ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതു-
മൊരിന്ദ്രാത്മജന്നെ ഹരിനാരായണായ നമഃ
(ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കി- കൃഷ്ണാവതാരത്തിൽ ചാട്ടയുമെടുത്ത് കുതിരയ്ക്ക് കടിഞ്ഞാണുമിട്ടു, ഇന്ദ്രാത്മജന്- ഇന്ദ്ര പുത്രനായ അർജുനന്, യുധി- യുദ്ധക്കളത്തിൽ, തേർപൂട്ടി നിന്നു- തേർ തെളിച്ചു കൊടുത്തു, ബത- ആശ്ചര്യം, ചെമ്മേ മറഞ്ഞ്- രാമാവതാരത്തിൽ സംശയമെന്യേ മറഞ്ഞുനിന്ന്, ഒരു ശരം കൊണ്ടു കൊന്നതും- ഒളിയമ്പെയ്തു വധിച്ചതും, ഒരിന്ദ്രാത്മജനെ- ഒരിന്ദ്രപുത്രനായ ബാലിയെത്തന്നെ)
കൃഷ്ണാവതാരത്തിൽ ചട്ടയുമെടുത്ത് കുതിരയ്ക്കു കടിഞ്ഞാണുമിട്ട് ഇന്ദ്രപുത്രനായ അർജുനന് യുദ്ധക്കളത്തിൽ തേർ തെളിച്ചുകൊടുത്തു. രാമാവതാരത്തിൽ സംശയമെന്യേ മറഞ്ഞു നിന്ന് ഒളിയമ്പെയ്തു കൊന്നതും ഒരിന്ദ്രപുത്രനായ ബാലിയെത്തന്നെ. ആശ്ചര്യമെന്നേ പറയേണ്ടൂ. ഹരിനാരായണനു നമസ്കാരം.
'പാർത്ഥസാരഥ്യം' - മഹാഭാരതയുദ്ധത്തിൽ സഹായമപേക്ഷിച്ചുകൊണ്ടു ദുര്യോധനനും അർജ്ജുനനും കൃഷ്ണനെ സമീപിച്ചു. തനിക്ക് ഇരുകൂട്ടരും തുല്യരാണെന്നു ഭഗവാൻ അവരെ അറിയിച്ചു. അതുകൊണ്ട് സൈന്യം മുഴുവൻ ഒരാൾക്ക് നൽകാം. താൻ മാത്രം ഒരാളിന്റെ പക്ഷത്തു കൂടെപ്പോരാം. മാത്രമല്ല, താൻ ആയുധമെടുത്ത് യുദ്ധം ചെയ്യുകയുമില്ല. ഇതായിരുന്നു ഭഗവാന്റെ സഹായവാഗ്ദാനം. അർജ്ജുനൻ നിരായുധനായ ഭഗവാനെ വരിച്ചു. നിരായുധനായ കൃഷ്ണനെക്കൊണ്ടു കാര്യമില്ലെന്നു കരുതി ദുര്യോധനൻ സസന്തോഷം സൈന്യത്തെയും വരിച്ചു. നിരായുധനായ കൃഷ്ണന് യുദ്ധത്തിൽ അർജ്ജുനനു ചെയ്യാവുന്ന സഹായം തേർതെളിക്കുക മാത്രമായിരുന്നു. അങ്ങനെ ചാട്ടയുമെടുത്ത് കുതിരയേയും പൂട്ടി ഭഗവാൻ അർജുനന്റെ തേർ തെളിച്ചു. പക്ഷേ, അർജുനനും ലോകത്തിനും അതു വലിയൊരുപകാരമായി ഭവിച്ചു. അതുകൊണ്ടാണല്ലോ ഉപനിഷത്സാരസംഗ്രഹമായ ഗീത ലോകത്തിനു ലഭ്യമായത്. അർജുനൻ കുന്തിക്ക് ഇന്ദ്രനിൽ ജനിച്ച പുത്രനാണ്. ഈ പാർത്ഥസാരഥ്യമാണ് പ്രസ്തുത പദ്യത്തിലെ ആദ്യത്തെ രണ്ടു വരികളിൽ ആചാര്യൻ സൂചിപ്പിച്ചിരിക്കുന്നത്.
