Tuesday 13 July 2021

ശ്ലോകം 55 56

 ശ്ലോകം 55
യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

അദ്വൈതാഭ്യാസം

അദ്വൈതാഭ്യാസം കൊണ്ടേ പൂർണ്ണമായും ആത്മാവു  തെളിഞ്ഞു കിട്ടൂ. ഭക്തിയുടെ പരമാചാര്നായ  നാരദൻ ഭാഗവതം ഏഴാം സ്കന്ധത്തിന്റെ അവസാനഭാഗത്ത് ധർമ്മപുത്രരോട്  മൂന്നുവിധം അദ്വൈതം പരിശീലിക്കുവാൻ ആവശ്യപ്പെടുന്നു.

#ഭാവാദ്വൈതം,   #ക്രിയാദ്വൈതം,   #ദ്രവ്യാദ്വൈതം ഇവയാണ് മൂന്നുവിധം അദ്വൈ തങ്ങൾ.

പ്രപഞ്ചത്തിന്റെ കാരണം അഖണ്ഡ ബോധസ്വരൂപനായ പരമാത്മാവാണല്ലോ. കാരണത്തിൽ നിന്നും ഉണ്ടായ കാര്യങ്ങൾ അതിൽ നിന്നും ഭിന്നങ്ങളാകാൻ പറ്റുകയില്ല. സ്വർണ്ണത്തിൽ രൂപംകൊള്ളുന്ന ആഭരണങ്ങൾ സ്വർണം തന്നെയാണല്ലോ. കാരണത്തിൽ ഇല്ലാത്ത കാര്യം ഒരിക്കലും ഒരിടത്തും സംഭവിക്കുന്നില്ല. അപ്പോൾ സ്വർണത്തിലും ആഭരണത്തിലും  വസ്തു സ്വർണ്ണം തന്നെയാണ്. അതുപോലെ പ്രപഞ്ച കാരണമായ പരമാത്മാവിലും  കാര്യമായ പ്രപഞ്ചത്തിലും വസ്തു പരമാത്മാവു  തന്നെ. കാര്യകാരണങ്ങളിലെ വസ്ത്വയ്ക്യം  വിചാരം ചെയ്തറിഞ്ഞ്  കാണപ്പെടുന്ന സകലതിലും പരമാത്മാവിനെ കാണാൻ മനസ്സിനെ പ്രേരിപ്പിക്കുന്നതാണ് ഭാവാദ്വൈതം. എവിടെയും പരമാത്മാവിനെ ദർശിച്ച്  മനസ്സുകൊണ്ടും  വാക്കുകൊണ്ടും ശരീരംകൊണ്ടും ചെയ്യുന്ന എല്ലാ ക്രിയകളും ആ പരമാത്മാവിന്റെ  അർച്ചനയെന്നു  കരുതി, അവിടെ സമർപ്പിക്കുന്നതാണ് ക്രിയാദ്വൈതം. സ്വന്തം സ്വാർഥകാമങ്ങൾ പോലെയാണ് മറ്റുള്ളവരുടെയും സ്വാർഥകാമങ്ങളെന്നു  കണ്ട് ലോകവ്യവഹാരത്തിൽ  മനസ്സിനെ  ആത്മതുല്യത്വം  പഠിപ്പിക്കുന്നതാണ് ദ്രവ്യാദ്വൈതം. ഈ വിധമുള്ള ത്രിവിധാദ്വൈതപരിശീലനം ചിത്തത്തെ  അതിവേഗം വിശുദ്ധീകരിച്ച് സർവ്വം ബ്രഹ്മമയമെന്ന അദ്വൈതസാക്ഷാത്ക്കാരത്തിൽ സാധകനെ കൊണ്ടെത്തിക്കും.

അദ്വൈതാ ഭ്യാസവിധമാണ് ആചാര്യൻ പ്രസ്തുത ശ്ലോകത്തിൽ വിവരിച്ചിരിക്കുന്നത്.

ശ്ലോകം 56

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൌസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

ഇവിടെ കൈയിൽ കോടിസൂര്യതുല്യം പ്രകാശിക്കുന്ന സുദർശനചക്രം, ഇരിക്കാനും കിടക്കാനും എപ്പോഴും അടുത്ത്  അനന്തൻ, ദേഹത്തണിഞ്ഞിരിക്കുന്ന വനമാല, മഞ്ഞപ്പട്ട്, കൗസ്തുഭമണി മുതലായവ ഇതെല്ലാം ഏകാഗ്രതയ്ക്കായി  ധ്യാനിക്കാനുള്ള രൂപമാണ്. നാരായണനു  നമസ്കാരം.

#ബ്രഹ്മശ്രീGബാലകൃഷ്ണൻനായർ

RADHAKRISHNAN KAKKASSERY

No comments:

Post a Comment