നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ-
ളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ
സൂര്യൻ ഉദിച്ചു പൊങ്ങുമ്പോൾ നക്ഷത്രക്കൂട്ടങ്ങളും ചന്ദ്രപ്രഭ യും എങ്ങോ പോയി മറയും. അതുപോലെ ഉള്ളിൽ ജ്ഞാനസൂര്യൻ ഉദിച്ചുയരുമ്പോൾ ഇന്ദ്രിയക്കൂട്ടങ്ങളും അവയുടെ വിഷയങ്ങളും മനസ്സിന്റെ ശോഭയും എങ്ങോ പോയൊളിക്കും. പക്ഷിക്കൂട്ടം പക്ഷി രാജാവായ ഗരുഡനെ കാണുന്നതോടെ ഞങ്ങളെ കാത്തുകൊള്ളണേ എന്നു ശരണം പ്രാപിക്കും. അതുപോലെ ഉപപ്രാണന്മാർ മുഖ്യപ്രാണനെ സാക്ഷാത്കരിക്കുന്നതോടെ അതിന്റെ ആധിപത്യം അംഗീകരിച്ച് അടങ്ങും.
'സൂര്യനുദിച്ചാൽ നക്ഷത്രങ്ങളും മനസ്സും എങ്ങോ പോയൊളിക്കും' - രാത്രികാലത്ത് ആകാശത്തേക്ക് നോക്കിയാൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും ചന്ദ്രനേയും കാണാൻ കഴിയും. സൂര്യപ്രകാശം ഏറ്റുവാങ്ങിയാണ് ഇവയൊക്കെ പ്രകാശിക്കുന്നത്. എന്നാൽ പകൽ സൂര്യൻ ഉദിച്ചു കഴിയുന്നതോടെ ആകാശത്തുനിന്നും നക്ഷത്രങ്ങളും ചന്ദ്രനും മറയുന്നു, അവ അവിടെ ഉണ്ടെങ്കിൽപ്പോലും കാണാൻ കഴിയുന്നില്ല. അതുപോലെ ജ്ഞാനസൂര്യൻ ഉള്ളിൽ ഉദയം ചെയ്താൽ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും മങ്ങിമറയുന്നു. അവ ഉണ്ടെങ്കിൽ പോലും അവയ്ക്കു സത്യത്തിൽ നിന്നും ഭിന്നമായ നിലനിൽപ്പ് ഇല്ലാതായിത്തീരുന്നു. വസ്തു ഒന്നേയുള്ളൂ, അല്പംപോലും പലതില്ല എന്ന അറിവാണു ജ്ഞാനം. അഖണ്ഡവും ആനന്ദസ്വരൂപവമായ ബോധമാണ് വസ്തു. ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങൾ ഈ വസ്തുവിനെ പല വിഷയങ്ങളായി വേർതിരിച്ച പോലെ കാട്ടിത്തരുന്നതാണു പ്രപഞ്ചാനുഭവം. ആത്മാവിനെ സാക്ഷാത്കരിച്ചു വസ്തുസ്ഥിതി അനുഭവിക്കാൻ തുടങ്ങുന്നതോടെ ജഡോപകരണങ്ങളായ ഇന്ദ്രിയങ്ങൾക്കു പലതു കാട്ടിത്തരാനുള്ള കഴിവ് നഷ്ടമാകുന്നു. പലതില്ലെന്നു വന്നാൽ മനസ്സിന്റെ വിഭ്രമങ്ങളും അതോടെ അടങ്ങുന്നു. ജ്ഞാനോദയ ത്തോടെ ഭിന്നപ്രപഞ്ച വിഷയങ്ങൾക്കുണ്ടാകുന്ന ഈ അർത്ഥശൂന്യതയെയാണ് വേദാന്തി 'മിഥ്യ' എന്നു പറയുന്നത്. ജ്ഞാനോദയാത്തിനു മുമ്പു പ്രപഞ്ചം മിഥ്യയാണെന്ന് വേദാന്തത്തിനഭിപ്രായമില്ല. ഒരു