ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പരം
ഏകാക്ഷരത്തിലിതടങ്ങുന്നു സർവ്വവു-
മിതാകാശ സൂക്ഷ്മതനു നാരായണായ നമഃ
(ഠായങ്ങൾ- സംഗീതത്തിലെ ഗമകങ്ങൾ, ഗീതമിവ- രാഗം തന്നെ ആയിരിക്കുന്നതുപോലെയും, നാദപ്രയോഗം- വിവിധതരത്തിലുള്ള നാദങ്ങളുടെ പ്രയോഗം, ഏകശ്രുതീങ്കൽ- ഒരേ സ്വരത്തിൽ, ഒരുമിക്കുന്ന പോലെയും- ഏകീഭവിക്കുന്നതുപോലെയും, ഏകാക്ഷത്തിൽ- ഒരേ പരമാത്മാവിൽ, ഇതു സർവവും- ഇക്കാണപ്പെടുന്ന പ്രപഞ്ചം മുഴുവനും, അടങ്ങുന്നു- ഉൾക്കൊണ്ടു നിൽക്കുന്നു, ആകാശസൂക്ഷ്മതനു- ആ പരമാത്മാവാകട്ടെ ആകാശം പോലെ സൂക്ഷ്മരൂപയാണ്)
സംഗീതത്തിലെ ഗമകങ്ങൾ രാഗം തന്നെയായിരിക്കുന്നതുപോലെയും, വിവിധതരത്തിലുള്ള നാദങ്ങളുടെ പ്രയോഗം ഒരേ സ്വരത്തിൽ ഏകീഭവിക്കുന്നതുപോലെയും ഒരേ പരമാത്മാവിൽ ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നു. ആ പരമാത്മാവാകട്ടെ, ആകാശം പോലെ സൂക്ഷ്മരൂപിയാണ്. നാരായണനു നമസ്കാരം.
'ഒന്നിൽ പലതാകാം' - സംഗീതരാഗത്തിലെ പ്രത്യേകതരത്തിലുള്ള ചില ആലാപവിശേഷങ്ങളാണ് ഗമകങ്ങൾ. ഒരേ രാഗത്തിൽ ഭാവവൈവിധ്യം ദ്യോതിപ്പിക്കുന്നവയാണ് ഗമകങ്ങൾ. ഇങ്ങനെയുള്ള ഗമകങ്ങൾ ഒരു രാഗത്തിൽ ഉത്ഭവിക്കുകയും മറയുകയും ചെയ്യുന്നു. അതുകൊണ്ട് അവ ഒരേ രാഗത്തിന്റെ തന്നെ രൂപാന്തരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. അതേവിധം തന്നെ സപ്തസ്വരങ്ങളെന്നറിയപ്പെടുന്ന 'സ രി ഗ മ പ ധ നി' എന്നിവയിൽ ഓരോന്നും പലവിധ നാദവൈവിധ്യത്തോടുകൂടി ആലപിക്കാവുന്നവയാണ്. അപ്പോൾ ഒരേ സ്വരത്തിൽ നിന്നു തന്നെ അനേകതരം നാദങ്ങൾ ഉണ്ടാവുകയും മറയുകയും ചെയ്യുന്നു. ഒന്നിൽ വൈവിധ്യ ത്തോടുകൂടിയ നാമരൂപങ്ങൾ ഉണ്ടായി മറയാമെന്നുള്ളതിന് സംഗീതത്തിലെ ഈ രണ്ടു കാര്യങ്ങളും ഉത്തമദൃഷ്ടാന്തങ്ങളാണ്. അതുകൊണ്ട് ബോധസ്വരൂപനായ പരമാത്മാവിൽ നിന്നും വിവിധ ജഡനാമരൂപങ്ങളായി കാണപ്പെടുന്ന പ്രപഞ്ചം എങ്ങനെയുണ്ടായി എന്നു ശങ്കിപ്പാനില്ല. ഒരേ രാഗത്തിൽ വിവിധ ഗമകങ്ങളെയും ഒരേ സ്വരത്തിൽ വിവിധ നാദങ്ങളെയും ഉണ്ടാക്കി ലയിപ്പിക്കാനുള്ള ശക്തി എങ്ങനെ ഒളിഞ്ഞിരിക്കുന്നുവോ അതുപോലെ ഇക്കാണുന്ന സകല ജഡനാമരൂപങ്ങളെയും ഉണ്ടാക്കി ലയിപ്പിക്കാനുള്ള ശക്തി പരമാത്മാവിൽ ഉണ്ടെന്നു കാണേണ്ടതാണ്. അതുകൊണ്ട് വൈവിധ്യം നിറഞ്ഞ പ്രപഞ്ചം മുഴുവൻ അക്ഷരമായ പരമാത്മാവിൽ അടങ്ങുന്നു. ഇവിടെ 'ഏകാക്ഷരത്തിലതടങ്ങുന്നു' എന്ന ഭാഗം പരമാത്മപ്രതീകമായ 'ഓം'കാരത്തിൽ അടങ്ങുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്. അന്തർമുഖമായി ഏകാഗ്രപ്പെടുന്ന സൂക്ഷ്മബുദ്ധിക്കു മാത്രമേ ശുദ്ധബോധസ്വരൂപമായ അതിനെ കണ്ടെത്താൻ കഴിയൂ എന്നു താത്പ്പര്യം.
