Friday 16 July 2021

ശ്ലോകം 01

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യ രൂപ ഹരി നാരായണായ നമഃ

ഓങ്കാരത്തിന്റെ പൊരുളായ പരബ്രഹ്മം തന്നെ മൂന്നായി വേർപെട്ട് അഹങ്കാരങ്ങളായി ഭവിച്ചു.
ആ അഹങ്കാരങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട് ഓങ്കാരമായ പൊരുൾ തന്നെ സാക്ഷിയായി വിളങ്ങി.
ഈ വസ്തുസ്ഥിതി പ്രത്യക്ഷമായി അനുഭവിച്ചറിയുന്നതിനു സഹായിയായി ഭവിച്ച പരമഗുരുവായി വിളങ്ങുന്ന ഹരിരൂപനായ നാരായണനു നമസ്കാരം.

എല്ലാ വ്യക്തികളിലും അഹങ്കാരരൂപത്തിൽ ഞാൻ, ഞാൻ എന്നിങ്ങനെ സദാ സ്ഫുരിക്കുന്ന ബോധാംശം പരമാത്മാവിന്റെ തന്നെ അംശമാണെന്നും ഗുരുകാരുണ്യം നേടി പ്രണവോപാസന ശീലിച്ചാൽ ഈ സത്യസ്ഥിതി ആർക്കും സാക്ഷാത്കരിക്കാമെന്നും ഒന്നാം ശ്ലോകത്തിൽ തന്നെ ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നു.

ഓങ്കാരമായ പൊരുൾ - ബ്രഹ്മമാണ് ഇവിടെ ഓങ്കാരമായ പൊരുൾ. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. ഘനീഭൂതമായ നിശ്ചലബോധാനുഭവമാണ് ബ്രഹ്മാനുഭവം. ഉപനിഷത്തുകൾ ഈ സത്യത്തെ 'സച്ചിദാനന്ദം' എന്ന് വിവരിക്കുന്നു. ശുദ്ധമായ ഉണ്മ, ശുദ്ധമായ ബോധം, ശുദ്ധമായ ആനന്ദം ഇവ ഏകീഭവിച്ചു ഘനീഭവിച്ചതാണ് ബ്രഹ്മസ്വരൂപമെന്ന് താത്പ്പര്യം. സർവ്വത്ര ഇടതിങ്ങി നിറഞ്ഞിരിക്കുന്ന ഈ സത്യത്തെ ആർക്കും ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് കണ്ടറിയാൻ സാധ്യമല്ല. ആരംഭത്തിൽ ഏതെങ്കിലും നാമത്തിലോ രൂപത്തിലോ മനസ്സിനെ ഏകാഗ്രതപ്പെടുത്തികൊണ്ടുള്ള ഉപാസനയിൽ കൂടി മുന്നോട്ടു നീങ്ങി സാക്ഷാത്കരിച്ചു വേണം ഈ സത്യത്തെ അറിയാൻ. ഇങ്ങനെ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ ഉപാസനയ്ക്കവലംബമായി ഉപനിഷത്തുകൾ കണ്ടുപിടിച്ചിട്ടുള്ള പ്രതീകമാണ് 'പ്രണവം' അഥവാ ഓംകാരം. പ്രണവോപാസനയിൽ അഥവാ 'ഓം' കാരധ്യാനത്തിൽ സഗുണനിർഗുണോപാസനകൾ സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു. 'ഓം'കാരം നീട്ടി ഉച്ചരിച്ച് ഏകാഗ്രപ്പെടുന്ന മനസ്സ് സഗുണമായ പ്രണവത്തിൽ തുടങ്ങി ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തിൽ നിർഗുണമായ ആത്മസത്ത യിലെത്തി അവസാനിക്കുമെന്ന് പ്രണവോപാസന കൃത്യമായി ശീലിക്കുന്നവർക്കൊക്കെ ബോധ്യമാകുന്നതാണ്. ഇങ്ങനെ 'ഓം'കാരം ആത്മസാക്ഷാത്കാരത്തിൽക്കൂടി പരബ്രഹ്മസത്തയെ നേരിട്ട് വെളിപ്പെടുത്തി കൊടുക്കുന്ന മന്ത്രമായതുകൊണ്ട് അതിനെ ഉപനിഷത്തുകൾ പരമാത്മാവിനെ പ്രത്യേകമായി പ്രഖ്യാപിച്ചു. ഉപനിഷത്ത്സംബന്ധമായ ഇക്കാര്യമാണ് എഴുത്തച്ഛൻ 'ഓം'കാരമായ പൊരുൾ എന്നു വിവരിച്ചിരിക്കുന്നത്.