ലൗകികനു പ്രപഞ്ചം സത്യം തന്നെ, ജ്ഞാനിക്കു മിഥ്യയും. മിഥ്യാത്വം നാമ ബാധ്യത്വം തത്ത്വജ്ഞാനോദയേ സത: - "തത്വജ്ഞാനം ഉദയം ചെയ്യുന്നതോടെ ഇല്ലാതായിത്തീരുന്ന അവസ്ഥയാണു മിഥ്യത്വം" എന്നത്രേ മിഥ്യത്വത്തിന്റെ നിർവചനം. ജ്ഞാനോദയ ത്തിൽ പോലും പ്രപഞ്ചം പാടേ ഇല്ലാതായിത്തീരുകയില്ല, പലതിന്റെ കാഴ്ചപോയി എല്ലാം ഒരേ പരബ്രഹ്മ വസ്തുവായി പരിലസിക്കുന്നു എന്നാണു കാണേണ്ടത്. ആത്മസാക്ഷാത്കാരത്തോടെ വന്നുചേരുന്ന ഈ പ്രപഞ്ചം മിഥ്യാത്വം ആണ്. സൂര്യനുദിക്കുന്നതോടെ നക്ഷത്രങ്ങളും ചന്ദ്രനും മറയുമെന്നിങ്ങനെ ആചാര്യൻ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്.
'പ്രാണസാക്ഷാത്കാരം' - കുണ്ഡലിനി പ്രാണസാക്ഷാത്കാരത്തെക്കുറിച്ച് ഒമ്പതാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ നാം പരാമർശിച്ചിട്ടുണ്ടല്ലോ. അഖണ്ഡബോധവസ്തുവിൽ മായാശക്തി സ്പന്ദിച്ചുയരുന്നതോടെയാണല്ലോ സൃഷ്ടി ആരംഭിക്കുന്നത്. സ്പന്ദിച്ചുയരുന്ന ശക്തി ആദ്യമായി ചെയ്യുന്നത് വസ്തുവിനെ മറച്ച് ഒരു അവ്യക്താവസ്ഥയുളവാക്കലാണ്. ബാഹ്യ ദൃഷ്ടിക്കു കാണാവുന്ന ഈ അവ്യക്താവസ്ഥ തന്നെയാണ് ശൂന്യാകാശം. സ്പന്ദനപ്രവാഹ രൂപത്തിൽ തുടർന്നും പ്രത്യക്ഷപ്പെടുന്ന ശക്തിയുടെ വ്യക്തരൂപമാണ് മുഖ്യ പ്രാണൻ. ആധുനിക ശാസ്ത്രപ്രസിദ്ധമായ എനർജിയും ഇതുതന്നെയാണ്. പ്രാണസ്പന്ദനത്തിനു ഗതിവേഗം കൂടുന്നതോടെയാണ് മനസ്സ് രൂപംകൊള്ളുന്നത്. മനസ്സാണ് ജഡ രൂപങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നത്.ഈ പരിണാമക്രമം നേരെ തിരിഞ്ഞാലോ? ജഡസമ്പർക്കം വിട്ട് ഏകാഗ്രപ്പെടുന്ന മനസ്സ് പ്രാണനിൽ അലിഞ്ഞു ചേരുന്നതോടെ മുഖ്യ പ്രാണൻ പ്രത്യക്ഷപ്പെടും. മുഖ്യപ്രാണ സാക്ഷാത്കാരത്തോടെ തന്നെ വ്യക്തമായ സത്യബോധവും ഉദയം ചെയ്യും, പ്രപഞ്ചദൃശ്യങ്ങളായി കാണപ്പെടുന്നതൊക്കെ താൻ തന്നെയാണ് എന്ന് അനുഭവിക്കുറുമാകും. പ്രാണസാക്ഷാത്കാരത്തിൽ എത്തുന്ന ബുദ്ധിക്ക്, സത്യസാക്ഷാത്കാരത്തിന് അവ്യക്താവസ്ഥ തടസ്സമാവുകയില്ലെന്നാണ് ശാസ്ത്രം ഘോഷിക്കുന്നത്. മുഖ്യപ്രാണനെ സാക്ഷാത്ക്കരിക്കാൻ കഴിയാതെ വാസനാബദ്ധനാകുന്ന മനസ്സ് ചിലപ്പോൾ അവ്യക്താവസ്ഥയിൽ ഉറക്കത്തിലെന്നപോലെ ലയിച്ചു പോകും. അതുകൊണ്ടാണ് മരണത്തിനു മുമ്പ് പലരും അനേക ദിവസം അബോധാവസ്ഥയിൽ കഴിയാൻ ഇട വരുന്നത്. സത്യ ദർശനത്തിന്റെ അതിവിശിഷ്ടമായ ഒരു ഘട്ടമാണ് മുഖ്യപ്രാണസാക്ഷാത്കാരം. കുണ്ഡലിനീ പ്രാണസാക്ഷാത്കാരവും ഇതുതന്നെ. മുഖ്യ പ്രാണന് ഹിരണ്യഗർഭൻ, പ്രജാപതി, മഹാനാത്മാ, സൂത്രാത്മാവ്, മഹത്തത്ത്വം, സത്വബുദ്ധി എന്നിങ്ങനെ അനേകം പര്യായങ്ങളുണ്ട്. എല്ലാ പ്രപഞ്ച ദൃശ്യങ്ങളും ഒരേ പ്രാണനിൽ കോർക്കപ്പെട്ടിരിക്കുന്നു. അതുപോലെ വ്യക്തി ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രാണനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വ്യക്തി ശരീരത്തിലെ പ്രാണൻ പ്രപഞ്ച പ്രാണനായ മുഖ്യപ്രാണന്റെ ഒരു ഭാഗം മാത്രമാണ്. ഏകാഗ്രപ്പെടുന്ന യോഗി ചിത്തത്തിന് സ്വന്തം ശരീരത്തിനുള്ളിൽ തന്നെ ഈ പ്രപഞ്ചപ്രാണനെ അനുഭവിച്ചറിയാൻ കഴിയും. സർപ്പത്തെപ്പോലെ കുണ്ഡലാകൃതിയിൽ ചുരുണ്ടു കിടക്കുന്ന ഒരു ശക്തി ശരീരാന്തർഭാഗത്തുനിന്നും ചുരുൾ നിവർത്തി പരക്കുന്നതായിട്ടാണ് യോഗിയുടെ അനുഭവം. കുണ്ഡലാകൃതിയിൽ ചുരുണ്ടു കിടക്കുന്നത് പോലെ കാണപ്പെടുന്നത് കൊണ്ടാണ് 'കുണ്ഡലിനി' എന്ന പേര് നൽകിയിരിക്കുന്നത്. മുഖ്യപ്രാണനെ ആശ്രയിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് ഇന്ദ്രിയങ്ങളെ പോലും ഉപനിഷത്തുക്കൾ 'പ്രാണ' ശബ്ദം ചൊല്ലി വിളിക്കാറുണ്ട്. കൂടാതെ ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങളെ ആസ്പദമാക്കി വേറെ അഞ്ചു പ്രാണന്മാരെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗങ്ങളായി കല്പിച്ചിട്ടുണ്ട് പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണ് പഞ്ചപ്രാണന്മാർ. പ്രാണവായു ഹൃദയ സ്ഥാനത്തിരുന്ന് ഉച്ഛ്വാസ നിശ്വാസങ്ങളെ ചെയ്യിക്കുന്നു. അപാനവായു വിസർജനേന്ദ്രിയ സ്ഥാനത്തിരുന്ന് മലമൂത്ര വിസർജനങ്ങളെ സഹായിക്കുന്നു. സമാന വായു നാഭിസ്ഥാനത്തിരുന്ന് ഭക്ഷണരസത്തെ സർവ്വ അവയവങ്ങൾക്കും പകുത്തു കൊടുക്കും. ഉദാനവായു കണ്ഠസ്ഥാനത്തിരുന്ന് ജഡരാഗ്നിയെ ജ്വലിപ്പിച്ച് അന്നപാനാദികളെ ഉള്ളിലേക്ക് കടത്തിക്കൊണ്ടിരിക്കും. വ്യാനവായു എല്ലാ അവയവങ്ങളിലും വ്യാപിച്ച് ദേഹത്തെ നിലനിർത്തും. നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, എന്നിങ്ങനെ അപ്രധാനന്മാരായ മറ്റ് അഞ്ച് പ്രാണന്മാരും ശരീര പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്. നാഗൻ ചർദ്ദിയെയും കൂർമൻ വിക്കൽ, കണ്ണിന്റെ ഉന്മേഷനിമേഷങ്ങൾ എന്നിവയേയും കൃകലൻ തുമ്മൽ, വലിവ് മുതലായവയേയും ദേവദത്തൻ ചിരി, കോട്ടുവാ മുതലായവയേയും ഉണ്ടാക്കും. ധനഞ്ജയൻ ജീവൻപോയ ശേഷവും ദേഹത്തിൽ അല്പംനേരം തങ്ങിനിൽക്കുന്നു. മേൽവിവരിച്ച പത്തു പ്രാണന്മാരും ഇന്ദ്രിയങ്ങളുമാണ് ഉപപ്രാണന്മാർ. ഇവയാണ് ശ്ലോകത്തിലെ 'പക്ഷീഗണം'. മുഖ്യ പ്രാണനാണ് ഗരുഡൻ. മുഖ്യ പ്രാണനെ ആശ്രയിച്ചാണ് ഉപപ്രാണന്മാരുടെ സ്ഥിതി. ചാന്ദോഗ്യോപനിഷത്തിലെ അഞ്ചാം അധ്യായത്തിൽ ഒരു കഥയുണ്ട്: ഒരിക്കൽ പ്രാണന്മാർക്കിടയിൽ അവരിൽ ആരാണ് ശ്രേഷ്ഠൻ എന്നൊരു വാദമുണ്ടായി. അവർ മുഖ്യപ്രാണനെ സമീപിച്ച് ഈ വിഷയം ചർച്ച ചെയ്തു. ആരിറങ്ങി പോയാൽ ഈ ശരീരം പൂർണമായി ഉപയോഗശൂന്യമായിത്തീരുമോ ആയാളാണ് ശ്രേഷ്ഠൻ എന്ന് പ്രജാപതി അറിയിച്ചു. ഉപപ്രാണന്മാരിൽ മുറയ്ക്ക് ഓരോരുത്തർ അൽപകാലത്തേക്ക് പ്രവർത്തനം നിർത്തി നോക്കി. ശരീരത്തിന് വലിയ ആപത്ത് ഒന്നും സംഭവിച്ചില്ല. എന്നാൽ, മുഖ്യപ്രാണൻ ദേഹം വിട്ടിറങ്ങിപ്പോകാൻ ഭാവിച്ചു അപ്പോഴേക്കും മറ്റാർക്കും തന്നെ അതിനുള്ളിൽ ഇരിക്കാൻ കഴിയാതെയായി. മറ്റെല്ലാ പ്രാണന്മാരും മുഖ്യപ്രാണനോട് വിട്ടുപോകരുതെന്ന് തൊഴുത് അപേക്ഷിച്ചു. ഇതുതന്നെയാണ് 'പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു രക്ഷിക്കയെന്നടിമ' എന്ന ഭാഗംകൊണ്ട് ആചാര്യൻ ഭാവനാമയമായി വിവരിച്ചിരിക്കുന്നത്. അപ്പോൾ ജ്ഞാനോദയത്തോടെ വസ്തു അഖണ്ഡാനന്ദബോധം മാത്രമാണെന്നും അതിന്റെ ശക്തി സ്പന്ദന രൂപത്തിലുള്ള മുഖ്യ പ്രാണനാണ് പ്രപഞ്ച ഘടകങ്ങളെ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സൂര്യതുല്യം തെളിയുമെന്നാണ് പന്ത്രണ്ടാം ശ്ലോകം വെളിപ്പെടുത്തിയിരിക്കുന്നത്.
