Thursday 15 July 2021

ശ്ലോകം 29 30

ശ്ലോകം 29

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുൽപ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
പിൽപ്പാടു ചെന്നഥ തടുത്തോരുനാൽരെയു-
മപ്പോലെ നൗമി ഹരിനാരായണായ നമഃ

(അജാമിളനെ- അജാമിളനെന്ന ബ്രാഹ്മണനെ, അപ്പാശവും വടിയുമായ്ക്കൊണ്ട്- യമപാശവും വടിയും കയ്യിലേന്തി, മുൽപ്പാടു ചെന്നു- ആദ്യം ചെന്ന്, കയറിട്ടോരു കിങ്കരരെ- വരിഞ്ഞു കെട്ടാൻ ഭാവിച്ച യമഭടന്മാരെ, അഥ പിൽപാടു ചെന്ന്- തുടർന്നു പിന്നീട്ചെന്ന്, തടുത്തോരു നാൽവരെയും- തടുത്ത നാലു വിഷ്ണു ദൂതന്മാരെയും, അപ്പോലെ- നൗമി- വിഷ്ണു സദൃശ്യമായ അവരുടെ രൂപ സ്മരിച്ചുകൊണ്ട് ഞാൻ കുമ്പിടുന്നു)
അജാമിളനെന്ന ബ്രാഹ്മണനെ യമപാശവും വടിയും കയ്യിലേന്തി ആദ്യം ചെന്നു വരിഞ്ഞുകെട്ടാൻ ഭാവിച്ച യമഭടന്മാരെ തുടർന്നു പിന്നീടു ചെന്നു തടുത്ത നാലു വിഷ്ണുദൂതന്മാരെയും വിഷ്ണുതുല്യമായ അവരുടെ രൂപം സ്മരിച്ചുകൊണ്ടു ഞാൻ കുമ്പിടുന്നു. നാരായണനു നമസ്കാരം.

'അജാമിള കഥ' - ഭാഗവതം ആറാം സ്കന്ധതത്തിൽ ഒന്നാമധ്യായത്തിലാണ് അജാമിള കഥ തുടങ്ങുന്നത്. പാപത്തിനു പ്രായശ്ചിത്തം ചെയ്തിട്ട് അതേ പാപം വീണ്ടും തുടരുന്നയാൾക്ക് പ്രായശ്ചിത്തം കൊണ്ടു ഫലമുണ്ടാകുന്നില്ലല്ലോ എന്നൊരു സംശയം പരീക്ഷിത്ത് ഉന്നയിച്ചു. കർമ്മത്തെ കർമ്മം കൊണ്ട് എന്നേക്കുമായി ഒതുക്കിത്തീർക്കാൻ ഒരിക്കലും സാധ്യമല്ല. അജ്ഞന്റെ സംതൃപ്തിക്കാണ് പ്രായശ്ചിത്ത വിധികൾ. സത്യമെന്തെന്നു വിചാരം ചെയ്തറിയുകയാണ് യഥാർത്ഥ പ്രായശ്ചിത്തം. അതോടൊപ്പം നാരായണ നാമജപവും. ഒരിക്കലെങ്കിലും നാരായണനാമം സ്‌മരിക്കുന്നയാളിനെ പാശധാരികളായ യമടന്മാർക്ക് വിട്ടൊഴിയേണ്ടി വരുന്നു. ശുകൻ പരീക്ഷിത്തിന്റെ സംശയം ഇങ്ങനെ നിവർത്തിപ്പിച്ച ശേഷം ദൃഷ്ടാന്തമായി പറയുന്നതാണ് അജാമിളകഥ. കന്യാകുബ്ജത്തിലെ ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ. ബ്രാഹ്മണാചാരമെല്ലാം വെടിഞ്ഞ് ഒരു ദാസിയെ വേളിയും കഴിച്ച് അയാൾ കഴിഞ്ഞു കൂടി. ഭഗവാനെ മറന്നു ദുർ വാസനകളിൽ മുഴുകിക്കഴിഞ്ഞ അയാൾക്ക് പത്തുപുത്രന്മാരും ഉണ്ടായി. പിതാവിന്റെ ഏറ്റവും വത്സല നായ ഇളയപുത്രന്റെ പേര് നാരായണൻ എന്നായിരുന്നു. മരണ സമയം സമാഗതമായി. പിതാവിന്റെ ചിന്ത മുഴുവൻ ഇളയമകനായ നാരായണനിലായിരുന്നു. ഘോരരൂപികളും പാശഹസ്തന്മാരുമായ മൂന്നുപേർ അജാമിളനെ സമീപിച്ച് കെട്ടാൻ ആരംഭിച്ചു.അപ്പോഴേക്കും ആ ബ്രാഹ്മണൻ അങ്ങകലെ കളിച്ചുകൊണ്ടിരുന്ന നാരായണനെ ഇടറുന്ന സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചു. മരിക്കാൻ പോകുന്നയാൾ ഭഗവന്നാമം ഉച്ചരിക്കുന്നതുകേട്ട് നാലു വിഷ്ണുദൂതന്മാർ പെട്ടെന്ന് അവിടെ ആവിർഭവിച്ചു. വിഷ്ണു സ്വരൂപികളായ അവർ യമഭടന്മാരെ തടഞ്ഞു. മാത്രമല്ല, യമഭടന്മാർക്ക് ധർമ്മമെന്തെന്നറിയാനേ പാടില്ലെന്നു പറഞ്ഞു നിന്ദിച്ച് അവരെ ആട്ടിപ്പായിച്ചു. ധർമസാരമെന്തെന്ന് അവർ ഇങ്ങനെ പ്രഖ്യാപിച്ചു:

സാങ്കേത്യം പാരിഹാസ്യം വാ
സ്തോഭം ഹേലനമേവ വാ
വൈകുണ്ഠനാമഗ്രഹണം
അശേഷാഘഹരം വിദു:
(ഭാഗവതം, 6-2-14)

സാങ്കേതികമായോ പരിഹാസമായോ പരിഭ്രമിച്ചോ, കളിയായോ എങ്ങനെയായാലും വേണ്ടില്ല, ഭഗവനാമോച്ചാരണം പാപങ്ങളെ അപ്പാടെ നശിപ്പിക്കുന്നു. യമഭടന്മാരെ ആട്ടിയോടിച്ചശേഷം അജാമിളനെ അനുഗ്രഹിച്ച് വിഷ്ണുദൂതന്മാരും മറഞ്ഞു. മൃത്യുവക്ത്രത്തിൽ നിന്നു രക്ഷപ്പെട്ട അജാമിളൻ തന്റെ ഭൂതകാലകർമ്മങ്ങളിൽ പശ്ചാത്തപിച്ചു വിരക്തനായി ഭവിച്ചു. ഗംഗാ തീരത്തെത്തി തപസ്സുചെയ്ത് അചിരേണ ആത്മസാക്ഷാത്കാരം നേടുകയും ചെയ്തു. ഇങ്ങനെ നാമോച്ചാരണം കേട്ടത്തി അജാമിളനെ യമഭടന്മാരിൽ നിന്നും രക്ഷിച്ച വിഷ്ണുദൂതന്മാരെയാണ് ആചാര്യൻ കുമ്പിടുന്നത്. മരണവേളയിൽ ഭഗവന്നാമം സ്മരിക്കാനും കീർത്തിക്കാനും ഭാഗ്യമുണ്ടാകണമെന്നു ഭാവം.
അന്ത്യവേളയിൽ നാമം സ്മരിച്ച അജാമിളനെ വിഷ്ണുദൂതന്മാർ യമഭടന്മാരിൽ നിന്നു മോചിപ്പിച്ചു. അജാമിളന്റെ ആദ്യകാലജീവിതം പരിശുദ്ധവും ഈശ്വരാരാധനാപൂർണ്ണവുമായിരുന്നു. ജീവിതത്തിന്റെ മധ്യഘട്ടത്തിലാണ് ദാസീപതിയായി അജാമിളൻ അധപ്പതിച്ചത്. ഒരുപക്ഷേ, പൂർവസംസ്കാരം തങ്ങിക്കിടന്നതാവാം നാമസ്മരണത്തിനും മോചനത്തിനും ഇടയാക്കിയത്. എന്തായാലും ഭഗവത്ഭജനത്തിലേർപ്പെട്ട ഭക്തനായ ഒരു പാണ്ഡ്യരാജാവിനെ ഭഗവാൻ കഠിനമായി പരീക്ഷിക്കുന്നതായിട്ടാണു കാണുന്നത്. ആ ദൃഷ്ടാന്തം എടുത്തു കാട്ടി സ്വയം അത്ഭുതപ്പെടുകയാണ് ആചാര്യൻ അടുത്ത പദ്യത്തിൽ