മൂന്നായ് പിരിഞ്ഞുടനെ അങ്കാരമായ് - 'ഓം'കാരത്തെ ബ്രഹ്മപ്രതീകമായി എല്ലാ ഉപനിഷത്തുകളും അംഗീകരിച്ചിട്ടുണ്ടെങ്കിലും മാണ്ഡുക്യോപനിഷത്ത് ആണ് പ്രണവത്തെ പൂർണമായി വിവരിച്ചിട്ടുള്ളത്. 'ഓം'കാരം പ്രപഞ്ചമായി കാണപ്പെടുന്ന ബ്രഹ്മത്തെയും പ്രപഞ്ചാതീതമായി സത്യസ്വരൂപമായി വിളങ്ങുന്ന ബ്രഹ്മത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു. പരബ്രഹ്മം മൂന്നായി വേർതിരിഞ്ഞാണ് പ്രപഞ്ചാനുഭവം ഉളവാക്കുന്നത്. പ്രപഞ്ച അനുഭവത്തെ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നു മൂന്നായി നമുക്ക് വേർതിരിക്കാം. ബ്രഹ്മപ്രതീകമായ് 'ഓം'കാരത്തിലും ഈ മൂന്നു വേർതിരിവുകളെയും ഘടിപ്പിച്ചിട്ടുണ്ട്.അ,ഉ,മ് എന്നീ മൂന്നു ധ്വനികൾ കൂടിച്ചേർന്നതാണ് 'ഓം'കാരം. 'അ' ജാഗ്രത്തിനെയും 'ഉ' സ്വപ്നത്തെ യും 'മ്' സുഷുപ്തിയെ യും പ്രതിനിധീകരിക്കുന്നു. ഉണർന്നിരുന്നു ജ്ഞാനകർമ്മേന്ദ്രിയങ്ങൾ കൊണ്ട് ബാഹ്യ ദൃശ്യങ്ങളെ അനുഭവിക്കുന്നതാണ് 'ജാഗ്രത്ത്.' ഇന്ദ്രിയാനുഭവങ്ങളെയെല്ലാം ഉപസംഹരിച്ചശേഷം മനസ്സ് ശരീരാന്തർഭാഗത്ത് ഒതുങ്ങി നിന്ന് കൊണ്ട് സ്വയം ദൃശ്യങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നതാണ് 'സ്വപ്നം.' പ്രപഞ്ച അനുഭവങ്ങളെയെല്ലാം ഉപശമിപ്പിച്ച് അനുഭോക്താവ് അജ്ഞാനാവരണത്താൽ മറയ്ക്കപ്പെട്ടു പരമാത്മാവിൽ ലയിച്ചിരിക്കുന്ന അവസ്ഥയാണ് 'സുഷുപ്തി' അഥവാ 'ഗാഢനിദ്ര' ഞാൻ, ഞാൻ എന്നിങ്ങനെ എല്ലാ വരിയിലും നിരന്തരം സ്ഫുരിക്കുന്ന അഹന്ത ബോധമാണ് മാറിമാറി ഈ മൂന്ന് സ്ഥാനങ്ങളിൽ നിന്നുകൊണ്ട് പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്ന ജീവാത്മാവ്. ഈ അഹന്തയെ തന്നെ പ്രപഞ്ചത്തെ മുഴുവൻ ഒന്നായി അനുഭവിക്കുന്ന 'വിശ്വാഹന്ത' എന്നും വ്യക്തികളിൽ വേർതിരിഞ്ഞു നിന്നുകൊണ്ടു പ്രപഞ്ചത്തെ അല്പാല്പമായി അനുഭവിക്കുന്ന 'വ്യക്തിഹന്ത' എന്നും രണ്ടായി തരം തിരിക്കാം. വേദാന്തശാസ്ത്രം വ്യക്തിഹന്തയെ 'വൃഷ്ടി' എന്നും വിശ്വാ ഹന്തയെ 'സമഷ്ടി' എന്നും വിളിക്കുന്നു. സമഷ്ടിയുടെ അംശങ്ങളാണ് വ്യഷ്ടികളെല്ലാം. തിരയുടെ അംശങ്ങൾ കുമിളകൾ എന്നപോലെ. ജാഗ്രത്സ്ഥാനത്തു നിന്നുകൊണ്ട് സമ്പൂർണ്ണ പ്രപഞ്ചത്തിൽ അഭിമാനം കൊള്ളുന്ന സമഷ്ട്യഹന്തയെ ഉപനിഷത്ത് 'വൈശ്വാനരൻ' എന്ന് വിളിക്കുന്നു, പുരാണങ്ങളിൽ വിരാട്പുരുഷനെന്നും. ജാഗ്രത്തിൽ നിന്നുകൊണ്ട് പ്രപഞ്ചത്തെ അനുഭവിക്കുന്ന വ്യഷ്ട്യഹന്തയാണ് വിശ്വൻ 'വിശ്വൻ.' 'വിശ്വൻ' വൈശ്വാനരന്റെ അംശമാണ്. അതുപോലെ സ്വപ്ന സ്ഥാനത്തുനില്ക്കുന്ന സമഷ്ട്യഹന്തയെ 'ഹിരണ്യഗർഭ'നെന്നും വ്യഷ്ട്യഹന്തയെ 'തൈജസ'നെന്നും വിളിക്കുന്നു. തൈജസൻ മാരുടെ സമഗ്ര രൂപമാണ് ഹിരണ്യഗർഭൻ. സുഷുപ്തിയിൽ ലയിക്കുന്ന വിശ്വാഹന്തയ്ക്ക് 'ഈശ്വര'നെന്നും വ്യക്തി ഹന്തയ്ക്ക് 'പ്രാജ്ഞൻ' എന്നുമാണ് പേർ. നിശ്ചലവും നിർവികാരവുമായ ബ്രഹ്മ സത്യത്തിൽ ബ്രഹ്മശക്തിയായ മായ പടുത്തുയർത്തുന്നതാണ് പ്രപഞ്ചം. ഉറക്കത്തിൽ മായ അജ്ഞാനാവരണമായും സ്വപ്നത്തിൽ മനോദൃശ്യങ്ങളായും ജാഗ്രത്തിൽ ബാഹ്യദൃശ്യങ്ങളായും വികസിച്ചു കാണപ്പെടുന്നു. മായ ഇങ്ങനെ രൂപഭേദം കൊള്ളുമ്പോൾ അവയിൽ ഓരോന്നിലും പ്രതിബിംബിച്ച് അവയെ പ്രകാശിപ്പിക്കുന്ന പരമാത്മ പ്രതിബിംബങ്ങളാണ് അഹങ്കാരങ്ങൾ. അപ്പോൾ ഒരേ പരമാത്മാവ് തന്നെ ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും കാണപ്പെടുന്ന മായാരൂപങ്ങളിൽ അഹന്താബോധരൂപത്തിൽ പ്രതിബിംബിച്ച് വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നിങ്ങനെ മൂന്നായി പിരിയുന്നതോടെയാണ് പ്രപഞ്ചാനുഭവമെല്ലാം ഉളവാകുന്നത്. മഹത്തായ ഈ സാക്ഷാത്കാര രഹസ്യമാണ്, മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായ് എന്നു തുഞ്ചത്താചാര്യൻ വർണിച്ചിരിക്കുന്നത്.

