശ്രമം അദ്വൈതസത്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ്. ചിത്തം ശുദ്ധീകരിക്കാനും സത്യത്തിൽ ഏകാഗ്രപ്പെടുത്താനും എന്താണുപായമെന്നു പരീക്ഷത്ത് ശുകബ്രഹ്മർഷിയോടു ചോദിക്കുന്നു. ഭാഗവതം രണ്ടാം സ്കന്ധം ഒന്നാം അധ്യായത്തിൽ വിരാട് രൂപോപാസനയാണ് ശുകൻ നിർദ്ദേശിക്കുന്ന ഉപായം. തുടർന്ന് വിരാട് രൂപത്തെ പരീക്ഷിത്തിന് വർണിച്ചു കേൾപ്പിക്കുന്നുമുണ്ട്. വിരാട് പുരുഷന്റെ പാദത്തിന്റെ അടിവശമാണ് പാതാളം. ഉപ്പൂറ്റിയും പുറവടിയും ചേർന്നതാണ് രസാതലം. കണങ്കാലാണ് മഹാതലം, കണങ്കാലിനും മുട്ടിനുമിടയ്ക്കുള്ള ഭാഗം തലാതലം. മുട്ടുകൾ രണ്ടുമാണ് സുതലം. വിതലവും അതലവും ചേർന്നതാണ് രണ്ടു തുടകൾ. അരക്കെട്ടാണ് ഭൂതലം, പൊക്കിൾപ്രദേശം നഭസ്ഥലം, മാർവിടം സ്വർലോകം. കഴുത്ത് മഹർ ലോകം. മുഖം ജനലോകം. നെറ്റി തപോലോകം. ശിരസ്സ് സത്യലോകം. ഇങ്ങനെ പതിനാല് ലോകങ്ങളും വിരാട്പുരുഷന്റെ അവയവങ്ങളാണ്. തേജോമയന്മാരായ ഇന്ദ്രാദിദേവന്മാർ വിരാട്പുരുഷന്റെ കൈകളാണ്. ദിക്കുകളാണ് ചെവികൾ. ശബ്ദമാണ് ശ്രവണേന്ദ്രിയം. ഇവിടെ ഇന്ദ്രിയവും വിഷയവും ഒന്നുതന്നെ. തേജോമയന്മാരായ അശ്വിനിദേവന്മാരാണ് നാസികകൾ. ഗന്ധമാണ് ഘ്രാണേന്ദ്രിയം. അഗ്നിയാണ് വായ്. അന്തരീക്ഷമാണ് കണ്ണുകൾ. സൂര്യനാണ് നയനേന്ദ്രിയം. രാത്രിയും പകലും കൺപോളകൾ.ഭ്രുഭംഗമാണ് ബ്രഹ്മാവിന്റെ ഇരിപ്പിടം. ജലമാണ് നാക്ക്. രസമാണ് ജിഹേന്ദ്രിയം. വേദങ്ങൾ ശിരസ്സാണ്. യമനാണ് ദംഷ്ട്ര. സ്നേഹകലഹങ്ങളാണ് പല്ലുകൾ. ജനങ്ങളെ മദിപ്പിക്കുന്ന പുഞ്ചിരിയാണ് മായ. കടാക്ഷ വിക്ഷേപമാണ് സൃഷ്ടി. ലജ്ജ മേൽച്ചുണ്ടും ലോഭം കീഴ്ചുണ്ടുമാണ്. ധർമ്മം മാർവിടവും അധർമ്മം മുതുകുമാണ്. പ്രജാപതി ജനനേന്ദ്രിയവും മിത്രാവരുണന്മാർ വൃഷണങ്ങളുമാണ്. സമുദ്രം വയറും പർവ്വതങ്ങൾ എല്ലുകളുമാണ്. നദികൾ നാഡികളും വൃക്ഷങ്ങൾ രോമങ്ങളുമാണ്. വായു പ്രാണനും കാലം നടത്തയുമാണ്. ഗുണപ്രവാഹമാണ് പ്രവൃത്തി. വിരാട്പുരുഷന്റെ തലമുടിയാണ് മേഘങ്ങൾ. സന്ധ്യയാണ് വസ്ത്രം. അവ്യക്തം ഹൃദയവും ചന്ദ്രൻ മനസ്സുമാണ്. മഹത്തത്ത്വമാണ് ബുദ്ധി. രുദ്രനാണ് അഹങ്കാരം. കുതിര, അശ്വതരി, ഒട്ടകം, ആന തുടങ്ങിയവ നഖങ്ങളാണ്. മൃഗങ്ങളെല്ലാം പൃഷ്ഠഭാഗമാണ്. പക്ഷികൾ ഭഗവാന്റെ ശില്പ നൈപുണ്യമാണ്. മനു നിശ്ചയമാണ്. മനുഷ്യൻ വിരാട്പുരുഷന്റെ താമസസ്ഥലവും. ഗന്ധർവ്വവിദ്യാധരചാരണാപ്സരസ്സുക്കളാണ് ഷഡ്ജാതി സ്വരങ്ങൾ. അസുര സൈന്യം വീര്യമാണ്. ബ്രാഹ്മണർ മുഖവും, ക്ഷത്രിയർ കൈയും, വൈശ്യൻ ഊരുവും, ശൂദ്രൻ പാദവുമാണ്. ഇങ്ങനെ ഈ പ്രപഞ്ചത്തിൽ എന്തൊക്കെ അറിയപ്പെടുന്നുണ്ടോ അതെല്ലാം വിരാട്പുരുഷന്റെ അവയവങ്ങൾ ആണെന്ന് കാണേണ്ടതാണ്. ഈ വിധം ബോധസ്വരൂപനും ആനന്ദനിധിയുമായ ഭഗവാനെ സർവ്വത്ര ദർശിച്ചാൽ അചിരേണ ചിത്തം ഏകാഗ്രപ്പെട്ട് ആത്മസാക്ഷാത്കാരത്തിനു സമർഥമായിത്തീരുന്നതാണ്. ഈ വിരാട് രൂപോപാസനയാണ് ആചാര്യൻ അഗ്രേ വിരാട്പുരുഷ എന്ന ഭാഗം കൊണ്ട് നിർദ്ദേശിച്ചിരിക്കുന്നത്.

'നിന്മൂലമക്ഷരവുമോർക്കായ് വരേണമിഹ' - അദ്വൈത സാക്ഷാത്കാരത്തിന്റെ മുന്നോടിയായി അഭ്യാസിക്കേണ്ടതാണ് വിരാട് രൂപോപാസന. ഈ ലോകത്തിൽ കാണപ്പെടുന്നതൊക്കെ ഒരേ ജഗദീശ്വരന്റെ ശരീരാവയവങ്ങളാണെന്നു ഭാവന ചെയ്തു ഉറപ്പിക്കുന്നതിനോടൊപ്പം ഈ ജഡോപാധികൾക്കെല്ലാം ആദി മൂലമായി വർത്തിക്കുന്നത് അഖണ്ഡബോധസ്വരൂപമായ വസ്തുവാണെന്നും ഉറപ്പിക്കണം. ഈ സത്യസ്ഥിതി തസ്മാദ്വിരാഡജായത - ആ പുരുഷനിൽ നിന്നു വിരാട്ടുണ്ടായി' എന്നിങ്ങനെ പുരുഷസൂക്തം വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് രൂപോപാസന യോടൊപ്പം ശുദ്ധബോധ സ്വരൂപവും ഭാവനചെയ്തു ഉറപ്പിക്കുന്നയാൾക്ക് അചിരേണ ചിത്തശുദ്ധി വന്ന് ആത്മസാക്ഷാത്കാരത്തിനു വഴിതെളിയുന്നു. ഈ അനുഭവ രഹസ്യമാണ് 'നിന്മൂലമക്ഷരവുമോർക്കായ് വരേണമ'മെന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 'അക്ഷര' ശബ്ദത്തിന് 'ബ്രഹ്മം' എന്നുതന്നെയാണ് അർത്ഥം. 'ഓം'കാരം എന്നർത്ഥം പറഞ്ഞാൽ അത് വിരാട് പുരുഷന് മൂലമല്ലല്ലോ. അപ്പോൾ ഓം കാര പ്രതീകമായ ബ്രഹ്മം എന്ന് വീണ്ടും വ്യാഖ്യാനിക്കേണ്ട വരും.'അക്ഷര' ശബ്ദത്തിന് നേരിട്ട് ബ്രഹ്മം എന്ന് അർത്ഥമുള്ളപ്പോൾ അത് അംഗീകരിക്കുന്നതല്ല നന്ന്? അതല്ലെങ്കിൽ വിരാട് രൂപോപാസനയും പ്രണവോപാസനയും വഴി ബ്രഹ്മത്തെ സ്മരിക്കാൻ ഇടയാകണം എന്നർത്ഥം പറയേണ്ടിവരും.

ഉപാസന കളും ബ്രഹ്മസ്മരണവും മോഹബദ്ധമായ മനസ്സിന് അത്രയെളുപ്പം വശപ്പെട്ട് കിട്ടുന്നതല്ല. മനസ്സിന്റെ ജഡ മോഹങ്ങൾ മാറികിട്ടാൻ ഭഗവന്നാമസ്മരണയും കീർത്തനവും പോലെ എളുപ്പമായ മറ്റൊരു വഴിയുമില്ല തന്നെ. അതുകൊണ്ട് 17 മുതൽ 22 വരെ യുള്ള അടുത്ത ആറ് പദ്യങ്ങളിൽ ആചാര്യൻ നാമസങ്കീർത്തനത്തിന്റെ മാഹാത്മ്യം വർണ്ണിക്കാനൊരുമ്പെടുകയാണ്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ






No comments:

Post a Comment