Thursday 15 July 2021

ശ്ലോകം 23 24

ശ്ലോകം 23

ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

( കാരമാദിമുതലായിട്ട്-'ൡ' എന്ന നാമത്തിൽ ആരംഭിച്ച്, ഇഹ ഞാനും- ഇവിടെ ഞാൻ, നാഥനോട്- എന്റെ ഇഷ്ട ദേവനോട്, കൈകൂപ്പി- തൊഴുത്, വീണുടൻ- നമസ്കരിച്ച്, ഇരക്കുന്നു- അപേക്ഷിക്കുന്നു, ഏകാന്ത ഭക്തി- എവിടെയും ഒരേ ഈശ്വരനെത്തന്നെ കണ്ടാനന്ദിക്കാൻ കഴിയുന്ന വിധമുള്ള ഭക്തി, അകമേ വന്നുദിപ്പതിന്- ഉള്ളിൽ നിറയുന്നതിന്, വൈകുന്നതെന്ത്- എന്താണിത്ര താമസം)

'ൡ' എന്ന ഇഷ്ടദേവതാ നാമത്തിലാരംഭിച്ച് ജപസാധനയഭ്യസിച്ചു കൊണ്ട് ഇവിടെ ഞാൻ എന്റെ ഇഷ്ടദേവനെ തൊഴുതു നമസ്കരിച്ച് അപേക്ഷിക്കുന്നു.എവിടെയും ഒരേ ഈശ്വരനെത്തന്നെ കണ്ടാനന്ദിക്കാൻ കഴിയുന്നവിധമുള്ള ഭക്തി ഉള്ളിൽ നിറയുന്നതിന് എന്താണിത്ര താമസം? ഹരിനാരായണനു നമസ്കാരം.

'ഏകാന്തഭക്തി' - നാമജപസാധനയിക്കൂടി നേടേണ്ട ലക്ഷ്യമാണ് ഏകാന്തഭക്തി. കോടിക്കണക്കിനു തിരുനാമങ്ങളുള്ളവയിൽ ഏതുമാകാമെന്നും പറഞ്ഞുവല്ലോ. 'ൡ' എന്ന നാമത്തിന് ദേവി, ശിവൻ എന്നൊക്കെ അർത്ഥമാകാം.ശ്ലോകം ൡ കാരത്തിൽ തുടങ്ങേണ്ടതായി വരുന്നതുകൊണ്ട് ഈ നാമം അംഗീകരിച്ചു എന്നേയുള്ളൂ. ഇഷ്ടദേവതയുടെ ഏതു നാമവും ചൊല്ലി ജപം ആരംഭിക്കാം. പിന്നീട് അദ്വൈത സാക്ഷാത്കാര രൂപത്തിലുള്ള ഏകാന്ത ഭക്തിയിൽ എത്തിച്ചേർന്ന മഹാന്മാർ പലരും ഇഷ്ടദേവതോപാസനയിൽ കൂടിയാണ് അത് സാധിച്ചതായി കാണുന്നത്. ചിലർ ശിവനെ ഇഷ്ടദേവത യായി അംഗീകരിക്കുമ്പോൾ മറ്റു ചിലർ സുബ്രഹ്മണ്യനെ അംഗീകരിക്കുന്നു. ഇതുപോലെ രാമനെയോ കൃഷ്ണനെയോ ദേവിയെയോ ഒക്കെ ഇഷ്ടദേവതാ രൂപത്തിൽ അംഗീകരിക്കാവുന്നതാണ്.ബ്രഹ്മ പ്രതീകമായി ഇഷ്ടദേവനെ അംഗീകരിച്ച് ജഗത്തു മുഴുവൻ ഇഷ്ടദേവന്റെ രൂപാന്തരമായിക്കണ്ടു ചിത്തം അതിൽ ഏകാഗ്രപ്പെടണം. തുടർന്ന് ഇഷ്ടദേവതാ രൂപം കൂടി ഉപേക്ഷിക്കുന്ന അതോടെ സമാധി ദശയിൽ നിർവികൽപമായ ആത്മരൂപം തെളിയുന്നു. അതോടെ ഇഷ്ടദേവതാ രൂപത്തിലായാലും ആത്മ രൂപത്തിലായാലും സർവ്വത്ര ഈശ്വരനെ മാത്രം കാണാൻ കഴിയുന്ന മട്ടിലുള്ള ഏകാന്തഭക്തി സംജാതമാവുകയും ചെയ്യുന്നു. മനുഷ്യനായി ജനിച്ചാൽ ഒരാൾ പരമമായി ലക്ഷ്യമാക്കേണ്ടത് എന്താണെന്ന് ഭാഗവതത്തിന്റെ ആരംഭത്തിൽ ശൗനകാദിമുനി മാർ സൂതനോട് ചോദിക്കുന്നു. സൂതൻ പരമലക്ഷ്യമായി ഈ ഏകാന്ത ഭക്തിയാണ് ചൂണ്ടിക്കാണിക്കുന്നത്.

സ വൈ പുംസാം പരോ ധർമ്മോ
യതോ ഭക്തിരധോക്ഷജേ
അഹൈതുക്യപ്രതിഹതാ
യയാത്മാ സംപ്രസീദതി
(ഭാഗവതം,1-2-6)

ഭഗവാങ്കൽ ഇടതടവില്ലാത്ത നിഷ്കാമഭക്തി നേടിത്തരാൻ എന്തിന് കഴിവുണ്ടാകുമോ അതാണ് പുരുഷനായി ജനിച്ചാൽ അനുഷ്ഠിക്കേണ്ട പരമ ധർമ്മം. അതുകൊണ്ട് മാത്രമേ ഹൃദയം പ്രസന്ന മാവു. 'പരമ പ്രേമം ഭഗവാങ്കൽ ഉറപ്പിക്കുന്നതാണ് ഭക്തി'എന്നു നാരദനും ഭക്തിയെ നിർവചിക്കുന്നു. ഭക്തന്മാരിൽ തന്നെ ഏകാന്ത ഭക്തന്മാർ മുഖ്യന്മാരാണെന്നത്രെ നാരദൻ ഭക്തിസൂത്രം അഞ്ചാം അദ്ധ്യായത്തിൽ ആദ്യ സൂത്രത്തിൽ തന്നെ പ്രസ്താവിക്കുന്നത്. ഭക്താ ഏകാന്തിനോ മുഖ്യ: എന്നാണ് സൂത്രം. ഏകാന്ത ഭടന്മാരാണ് മുഖ്യന്മാർ എന്നത്രേ സൂത്രാർത്ഥം. മനുഷ്യന്റെ സ്വധർമ്മാനുഷ്ഠാനം ഈ ഭക്തിയെ വർദ്ധിപ്പിക്കുന്നില്ലെന്നുവന്നാൽ വൃഥാശ്രമമായി കലാശിക്കും എന്നാണ് ഭാഗവത മതം. ഈ ഏകാന്തഭക്തി അചിരേണ ലഭ്യമാക്കണമെന്നാണ് ആചാര്യൻ പ്രസ്തുത ശ്ലോകത്തിൽ പ്രാർത്ഥിച്ചിരിക്കുന്നത്. ഒരേകാന്തഭക്തന്റെ ലക്ഷണങ്ങൾ ഗീത പന്ത്രണ്ടാം അദ്ധ്യായം നോക്കി വിശദമായി മനസ്സിലാക്കുക.