ത്രിഗുണങ്ങളെ അവലംബമാക്കിയും ഈ 'മൂന്നായ് പിരിവി'നെ വിവരിക്കാവുന്നതാണ്. പ്രകാശം, പ്രവൃത്തി, മോഹം ഇവയെ പ്രതിനിധാനം ചെയ്യുന്ന സത്ത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതി ഗുണങ്ങളെ ആശ്രയിക്കുന്നവയാണ് എല്ലാ പ്രപഞ്ച ഘടകങ്ങളും. പ്രാധാന്യേന സത്വഗുണത്തിൽ വർത്തിക്കുന്ന അഹന്തയെയാണ് പുരാണങ്ങൾ 'വിഷ്ണു' എന്ന് നാമകരണം ചെയ്തിരിക്കുന്നത്. രജോഗുണ പ്രധാനമായ അഹങ്കാരത്തെ ബ്രഹ്മാവ് എന്നും തമോഗുണ പ്രധനമായതിനെ ശിവനെന്നും വിളിക്കുന്നു. രക്ഷയും സൃഷ്ടിയും സംഹാരവുമാണ് യഥാക്രമം ഈ അഹങ്കാരങ്ങളുടെ പ്രാധാന്യേനയുള്ള കർമ്മപരിപാടി. മുൻ വിവരിച്ചതുപോലെ സമഷ്ടി വൃഷ്ടിഭേദങ്ങൾ ഈ അഹങ്കാരങ്ങൾക്കും ഉണ്ടെന്നറിയേണ്ടതാണ്. സത്വഗുണ സമഷ്ടി സാക്ഷാത് വിഷ്ണുവും രജോഗുണ സമഷ്ടി സാക്ഷാൽ ബ്രഹ്മാവും തമോഗുണ സമഷ്ടി ശി വനുമാണെങ്കിൽ ഇവരുടെ അംശങ്ങൾ തന്നെയാണ് പ്രപഞ്ചത്തിലെ എല്ലാ വ്യഷ്ട്യഹന്തകളും. ഇങ്ങനെ വിശ്വ തൈജസ പ്രാജ്ഞ രൂപത്തിലായാലും വിഷ്ണുബ്രഹ്മാശിവ രൂപത്തിലായാലും ബ്രഹ്മജ്യോതിസ്സ് മായാഗുണങ്ങളിൽ പ്രതിബിംബിച്ച് മൂന്നായി പിരിയുമ്പോഴാണ് അഹങ്കാരങ്ങൾ രൂപംകൊള്ളുന്നത്. വിഷ്ണുബ്രഹ്മാശിവ രൂപത്തിലുള്ള അഹങ്കാരങ്ങളെയും 'ഓം'കാരം ഉൾക്കൊള്ളുന്നു. 'അ' വിഷ്ണുവിന്റെ പ്രതിനിധിയാണ് 'ഉ ' ബ്രഹ്മാവിന്റെ, 'മ' ശിവന്റെയും. ഇതത്രേ 'ഓം'കാരമായ പൊരുലിന്റെ അഹങ്കാരരൂപത്തിലുള്ള മൂന്നായ് പിരിവ്. സ്വാത്ത്വികാഹങ്കാരം, രാജസാഹങ്കാരം, താമസാഹങ്കാരം.

