ശ്ലോകം 39
ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു-
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നു മഹാ-
മോഹംനിമിത്തം, ഇതു പോകും പ്രകാരമതു
ചേതസ്സിലാക മമ നാരായണായ നമഃ
(ഞാനെന്നുമീശ്വരനിതെന്നും- ഞാൻ വേറെയാണെന്നും ഈശ്വരൻ വേറെയാണെന്നുമുള്ള ഭേദബുദ്ധി, വളർന്നളവു- വർദ്ധിച്ചതോടെ, ജ്ഞാനദ്വയങ്ങൾ- ഞാൻ വേറെ, ഈശ്വരൻ വേറെ, ജഗത്തു വേറെ, കാണപ്പെടുന്ന ഓരോന്നും വേറെ വേറെ, എന്നിങ്ങനെയുള്ള ഭേദഭാവനകൾ., പലതുണ്ടായതിന്ന്- അനേകം തോന്നിയതിന്, നിമിത്തം- കാരണം, മഹാമോഹം- അജ്ഞാനം മാത്രമാണ്, ഇത് പോകുംപ്രകാരമതു- അജ്ഞാനം നീങ്ങാനുള്ള ഉപായം, മമ ചേതസ്സിലാക- എന്റെ ഉള്ളിൽ തെളിയാനിടവരണം)
ഞാൻ വേറെ യാണെന്നും ഈശ്വരൻ വേറെയാണെന്നുമുള്ള ഭേദബുദ്ധി വർദ്ധിച്ചതോടെ ഞാൻ വേറെ, ഈശ്വരൻ വേറെ, ജഗത്ത് വേറെ, കാണപ്പെടുന്ന ഓരോന്നും വേറെ വേറെ, എന്നിങ്ങനെയുള്ള ഭാവനകൾ അനേകം തോന്നിയതിനു കാരണം അജ്ഞാനം മാത്രമാണ്. ഈ അജ്ഞാനം നീങ്ങാനുള്ള ഉപായം എന്റെ ഉള്ളിൽ തെളിയാനിടവരണം. നാരായണനു നമസ്കാരം.
'ദ്വൈതം ഭ്രമം അദ്വൈതം സത്യം' - വസ്തു ഒന്നേയുള്ളൂ. അതിൽ രണ്ടിന്റെ തോന്നലുണ്ടായതു വെറും ഭ്രമം. ജീവനും ഈശ്വരനും വേറെ, ജീവനും ജഗത്തും വേറെ, ഈശ്വരനും ജഗത്തും വേറെ, ജീവന്മാർ ഓരോന്നും വേറെ, ജഗദൃശ്യങ്ങളോരോന്നും വേറെ. ഇവയാണ് പ്രധാനപ്പെട്ട ദ്വൈത ഭാവനകൾ. അദ്വയമായ വസ്തുവിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ ഭാവനകൾക്ക് കാരണം. ഗുരൂപദേശം നേടി ആത്മവിചാരം ചെയ്യുന്നതോടെ ഈ മഹാമോഹം അകലും. ഇതിന്റെ വിശദാംശങ്ങൾ എട്ടും പതിമൂന്നും പദ്യങ്ങളുടെ വ്യാഖ്യാനം നോക്കി അറിയുക. മാണ്ഡുക്യോപനിഷത്തിനു കാരിക എഴുതിയ ഗൗഡപാദാചാര്യർ പ്രഖ്യാപിക്കുന്നത് നോക്കുക:
പ്രപഞ്ചോ യദി വിദ്യേത
നിവർത്തേത ന സംശയ:
മായാമാത്രമിദം ദ്വൈത-
മദ്വൈതം പരമാർഥത:
ദ്വൈതപ്രപഞ്ചം തോന്നുന്നുണ്ടെങ്കിൽ അതു മാറിത്തരും, സംശയമേ വേണ്ട. ഈ ദ്വൈതം മായാ നിർമ്മിതമായ വെറും ഭ്രമമാണ്. അദ്വൈതം മാത്രമാണ് സത്യം.
പ്രപഞ്ച രൂപത്തിൽ കാണപ്പെടുന്ന ദ്വൈതം ഭ്രമമാണെന്നു സമ്മതിക്കാം. എന്നാൽ ഈശ്വരന്മാരിൽത്തന്നെ ഭേദം കാണുന്നല്ലോ. ശിവൻ വേറെ, വിഷ്ണു വേറെ ഇങ്ങനെ നിരവധി ദൈവങ്ങൾ. ഇതുമൊക്കെ ഭ്രമം ആണോ? ഈ ചോദ്യത്തിനുത്തരമാണ് അടുത്ത പദ്യം:
ശ്ലോകം 40
ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമഃ
( ടങ്കം കുരംഗവും-മഴുവും മാനും, എടുത്തിട്ടു പാതിയുടൽ- ചിഹ്നങ്ങളായി കൈയിൽ വഹിച്ചുകൊണ്ടു പകുതി ദേഹം, ശംഖംരഥാംഗവും- ശംഖും ചക്രവും, എടുത്തിട്ടു പാതിയുടൽ- കൈയ്യിലേന്തിക്കൊണ്ടു മറ്റേ പകുതി, തവ ഹി- അങ്ങയുടെ തന്നെ, ഏകാക്ഷരം രൂപം- നാശരഹിതമായ പരമാത്മസ്വരൂപം അഥവാ ബ്രഹ്മപ്രതീകമായ 'ഓം'കാര രൂപം, നിനപ്പവനു- ധ്യാനിച്ചുറപ്പിക്കുന്നവന്, മോഹവഴി പോകുന്നു- അജ്ഞാനവും തജ്ജന്യമായ ഭേദബുദ്ധിയും വിട്ടകലുന്നു)
മഴുവും മാനും ചിഹ്നങ്ങളായി കൈയിൽ വഹിച്ചുകൊണ്ട് പകുതി ദേഹം, ശംഖും ചക്രവും കൈയ്യിലേന്തിക്കൊണ്ട് മറ്റേ പകുതി. അല്ലയോ ഭഗവൻ, അങ്ങയുടെ നാശരഹിതമായ പരമാത്മരൂപമോ അതിന്റെ പ്രതീകമായ ഓംകാര രൂപമോ ധ്യാനിച്ചുറപ്പിക്കുന്നവന് അജ്ഞാനമകന്ന് എല്ലാ ഭേദചിന്തകളും വിട്ടകലുന്നു.