ഏകാന്തഭക്തിയും താത്ഫലമായുണ്ടാകുന്ന ഏകാന്ത യോഗവും അത്ര എളുപ്പം നേടാവുന്നവയല്ല. തീവ്ര വൈരാഗ്യവും സമ്പൂർണ്ണമായ മമതാത്യാഗവും കൊണ്ടു മാത്രമേ അവ കൈവരൂ. തുടർന്ന് നിരന്തരമായ ധ്യാനാഭ്യാസവും. അഭ്യാസ വൈരാഗ്യങ്ങൾ കൊണ്ടു പാകതവരാത്ത ഒരാൾ വെറുതെ ഏകാന്തയോഗിയെപ്പോലെ അഭിനയിച്ചത് കൊണ്ടു ഫലമില്ല. ആധ്യാത്മികമായ അനുഭൂതി അഭ്യാസവൈരാഗ്യങ്ങളിൽക്കൂടി സ്വാഭാവികമായി വന്നു ചേരേണ്ടതാണ്. കൃത്രിമമായ അനുകരണം ഫലം നൽകുകയില്ലെന്നു മാത്രമല്ല, പതനത്തിനും കാരണമായി ഭവിക്കും. ഇക്കാര്യമാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്:



ശ്ലോകം 24

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയ വഴി
പോകുന്നപോലെ ഹരി നാരായണായ നമഃ

ഏകാന്തയോഗികളിൽ ആകാംക്ഷകൊണ്ടു് = ഏകാന്തയോഗികളുടെ അനുഭവങ്ങൾ എനിക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടു്;
ഏകാന്തമെന്ന വഴി = ഏകാന്തമായ വഴിക്ക് പോകുന്നിതെന്മനവും =
എന്റെ മനസ്സും പോകുന്നു;
കാകൻ പറന്നു് = കാക്ക പറന്നു്;
പുനരന്നങ്ങൾ പോയ വഴി = അന്നങ്ങൾ പോയ വഴിയിലൂടെ;
പോകുന്നപോലെ = പോകുന്ന പോലെയാണു് (എന്റെ ആഗ്രഹം) എന്നറിയാമെങ്കിലും അതിനായി അനുഗ്രഹിക്കണമേ;
ഹരി നാരായണായ നമഃ = ഹരേ, നാരായണ

ഏകാന്തയോഗികളുടെ അനുഭവങ്ങൾ എനിക്കും ഉണ്ടാകണമെന്നു് ഞാൻ കൊതിക്കുന്നു. അരയന്നങ്ങളുടെ വഴിയെ പറക്കാൻ കാക്ക ആഗ്രഹിക്കുന്നതുപോലെയാണ് എന്റെ ആഗ്രഹമെന്നറിയാം.

'ഗീത'യിൽ "ആത്മസംയമയോഗ'ത്തിൽ ഏകാന്തയോഗിയെക്കുറിച്ചു് ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്യുന്നു - 
സർവഭൂതത്തിലും തന്നെ തന്നിൽത്താൻ സർവഭൂതവും
യോഗയുക്താത്മാവു കാണുമെങ്ങുമേ സമദർശനൻ
എന്നെയെല്ലാറ്റിലും കാണ്മോനെല്ലാം കാണ്മവനെന്നിലും
ആരാണവന്നു ഞാനില്ലാതാകില്ലവനെനിക്കുമേ
എല്ലാറ്റിലും നില്ക്കുമെന്നെത്താനൊന്നായിഭജിപ്പവൻ
എന്തിൽ നിന്നീടിലും യോഗിയവൻ നില്ക്കുന്നതെന്നിലാം
എല്ലാറ്റിലും സമം തങ്കലെന്നതിൻവണ്ണമർജുന
സുഖവും ദുഃഖവും കാണ്മോൻ സമ്മതൻ മുഖ്യയോഗിയാം

(ഭഗവദ്ഗീത, 6, 29-32).

സനകൻ, നാരദൻ, ശ്രീശുകൻ തുടങ്ങിയവരെ ഏകാന്തയോഗികളെന്നു പറയാം. അനന്യചിത്തരായി ഏകാന്തഭാവത്തോടെ ഈശ്വരസവ ചെയ്യുന്ന

ആ യോഗികളെ അനുകരിച്ചു് ഏകാന്തഭക്തി ഉണ്ടാകാൻ ആഗ്രഹിക്കുന്ന ആചാര്യൻ വിനയം കൊണ്ട് തനിക്ക് അതിനു യോഗ്യതയില്ല എന്നു പറയുന്നു. ഒരു അലങ്കാരപ്രയോഗം കൊണ്ടാണ് താൻ അവരിൽ നിന്നു താഴെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നതു് "അരയന്നങ്ങൾ പോയ വഴിക്കു കാകൻ പറന്നപോലെയാണ് തന്റെ ആഗ്രഹം" എന്ന്.