അതിനു താൻ തന്നെ സാക്ഷി - പ്രതിബിംബരൂപത്തിലുള്ള ഈ അഹങ്കാരത്തെ ഉളവാക്കി. എന്നാൽ അതിന്റെ കർമ്മങ്ങളുമായി ലേശംപോലും ബന്ധപ്പെടാതെ അവയെ പ്രകാശിപ്പിച്ചുകൊണ്ട് കേവലം സാക്ഷി രൂപേണ വർത്തിക്കുന്ന സത്യ വസ്തുവാണ് പരമാത്മാവ്. ഈ പരമാത്മ സ്ഥിതിയെ സൂര്യ പ്രതിബിംബങ്ങളോട് സൂര്യനുള്ള ബന്ധവുമായി താരതമ്യപ്പെടുത്താം. വിവിധ ജലപാത്രങ്ങളിൽ സൂര്യൻ പ്രതിബിംബിക്കുന്നുവന്നു കരുതുക. ജല പാത്രത്തിന്റെ വലുപ്പവും അതിലുള്ള വെള്ളത്തിന്റെ പ്രത്യേകതയും അനുസരിച്ചായിരിക്കും പ്രതിബിംബങ്ങൾ രൂപം കൊള്ളുക. ജല പാത്രം വലുതാണെങ്കിൽ പ്രതിബിംബം വലുതായിരിക്കും, ചെറുതാണെങ്കിൽ ചെറുതും. വെള്ളം കലങ്ങിയതാണെങ്കിൽ പ്രതിബിംബം കലങ്ങിയിരിക്കും, ശുദ്ധമാണെങ്കിൽ ശുദ്ധം. വെള്ളത്തിന് ചലനമുണ്ടെങ്കിൽ പ്രതിബിംബം ചലിക്കും. നിശ്ചലം ആണെങ്കിൽ നിശ്ചലം. ജലപാത്രങ്ങളുടെ എണ്ണമനുസരിച്ച് ഇത്തരം എത്ര പ്രതിബിംബങ്ങൾ വേണമെങ്കിലും ഒരേ സൂര്യനിൽ നിന്നും രൂപപ്പെടാൻ പ്രയാസവുമില്ല. അപ്പോൾ പ്രതിബിംബങ്ങളുടെ എണ്ണമോ വലിപ്പച്ചെറുപ്പമോ ശുദ്ധ്യാശുദ്ധിയോ ചലന നിശ്ചലാവസ്ഥ യോ ഒന്നുംതന്നെ ലേശം പോലും ബാധിക്കാതെ സൂര്യന് സാക്ഷി രൂപേണ നിന്ന് എല്ലാ പ്രതിബന്ധങ്ങളെയും അതാതിന്റെ രൂപത്തിൽ പ്രകാശിപ്പിക്കാൻ കഴിയുന്നു. ഇതുപോലെയാണ് മായാ ഗുണങ്ങളിൽ പ്രതിബിംബിക്കുന്ന പരമാത്മപ്രതി ബിംബങ്ങളായ അഹങ്കാരങ്ങളെ അവയുടെ ഗുണമോ കർമ്മമോ തന്നെ ബന്ധിക്കാതെ പരമാത്മാവ് സാക്ഷിരൂപേണ പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.

