Friday 16 July 2021

ശ്ലോകം 06 07

ശ്ലോകം 06

ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും, പരമനാരായണായ നമഃ

( ശ്രീമൂലമായ പ്രകൃതീങ്കൽ- ഈശ്വര ശക്തിയായ മൂലപ്രകൃതിയിൽ, പരമഹാമായ തന്റെ ഗതി- ബ്രഹ്മശക്തിയായ മായയുടെ തന്നെ പ്രവർത്തനമണ്ഡലമാണ്, അവധി ഇല്ല- അവസാനം ഇല്ല)

ഈശ്വര ശക്തിയായ മൂലപ്രകൃതി യിൽ ആരംഭിച്ചു ജനന-മരണ പരിണാമം അവസാനിക്കുന്നതുവരെ ബ്രഹ്മശക്തിയായ മായയുടെ തന്നെ പ്രവർത്തനമണ്ഡലമാണ്. ഇവിടെ നിരവധി ജനന-മരണ പരിണാമ ഘട്ടങ്ങൾ കടന്നാലും കർമ്മപ്രവാഹം അവസാനിക്കുന്നതല്ല. പരമകാരണ സ്വരൂപമായ അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

ഈ ശ്ലോകത്തിൽ 'ശ്രീമൂലമായ പ്രകൃതി' എന്നതും 'പരമഹാമായ' എന്നതും പര്യായപദങ്ങളാണെന്നോർക്കണം. അഖണ്ഡവും ആനന്ദ ബോധസ്വരൂപവുമായ പരബ്രഹ്മമാണ് പ്രപഞ്ചത്തിന്റെ പരമകാരണം. പ്രപഞ്ചദൃശ്യങ്ങൾ ആവിർഭവിക്കുന്നതിനു മുമ്പ് പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന്റെ ഒരംശത്തിൽ അതിൽത്തന്നെ ഒളിഞ്ഞുകിടക്കുന്ന ഒരു ശക്തി സ്പന്ദിച്ച് ആവിർഭവിക്കുന്നതോടെയാണ് സൃഷ്ടി ആരംഭിക്കുന്നത്. ശക്തി ബ്രഹ്മത്തിന്റെ ഏകദേശാംശത്തിൽ മാത്രമേ സ്പന്ദിച്ച് ആവിർഭവിക്കുന്നുള്ളൂ എന്നകാര്യം പുരുഷസൂക്തം വെളിപ്പെടുത്തിയിട്ടുണ്ട്.

പാതോസ്യ വിശ്വാഭൂതാനി - ത്രിപാദസ്യാമൃതം ഭുവി - പുരുഷന്റെ നാലിലൊരുഭാഗത്തുമാത്രമേ പ്രപഞ്ചമുള്ളു, നാലിൽ മൂന്നു ഭാഗവും ആനന്ദ സ്വരൂപമായി ദിവ്യമായി വർദ്ധിക്കുന്നു" എന്നാണ് പുരുഷസൂക്തം പ്രഖ്യാപിക്കുന്നത്. ഏകാംശേന സ്ഥിതോ ജഗത് -" എന്റെ ഒരംശം ജഗത്തായി കാണപ്പെടുന്നു" എന്നിങ്ങനെ ഭഗവാൻ ഗീത പത്താം അധ്യായത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പ്രപഞ്ച നിർമ്മിതിക്കായി ബ്രഹ്മ സ്വരൂപത്തിൽ തെളിയുന്ന ശക്തിയാണ് മൂലപ്രകൃതി അഥവാ മഹാമായ. ആചാര്യൻ മൂലപ്രകൃതിക്ക് 'ശ്രീ' എന്ന വിശേഷണം ചേർത്തിരിക്കുന്നത് പദ്യം ആ അക്ഷരത്തിൽ തുടങ്ങാൻ വേണ്ടി മാത്രമല്ല. ഒന്നാമതായി, മൂലപ്രകൃതി ബ്രഹ്മശക്തി ആണെന്നും അത് ബ്രഹ്മത്തിൽനിന്നും ഭിന്നമല്ലെന്നും കാണിക്കാനാണ് ആ വിശേഷണം.