'ബാലിവധം' - രാമാവതാരത്തിനു കളങ്കം ചേർത്ത കഥകളിൽ ഒന്നാണ് ബാലിവധം. സുഗ്രീവനുമായി സഖ്യം ചെയ്തശേഷമാണ് രാമൻ ഇന്ദ്രപുത്രനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലിയെ വധിക്കുന്നത്. ബാലിയെ നേരിട്ടെതിർത്തുകൊല്ലാൻ ആർക്കും തന്നെ സാധ്യമല്ല. തന്നോട് എതിർക്കുന്നവരുടെ പകുതി ബലം കൂടി ബാലിക്കു പകർന്നു കിട്ടുമെന്നൊരനുഗ്രഹമുണ്ട്. അക്കാരണത്താൽ ബാലിയും സുഗ്രീവനും യുദ്ധം ചെയ്തു കൊണ്ടിരിക്കെ ഒരു മരച്ചുവട്ടിൽ മറഞ്ഞു നിന്നുകൊണ്ട് രാമൻ ഒളിയമ്പെയ്താണ് ബാലിയെ വധിച്ചത്. ഒരിന്ദ്രപുത്രന് സാരഥ്യവേല ചെയ്യുമ്പോൾ മറ്റൊരിന്ദ്രപുത്രനെ അധർമ്മചിന്ത കൂടാതെ ഒളിയമ്പെയ്തു കൊല്ലുന്നു.ഭഗവാന്റെ ഈ വിരുദ്ധകർമ്മങ്ങൾ ഭഗവാൻ ആശ്ചര്യ സ്വരൂപനാണെന്നു വെളിപ്പെടുത്തുന്നു എന്നാണ് ആചാര്യമതം.
വ്യക്തമായ ഭഗവത് ലീലകൾ ആശ്ചര്യമയങ്ങളാണെന്നു നാം കണ്ടുവല്ലോ. ഭഗവാന്റെ യാഥാർഥ്യം പൂർണമായും കണ്ടെത്തുക എളുപ്പമല്ല. അന്വേഷിക്കുന്നവർക്ക് ആശ്ചര്യകരമാംവണ്ണം ആ സത്യസ്വരൂപത്തിന്റെ ചില അംശങ്ങൾ തെളിയുന്നു. അവർ അപ്പോഴപ്പോൾ അതു ലോകത്തിനു വെളിപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. ഭഗവാന്റെ പൂർണയാഥാർത്ഥ്യം ഭഗവാനു മാത്രമേ അറിയൂ. ഈ വസ്തുരഹസ്യമാണ് ആചാര്യൻ മുപ്പത്തിയാറാം പദ്യത്തിൽ വെളിപ്പെടുത്തുന്നത്.
ശ്ലോകം 36
ഛന്നത്വമാർന്ന കനൽപോലെ നിറഞ്ഞുലകിൽ
ചിന്നുന്ന നിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമഃ
(ഛന്നത്വമാർന്ന- ചാരം കൊണ്ടു മൂടിക്കിടക്കുന്ന,കനൽപോലെ- തേജോമയമായ തീക്കട്ടപോലെ, ഉലകിൽ നിറഞ്ഞ്- ഈ ലോകത്തു സർവ്വത്ര വ്യാപിച്ച്, ചിന്നുന്ന- സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന, നിന്മഹിമ- ഈശ്വരമഹത്ത്വം, ആർക്കും തിരിക്കരുത്- ആർക്കും പൂർണമായി കണ്ടെത്താൻ സാധ്യമല്ല,മാമുനികൾ- സത്യം കണ്ടതായി പ്രഖ്യാപിക്കുന്ന തപസ്വികളാകട്ടെ, അന്നന്നു കണ്ടതിനെ- അതാതുകാലത്ത് അവരവർക്കു വെളിപ്പെട്ടിടത്തോളമുള്ള സത്യസ്വരൂപത്തെ, വാഴ്ത്തുന്നു- പാടിപ്പുകഴ്ത്തുന്നു, എന്നത്രേ തോന്നി- എന്നാണ് എനിക്കു തോന്നുന്നത്)
ചാരം കൊണ്ടു മൂടിക്കിടക്കുന്ന തേജോമയമായ തീക്കട്ടപോലെ ഈ ലോകത്തു സർവ്വത്ര വ്യാപിച്ച് സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഈശ്വരമഹത്ത്വം ആർക്കും പൂർണമായി കണ്ടെത്താൻ സാധ്യമല്ല. സത്യം കണ്ടതായി പ്രഖ്യാപിക്കുന്ന തപസ്വികളാകട്ടെ, അതാതുകാലത്ത് അവരവർക്കു വെളിപ്പെട്ടിടത്തോളം സത്യ സ്വരൂപത്തെ പാടിപ്പുകഴ്ത്തുന്നു എന്നാണെനിക്കു തോന്നുന്നത്. ഹരിനാരായണനു നമസ്കാരം.
