Thursday, 15 July 2021

ശ്ലോകം 37 38

ശ്ലോകം 37

ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തൗ മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

(ജന്തുക്കളുള്ളിൽ വിലസീടുന്ന- എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ ബോധരൂപമായി വർത്തിക്കുന്ന, നിന്നുടയ- ഈശ്വരന്റെ, ബന്ധം വിടാതെ- സ്വരൂപത്തിൽ നിന്നു വിട്ടുപോകാതെ, സതതം പരിപൂർണ്ണാത്മനാ- സദാ സർവ്വത്ര സമ്പൂർണ്ണമായി നിറഞ്ഞു നിന്നുകൊണ്ട്, തന്തൗ- ചരടിൽ, മണിപ്രകരഭേദങ്ങൾപോലെ- വിവിധ തരത്തിലുള്ള രത്നങ്ങൾ കോർത്തിണക്കിയിരിക്കുന്നതുപോലെ, പര മെന്തെന്തു ജാതമിഹ- വേർതിരിഞ്ഞു എന്തെല്ലാമാണ് ഈ ലോകത്ത് ഉണ്ടായി കാണപ്പെടുന്നത്)

എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ ബോധരൂപമായി വർത്തിക്കുന്ന ഈശ്വരന്റെ സ്വരൂപത്തിൽ നിന്നും വിട്ടു പോകാതെ സദാ സർവ്വത്ര നിറഞ്ഞു നിന്നു കൊണ്ട് ചരടിൽ വിവിധ തരത്തിലുള്ള രത്നങ്ങൾ കോർത്തിണക്കിയിരിക്കുന്നതുപോലെ എന്തെല്ലാമാണ് ഈ ലോകത്ത് ഉണ്ടായി കാണപ്പെടുന്നത്. നാരായണനു നമസ്കാരം.

'ഈശ്വരൻ ഹൃദയത്തിൽ' - ബോധസ്വരൂപനായ ഈശ്വരൻ സർവ്വത്ര സമ്പൂർണ്ണ നായി നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടു തന്നെ ആ സത്യസ്വരൂപൻ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഈശ്വരൻ ജീവികളുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു എന്നു പറയാൻ എന്താണു കാരണം? ഈശ്വരാംശമായ ബോധം ജന്തുക്കൾക്കെല്ലം ഹൃദയത്തിൽ അനുഭവിച്ചറിയാൻ കഴിയുമെന്നുള്ളത് കൊണ്ടു തന്നെ. മനുഷ്യരിൽ 'ഞാൻ, ഞാൻ' എന്നിങ്ങനെ സദാ സ്ഫുരിക്കുന്ന ബോധം ഈശ്വരാംശമാണെന്നറിയേണ്ടതാണ്. അതുകൊണ്ട് ഈശ്വരസാക്ഷാത്കാരം കൊതിക്കുന്ന ആൾ ആദ്യമായി ഉള്ളിലേക്ക് തിരിഞ്ഞ് ഹൃദയം ശുദ്ധീകരിച്ച്, അവിടെ ശുദ്ധമായ ബോധ വസ്തുവിനെ കണ്ടെത്തേണ്ടതാണ്. അങ്ങനെയായാൽ തുടർന്ന് ആ ബോധവസ്തു സർവ്വത്ര നിറഞ്ഞിരിക്കുന്നതായി അനുഭവിക്കാനും കഴിയും. ഈ അനുഭവ രഹസ്യം വെളിപ്പെടുത്താനാണ് ആചാര്യൻ 'ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ' എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഭഗവാൻ ഗീതയിൽ പറയുന്നത് നോക്കുക:

ഈശ്വര സർവ്വ ഭൂതാനാം
ഹൃദ്ദേശേർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വഭൂതാനി
യന്ത്രാരൂഡാനി മായയാ
(ഗീത 18-61)

ഹേ അർജ്ജുനാ, ഈശ്വരൻ എല്ലാ ജീവികളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. അവിടെയിരുന്നു മായാശക്തി കൊണ്ട് യന്ത്രാരൂഡാ വസ്തുക്കളെയെന്നപോലെ എല്ലാ ജീവികളെയും സദാ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.