ശക്തി സ്പന്ദനാത്മകമായ കർമ്മം ആരംഭിച്ചതോടെയാണല്ലോ അവ്യക്തം മുതലുള്ള ജഡരൂപഭേദങ്ങൾ പ്രത്യക്ഷപ്പെട്ടത്. ശക്തി ചലന രൂപത്തിലുള്ള കർമ്മം അവസാനിപ്പിച്ചാൽ രൂപപരിണാമങ്ങൾ ഒക്കെ അവിടെ നിലയ്ക്കും. അപ്പോൾ ജനന-മരണപരിണാമരൂപത്തിലുള്ള സംസാരബന്ധത്തിനു നമുക്കു കണ്ടെത്താവുന്ന ഒരേ ഒരു കാരണം കർമ്മമാണ്. കർമ്മവും ജന്മവും വിത്തും വൃക്ഷവും പോലെ ചക്രാകാരമായി കറങ്ങികൊണ്ടിരിക്കുന്ന സംസാരഗതിയുടെ രണ്ടു ഘട്ടങ്ങളാണ്. അതുകൊണ്ട് കർമ്മമെന്ന വിത്ത് നശിച്ചാലേ ജന്മമെന്ന വൃക്ഷം മുളയ്കാത്തിരിക്കൂ. നിരവധി ജന്മങ്ങളെടുത്തതുകൊണ്ടോ അനവധി കർമ്മം ചെയ്തതു കൊണ്ടോ ഇതു സാധ്യമാവില്ല. കർമ്മം ചെയ്യലും ജന്മമെടുക്കലും വിത്തുകളെ ഉണ്ടാക്കുന്നതിനു മുളപ്പിക്കുന്നതിനും തുല്യമാണ്.







ശ്ലോകം 07

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേ ന നിത്യഗതി
ത്വദ്ഭക്തിവർധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്വരിക നാരായണായ നമഃ

( ഗർഭസ്ഥനായ്- മാതൃ ഗർഭത്തിൽ കുറെക്കാലം കഴിച്ചുകൂട്ടിയിട്ടുണ്ട്, ഭുവി -ഭൂമിയിൽ, ഉദകപ്പോളപോലെ- വെള്ളത്തിലെ കുമിള എന്ന പോലെ, ന നിത്യഗതി- മോക്ഷം ലഭിക്കുന്നതേയില്ല)

മായാമറ നീങ്ങാത്തി ടത്തോളം മാതൃ ഗർഭത്തിൽ കുറേക്കാലം കഴിച്ചുകൂട്ടീട്ട് ഭൂമിയിൽ വെള്ളത്തിലെ കുമിളപോലെ പിറന്നും ചത്തും സംസാര ഗതി തുടരണം. മരണവേളയിൽ മോക്ഷം ലഭിക്കുന്നതേയില്ല. അതുകൊണ്ട് എന്റെ മനസ്സിൽ അങ്ങയോടുള്ള ഭക്തി വർദ്ധിച്ചുകൊണ്ടേയിരിക്കണം. അതിനായി സദാ അങ്ങയെ പ്രണമിക്കാൻ ഇടവരട്ടെ. അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

ഗർഭദുഃഖം, ജനനദുഃഖം, മരണദുഃഖം ഇവയാണ് സംസാര ഗതിയിലെ മഹാ ദുഃഖങ്ങൾ. അന്തക്കരണമാണ് ജീവന്റെ സൂക്ഷ്മശരീരം. സൂക്ഷ്മശരീരത്തോടുകൂടി ജീവൻ പ്രാണനെ ആശ്രയിച്ചു മാംസസ്ഥിമയമായ സ്ഥൂലശരീരം വിട്ടിറങ്ങിപ്പോകുന്നതാണ് മരണം. ഇങ്ങനെ ഇറങ്ങിപ്പോകുന്ന സൂക്ഷ്മശരീരം പ്രാണനിയന്ത്രണത്തിനു വിധേയമായി ക്രമത്തിൽ സങ്കല്പസാമ്യംകൊണ്ടു കർമ്മബന്ധമുള്ള ഒരു പിതാവിന്റെ സൂക്ഷ്മശരീരത്തിൽ കടന്നുകൂടുന്നു. അങ്ങനെ പിതൃബീജം വഴിയായി മാതാവിന്റെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നു. തുടർന്നു ദിനംപ്രതി ആ ജീവന്റെ സങ്കല്പത്തിന് അനുരൂപമായ ശരീരം രൂപപ്പെട്ടുവരുന്നു. അഞ്ചാം മാസത്തിൽ ജീവചൈതന്യം സ്പഷ്ടമായി സ്ഫുരിക്കും. തുടർന്ന് ഒരു ഘട്ടത്തിൽ തന്റെ കഴിഞ്ഞ കാല ജീവിതഗതി മുഴുവൻ സ്മരണമണ്ഡലത്തിൽ കാണാറാകും.

