Thursday 15 July 2021

ശ്ലോകം 27 28

ശ്ലോകം 27

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേ കദാപി സുഖമില്ലെന്നു തത്പരിചു
ചേതോവിമോഹിനി മയക്കായ്ക മായ തവ
ദേഹോഹമെന്നിവയിൽ നാരായണായ നമഃ

(ഔദുംബരത്തിൽ-അത്തിക്കായിൽ,മശകത്തിന്- ഇരിക്കുന്ന പുഴുവിന്, ഇതിന്മീതെ- ഇവിടെ കിട്ടുന്നതിനപ്പുറം, കദാപി- ഒരിക്കലും, സുഖമില്ലെന്ന്- സുഖം കിട്ടാനില്ലെന്ന്, തോന്നും- ഭ്രമം വരും,തത്പരിചു- അതുപോലെ, ദേഹോഹമെന്നിവയിൽ- ഞാൻ ദേഹമാണ്, ദേഹത്തെ ആശ്രയിച്ചു കിട്ടുന്നതിൽ കൂടുതൽ സുഖമൊന്നും കിട്ടാനില്ല എന്ന ചിന്തയിൽ, ചേതോവിമോഹിനി തവ മായ- മനസ്സിനെ മോഹിപ്പിച്ചു കളയുന്ന അങ്ങയുടെ മായ, മയക്കായ്ക- എന്നെ മയക്കിക്കളയാൻ ഇടയാകരുതേ)

അത്തിക്കായിലിരിക്കുന്ന പുഴുവിന് അവിടെ കിട്ടുന്നതിനപ്പുറം ഒരിക്കലും സുഖം കിട്ടാനില്ലെന്നും ഭ്രമം വരാം. അതുപോലെ ഞാൻ ദേഹമാണ്, ദേഹത്തെ ആശ്രയിച്ചു കിട്ടുന്നതിൽ കൂടുതൽ സുഖമൊന്നും ഒരിടത്തും കിട്ടാനില്ല എന്ന ചിന്തയിൽ മനസ്സിനെ മോഹിപ്പിച്ചുകളയുന്ന അങ്ങയുടെ മായ എന്നെ മയക്കിക്കളയാൻ ഇടയാക്കരുതേ. നാരായണനു നമസ്കാരം.

'ഔദുംബരത്തിലെ മശകം' - ഉദുംബരം അത്തിമരമാണ്. അതിന്റെ കായാണ് ഔദുംബരം. പാകമാകാതെ ജീർണിക്കുന്ന അത്തിക്കായിൽ ഒരുതരം പുഴുക്കൾ രൂപംകൊള്ളുന്നു. അത്തിക്കായരുടെ അകവശമല്ലാതെ ഈ ലോകത്ത് മറ്റൊന്നും അവയ്ക്കറിവില്ലല്ലോ. അത്തിക്കായിലെ പുഴു അതിനകംതന്നെ തന്റെ സ്വർഗ്ഗമായി കരുതുന്നു. എന്നാൽ തന്റെ ആ സ്വർഗ്ഗം നിരന്തരം ജീർണ്ണിച്ചു കൊണ്ടിരിക്കുകയാണെന്നും അചിരേണ അതു ചീഞ്ഞളിഞ്ഞു നഷ്ടമാകുമെന്നും അല്പബുദ്ധിയായ ആ പുഴു ധരിക്കുന്നില്ല. സുഖാസ്പദമായ പദാർത്ഥം തന്നെ നശിച്ചാൽ തന്റെ സുഖത്തിന്റെ ഗതി എന്താകുമെന്നും അതു കാണുന്നില്ല. ദേഹത്തിലിരുന്നു ഈ ദേഹത്തിലാണു സുഖമെന്നും ഭ്രമിക്കുന്ന ജീവാത്മാവിന്റേയും കഥ ഇതുതന്നെയാണ്.