'സദാ പരിപൂർണനാണീശ്വരൻ' - ഈശ്വരൻ ജീവികളുടെ ഉള്ളിൽ വേറെ വേറെയായിട്ടല്ല ഇരിക്കുന്നത്. ഈശ്വരൻ സർവ്വവ്യാപിയും സദാ പരിപൂർണ്ണ നുമാണ്. അതുകൊണ്ടാണ് ജീവികളുടെ ഉള്ളിലും സ്ഥിതി ചെയ്യാൻ ഇടയായത്. ഈ വസ്തുസ്ഥിതി ധരിച്ചാൽ സൗരയൂഥങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളും ചരടിൽ രത്നങ്ങൾ എന്നപോലെ ഒരേ ഈശ്വരങ്കൽ കോർത്തിണക്കപ്പെട്ടിരിക്കയാണെന്നു കാണാൻ കഴിയും. ഈശ്വരങ്കൽ നിന്നു പ്രാണനും (എനർജി) അതിൽനിന്ന് എല്ലാ പ്രപഞ്ച ഘടകങ്ങളും രൂപം കൊണ്ടിരിക്കുന്നു. സർവ്വത്ര കാണുന്ന പ്രാണസ്പന്ദനം തന്നെ ഈശ്വരന്റെ സർവ്വവ്യാപിത്വത്തിനു തെളിവാണ്. ഭഗവാൻ ഗീതയിൽ പ്രഖ്യാപിക്കുന്നത് നോക്കൂ:

മത്ത: പരതരം നാന്യാത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സർവ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ.
(ഗീത,7-7)

ഹേ ധനഞ്ജയ, എന്നിൽ നിന്നും വേർപെട്ട് ഇവിടെ യാതൊന്നും തന്നെയില്ല. ചരടിൽ രത്നങ്ങൾ എന്നപോലെ എല്ലാം എന്നിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യം തന്നെയാണ് ആചാര്യൻ 'ബന്ധംവിടാതെ പരിപൂർണാത്മനാ ജാതമിഹ' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രപഞ്ചം ധ്വനിമയമാണ്. ആരംഭത്തിൽ 'ത്ധം'കാരമായി അനുഭവ വിഷയമാകുന്ന ധ്വനി എങ്ങനെയാണോ വിവിധരൂപം കൈകൊണ്ട് ലോകത്തെങ്ങും പ്രകടമായിക്കാണുന്നത് അതുപോലെ ബോധസ്വരൂപനായ ജഗദീശ്വരൻ പല രൂപത്തിലും ജഗത്തിൽ പ്രകടമായിക്കാണുന്നു. ഇക്കാര്യമാണ് മുപ്പെത്തെട്ടാം ശ്ലോകത്തിൽ ആചാര്യൻ വർണിക്കുന്നത്.





ശ്ലോകം 38

ഝങ്കാരനാഥമിവ യോഗീന്ദ്രരുള്ളിലുമൊ-
രോതുന്ന ഗീത കളിലും പാൽപയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ, ഹരി നാരായണായ നമഃ

(യോഗീന്ദ്രരുള്ളിലും- യോഗീശ്വരന്മാരുടെ ഉള്ളിൽ അനാഹതധ്വനികളായും, ഓതുന്ന ഗീത കളിൽ- ഗാനം ചെയ്യപ്പെടുന്ന ഗാനസാഹിത്യങ്ങളിൽ വിവിധ രാഗങ്ങളുടെ രൂപത്തിലും, ആകാശവീഥിയിലും- ആകാശ മാർഗ്ഗത്തിൽ സദാ ഝങ്കാരനാദമായും പ്രകടമാകുന്നു, ഝങ്കാരനാദമിവ- ഝങ്കാരധ്വനിയെന്ന പോലെ, ഒന്നായ് നിറഞ്ഞരുളും- പ്രപഞ്ചരൂപങ്ങളിലെല്ലാം അഖണ്ഡാദ്വയമായി വിലസുന്ന, ആനന്ദരൂപ- ആനന്ദസ്വരൂപനായ)