പരമാത്മസ്വരൂപം ആകാശം പോലെ സൂക്ഷ്മമാണെങ്കിൽ അതിനെ കണ്ടെത്താനുള്ള മാർഗമെന്താണ്? ബുദ്ധിയെ അന്തർമുഖമാക്കി ഏകാഗ്ര പ്പെടുത്താൻ അനുഷ്ഠിക്കേണ്ട സാധനകളെന്തൊക്കെയാണ്? ആ സാധനകളനുഷ്ഠിച്ചാലുള്ള ഫലമെന്താണ്? ഇത്തരം സന്ദേഹങ്ങൾക്കുള്ള സമാധാനമാണ് നാല്പത്തിരണ്ടാം പദ്യം:
ശ്ലോകം 42
ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ
( ഡംഭാദിദോഷമുടനെട്ടും- മദം, മാത്സര്യം, രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മോഹം എന്നീ അഷ്ടരാഗങ്ങളും, ഹൃദികളഞ്ഞ്- ഹൃദയത്തിൽ നിന്നും ഒഴിച്ചു മാറ്റി ശുദ്ധിവരുത്തി, മുമ്പേ- ആദ്യമായി, നിജാസനമുറച്ച്- തനിക്ക് എളുപ്പമായിത്തോന്നുന്ന ഒരിരുപ്പ് അഭ്യസിച്ചുറപ്പിച്ച്, ഏക നാഡിയുടെ കമ്പംകളഞ്ഞ്- പ്രാണായാമപരിശീലനം കൊണ്ട് സുഷുമ്നാ നാഡിയെ ദൃഢപ്പെടുത്തി പ്രാണനെ അതിൽ പ്രവേശിപ്പിച്ച്, നിലയാറും കട്ടപ്പതിനു- ആധാരങ്ങളാറും കടത്തി ആജ്ഞാചക്രത്തിനുപരി എത്തിക്കുന്നതിന്, തുമ്പങ്ങൾ തീർക്ക- വിഷമങ്ങൾ നീക്കി അനുഗ്രഹിക്ക).
മദമാത്സരാദി അഷ്ടരാഗങ്ങളും ഹൃദയത്തിൽ നിന്നും ഒഴിച്ചുമാറ്റി ശുദ്ധിവരുത്തി ആദ്യം തനിക്ക് എളുപ്പമായി തോന്നുന്ന ഒരു ഇരുപ്പ് അഭ്യസിച്ചുറച്ച് പ്രാണായാമപരിശീലനം കൊണ്ട് സുഷുമ്നാ നാഡിയെ ബലപ്പെടുത്തി പ്രാണനെ അതിൽ പ്രവേശിപ്പിച്ച് ആധാരങ്ങളാറും കടത്തി ആജ്ഞാചക്രത്തിനുപരി എത്തിക്കുന്നതിനു വിഷമങ്ങൾ നീക്കിയനുഗ്രഹിക്ക. ഹരിനാരായണനു നമസ്കാരം.