ജ്ഞാനലാഭത്തോടെ സർവ്വം ബ്രഹ്മസ്വരൂപമായി അനുഭവപ്പെടുമെന്നാണല്ലോ നാം ഉപരി ചർച്ച ചെയ്തത്. ജ്ഞാനിക്കു പിന്നെ തന്റെതായി ഒന്നും അവശേഷിക്കുന്നില്ല. മുമ്പ് താൻ ഇവിടെ പലതും കണ്ടതും അവയോടൊക്കെ തനിക്കുണ്ടായിരുന്ന ബന്ധങ്ങളും ഒരു സ്വപ്നം മാത്രമായിരുന്നു എന്നും ബോധ്യമാകുന്നു. ജ്ഞാനിയുടെ ഈ അനുഭവമാണ് പതിമൂന്നാം പദ്യത്തിൽ ആചാര്യൻ വിവരിച്ചിരിക്കുന്നത്:
ശ്ലോകം 13
മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലവു കണ്ടാലുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ
എന്നിലുള്ള ജീവാത്മാവും പ്രപഞ്ചത്തിനാശ്രയമായ പരമാത്മാവും ഒന്നുതന്നെന്നനുഭവിക്കാൻ കഴിവുള്ള ജ്ഞാനിക്ക് തന്റെ പ്രാണനും ശരീരവും കുടുംബവും സ്വത്തും എല്ലാം നശ്വരമാണെന്നറിയാൻ ഇടവരുന്നു. സ്വപ്നം,ഭ്രമം, രോഗം മുതലായ അവസ്ഥകളിൽ പലതിന്റെ കാഴ്ച കാണാൻ ഇടവന്നാൽ, ഉറക്കം ഉണരുകയും ഭ്രമം മാറുകയും രോഗം ഭേദമാവുകയും ചെയ്യുമ്പോൾ എങ്ങനെ കാര്യം വ്യക്തമാകുന്നു വോ, ജ്ഞാനിയുടെ സ്ഥിതിയും അതുപോലെയാണെന്നറിയേണ്ടതാണ്.
മത്പ്രാണനും പരനും ഒന്നെന്നുറയ്ക്കുക
മായാനിർമിതങ്ങളായ ജഡോപാധികളിൽ പ്രതിബിംബിക്കുന്ന ബോധമാണ് ജീവാത്മാവെന്നും നാം മുമ്പ് മനസ്സിലാക്കിയല്ലോ. പ്രാണനാണ് ആദ്യത്തെ ജഡോപാധി. തുടർന്ന് മനസ്സ്. പ്രാണനിലും മനസ്സിലും പ്രതിബിംബബോധം ഞാൻ ഞാൻ. എന്നിങ്ങനെ പ്രകടമായി അനുഭവപ്പെടുന്നു. മനസ്സിനുപരിയുണ്ടാകുന്ന ജഡോപാധിയാണ് സ്ഥൂലദേഹം. ഈ ഉപാധികളിൽ പ്രതിബിംബിക്കുന്ന ബോധം ഉപാധികളിൽ നിന്നും ഭിന്നമാണെന്നു തീർച്ചയാണല്ലോ. എന്നാൽ ഉപാധികളും താനും ഒന്നാണെന്നു ബോധത്തിന് ഭ്രമം വരുന്നതാണ് ദുഃഖ കാരണം. ഈ ഭ്രമം ജഡോപാധികൾ സത്യമാണെന്ന തോന്നലിനിടയാക്കുന്നു. തുടർന്നു പുറമേയുള്ള ജഡരൂപങ്ങളെല്ലാം സത്യമെന്നു ഭ്രമിക്കാനും ഇടവരുന്നു. ഈ ഭ്രമം മാറിക്കിട്ടാൻ ഒരു വഴിയേയുള്ളൂ. ജഡോപാധികളെ പുറന്തള്ളിയിട്ട് ബോധം അവയിൽ നിന്നു വേർപെടണം. ആദ്യം