യോഗീശ്വരന്മാരുടെ ഉള്ളിൽ അനാഹതധ്വനികളായും, ഗാനം ചെയ്യപ്പെടുന്ന ഗാനസാഹിത്യങ്ങളിൽ വിവിധ രാഗങ്ങളായും, പാലാഴിയിൽ തിരമാലകളുടെ ഘോഷമായും, ആകാശ മാർഗ്ഗത്തിൽ ഝങ്കാരനാഥമായും പ്രകടമാകുന്ന ഝങ്കാരധ്വനിയെന്നപോലെ പ്രപഞ്ചരൂപങ്ങളിലെല്ലാം അഖണ്ഡാദ്വയമായി വിലസുന്ന ആനന്ദരൂപ നായ ഹരിനാരായണനു നമസ്കാരം.

'ഝങ്കാരധ്വനിദൃഷ്ടാന്തം' - ആകാശത്ത് ശബ്ദഗുണമാരംഭിക്കുന്നതോടെയാണ് പ്രപഞ്ചസൃഷ്ടിയുമാരംഭിക്കുന്നത് 'ഝo' എന്നിങ്ങനെ സദാ മുഴങ്ങി കൊണ്ടിരിക്കുന്ന ഒരു നാദമാണ് ആദ്യം ആകാശത്തോടൊപ്പം ഉദയം ചെയ്യുന്നത്. ആകാശത്ത് ഈ നാദം സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ചെവി പൊത്തി പിടിച്ചാൽ ആർക്കും ഈ നാദം അനുഭവിക്കാവുന്നതാണ്. ആകാശവീഥിയിലെ ഈ ഝങ്കാരനാദം തന്നെയാണ് യോഗീശ്വരന്മാരുടെ ഉള്ളിൽ പലതരത്തിലുള്ള അനാഹതധ്വനികളായി പ്രകടമാകുന്നത്. അനാഹത ധ്വനികളെക്കുറിച്ചുള്ള പൂർണ്ണ വിവരണം നാല്പത്തി മൂന്നാം പദത്തിന്റെ വ്യാഖ്യാനം നോക്കി അറിയേണ്ടതാണ്. ആലാപനം ചെയ്യപ്പെടുന്ന ഗാന സാഹിത്യങ്ങളിൽ വിവിധ രാഗങ്ങളായി പ്രത്യക്ഷപ്പെടുന്നതും ആകാശവീഥിയിലെ ഝങ്കാരനാദം തന്നെയാണ്. പാലാഴിയിലെ തരംഗഘോഷമായി അറിയപ്പെടുന്നതും ഇതുതന്നെ. ഇങ്ങനെ ഝങ്കാര നാദത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചത്തിലെ എല്ലാ ശബ്ദതരംഗങ്ങളും. അതായത് പ്രപഞ്ചത്തിലെ എല്ലാ ശബ്ദതരംഗങ്ങളിലും ഝങ്കാരനാദം ഒന്നായി നിറഞ്ഞരുളുന്നു. അതുപോലെ ആനന്ദസ്വരൂപനായ ഈശ്വരൻ പ്രപഞ്ച ഘടകങ്ങളിൽ എല്ലാം ഒന്നായി നിറഞ്ഞരുളുന്നുവെന്നു സാരം.

