Thursday 15 July 2021

ശ്ലോകം 45 46

ശ്ലോകം 45

തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടു ബത
ശബ്ദങ്ങളുള്ളിൽ വിലസീടുന്നു  പാർക്കിലിഹ
മുക്തിക്കു കാരണമതേശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരിനാരായണായ നമഃ

അഖിലത്തിനും- കാണപ്പെടുന്ന സകലതിലും, തത്ത്വാർത്ഥമുണ്ടു ബത- വസ്തു സത്തായി ജഗദീശ്വരൻ സ്ഥിതിചെയ്യുന്നു എന്നു കാണാം, അഥ- എന്നാലും, പാർക്കിൽ- സൂക്ഷിച്ചാൽ, ശബ്ദങ്ങളുള്ളിൽ വിലസീടുന്നു - ശബ്ദങ്ങൾക്കുള്ളിൽ ബോധവസ്തു പ്രകടമായി വിളങ്ങുന്നുണ്ടെന്നറിയാൻ കഴിയും, അതേ ശബ്ദം- വ്യക്തമായ വസ്തു സാന്നിധ്യമുള്ള ആ ശബ്ദം തന്നെയാണ്,  മുക്തിക്കു കാരണമെന്ന്- അതുകൊണ്ട് മോക്ഷത്തിനു ഹേതുവെന്ന്, തവ വാക്യങ്ങൾ തന്നെ- ഭഗവത്വചനങ്ങളായ വേദങ്ങൾ തന്നെ പ്രഖ്യാപിക്കുന്നു). ഇങ്ങനെ ചിന്തിച്ചാൽ കാണപ്പെടുന്ന സകലതിലും വസ്തുസത്തയായി ജഗദീശ്വരൻ സ്ഥിതിചെയ്യുന്നു എന്നു കാണാം. എന്നാലും സൂക്ഷിച്ചാൽ ശബ്ദങ്ങൾക്കുള്ളിൽ ബോധ വസ്തു പ്രകടമായി വിളങ്ങുന്നുണ്ടെന്നറിയാൻ കഴിയും. അതുകൊണ്ട് വ്യക്തമായ വസ്തു സാന്നിധ്യമുള്ള ശബ്ദം തന്നെയാണ് മോക്ഷത്തിനു ഹേതുവെന്നു ഭഗവത്വചനങ്ങളായ വേദങ്ങൾ തന്നെ പ്രഖ്യാപിക്കുന്നു. ഹരിനാരായണനു നമസ്കാരം.


'ശബ്ദവും മോക്ഷവും' - പരമാത്മാവ് തത്ത്വാദിയായതുകൊണ്ട് എല്ലാ നാമരൂപങ്ങളിലും വസ്തുസ്വരൂപമായി വർദ്ധിക്കുന്നത് പരമാത്മാവ് തന്നെയാണ്. എന്നാൽ കട്ടിപിടിച്ച ജഡരൂപങ്ങളിൽ ഭഗവത് സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നില്ല. നേരെമറിച്ച് മിന്നൽപോലെ പൊന്തിമറയുന്ന ശബ്ദങ്ങളിൽ ബോധസ്വരൂപമായ സത്യത്തെ പ്രകടമായി കണ്ടെത്താൻ ചിന്താശീലർക്ക് കഴിയും. പ്രപഞ്ചസൃഷ്ടിക്കായി ബോധവസ്തുവിൽ നിന്നും ആദ്യമുണ്ടാകുന്ന ശക്തിസ്പന്ദനമാണ് ശബ്ദം. അതുകൊണ്ട് ശബ്ദം ശുദ്ധ സത്യത്തോട് തൊട്ടു നിൽക്കുന്നു എന്ന് കാണേണ്ടതാണ്. അന്തർമുഖമായി ഉള്ളിലെ സൂക്ഷ്മശബ്ദതരംഗങ്ങളുടെ ഉറവിടം ഒരാൾ തിരയുമെങ്കിൽ ബോധത്തിൽ നിന്നാണ് ശബ്ദം ഉത്ഭവിക്കുന്നതെന്നു കണ്ടെത്താം. ആദ്യം ബോധത്തിൽ നിന്നും പ്രാണസ്പന്ദനരൂപത്തിലും തുടർന്ന് വികാരവിചാര രൂപത്തിലും വളർന്ന ശേഷമാണ് നാവുകൊണ്ടുച്ചരിക്കപ്പെടുന്ന മട്ടിൽ ശബ്ദം പുറത്തു വരുന്നത്. ശബ്ദത്തിന്റെ ഈ ഉത്പത്തി രഹസ്യവും സൂക്ഷ്മ ഭാവവും ധരിച്ചുകൊണ്ടുതന്നെയാണ് വേദങ്ങളും ഋഷിമാരും ആത്മസാക്ഷാത്കാരത്തിനും ശബ്ദത്തെ അവലംബിക്കാൻ അനുശാസിച്ചത്. മനസ്സിന് ഏകാഗ്രത നേടി സത്യം ദർശിക്കാനുള്ള പ്രധാന ഉപായം മന്ത്രങ്ങളാണല്ലോ. മന്ത്രങ്ങൾ ശബ്ദസ്വരൂപങ്ങണെന്നു പറയേണ്ടതില്ലല്ലോ. ഭഗവത്വചനങ്ങളായ ഉപനിഷത്തുകൾ സത്യദർശനോപായമെന്ന നിലയിൽ ഏകകണ്ഠമായി ശുപാർശ ചെയ്യുന്നത് 'ഓം'കാരമന്ത്രമാണ്. പ്രകർഷേണ ധ്വനിച്ചുകേൾക്കുന്നത് എന്ന അർത്ഥത്തിൽ ഓംകാരത്തെ പ്രണവമന്ത്രമെന്നു വിളിക്കുന്നു.പ്രണവമന്ത്രത്തെ സമാശ്രയിച്ച് സത്യത്തെ കാണേണ്ട വിധം മുണ്ഡകോപനിഷത്ത് വിവരിക്കുന്നത് നോക്കുക

