Thursday, 15 July 2021

ശ്ലോകം 21 22

ശ്ലോകം 21

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർക-
ളീപാപിയെന്നുപറയുന്നാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങൾ ചൊല്ക ഹരിനാരായണായ നമഃ

(ൠ (നിന്ദാസൂചകമായ ഒരു വാക്ക്) വിഡ്ഢിയായ, ഭോഷൻ-മഠയനാണിവൻ, എന്നു ചിലർ ഭാഷിക്കിലും- എന്നുപറഞ്ഞു ചിലർ പരിഹസിച്ചാലും, ചിലർകൾ- വേറെ ചിലർ, ഈ പാപിയെന്നു പറയുന്നാകിലും- ഇവൻ ഒരു പാപിയാണെന്നു പറഞ്ഞു നിന്ദിച്ചാലും, മനസി- ഉള്ളിൽ, ആവോ നമുക്കു തിരിയായെന്നുറച്ച്- ഒരു കലുഷതയും കൂടാതെ നമുക്കൊരു ദോഷവും വരാനില്ലെന്നുറച്ച്, തിരുനാമങ്ങൾ ചൊല്ലുക- നാമസ്മരണകീർത്തനങ്ങൾ തുടരേണ്ടതാണ്.)

വിഡ്ഢിയായ മഠയനാണിവൻ എന്നു പറഞ്ഞ് ചിലർ പരിഹസിച്ചാലും, വേറെ ചിലർ ഇവനൊരു പാപിയാണെന്നു പറഞ്ഞു നിന്ദിച്ചാലും ഉള്ളിൽ ഒരു കലുഷതയും കൂടാതെ നമുക്കൊരു ദോഷവും വരാനില്ലെന്നുറച്ച് നാമസ്മരണകീർത്തനങ്ങൾ തുടരേണ്ടതാണ്. ഹരിനാരായണനു നമസ്കാരം.

'യഥാർത്ഥഭക്തൻ മാനാപമാനങ്ങൾക്കുപരി ഉയരേണ്ടതാണ്' -  ചിത്തശുദ്ധിക്കാണല്ലോ ഭഗവന്നാമജപം അഭ്യസിക്കുന്നത്, മാനാപമാന ചിന്തയിൽപ്പെട്ടുഴലുന്നിടത്തോളം നാമം ജപിച്ചാലും ചിത്തം സദാ ചഞ്ചലമായിക്കൊണ്ടിരിക്കും. പ്രശംസകളും പരിഹാസങ്ങളുമെല്ലാം ഒരു ഭക്തൻ ചിത്തത്തിന്റെ പരീക്ഷണങ്ങളായി അംഗീകരിക്കേണ്ടതാണ്. അതുകൊണ്ടൊന്നും മനസ്സ് അല്പംപോലും കലുഷമാകാൻ അനുവദിച്ചുകൂട. ഉത്തമ ഭക്തന്റെ ലക്ഷണം ഭഗവാൻ ഗീത പന്ത്രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്നത് നോക്കുക:

തുല്യനിന്ദാസ്തുതിർമൗനീ
സന്തുഷ്ടോ യേനകേനചിത്
അനികേത: സ്ഥിരമതിർ
ഭക്തിമാൻ മേ പ്രിയോ നര:


ഉത്തമഭക്തൻ നിന്ദയും, സ്തുതിയും തുല്യമായി കരുതുന്നു. കഴിയുന്നത്ര മൗനിയായി വർത്തിക്കുന്നു. ന്യായമായി കിട്ടുന്നതുകൊണ്ട് സന്തുഷ്ടനായി കഴിഞ്ഞുകൂടുന്നു. ഒരു പ്രത്യേക സ്ഥലത്ത് അധികനാൾ തങ്ങുന്നില്ല. ചിത്തം സദാ ഭഗവാങ്കൽ ഉറച്ചിരിക്കുന്നു. ഭഗവത്ഭക്തി ഒരിക്കലും കുറവില്ലാതെ തുടരുന്നു.ഓരു ഭക്തൻ ബോധപൂർവ്വം ശീലിക്കേണ്ട ഈ സഹിഷ്ണുതയാണ് ആചാര്യൻ ഇരുപത്തിയൊന്നാം ശ്ലോകത്തിൽ വിവരിച്ചിരിക്കുന്നത്.