' ഗുരു കാരുണ്യവും വസ്തു ബോധവും' - ജീവബ്രഹ്മൈക്യമെന്ന മോക്ഷമാണല്ലോ വേദാന്തശാസ്ത്രംലക്ഷ്യം. ഇതു നേടാൻ, ജീവനെന്ത്? ബ്രഹ്മമെന്ത്? ഈ രണ്ടിനും തമ്മിലുള്ള ബന്ധമെന്ത്? എന്നീ കാര്യങ്ങൾ വ്യക്തമായി ധരിച്ചാലേപറ്റൂ. അഹങ്കാര രൂപത്തിലുള്ള ജീവനുകൾക്ക് ബ്രഹ്മവുമായുള്ള ബന്ധമെന്തെന്നത്ര മേൽ വിവരിച്ചത്. ഇതു സിദ്ധാന്തപരമായി അറിഞ്ഞാൽ മാത്രം പോരാ, സാക്ഷാത്കരിച്ച് അനുഭവിക്കാൻ കഴിയണം. അതാണ് 'ബോധംവരൽ.' ഈ ബോധവരാൻ സത്യം സാക്ഷാത്കരിച്ച ഗുരുവിന്റെ കാരുണ്യം ഉണ്ടെങ്കിലേ പറ്റൂ. സത്യസാക്ഷാത്കാരത്തിൽ ബ്രഹ്മ നിഷ്ഠനായ ഗുരുവിന്റെ ഉപദേശവും കാരുണ്യവും അതിപ്രധാനമായ പങ്കുവഹിക്കുന്നു. തനിക്ക് ആ ഉപദേശവും കാരുണ്യവും ലഭിച്ചുവെന്നും ബോധം വന്നുവെന്നുമാണ് 'അതു ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യരൂപ' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