പുറമേനിന്ന് അനുഭപ്പെടുന്ന ജഡരൂപങ്ങളെ പുറംതള്ളണം. തുടർന്നു സ്വന്തം വ്യക്തിത്വത്തിന്റെ ഘടകങ്ങളായ സ്ഥൂലദേഹം, മനസ്സ്, പ്രാണൻ എന്നീ ജഡോപാധികളെ പുറന്തള്ളണം. എങ്ങനെയാണ് ഈ ജഡോപാധികളെ പുറന്തള്ളുക? ജഡദൃശ്യാനുഭവം വിശകലനം ചെയ്താൽ വിചിത്രമായ ഒരു രഹസ്യം വെളിപ്പെടും. ജഡദൃശ്യങ്ങൾ ഉണ്ടെന്ന് വച്ച് അനുഭവവിഷയമാകണമെന്നോ ഇന്ന രീതിയിൽത്തന്നെ അനുഭവിക്കണമെന്നോ ഒരു നിയമവുമില്ല. അനുഭവിക്കുന്നയാളിന്റെ ബോധത്തിൽ ഉദയം ചെയ്യുന്ന നാമരൂപസങ്കല്പമാണ് ജഡാനുഭവത്തിനു കാരണം. ഇന്ന രീതിയിൽ അനുഭവിക്കണമെന്നു തീരുമാനിക്കുന്നതും സങ്കൽപ്പം തന്നെ. അപ്പോൾ ജഡരൂപങ്ങളെ ഒഴിച്ചു മാറ്റുകയെന്നു പറഞ്ഞാൽ ബോധത്തിലെ നാമരൂപസങ്കല്പങ്ങളെ ഒഴിച്ചു മാറ്റുകയെന്നാണ് അർഥം. ഇതുതന്നെയാണ് യോഗാഭ്യാസം. ഏകാന്തമായ ഒരു സ്ഥലത്തിരുന്നു മനസ്സിനെ അന്തർമുഖം ആക്കി ബോധതലത്തിൽ പൊന്തിവരുന്ന നാമരൂപസങ്കല്പങ്ങളെ പിടികൂടുക. എന്നിട്ട് 'ഇതല്ല, ഇതല്ല' എന്നു പറഞ്ഞ് അവയെ പുറംതള്ളുക. ഈ പ്രക്രിയയാണ് ഉപനിഷത്ത് 'നേതി, നേതി' പ്രക്രിയ എന്നു പേരിട്ടിരിക്കുന്നത്. ഇങ്ങനെ സങ്കല്പവാസനാമയമായ ചിത്തത്തെ പുറന്തള്ളുന്നതോടെ പ്രാണ സ്പന്ദനം വ്യക്തമാകും. ബോധപൂർവ്വം പ്രാണസ്പന്ദനത്തെയും നിരോധിക്കുക. അതോടെ ജഡോപാധികളെല്ലാം അകന്നു ശുദ്ധബോധം തെളിയും. തുടർന്നു ജീവാത്മാവായി വ്യക്തിശരീരത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ ബോധം തന്നെയാണ് സൂര്യചന്ദ്രാദി പ്രപഞ്ചശരീരങ്ങളെയെല്ലാം പ്രകാശിപ്പിക്കുന്നതെന്നറിയാനും കഴിയും. വേദത്തിൽ ഈ സാക്ഷാത്കാരത്തെ വെളിപ്പെടുത്തുന്ന നാല് മഹാവാക്യങ്ങളുണ്ട്. ഋഗ്വേദോപനിഷത്തായ 'ഐതരേയ' ത്തിലെ മഹാവാക്യമാണ് പ്രജ്ഞാനം ബ്രഹ്മ എന്നത്. വ്യക്തിശരീരങ്ങളെ പ്രവർത്തിപ്പിക്കുന്ന ബോധവും ബ്രഹ്മവും ഒന്നുതന്നെ എന്നാണ് വാക്യാർത്ഥം. ബൃഹദാരണ്യകോപനിഷത്ത് യജുർവേദത്തിൽപ്പെട്ടതാണ്. ഇതിലെ മഹാവാക്യമത്രേ അഹംബ്രഹ്മാസ്മി എന്നത്. 