ശ്ലോകം 30

കഷ്ടം! ഭഗവാനെയൊരു പാണ്ട്യൻ ഭജിച്ചള-
വഗസ്ത്യേന നീ ബത ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചു പിന്നെയുമ-
തോർക്കാവതല്ല ഹരിനാരായണായ നമഃ

(ഒരു പാണ്ഡ്യൻ- ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവ്, ഭവാനെ ഭജിച്ചളവ്- അങ്ങയെ ഭജിച്ചിട്ട്, ഇഹ- ഇവിടെ, നീ- അല്ലയോ ഭഗവാനേ അങ്ങ്, അഗസ്ത്യേന- അഗസ്ത്യമുനി യെ കൊണ്ട്, ശപിപ്പിച്ചതെന്തിന്- ആനയായി തീരട്ടെ എന്നു ശപിപ്പിച്ചതെന്തിനാണ്, പിന്നെയും- ശപിച്ചതോ പോട്ടെ, അഥ- അതിനുശേഷം, നക്രേണ- മുതലയെക്കൊണ്ട്, കാൽക്ക്- കാലിൽ, കടിപ്പിച്ചു- കടിപ്പിച്ചു കഷ്ടപ്പെടുത്തുകയും ചെയ്തു, അതോർക്കാവതല്ല- ആ കാര്യം ചിന്തിക്കുമ്പോൾ അശ്ചര്യം തോന്നുന്നു, കഷ്ടം- കഷ്ടമെന്നേ പറയേണ്ടു)
ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവ് അങ്ങയെ ഭജിച്ചിട്ട് അല്ലയോ ഭഗവാനേ, അങ്ങ് അഗസ്ത്യമുനി യെക്കൊണ്ട് ആനയായിത്തീരട്ടെ എന്നു ശപിപ്പിച്ചതെന്തിനാണ്? ശപിച്ചതോ പോട്ടെ, അതിനുശേഷം മുതലയെക്കൊണ്ടു കാലിൽ കടിപ്പിച്ചു കഷ്ടപ്പെടുത്തുകയും ചെയ്തു. ആ കാര്യം ചിന്തിക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. കഷ്ടം എന്നേ പറയേണ്ടൂ. ഹരിനാരായണനു നമസ്കാരം.