'ദേഹഭ്രമവും മായാമോഹവും' - ദേഹത്തിലിരുന്നു ദേഹസുഖത്തിൽ ഭ്രമിക്കുന്ന ജീവൻ അത്തിക്കായിലെ പുഴുവിനു തുല്യമാണ്. ജന്മമൃത്യുജരാവ്യാധിദുഃഖങ്ങളോടു കൂടിയതാണ് ദേഹം. ദേഹത്തോട് ബന്ധപ്പെട്ട കുടുംബാംഗങ്ങളുടെയും മറ്റു വസ്തുക്കളുടെയും ഒക്കെ സ്ഥിതി ഇതുതന്നെ. അനിത്യങ്ങളായ ദേഹാദിപദാർഥങ്ങളെ നിത്യങ്ങളെന്നും ദുഃഖാസ്പദങ്ങളായ അവയെ സുഖാസ്പദങ്ങളെന്നും ഭ്രമിക്കുന്നതാണല്ലോ മായ. പരിണാമദുഃഖം കൊണ്ടും, താപദുഃഖംകൊണ്ടും, സംസ്കാരദുഃഖം കൊണ്ടും ഗുണവൃത്തിവിരോധം കൊണ്ടും വിവേകികൾക്ക്‌ ഈ ലോകത്തു സർവ്വവും ദുഃഖമാണെന്നത്രേ പതഞ്ജലി യോഗസൂത്രത്തിൽ പ്രസ്താവിക്കുന്നത്.പരിണാമതാപസംസ്കാരദുഃഖൈ: ഗുണവൃത്തിവിരോധാച്ച ദുഃഖമേവ സർവ്വം വിവേകിന: എന്ന രണ്ടാം പദത്തിലെ പതിനഞ്ചാം സൂത്രം കൊണ്ട് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഭാവിസുഖത്തിനുവേണ്ടി പുണ്യമനുഷ്ഠിക്കാൻ കഴിയാതെ തൽക്കാല സുഖത്തിൽ മയങ്ങി ആലസ്യാദിതമോവൃത്തികൾ വന്നുചേരുന്നതാണ് പരിണാമ ദുഃഖം. സുഖകാലത്തുതന്നെ രോഗാദിക്ലേശങ്ങൾ വന്നുചേർന്ന് താൻ പാപിയാണെന്ന തോന്നലുളവാക്കുന്നതാണ് താപദുഃഖം. അനുഭവിച്ച സുഖം വീണ്ടും അനുഭവിക്കാനുള്ള കൊതിയാണ് സംസ്കാരദുഃഖം.അതുപോലെ പ്രകാശപ്രവൃത്തി മോഹരൂപേണ സദാ തരംഗരൂപത്തിൽ ചലിച്ചു മാറിക്കൊണ്ടിരിക്കുന്ന വിരുദ്ധങ്ങളായ സത്ത്വരജസ്തമോഗുണവൃത്തികളിലൂടെ പരസ്പരമുള്ള ഏറ്റുമുട്ടലും സദാ ദുഃഖകാരണമായി ഭവിക്കുന്നു. ജഡ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സുഖങ്ങളെ ഈ രീതിയിൽ വിവേചനം ചെയ്തറിയുന്ന വിവേകിക്ക് വിഷയസുഖമെല്ലാം ദുഃഖമായിട്ടേ കാണാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വിവേകി ശാശ്വതമായ ആത്മസുഖം നേടാൻ നിർബന്ധിതനായിത്തീരുന്നത്. അവിവേകികൾ സുഖമെന്നും ഭ്രമിച്ച് അത്തിക്കായിലെ പുഴുവിനെപ്പോലെ സാദാ ജഡദുഃഖത്തിൽത്തന്നെ ആമഗ്നനായി കഴിഞ്ഞുകൂടുന്നു. ആ രീതിയിൽ മനസ്സിനെ മോഹിപ്പിച്ചു മായ മയക്കാനിടവരരുതേ എന്നാണ് ആചാര്യന്റെ പ്രാർത്ഥന.

മായാമോഹത്തിൽ മയങ്ങാനിടയാകരുതേ എന്ന് ഇത്ര കിണഞ്ഞു പ്രാർത്ഥിക്കാനെന്തിരിക്കുന്നു. ധീരമായി മായാമറ ഒഴിച്ചുമാറ്റിയാൽ പോരെ? മായാമറ ഒഴിച്ചു മാറ്റുന്ന കാര്യത്തിൽ ബ്രഹ്മാവിനുപോലും ഒരിക്കൽ അത്യധികം ക്ലേശിക്കേണ്ടിവന്നു എന്നു കാണിച്ച് ദൃഷ്ടാന്തസഹിതം തന്റെ അഭ്യർത്ഥനയെ സമർഥിക്കുകയാണ് ആചാര്യൻ അടുത്ത പദ്യത്തിൽ:





ശ്ലോകം 28

അംഭോജ സംഭവനുമൻപോടു നീന്തി ബത
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടി പാരമിവനമ്പോടടായ്വതിനു
മുമ്പേ തൊഴാമടികൾ നാരായണായ നമഃ

(അംഭോജസംഭവനും- ബ്രഹ്മാവിനും, വന്മോഹവാരിധിയിൽ- സത്യം എന്തെന്നറിയാതെ മോഹ സമുദ്രത്തിൽ, അൻപോടു നീന്തി- തിരഞ്ഞു തിരഞ്ഞ് വളരെനാൾ നീന്തി കഴിച്ചുകൂട്ടേണ്ടി വന്നു, ബത-കഷ്ടം, എന്നേടമോർത്തു മമ- എന്ന കാര്യം ആലോചിച്ച് എനിക്ക്, വൻപേടി- വലിയ ഭയം തോന്നുന്നു, പാരം ഇവന് അടായ്വതിന്- അത് അത്യധികം ഇവനിൽ വന്നുചേരാതിരിക്കുന്നതിന്, മുമ്പേ അടികൾ അൻപോടു തൊഴാം- ആദ്യമേ പാദങ്ങൾ ഭക്തിപൂർവ്വം കുമ്പിടാം)

ബ്രഹ്മാവിനും സത്യമെന്തെന്നറിയാതെ മോഹസമുദ്രത്തിൽ തിരഞ്ഞു തിരഞ്ഞു വളരെ നാൾ നീന്തി കഴിച്ചുകൂട്ടേണ്ടിവന്നു. കഷ്ടം! ഈ കാര്യം ആലോചിച്ച് എനിക്കു വലിയ ഭയം തോന്നുന്നു. അത് അത്യധികം ഇവനെ ബാധിക്കാതിരിക്കുന്നതിന് ആദ്യമേ പാദങ്ങൾ ഭക്തിപൂർവ്വം കുമ്പിടാം. നാരായണായ നമഃ- നാരായണനായി നമസ്കാരം.

'ബ്രഹ്മാവും സത്യാന്വേഷണവും' - ഭാഗവതം മൂന്നാം സ്കന്ധം എട്ടാമധ്യായത്തിലുള്ള ഒരു കഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്: ഭഗവാൻ പ്രപഞ്ചം മുഴുവൻ സ്വശക്തിയിൽ ലയിപ്പിച്ചു യോഗനിദ്രയിലാണ്ടു. ആയിരം ചതുര്യുഗങ്ങൾ കഴിഞ്ഞുപോയി.തുടർന്നു കാലശക്തിയാൽ കർമാധീനനായിത്തീർന്നിട്ട് തന്റെ ദേഹത്തിൽ ലയിച്ചു കിടക്കുന്ന ലോകങ്ങളെ കാണാനിടയായി. കർമ്മത്താൽ ഉണർത്തപ്പെട്ട വിഷ്ണുവിന്റെ നാഭീദേശത്തു പെട്ടെന്ന് ഒരു താമര പ്രത്യക്ഷപ്പെട്ടു. തേജോമയമായ ആ താമരയിൽ സ്വയംഭൂവായ ബ്രഹ്മാവും കാണപ്പെട്ടു.ആ താമരയിലിരുന്നുകൊണ്ട് ബ്രഹ്മാവ് ചുറ്റുംനോക്കി. അങ്ങനെ അദ്ദേഹത്തിന് നാലു തലകൾ ഉണ്ടായി. എന്നാൽ ലോകമൊന്നും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. ആ ആദിദേവന് തന്നെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞില്ല. ഞാനാര്? ഈ താമര ഏത്? ഇതിന്റെ പിന്നിൽ വല്ല സത്യവും ഒളിഞ്ഞിരിപ്പുണ്ടോ? ഈ സംശയങ്ങൾ അദ്ദേഹത്തെ വ്യാകുലപ്പെടുത്തി

സ ഇത്ഥമുദ്വീക്ഷ്യ തദബ്ജനാളനാഡീ
ഭിരന്തർജ്ജല മാവിവേശ
നാർവ്വഗതസ്തത്ഖരനാളനളനാഭിം
വിചിമ്പംസ്തദവിന്ദതാജ:
(ഭാഗ.3-8-19)