'ഞാൻ ബ്രഹ്മമാകുന്നു' എന്നാണ് വാക്യാർത്ഥം. സാമവേദോപനിഷത്താണ് 'ഛാന്ദോഗ്യം' തത്ത്വമസി എന്ന പ്രസിദ്ധമായ മഹാവാക്യം അതിലുള്ളതാണ്. 'അതു നീ തന്നെ' എന്നത്രേ വാക്യാർത്ഥം. മാണ്ഡുക്യോപനിഷത്ത് അഥർവ്വവേദത്തിൽപ്പെട്ടതാണ്. 'ഈ ആത്മാവ് ബ്രഹ്മം തന്നെ' എന്നർത്ഥം വരുന്ന അയമാത്മാ ബ്രഹ്മ എന്ന മഹാവാക്യം അതിൽ ഉള്ളതാണ്. ഇങ്ങനെ ശ്രുതി ഏകകണ്ഠമായി ഘോഷിക്കുന്നതും ജ്ഞാനി പ്രത്യക്ഷമായനുഭവിക്കുന്നതുമായ സത്യസ്ഥിതിയാണ് 'മത്പ്രാണനും പരനുമൊന്നെന്നറിയുക.'
'തത്പ്രാണദേഹവുമനിത്യം കളത്രധനം' - സ്വന്തം വ്യക്തിത്വത്തിലെ ജഡോപാധികളായ പ്രാണനെയും മനസ്സിനെയും ദേഹത്തെയും വേർപെടുത്തിയാണല്ലോ മത്പ്രാണനും പരനും ഒന്നെന്നു കണ്ടത്. ബോധത്തിൽ നിന്നും വേർപിരിഞ്ഞ ജഡോപാധികൾ സ്വയം നിലനിൽപ്പുപോലുമില്ലാത്ത വെറും കാഴ്ചകളാണെന്നു തെളിഞ്ഞു. സ്വന്തം വ്യക്തിത്വത്തിലെ ജഡരൂപങ്ങൾ പോലും അനിത്യങ്ങളാണെന്നു തെളിഞ്ഞ സ്ഥിതിക്ക് പുറമേ കാണപ്പെടുന്ന ജഡരൂപങ്ങളുടെ കഥ പറയാനില്ലല്ലോ. അങ്ങനെ കുടുംബാംഗങ്ങളായും വീടായും സ്വത്തായും കാണപ്പെടുന്ന എല്ലാം അനിത്യം തന്നെയെന്നു ബോധ്യപ്പെട്ടു. ഇല്ലാതിരുന്നിട്ട് ഉണ്ടായിക്കാണപ്പെടുകയും കുറച്ചു കഴിഞ്ഞ് വീണ്ടും ഇല്ലാതാവുകയും ചെയ്യുന്നതൊക്കെ അനിത്യജഡം. പ്രപഞ്ചത്തിൽ കാണുന്ന പ്രാണസ്പന്ദനം മുതൽ കട്ടിപിടിച്ച പദാർത്ഥം വരെയുള്ള എല്ലാം അതുകൊണ്ട് അനിത്യജഡം തന്നെ. ഉണ്ടാവുക, നിലനിൽക്കുക, പെരുകുക, രൂപം മാറുക, ജീർണിക്കുക, ഇല്ലാതാവുക ഇവയാണ് ജഡ വികാരങ്ങൾ. ഈ ജഡവികാരങ്ങളെ തടയാൻ ആർക്കും സാധ്യമല്ല. നേരെമറിച്ച് ഉണ്ടാകാതെയും രൂപം മാറാതെയും നശിക്കാതെ യും സനാതനമായി നിലനിൽക്കുന്നതേതോ അതാണു സത്യം. ബോധമൊന്നുമാത്രമേ ഈ നിലയിൽ തുടരുന്നുള്ളൂ. ശുദ്ധബോധത്തിന്റെ സാക്ഷാത്കാരത്തോടെ ഇക്കാര്യം പൂർണമായും തെളിയുന്നു. അതുകൊണ്ടാണ് ബോധമല്ലാത്ത മറ്റെല്ലാക്കാഴ്ചകളും അനിത്യമെന്നു വിവരിച്ചിരിക്കുന്നത്.