'ശങ്കരനാരായണധ്യാനവും പ്രണവധ്യാനവും' - പ്രപഞ്ചദ്വൈതം മിഥ്യയാണെങ്കിൽ ദേവതാഭേദങ്ങളും സാങ്കല്പികങ്ങളാണെന്നും പറയേണ്ടതില്ലല്ലോ. ഒരേ പരമാത്മാവിനെ തന്നെയാണ് ഭിന്ന രുചികളായ ആളുകൾ അവരവർക്കിഷ്ടമുള്ള രൂപത്തിൽ സങ്കൽപ്പിച്ച് ഉപാസിക്കുന്നത്. ഓരോരുത്തരുടെ സങ്കൽപത്തിനനുസരിച്ച് രൂപം പൂണ്ട് അവരവരെ അനുഗ്രഹിക്കാൻ സർവജ്ഞനും സർവശക്തനുമായ പരമാത്മാവിനു യാതൊരു പ്രയാസവുമില്ല. ഏതായാലും ഈ ദേവതാ ഭേദബുദ്ധി മാറിക്കിട്ടാൻ രണ്ടുതരത്തിലുള്ള ഉപാസനകളാണ് ആചാര്യൻ പ്രസ്തുത പദ്യത്തിൽ നിർദ്ദേശിക്കുന്നത്. ശങ്കരനാരായണോപാസനയും പ്രണവോപാസനയും. മഴുവും മാനും ശിവ രൂപത്തിലെ ചിഹ്നങ്ങളാണ്. ശംഖും ചക്രവും വിഷ്ണുരൂപത്തിലെ ചിഹ്നങ്ങളും. ശിവന്റെ പകുതി ശരീരവും വിഷ്ണുവിന്റെ പകുതി ശരീരവും ചേർത്ത് ശങ്കരനാരായണരൂപം ഉപാസിക്കുന്നവർക്ക് ദേവതാഭേദബുദ്ധി മാറിക്കിട്ടുന്നതാണ്. ഒരേ പരബ്രഹ്മം തന്നെയാണ് ത്രിമൂർത്തികളായി വേർതിരിഞ്ഞിരിക്കുന്നതെന്ന വസ്തുത ഒന്നും ഒൻപതും ശ്ലോകങ്ങളുടെ വ്യാഖ്യാനം വായിച്ച് കൂടുതൽ വ്യക്തമായി ധരിക്കേണ്ടതാണ്. ശൈവവൈഷ്ണവഭേദം ഒരുകാലത്ത് വളരെ പ്രബലമായിരുന്നു. ഇതിനൊരു പോംവഴിയായിട്ടായിരിക്കണം ശങ്കരനാരായണോപാസന നിർദ്ദേശിക്കപ്പെട്ടത്. ചില ക്ഷേത്രങ്ങളിൽ ശങ്കരനാരായണ പ്രതിഷ്ഠയും കാണ്മാനുണ്ട്. ദേവതാഭേദബുദ്ധി മാറാനുള്ള രണ്ടാമത്തെ ഉപായം ബ്രഹ്മവിദ്യ അഭ്യസിക്കുകയാണ്. വിചാരം ചെയ്തും നിർഗുണോപാസനകൊണ്ടും ബ്രഹ്മവിദ്യ അഭ്യസിക്കാം. അല്ലെങ്കിൽ ബ്രഹ്മപ്രതീകമായ 'ഓം'കാരം ധ്യാനിച്ച് ബ്രഹ്മവിദ്യ ശീലിക്കാം. എന്തായാലും പരമസത്യം കാണാൻ കൊതിക്കുന്നവർ ദേവതാ ദ്വൈതബുദ്ധി ഉപേക്ഷിച്ച് അദ്വൈതബോധമുൾക്കൊണ്ട് ഏതെങ്കിലും ഉപാസനാമാർഗ്ഗം അംഗീകരിക്കേണ്ടതാണ്. ശാസ്ത്രീയമായ വസ്തുബോധമില്ലായ്മയാണ് സകലഭേദബുദ്ധിക്കും കാരണം. ഉപാസനയ്ക്കു മുമ്പ് ഒരാൾ ഈ വസ്തുബോധം നേടിയിരിക്കേണ്ടതാണെന്നു ചുരുക്കം. ഇതു മാത്രമാണ് അജ്ഞാനം മാറിക്കിട്ടാനുള്ള ഉപായം.
വസ്തു ഒന്നേയുള്ളൂവെങ്കിൽ ഈ വൈവിധ്യം എങ്ങനെ വന്നു? ദൃഷ്ടാന്തം ചൂണ്ടിക്കാണിച്ച് ഈ ചോദ്യത്തിനുത്തരം പറയുകയാണ് അടുത്ത പദ്യത്തിൽ:
#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ
No comments:
Post a Comment