അനന്തരം ബ്രഹ്മാവ് ഇങ്ങനെ ചിന്തിച്ച് ആ താമരയുടെ തണ്ടിലെ നാഡികളിൽക്കൂടി അതു നിൽക്കുന്ന ജലപ്പരപ്പിലേക്കു കടന്നു. തണ്ടിൽക്കൂടി വളരെയധികം താഴോട്ടു പോയിട്ടും അതിന്റെ ആശ്രയസ്ഥാനം കണ്ടുപിടിക്കാൻ കഴിയാതെ കുഴങ്ങി. ഇതിനെയാണ് ആചാര്യൻ അംഭോജസംഭവനുമൻപോടു നീന്തി ബത വന്മോഹവാരിധിയിൽ എന്നു പറഞ്ഞിരിക്കുന്നത്. താമരയിലെ ബ്രഹ്മാവ് മനസ്സും ജലം മായയുമാണെന്നു പറയേണ്ടതില്ലല്ലോ. മായാജലത്തിൽ എത്രയൊക്കെ തിരഞ്ഞു നടന്നാലും മനസ്സിന്റെ ആശ്രയമായ സത്യം തെളിയുക ഇല്ല. കൊടിയ ഇരുട്ടിൽ തന്നെ അറിയാൻ ഓടിനടന്ന ബ്രഹ്മാവിന് 100 സംവത്സരം കഴിഞ്ഞിട്ടു പോലും ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം നിരാശനായി സ്വസ്ഥാനത്തേക്കു തന്നെ മടങ്ങി. സങ്കല്പങ്ങളെ ഉപശമിപ്പിച്ച് പ്രാണനെ അടക്കി സമാധിനിഷ്ഠനായി ഉള്ളിലേക്കു നോക്കി. തുടർന്ന് അത്ഭുതകരമാംവണ്ണം സത്യം തെളിഞ്ഞു കിട്ടുകയും ചെയ്തു. അന്തർമുഖമായ ഏകാഗ്രത കൊണ്ടല്ലാതെ പരമസത്യം ഒരിക്കലും തെളിഞ്ഞു കിട്ടുകയില്ലെന്നു ചുരുക്കം. അതുകൊണ്ട് പുറമേ സത്യം തിരഞ്ഞ് ബ്രഹ്മാവിനെ പോലെ മായാമോഹവാരിധിയിലൊഴുകി ആയുസ്സ്‌ നഷ്ടപ്പെടാൻ ഇടവരാതെ തനിക്ക് കാലേക്കൂട്ടിത്തന്നെ അന്തർമുഖമായ ഏകാഗ്രത കൈവരാൻ അനുഗ്രഹിക്കേണമേ എന്നാണ് ആചാര്യൻ പ്രാർത്ഥിക്കുന്നത്.

ഒരു ഭക്തന് ഗാഢമായ അർപ്പണ ബുദ്ധിയോടെ ഭഗവാനെ തിരയാൻ മാത്രമേ പറ്റൂ. ഭഗവാൻ എപ്പോഴാണ് കരുണ കാണിക്കുക? എപ്പോഴാണു മുക്തി ലഭിക്കുക? ഇതൊന്നും തീർത്തു നിർണ്ണയിക്കാൻ കഴിയില്ല. ഭഗവാൻ ചിലപ്പോൾ ചിലരെ പെട്ടെന്ന് അനുഗ്രഹിക്കുന്നു. മറ്റു ചിലരെ വല്ലാതെ പരീക്ഷിക്കുന്നു. ഇതിന്റെ രഹസ്യം എന്തെന്നു നിർണയിക്കാനും വയ്യ ആശ്ചര്യകരമായി ഭഗവാനിൽ കാണുന്ന ഈ വിരുദ്ധഭാവങ്ങളെ പുരാണോതിഹാസങ്ങളിലുള്ള പല ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാട്ടി വെളിപ്പെടുത്തുകയാണ് ആചാര്യൻ അടുത്ത ഏഴ് പദ്യങ്ങളിൽ. ഭഗവാന്റെ ക്ഷിപ്രപ്രസാദത്തിനു പാത്രീഭവിച്ച അജാമിളന്റെ കഥയാണ് ഇരുപത്തൊമ്പതാം പദ്യത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




No comments:

Post a Comment