ജനിച്ചാൽ മരിക്കും, മരിച്ചാൽ ജനിക്കും. ഇത് അനിവാര്യമായ ജീവിത നിയമമാണ്. ഏതെങ്കിലും രൂപത്തിൽ ഇന്ന് നിലവിലുള്ള ഒരു പദാർത്ഥത്തിന് ആത്യന്തികമായ നാശം സാധ്യമല്ല. രൂപഭേദം മാത്രമേ സാധ്യമാവൂ. ബോധവും മനസ്സും ദേഹവും ഇന്ന് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും രൂപത്തിൽ അവ നാളെയും നിലനിൽക്കുക തന്നെ ചെയ്യും. ഇവിടെ വെറും രൂപപരിണാമങ്ങളെ ഉത്ഭവമായും നാശമായും ഭ്രമിക്കുന്നത് കൊണ്ടാണ് എല്ലാ ദുഃഖങ്ങളും വന്നുചേരുന്നത്. നേരെമറിച്ച്, ഒരേ വസ്തു തന്നെയാണ് ഇങ്ങനെ നാനാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു മറയുന്നതെന്നും രൂപങ്ങളുടെ ആവിർഭാവതിരോഭാവങ്ങൾ വസ്തുവിന് അണുപോലും കൂടുതലോ കുറവോ ഉണ്ടാക്കുന്നില്ലെന്നുമുള്ള വാസ്തവം അനുഭവിച്ചറിയാൻ കഴിഞ്ഞാൽ ഭയമൊക്കെ നീങ്ങുന്നതാണ്. പൂർണ്ണമായ വസ്തുസാക്ഷാത്കാരം കൊണ്ടേ ഇത് സാധ്യമാവൂ. വെള്ളത്തിൽ തിരകളും കുമിളകളും ഉണ്ടായി മറയുന്നു. തിരകളും കുമിളകളും കേവലം വെള്ളത്തിലെ രൂപഭേദങ്ങൾ മാത്രമാണ്. അറിവില്ലാത്ത ഒരു കുട്ടിക്ക്, തിരകളും കുമിളകളും ജനിക്കുന്നു, മരിക്കുന്നു എന്നൊക്കെ തോന്നാം. എത്ര തിരകളും കുമിളകളും ഉണ്ടായി മറഞ്ഞാലും വെള്ളത്തിന്റെ അളവിനോ സ്വരൂപത്തിനോ മാറ്റമില്ലെന്നു തീർച്ചയാണല്ലോ. ഇതുപോലെ പ്രപഞ്ചത്തിലെയും വസ്തുസ്ഥിതി ബോധ്യമുള്ളയാൾ ഇവിടെ എന്തൊക്കെ സംഭവിച്ചാലും അശേഷം കുലുങ്ങുന്നില്ല.

മനുഷ്യജന്മം സഫലമാകണമെങ്കിൽ ഈ ജീവിതത്തിൽ മരണത്തിനു മുമ്പ് ഞാൻ ജനിച്ചിട്ടില്ലെന്നും മരിക്കുകയില്ല എന്നും ഉറപ്പു വരണം. ഞാൻ നിത്യമുക്തമായ ആത്മാവാണെന്നും ദേഹം വസ്ത്രമെന്നപോലെ എനിക്ക് സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന ഒരു ഉപകരണം മാത്രമാണെന്നും ഉറപ്പു വരണം. ദേഹമുപേക്ഷിക്കുന്നതിനുമുമ്പ് ഈ ഉറപ്പു വന്ന ആളാണ് ജീവന്മുക്തൻ. ജീവന്മുക്തി നേടി ദേഹത്തെ മൺകട്ടപോലെ വലിച്ചെറിയാൻ കഴിയുന്ന ആളാണ് ധീരനെന്നത്രേ ഭാഗവതമതം.

ഗുരുമുഖത്തുനിന്നും വസ്തു സ്വരൂപം ഗ്രഹിച്ചശേഷം ജഗദാശ്രയമായ ആ സത്യവസ്തുവിൽ പരമപ്രേമം വന്നുചേരുന്നതാണ് ഭക്തി. നിഷ്കളങ്കമായ ഭക്തി ലോക മോഹങ്ങളിൽ നിന്നും ചിത്തത്തെ അകറ്റി ശുദ്ധീകരിക്കുന്നു. തുടർന്ന് ആത്മാവായി വർത്തിക്കുന്ന ജഗത് സത്യം ശുദ്ധചിത്തത്തിൽ വ്യക്തമായി പ്രകാശിക്കാൻ തുടങ്ങുന്നതോടെ സിദ്ധാന്തപരമായി അറിയപ്പെട്ടിരുന്ന വസ്തു അനുഭവരൂപത്തിൽ പ്രകാശിക്കാൻ തുടങ്ങുന്നു. നിരന്തരമായി സത്യസ്വരൂപ സ്മൃതി അഭ്യസിച്ചാലേ ഭക്തിയും തത്ത്വബോധവും കൈവരൂ. അതുകൊണ്ടാണ് ആചാര്യൻ ഭക്തി വർദ്ധിക്കണമെന്നും അതിനായി ഭഗവാനെ നിത്യം തൊഴാൻ ഇടവരണമെന്നും പ്രാർത്ഥിച്ചിരിക്കുന്നത്.

അനന്യഭക്തി, നിരന്തരസ്മരണ ഇവയാണ് തത്ത്വബോധം കൈവരുത്തുന്നതെന്നു കണ്ടുവല്ലോ. സഗുണമായിട്ടായാലും നിർഗുണമായിട്ടായാലും നിരന്തരസ്മരണ ഉറച്ചുകിട്ടണേ എന്നു പ്രാർത്ഥിക്കുകയാണ് അടുത്ത പദ്യത്തിൽ

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




No comments:

Post a Comment