"മഹാഭാരതം കർണ്ണപർവ'ത്തിൽ കർണ്ണന്റെ ആത്മവീര്യം നശിപ്പിക്കുന്നതിനായി കർണ്ണനെ പല തരത്തിൽ ശല്യർ ഇകഴ്ത്തിപ്പറയുന്ന കൂട്ടത്തിൽ ഒരു കാക്കയുടെ കഥ പറയുന്നുണ്ട്. കാക്ക അരയന്നങ്ങളുമായി മത്സരിച്ചു പറന്നു. കടലിനു മീതേ അരയന്നങ്ങൾ അനായാസമായി പറന്നു. കാക്ക കുറെ പറന്നപ്പോൾ ചിറകു കുഴഞ്ഞു കടലിൽ വീണു ചത്തു. ഈ കഥ മനസ്സിൽ വച്ചുകൊണ്ടാവാം ആചാര്യൻ ഹംസങ്ങളെയും കാക്കയെയും ഉപമയിൽ പ്രയോഗിച്ചതു്.

“ഹംസ'ശബ്ദം സന്ന്യാസിമാരിൽ ഉയർന്ന ഒരു വിഭാഗത്തെ കുറിക്കുന്ന സാങ്കേതികശബ്ദവുമാണു്. ആദ്ധ്യാത്മികതയുടെ ഉന്നതതലങ്ങളിൽ വിഹരിക്കുന്ന ഏകാന്തയോഗികളെ അന്തരിക്ഷത്തിൽ വളരെ ഉയര പർവതങ്ങളെയും മഹാസമുദ്രങ്ങളെയും കീഴിലാക്കി പറന്നു കളിക്കുന്ന അരയന്നങ്ങളുമായി താരതമ്യപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ പ്രതീകമാണ് തുവെള്ളനിറമുള്ള അരയന്നം. കാക്കയാകട്ടെ അജ്ഞാനത്തിന്റെയും അശുദ്ധിയുടേയും പ്രതീകവും. അരയന്നം പറക്കുന്ന മാർഗ്ഗത്തിലൂടെ
കാക്കയ്ക്ക് പറക്കാൻ സാധ്യമല്ല.

എങ്കിലും ഭഗവത്പ്രസാദം കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല. കാക്കയ്ക്ക് അരയന്നത്തിന്റെ കഴിവുകൾ കൊടുക്കാനോ അരയന്നത്തെ കാക്കയായോ കാക്കയെ അരയന്നമായോ മാറ്റാനോ ഭഗവദനുഗ്രഹത്തിനു സാധിക്കും. ഭഗവൻ, ഏകാന്തയോഗികളുടെ യോഗ്യതകളില്ലാത്ത ഞാൻ അവരുടെ അനുഭൂതികൾ ആഗ്രഹിക്കുന്നു. അരയന്നങ്ങളുടെ മാർഗ്ഗത്തിൽ പറക്കാൻ ആഗ്രഹിക്കുന്ന കാക്കയുടേതുപോലെ എന്റെ ആഗ്രഹം അത്യാഗ്രഹമായിരിക്കാം. എങ്കിലും നിന്തിരുവടിയുടെ കാരുണ്യമുണ്ടെങ്കിൽ എനിക്ക് എല്ലാ കഴിവുകളും ഉണ്ടാകാം. ഏകാന്തഭക്തി തന്ന് എന്നെ അനുഗ്രഹിക്കണമേ, ഹരേ, നാരായണ, നിന്തിരുവടിക്കു നമസ്കാരം.

ഡോ: ബി. സി. ബാലകൃഷ്ണന്റെ ഹരിനാമകീർത്തന വ്യാഖ്യാനത്തിൽ നിന്നും






No comments:

Post a Comment