'ആനന്ദമാണീ പരസ്വരൂപം' - സത്ത്, ചിത്ത്, ആനന്ദം ഇവയാണല്ലോ ഉപനിഷത്തുകൾ ഈശ്വര സ്വരൂപമായി വിവരിച്ചിരിക്കുന്നത്. ഉണ്മ, ബോധം, ആനന്ദം ഇവയാണ് സച്ചിദാനന്ദം. ശുദ്ധരൂപത്തിൽ ഇവ മൂന്നും ഒന്നുതന്നെ. ആനന്ദാനുഭവത്തിൽ ഇവ മൂന്നും ഒരാൾക്ക് ഒരുമിച്ച് അനുഭവിക്കാനും കഴിയുന്നു. എന്നാൽ കേവല ജഡരൂപങ്ങളിൽ ആനന്ദവും ബോധവും മറഞ്ഞു പോയിട്ട് ജഗദീശ്വരന്റേതായ ഉണ്മ മാത്രമേ കാണ്മാനുള്ളൂ. അതുപോലെ ക്രോധം, ഭയം തുടങ്ങിയ ഘോരങ്ങളും മൂഢങ്ങളുമായ ചിത്തവൃത്തി കളിൽ ആനന്ദം മറഞ്ഞു പോയിട്ട് ഉണ്മയും ബോധവും ഒരുമിച്ചനുഭവവിഷയമാകുന്നു. മൈത്രി, കരുണ തുടങ്ങിയ സ്വാത്ത്വിക ചിത്തവൃത്തി കളിലും ചിത്തവൃത്തികളെ ഒഴിച്ചു മാറ്റിയ യോഗിയുടെ സാമാധ്യാനുഭവത്തിലും ഉണ്മയും ബോധവും ആനന്ദവും ഒരുമിച്ചനുഭവവിഷയമാകുന്നു ഇങ്ങനെ മൂന്നും ഒരുമിക്കുന്ന അനുഭവമാണ് ശുദ്ധാനന്ദാനുഭവം. അനുഭവത്തിന് ഇതിനപ്പുറത്തേക്കു പോകുവാൻ ഇടവുമില്ല. അതുകൊണ്ടാണ് ചിത്തവൃത്തി കൾ ഒഴിഞ്ഞുമാറി തെളിയുന്ന കേവലാനുഭവം സത്യസാക്ഷാത്ക്കാരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആനന്ദാനുഭവത്തെ മറിച്ച് ഉണ്മയെയും ബോധത്തെയും പ്രപഞ്ച ഘടകങ്ങളിൽ വേർതിരിച്ചു കാണിക്കുന്നതു മായയുടെ വിദ്യയാണ്. അപ്പോൾ ശുദ്ധമായ ആനന്ദമാണ് ഭഗവത്സ്വരൂപം. ഝങ്കരനാദം അനാഹതധ്വനി കളിലും ഗീതരാഗങ്ങളിലും സമുദ്രഘോഷങ്ങളിലും തികച്ചും മറയ്ക്കപ്പെട്ടു പോകുന്നു. എങ്കിലും ഝങ്കാരനാദം അവയിലെല്ലാം ഒന്നായ് നിറഞ്ഞരുളുന്നുവെന്നു തീർച്ച. അതുപോലെ ജഡരൂപങ്ങളിലും ഘോരമൂഢവൃത്തികളിലും ജഗദീശ്വരന്റെ ആനന്ദരൂപം മറയ്ക്കപ്പെട്ടു പോകുന്നുവെന്നുള്ളതും സത്യം. എന്നാൽ കേവലാനന്ദരൂപനായ ഭഗവാങ്കൽ നിന്നാണ്, ഝങ്കാരനാദത്തിൽ നിന്നു വിവിധ ശബ്ദങ്ങളെന്നപോലെ അവയെല്ലാം പ്രകടമാകുന്നതെന്നും അവയിലൊക്കെ കേവലാനന്ദരൂപനായ ഭഗവാൻ ഒന്നായി നിറഞ്ഞരുളുന്നുവെന്നും കാണേണ്ടതാണ്. "ഈ പ്രപഞ്ച ഘടകങ്ങൾ ആനന്ദത്തിൽ നിന്നും ഉദിക്കുന്നു, ആനന്ദത്തിൽ സ്ഥിതിചെയ്യുന്നു, ആനന്ദത്തിൽ അസ്തമിക്കുന്നു" എന്ന തൈത്തിരീയോപനിഷത്തിന്റെ ഉദ്ഘോഷണവും ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടതാണ്. ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടാണ്, ആനന്ദരൂപ ഹരിനാരായണായ നമഃ എന്ന് ആചാര്യൻ പറഞ്ഞിരിക്കുന്നത്.

ഈശ്വരസ്വരൂപം കേവലാനന്ദമാണെങ്കിൽ അനുഭവ മണ്ഡലത്തിൽ നിന്നും എന്തുകൊണ്ട് അത് മറഞ്ഞു? നിത്യമായ കേവലാനന്ദാനുഭവത്തിന് ഇനിയും വല്ല വഴിയുമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മുപ്പത്തൊമ്പതാം പദ്യം.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ





No comments:

Post a Comment