'മൂടിക്കിടക്കുന്ന കനൽപോലെയാണ് ഈശ്വരൻ' - തീക്കട്ട തേജോമയവും ശക്തിമത്തുമാണ്. പക്ഷേ, ചാരം കൊണ്ടു മൂടിപ്പോയാൽ അതുള്ളതായിപ്പോലും മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നില്ല. അതുപോലെ സത്യസ്വരൂപനായ ഈശ്വരൻ സദാ സ്വയം പ്രകാശിക്കുന്നവനും ആനന്ദനിധിയുമാണ്. എന്നാൽ മായയുടെ ആവരണവിക്ഷേപങ്ങൾ കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈശ്വരനുണ്ടെന്നു പോലും പലർക്കും ധരിക്കാൻ കഴിയുന്നില്ല. ജഗദീശ്വരശക്തിയായ മായ സൃഷ്ടിയാരംഭിക്കുന്നതിനുമുമ്പ് ആദ്യമായി ചെയ്യുന്നത് ജഗദീശ്വരസ്വരൂപത്തെ മറയ്ക്കുകയാണ്. ഭഗവാൻ ഗീത ഏഴാമധ്യായത്തിൽ ഇങ്ങനെ പറയുന്നു.
നാഹം പ്രകാശ: സർവസ്യ
യോഗമായാസമാവൃത:
മൂഡോയം നാഭിജാനാതി
ലോകോ മാമജമവ്യയം (ഗീത, 7-25)
യോഗമായകൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ എന്നെ എല്ലാവർക്കും കാണാൻ പറ്റുന്നില്ല. അതിനാൽ ഞാൻ ജനിക്കാത്തവനും മരിക്കാത്തവനുമാണെന്ന് മൂഢരായ ജനങ്ങൾ അറിയുന്നില്ല. മായ മൂടിയിരിക്കുന്നതു നിമിത്തം ഭഗവാന്റെ സമ്പൂർണമഹിമ ആർക്കും വേർതിരിച്ചു കാണാൻ കഴിയുന്നില്ല.
'മാറിനിന്നുള്ള സത്യദർശനങ്ങൾ' - ഇവിടെ വസ്തു ഒന്നേയുള്ളു. മായയാണ് രണ്ടിന്റെ തോന്നൽ ഉളവാക്കുന്നത്. അപ്പോൾ രണ്ടിന്റെ തോന്നലുള്ളിടത്തോളം മായയുടെ മറ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ മാറി നിന്നുകൊണ്ടുള്ള എല്ലാ സത്യ ദർശനങ്ങളും സത്യവിവരണങ്ങളും അപൂർണ്ണമായിരിക്കാനേ പറ്റൂ. പൂർണ്ണമായി സത്യം കാണുന്നയാൾ സ്വയം അതുതന്നെയായിത്തീരുന്നു. ആ സ്ഥിതിയിൽ മാറി നിന്നുകൊണ്ടുള്ള ദർശനമോ വിവരണമോ സാധ്യമല്ല. അപ്പോൾ ഇന്നുവരെ സത്യത്തെക്കുറിച്ച് മാറി നിന്നുകൊണ്ടു നടത്തിയിട്ടുള്ള ദർശനങ്ങളും വിവരണങ്ങളും അപൂർണങ്ങൾ തന്നെ. എന്നുവച്ച് അവ വിലയില്ലാത്തവയല്ല. പൂർണ്ണ ദർശനത്തിലേക്കു വിരൽചൂണ്ടുന്നു എന്നുള്ളതുകൊണ്ടുതന്നെ അവ വിലപ്പെട്ടവയാണ്. ഈ സത്യാനുപവരഹസ്യമാണ് ആചാര്യൻ 'അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്നത്രെ തോന്നി' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.
ജഗദീശ്വരൻ സർവവ്യാപിയാണെങ്കിലും ചാരം കൊണ്ടു പൊതിഞ്ഞ തീക്കനൽ പോലെ മായ കൊണ്ടു മറഞ്ഞിരിക്കുകയാണെന്നു കണ്ടുവല്ലോ. സർവവ്യാപിയായതുകൊണ്ടുതന്നെ സകല ജീവജാലങ്ങളുടെയും ഉള്ളിൽ ഈശ്വരൻ സ്ഥിതിചെയ്യുന്നു എന്നു സിദ്ധം. ഉള്ളിലിരിക്കവേ തന്നെ സർവ്വത്ര വ്യാപിച്ചുമിരിക്കുന്നു. ഈ സത്യസ്ഥിതിരഹസ്യം വിവരിക്കുകയാണ് ആചാര്യൻ അടുത്ത പദ്യത്തിൽ:
#ബ്രഹ്മശ്രീ ബാലകൃഷ്ണൻനായർ
No comments:
Post a Comment