ഇഷ്ടദേവതയെ ഉപാസിക്കാനായി മന്ത്രം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഉപാസകൻ വിവിധതരത്തിലുള്ള പൊരുത്തങ്ങൾ ഉണ്ടോ എന്നു നോക്കി വേണം മന്ത്രം സ്വീകരിക്കേണ്ടത്.ദേവതോപാസന കൊണ്ടു സിദ്ധി വരുത്താൻ കൊതിക്കുന്ന ആളിനാണ് ഈ നിഷ്കർഷ. പൊരുത്ത നിർണയത്തിന്റെ സമ്പ്രദായങ്ങൾ തന്ത്രശാസ്ത്രങ്ങളിൽ പ്രസിദ്ധങ്ങളാണ്. ചിത്തശുദ്ധിക്കായുള്ള സ്മരണകീർത്തനങ്ങൾക്കായി ഏതെങ്കിലും ഭഗവന്നാമം തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന ഭക്തന് ഇത്തരം പൊരുത്തം നോക്കിപ്പോലും ക്ലേശിക്കേണ്ട യാതൊരാവശ്യവുമില്ലെന്നാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്:



ശ്ലോകം 22

ഌഝമാദി ചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടികോടി വക തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരിനാരായണായ നമഃ

(ഌഝമാദി-ഌ,ഝ,മ എന്നു തുടങ്ങിയ അക്ഷരങ്ങൾ, ചേർത്ത്- പ്രത്യേകഖണ്ഡങ്ങളിൽ എഴുതി, പൊരുത്തം- മന്ത്രഗ്രഹണത്തിനായി നോക്കിക്കാണേണ്ട പൊരുത്തം തന്നെയും, നിനയ്ക്കിലും- ചിന്തിച്ചാൽ അതുപോലും, അജിതന്റെ- ഭഗവാന്റെ, നാമഗണമതിനു- നാമങ്ങളിൽ ചിലവ സ്വീകരിക്കുന്നതിന്, വേണ്ട- ആവശ്യമേയില്ല, ദൃഢം- തീർച്ചതന്നെ, ഒരു കോടികോടി വഹ- കോടിക്കണക്കിന്, തിരുനാമമുള്ളവയിൽ- ഭഗവന്നാമങ്ങൾ പ്രസിദ്ധങ്ങളായുള്ളവയിൽ, അരുതാത്തതില്ല- കീർത്തനസ്മരണങ്ങൾക്കായി തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഒന്നുപോലുമില്ല)

ഌ,ഝ,മ എന്നു തുടങ്ങിയ അക്ഷരങ്ങൾ പ്രത്യേകഖണ്ഡങ്ങളിൽ എഴുതി മന്ത്രഗ്രഹണത്തിനായി നോക്കിക്കാണേണ്ട പൊരുത്തം പോലും, ചിന്തിച്ചാൽ ഭഗവാന്റെ നാമങ്ങളിൽ ചിലവ സ്വീകരിക്കുന്നതിനു തീർച്ചയായും ആവശ്യമില്ല. കോടിക്കണക്കിനു ഭഗവന്നാമങ്ങൾ പ്രസിദ്ധങ്ങളായുള്ളവയിൽ കീർത്തനസ്മരണങ്ങൾക്കായി തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഒന്നുപോലുമില്ല. ഹരിനാരായണനു നമസ്കാരം.

നാമ മാഹാത്മ്യമാണ് ഇതുവരെ വിവരിച്ചത്. നാമജപസാധന ചിത്തശുദ്ധി യിൽക്കൂടി ഏകാന്തഭക്തിയിൽ കലാശി കണം.ഏതിലും ഒരേ ഈശ്വരതത്ത്വത്തെത്തന്നെ കണ്ട് മനം കുളിർക്കുന്നതാണ് ഏകാന്ത ഭക്തി. ഒന്നിൽത്തന്നെ അവസാനിക്കുന്ന ഭക്തിയാണല്ലോ ഏകാന്തഭക്തി. ഈ ഏകാന്തഭക്തി വന്നുചേരാൻ ഇനിയും താമസിക്കരുതേ എന്നാണ് അടുത്ത പദ്യത്തിൽ അപേക്ഷിക്കുന്നത്.






No comments:

Post a Comment