'ഗജേന്ദ്രമോക്ഷം' - ഭാഗവതം എട്ടാംസ്കന്ധത്തിൽ രണ്ടുമുതൽ അഞ്ചുവരെ അധ്യായങ്ങളിലാണ് ഗജേന്ദ്രമോക്ഷം കഥ വർണിച്ചിരിക്കുന്നത്. ദ്രാവിഡ ദേശത്ത് പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന മഹാരാജാവായിരുന്നു ഇന്ദ്രദ്യുമ്നൻ. വിഷ്ണു ഭക്തനായിരുന്ന മഹാരാജാവ് ഒരിക്കൽ ഭഗവതാരാധനയിൽ മുഴുകി മൗനമവലംബിച്ചിരിക്കുകയായിരുന്നു. ആ സമയത്ത് അപ്രതീക്ഷിതമായി അഗസ്ത്യമുനിയും ശിഷ്യന്മാരും അവിടെ വന്നു ചേർന്നു. തന്നെ സത്ക്കരിക്കാതെ ഏകാന്തതയിൽ കഴിച്ചുകൂട്ടുന്ന രാജാവിനെ കണ്ട് മുനി കോപിച്ചു.ദുരാത്മാവായ ഇവൻ ഒരു ആനയായി ഇരുട്ടിലേക്കു പതിക്കട്ടെ എന്നു മുനി ശാപവും നൽകി. ഇന്ദ്രദ്യുമ്നനാകട്ടെ, ആ ശാപത്തെപ്പോലും ഈശ്വരേച്ഛയായി കരുതി ഗജജീവിതത്തിലും ഭഗവത്സ്മരണ വിട്ടുപോകാതെ തുടർന്നു. ഒരിക്കൽ ഗജേന്ദ്രൻ കരിണികളുമായി ത്രികൂടപർവ്വതത്തിൽ എത്തിച്ചേർന്നു. അവിടെ ക്ഷീരോദസരസ്സിൽ ചെന്നിറങ്ങി. യാദൃശ്ചികമായി ഒരു മുതല ഗജേന്ദ്രന്റെ കാലിൽ പിടികൂടി. അനേക സംവത്സരം അവർ തമ്മിലുള്ള പിടിയും വലിയും നടന്നു. ഒടുവിൽ ഗജേന്ദ്രൻ ക്ഷീണിച്ചവശനായി ഭഗവാനെ സ്തുതിക്കാൻ തുടങ്ങി. ഭാഗവതത്തിലെ ഗജേന്ദ്ര സ്തുതി പ്രസിദ്ധമാണ്. തുടർന്ന് ഭഗവാൻ ഗരുഡോപരി ചക്രായുധനായി ക്ഷീരോദസരസ്സിലേക്കെഴുന്നള്ളി. ചക്രായുധംകൊണ്ടു മുതലയുടെ കണ്ഠം ഛേദിച്ച് ഗജേന്ദ്രനെ മോചിപ്പിച്ചു. ഭഗവാന്റെ കരസ്പർശനമേറ്റ് അജ്ഞാനബന്ധനത്തിൽ നിന്നു മുക്തനായ ഗജേന്ദ്രൻ വിഷ്ണു പാർഷദനായി ഭവിച്ച് വൈകുണ്ഠലോകം പ്രാപിക്കുകയും ചെയ്തു. 'ഹൂ ഹൂ'എന്ന ഗന്ധർവനായിരുന്നു ദേവലമുനിയുടെ ശാപം നിമിത്തം മുതലയായി ഭവിച്ച് ഗജേന്ദ്രനെ പിടികൂടിയിരുന്നത്. ചക്രായുധമേറ്റതോടെ ഗന്ധർവനും ശാപവിമുക്തനായി ഭവിച്ചു. ഭഗവാന്റെ കാരുണ്യം അത്ഭുതകരമാംവണ്ണം പ്രകടമാകുന്ന ഈ ഗജേന്ദ്രമോക്ഷം കഥയാണ് മുപ്പതാം പദ്യത്തിൽ ആചാര്യൻ സൂചിപ്പിച്ചിരിക്കുന്നത്. സംസാരസരസ്സിൽ മുങ്ങുന്ന അഹന്തയുടെ കാമവിമുക്തിയുടെ പ്രതീകാത്മക വിവരണമായും ഗജേന്ദ്രമോക്ഷം കഥ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.

ഭക്തനായ ഇന്ദ്രദ്യുമ്ന മഹാരാജാവിനെ ഭഗവാൻ കഠിനമായി പരീക്ഷിച്ച ശേഷമേ പാർഷദപദവി പോലും നൽകിയുള്ളു. എന്നാൽ ഇതു ഭഗവാന്റെ നിത്യ സ്വഭാവമാണോ? അല്ല. സൂര്യവംശ ചക്രവർത്തിയായ ഖാട്വാംഗ മഹാരാജാവിന് രണ്ടു നാഴിക കൊണ്ട് ബ്രഹ്മപ്രാപ്തി തന്നെ ലഭിക്കുകയുണ്ടായി. ഇക്കാര്യമാണ് ആചാര്യൻ മുപ്പത്തൊന്നാം പദ്യത്തിൽ പ്രതിപാദിക്കുന്നത്.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




No comments:

Post a Comment