'ഗുരുവും നാരായണനും ഒന്നുതന്നെ' - ബ്രഹ്മവിത്ത് ബ്രഹ്മമായി ഭവിക്കുന്നു എന്നാണ് ഉപനിഷത് പ്രഖ്യാപനം. വേദാന്ത സത്യം അനുഭവിച്ചറിയാൻ സഹായിക്കുന്ന ബ്രഹ്മനിഷ്ഠനായ ഗുരു ശിഷ്യനെ സംബന്ധിച്ചിടത്തോളം സാക്ഷാൽ ഈശ്വരൻ തന്നെയാണ്. ശിഷ്യന്റെ കളങ്കങ്ങളെ മുഴുവൻ ഹരിക്കുന്നത് കൊണ്ട് അദ്ദേഹം ഹരി നാരായണനുമാണ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്താനാണ് 'ആചാര്യ രൂപ ഹരി നാരായണായ നമഃ' എന്നു ശ്ലോകം അവസാനിപ്പിച്ചിരിക്കുന്നത്. 'ഗുരുരൂപനായി പാപഹാരിയായി വിളങ്ങുന്ന ബ്രഹ്മസ്വരൂപിൻ, അങ്ങേയ്ക്കു നമസ്കാരം' എന്ന് താത്പ്പര്യം.

ഈ ശ്ലോകം സാംഖ്യമതം അനുസരിച്ച് വ്യാഖ്യാനിക്കാം എന്ന് പറയുന്നുണ്ട്. അത് ഒരിക്കലും ശരിയാകില്ല. സംഖ്യമതം പ്രകൃതിയും പുരുഷനും രണ്ട് ഭിന്നവസ്തുക്കളാണെന്നു ശഠിക്കുന്നു. അദ്വൈതവേദാന്തമാകട്ടെ, പ്രകൃതിയെ അഥവാ മായയെ പരമാത്മാവിന്റെ ശക്തിവിശേമായി മാത്രമേ അംഗീകരിക്കുന്നുള്ളൂ. അദ്വൈതവേദാന്തിക്ക് പ്രകൃതിയും പ്രകൃതികാര്യങ്ങളും പരമാത്മാവിന്റെ തന്നെ പ്രകടഭാവങ്ങളാണ്. അപ്പോൾ 'ഓം'കാരമായ പൊരുൾ അങ്കാരമായി ഭവിച്ചു എന്നു പറയുന്നത് അന്വർത്ഥമാണ്. സാംഖ്യ മതമനുസരിച്ച് പ്രകൃതി പുരുഷനിൽ നിന്നും ഭിന്നയായതുകൊണ്ട് സാംഖ്യ പ്രകൃതിയെ 'ഓം'കാരമായ പൊരുളായി ആരും തന്നെ അംഗീകരിച്ചിട്ടില്ല. അതിനാൽ, പ്രകൃതിപരിണാമങ്ങളായി അഹങ്കാരങ്ങൾ രൂപം കൊള്ളുമ്പോൾ അതിനെ 'ഓം'കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ അങ്കാരമായ്' എന്നു വ്യാഖ്യാനിക്കാനേ സാധ്യമല്ല. മതഭേദത്തെ മുൻനിർത്തിയുള്ള ഇത്തരം വ്യാഖ്യാനങ്ങൾ ആചാര്യപാദർ കാട്ടിത്തരാൻ കൊതിക്കുന്ന യഥാർത്ഥ സത്യത്തെ മറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കൂ. രണ്ടാമത്തെ വ്യാഖ്യാനം ഇക്കാര്യം കുറെക്കൂടി തെളിയിക്കും.

പൂർണമായ അദ്വൈതാനുഭവം മാത്രമേ മനുഷ്യമനസ്സിന് പരമമായ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യൂ. ദ്വിതീയാദ്വൈഭ യം ഭവതി- 'രണ്ടിന്റെ തോന്നലിൽ നിന്നാണല്ലോ ഭയമുളവാകുന്നത്' എന്നാണ് ഉപനിഷത് പ്രഖ്യാപനം. അതുകൊണ്ട് രണ്ടിന്റെ ഭയം പൂർണമായി മാറിക്കിട്ടണേ എന്നാണ് ആചാര്യൻ രണ്ടാം ശ്ലോകത്തിൽ പ്രാർത്ഥിക്കുന്നത്

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ











No comments:

Post a Comment