 പ്രണവ ധനു: ശരോ ഹ്യാത്മാ
 ബ്രഹ്മ തല്ലക്ഷ്യമുച്യതേ
 അപ്രമത്തേന വേദ്ധവ്യം 
 ശരവത്തന്മയോ ഭവേത്
   ( മുണ്ഡ,2-2-4)


പ്രണവമാകുന്ന വില്ലിൽ ചിത്തമാകുന്ന അമ്പ് തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്തു കൊള്ളിക്കണം. ലക്ഷ്യം തെറ്റാതെ എയ്യണം.
ശരമെന്നപോലെ ലക്ഷ്യത്തിൽ തറച്ച് ഏകീഭവിക്കണം. ഭഗവാൻ ഗീതയിലും പ്രണവത്തിൽ കൂടിയുള്ള സത്യപ്രാപ്തി വിവരിക്കുന്നു:


 ഓമിത്യേകാക്ഷരം ബ്രഹ്മ
 വ്യാഹരൻ മാമനുസ്മരൻ
 യ:പ്രയാതി ത്യജൻ ദേഹ
 സ യാതി പരമാംഗതിം
.  (ഗീത,8-13)


'ഓം'എന്ന ഏകാക്ഷര മന്ത്രം ഉച്ചരിച്ച് ബ്രഹ്മത്തെ സ്മരിച്ചുകൊണ്ട് ദേഹം വെടിയുന്നവർ സത്യത്തെ പ്രാപിക്കുന്നു. പ്രണവോപാസനയെ വിവരിക്കുന്ന ഇത്തരം ഉപനിഷദ്വാക്യങ്ങൾ ഗീതാവാക്യങ്ങളുമൊക്കെ മുമ്പിൽ കണ്ടുകൊണ്ടാണ് മുക്തിക്കു കാരണമിതേ ശബ്ദമെന്നു തവ വാക്യങ്ങൾ തന്നെ എന്ന് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.


ഗുരുവിൽ നിന്നും മന്ത്രോപദേശം നേടി വിനയപൂർവ്വം ആത്മാന്വേഷണം നടത്താതെ അഹങ്കരിച്ചു കഴിയുന്നവർ സംസാര സമുദ്രത്തിൽപ്പെട്ട് ഉഴലാനിടവരുന്നു എന്നാണ് അടുത്ത മൂന്ന് പദ്യങ്ങളിൽ പ്രതിപാദിക്കുന്നത്.

ശ്ലോകം 46

ഥല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ


വിവേകമില്ലാത്ത എടുത്തു ചാട്ടത്തിനുമേലെ മറ്റൊന്ന് ആവശ്യമില്ലെന്ന് തെറ്റിദ്ധരിച്ചു വേണ്ടിടത്തും വേണ്ടാത്തിടത്തും ചെന്ന് കേറി പെട്ടെന്ന് ആവശ്യമുള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു എല്ലായിടത്തും വെളിപ്പെട്ടുപോകുന്ന താൻ കേമത്തം വർധിപ്പിച്ച് അല്ലയോ ഭഗവാൻ  അങ്ങ് ചിലരെ നശിപ്പിക്കുന്നു

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ

No comments:

Post a Comment