'സാധനാക്രമം' - ആത്മസാക്ഷാത്ക്കാരം കൊതിക്കുന്നയാൾ ആദ്യമായി നേടേണ്ടതു ചിത്തശുദ്ധിയാണ്. ഇതിനായി ഹൃദയത്തിൽ നിന്നും അഷ്ടരാഗങ്ങളെ ഒഴിച്ചുമാറ്റണം. മദമാത്സര്യാദിയാണ്, അഷ്ടരാഗങ്ങൾ. മറ്റുള്ളവരുടെ മുമ്പിൽ തന്റെ കേമത്തം പ്രകടമാക്കുന്നതാണ് ഡംഭം അഥവാ മദം. വിദ്യ,ധനം തുടങ്ങിയ കാര്യങ്ങളിൽ അന്യരോടു സമത്വം നേടാനുള്ള ബുദ്ധിയാണ് മാത്സര്യം. ചില പദാർത്ഥങ്ങളോടെ വ്യക്തികളോടോ ഉള്ള പ്രത്യേകതരം ഇഷ്ടമാണു രാഗം. ശത്രുനാശം കൊതിക്കുന്ന ബുദ്ധിയാണ് ദ്വേഷം. ശാരീരിക സുഖ അഭിലാഷമാണു കാമം. കാമം സാധിക്കാതെ വരുമ്പോഴുള്ള ബുദ്ധിക്ഷോഭമാണ് ക്രോധം. കിട്ടിയതു വിട്ടുപോകരുതെന്ന ചിന്തയാണു ലോഭം. ഹിതത്തെ അഹിതമായും അഹിതത്തെ ഹിതമായും തെറ്റിദ്ധരിക്കുന്നതാണ് മോഹം. ഈ അഷ്ടരാഗങ്ങൾ വിവേകത്തെ കെടുത്തി ഉള്ളിലിരിക്കുന്ന സത്യത്തെ മറച്ചുകളയുന്നു. അതുകൊണ്ട് സത്യം കാണാൻ കൊതിക്കുന്നയാൾ സർവ്വത്ര ഈശ്വര ബുദ്ധി പുലർത്തി അഷ്ടരാഗങ്ങളെ അകറ്റി ചിത്തം ശുദ്ധീകരിക്കേണ്ടതാണ്. ചിത്തം ശുദ്ധീകരിക്കുന്നതോടൊപ്പം അന്തർമുഖത നേടി ധ്യാനയോഗം അഭ്യസിക്കണം. അതിന് ആദ്യമായി ശരീരത്തിന്റെയും മനസ്സിന്റെയും നിശ്ചലതയ്ക്കു വേണ്ടി യോഗശാസ്ത്ര പ്രസിദ്ധങ്ങളായ ആസനങ്ങളിൽ തനിക്കിഷ്ടപ്പെട്ട ഒന്ന് പരിശീലിച്ചുറപ്പിക്കണം. സ്ഥിര സുഖമായ ആസനമുറച്ചുകിട്ടിയാൽ ഒരിടത്തുറച്ചിരുന്ന് സഗുണമോ നിർഗുണമോ ആയ ധ്യാനം പരിശീലിക്കാം. ധ്യാനം നല്ലപോലെ ഉറച്ചാൽ കുണ്ഡലിനീപ്രാണശക്തി ഉണർന്ന് ഷഡാധാരങ്ങൾ കടന്ന് സുഷുമ്നാനാഡി വഴി സഹസ്രാരപത്മത്തിലെത്തുന്നതോടെ സത്യാനുഭവം പൂർണമാകും. ഇതാണ് 'ഏകനാഡിയുടെ കമ്പം കളഞ്ഞു നിലയാറും കടക്കൽ.' കുണ്ഡലിനീയോഗത്തിന്റെ വിശദവിവരം ഒമ്പതാം പദ്യത്തിന്റെ വ്യാഖ്യാനം നോക്കി അറിയേണ്ടതാണ്. ഇങ്ങനെയുള്ള പൂർണസത്യാനുഭവം നേടാൻ വിഷമങ്ങളകറ്റിഅനുഗ്രഹിക്കണമെന്നാണ് പ്രസ്തുത പദ്യത്തിൽ പ്രാർത്ഥിച്ചിരുക്കുന്നത്.
കുണ്ഡലിനീപ്രാണൻ സുഷുമ്‌നവഴി ആധാരചക്രങ്ങൾ കടന്നുപോകുമ്പോൾ ഒരു യോഗിക്ക് ആശ്ചര്യകരങ്ങളായ പല അനുഭവങ്ങളും ഉണ്ടാകുന്നു. പ്രാണൻ ഹൃദയസ്ഥാനത്തുള്ള അനാഹതചക്രത്തിലെത്തുന്നതോടെ മധുരമധുരങ്ങളായ പല നാദങ്ങളും യോഗിക്കു ശ്രവണവിഷയമാകുന്നു. ഈ അത്ഭുതാനുഭവത്തിനായി തന്റെ മനസ്സ് അത്യധികം കൊതിക്കുന്നുവെന്നാണ് നാല്പത്തിമൂന്നാമത്തെ പദ്യത്തിൽ ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്:
#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ
No comments:
Post a Comment