'സ്വപ്നാദിയും ഉണർവും' - ബോധം ഒന്നുമാത്രമേ സത്യമായുള്ളുവെങ്കിൽ സാക്ഷാത്കാരത്തിനു മുമ്പുണ്ടായിരുന്ന ജഡബന്ധങ്ങളുടെ രഹസ്യമെന്ത്? അജ്ഞാന സ്വരൂപിണിയായ അവിദ്യ ബോധത്തെ മറച്ചുണ്ടാക്കിത്തീർക്കുന്ന ഭ്രമം. ഇത്തരം ഭ്രമങ്ങൾക്ക് ഈ ജീവിതത്തിൽത്തന്നെ വേണ്ടുവോളം ദൃഷ്ടാന്തങ്ങൾ ഉണ്ടല്ലോ. നല്ല ബോധത്തോടെ ഉണർന്നിരിക്കുന്ന വ്യക്തി ഉറങ്ങാൻ കിടന്ന് അല്പം കഴിയുമ്പോൾ നേരത്തെയുള്ള ഉണർവ്വും അനുഭവവും നഷ്ടപ്പെടുന്നു എന്നു മാത്രമല്ല, സ്വപ്നരൂപത്തിൽ പല പുതിയ അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ചിലർക്കു സ്വപ്നത്തിൽ സ്വന്തം ശിരസ്സു ഛേദിക്കപ്പെടുന്നതായി അനുഭവമുണ്ടാകുന്നു. സന്താനങ്ങൾ മരിക്കുന്നതായി കാണാൻ ഇടവരുന്നു. സ്വപ്നത്തിൽ ഒരു നിമിഷം അനേക സംവത്സരങ്ങളായി മാറുന്നു. വീട് കാടായി പ്രത്യക്ഷപ്പെടുന്നു. സ്വപ്ന വേളയിൽ ഇവയെല്ലാം യഥാർത്ഥ അനുഭവങ്ങളാണുതാനും. അതുകൊണ്ടാണല്ലോ സ്വപ്നത്തിൽ ദുഃഖിക്കാനും സുഖിക്കാനും പരിഭ്രമിക്കാനുമൊക്കെ ഇട വരുന്നത്. ഉണർന്നിരുന്ന വ്യക്തിയിൽ ഉറക്കത്തോടെ ഈ പുതിയ അനുഭവങ്ങൾ ഉളവാക്കിയതാരാണ്? നിദ്രാശക്തി. നിദ്ര വിട്ടുണരുന്നതോടെ താൻ മാത്രമേയുള്ളൂവെന്നും സ്വപ്നത്തിൽ പലതു കണ്ടതെല്ലാം കേവലം ഭ്രമമായിരുന്നു എന്നും തെളിയുന്നു. അവിദ്യ വിട്ട് ഉണരുന്ന ജ്ഞാനിയുടെയും കഥ ഇതുതന്നെ.
#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ
No comments:
Post a Comment