Thursday 15 July 2021

ശ്ലോകം 19 20

ശ്ലോകം 19

ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിനു
നീരിന്നു വേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാവൊന്നേ വേണ്ടു ഹരിനാരായണായ നമഃ

(അതിന് - ഭാഗവന്നാമം സ്മരിക്കുന്നതിനും കീർത്തി ക്കുന്നതിനും, ഇന്ന് -ഇപ്പോൾ, ഊരു വേണ്ട - ഉചിതമായ ദേശം വേണ്ട, ചില ഭാരങ്ങൾ വേണ്ട - ചമത, അഗ്നികുണ്ഡം, ധൂപദീപങ്ങൾ, നൈവേദ്യങ്ങൾ തുടങ്ങി സംഭാരങ്ങൾ ഒന്നും വേണ്ട, അതിനു നീരു വേണ്ട - കുളിക്കാനും അഭിഷേകത്തിനു വെള്ളം തേടി നടക്കേണ്ട, നിജദാരങ്ങൾ വേണ്ട - യജ്ഞാദികർമ്മികൾക്കെന്നപോലെ ധർമ്മപത്നി അരികിൽ വേണമെന്നു നിയമമില്ല)

ഭഗവന്നാമം സ്മരിക്കുന്നതിനും കീർത്തിക്കുന്നതിനും ഇപ്പോൾ ഉചിതമായ ദേശം വേണ്ട., ചമത, അഗ്നികുണ്ഡം, ധൂപദീപങ്ങൾ, നൈവേദ്യങ്ങൾ തുടങ്ങിയ സംഭാരങ്ങൾ ഒന്നും വേണ്ട., അതിനായി കുളിക്കാനും അഭിഷേകത്തിനും വെള്ളം തേടി നടക്കേണ്ട., യജ്ഞാദികർമ്മങ്ങൾക്കെന്നപോലെ ധർമ്മപത്നി അരികിൽ വേണമെന്നു നിയമമില്ല., നാരായണ, അച്യുത, ഹരേ എന്നിങ്ങനെ ഭഗവന്നാമങ്ങൾ ജപിക്കുന്നതിനു നാവു മാത്രമേ ആവശ്യമുള്ളൂ. ഹരിനാരായണനു നമസ്കാരം.

'നാമജപസാധനഅത്യന്തലളിതം' - ഈശ്വരഭജനം വസ്തുസ്ഥിതി ധരിച്ചാൽ അത്യന്തം ലളിതമാണ്. സഗുണ ദേവനെയായാലും നിർഗുണമായ ആത്മാവിനെയായാലും ഏകാഗ്ര ബുദ്ധിക്കേ സാക്ഷാത്കരിക്കാൻ പറ്റൂ. പ്രസാദപൂർണ്ണമായ സത്ത്വഗുണം കൊണ്ടു നിറച്ച് ചിത്തം ശുദ്ധീകരിച്ചാലല്ലാതെ ധ്യാനവേളയിൽ ഏകാഗ്രത കിട്ടുന്നതല്ല. രജോഗുണ ത്തിന്റെതായ മദമത്സര്യാദികൾ ഒഴിവാക്കിയാലേ സത്വഗുണം പെരുകി ഹൃദയം ശുദ്ധിയാവൂ. ആരാധനാരൂപത്തിൽപോലും കോലാഹലമയമായ കർമപരിപാടികളൊന്നും അനുഷ്ഠിച്ചതുകൊണ്ട് ഈ ചിത്തശുദ്ധി കൈവരിക്കാവുന്നതല്ല. നേരെമറിച്ച് മദമത്സര്യാദികൾ ഹൃദയത്തെ മലിനപ്പെടുത്താൻ തുടങ്ങുമ്പോഴൊക്കെ മനസ്സിൽ ഭഗവന്നാമം ഉച്ചരിക്കുകയും ഭഗവാനെ സ്മരിച്ച് ഈ ജഗത്ത് ഭഗവാന്റെ വെറുമൊരു ലീല മാത്രമാണെന്ന് അറിയുകയും ചെയ്യുമെങ്കിൽ അസുരവാസനകൾ അചിരേണ മാറിക്കിട്ടും. അതിരുകവിഞ്ഞ ദേഹ പ്രയത്നമോ മറ്റൊരാളുടെ സഹായമോ ആവശ്യമില്ല. ഈ നാമജപ സാധന ശീഘ്രഫലദായിയായിരിക്കെ ജനങ്ങൾ നിരന്തരം ശീലിക്കുന്നില്ലല്ലോ എന്നതാണ് ആചാര്യന്റെ കുണ്ഠിതം.

ഈശ്വരനാമം ചൊല്ലുന്നതിനു ചില നിബന്ധനകൾ ഇല്ലേ? എല്ലാവർക്കും അത് ചൊല്ലാൻ പാടുണ്ടോ? എപ്പോഴും അത് ചൊല്ലാൻ പാടുണ്ടോ? ദേഹമോ പരിസരമോ അശുദ്ധിമായിരിക്കുമ്പോൾ ഈശ്വരനാമം ജപിക്കാമോ? ഈ രീതിയിൽ പലർക്കും വരാവുന്ന സംശയങ്ങൾക്ക് മറുപടിയാണ് അടുത്ത പദ്യം.



ശ്ലോകം 20

ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

(ഋതുവായ പെണ്ണിനും - മാസമുറ ആദരിച്ച് പുറത്തുമാറിയ സ്ത്രീക്കും, ഇരപ്പനും - തെണ്ടി നടക്കുന്നവനും, ദാഹകനും - ചുടുകാട്ടിൽ ശവം ദഹിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവനും, പതിതനും - സദാചാര ഭ്രഷ്ടുമൂലം പതിച്ചു പോയവനും, അഗ്നിയജനം ചെയ്ത ഭൂസുരനും - യഗാദികർമ്മങ്ങൾ ചെയ്ത് ആഢ്യനായിക്കഴിയുന്ന ബ്രാഹ്മണനും, ഹരിനാമകീർത്തനമിത് - ഈ ഭഗവന്നാമകീർത്തനം, ഒരുനാളും ആർക്കും - ഒരിക്കലും ആർക്കും, അരുതാത്തല്ല - നിഷേധിക്കപ്പെട്ടതല്ല)

മാസമുറ ആദരിച്ച് പുറത്തുമാറിയ സ്ത്രീക്കും, തെണ്ടി നടക്കുന്നവനും, ചുടുകാട്ടിൽ ശവം ദഹിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവനും, സദാചാരഭ്രഷ്ടുമൂലം പതിച്ചുപോയവനും, യാഗാദികർമ്മങ്ങൾ ചെയ്ത് ആഢ്യനായികഴിയുന്ന ബ്രാഹ്മണനും എന്നുവേണ്ട, ആർക്കും ഒരിക്കലും ഈ ഭഗവന്നാമസങ്കീർത്തനം നിഷേധിക്കപ്പെട്ടിട്ടില്ല. ഹരിനാരായണനു നമസ്കാരം.

'നാമസങ്കീർത്തനത്തിനും ജ്ഞാനലാഭത്തിനും അധികാരിഭേദമില്ല' - വേദം ചിലർക്കൊന്നും പഠിച്ചുകൂടെന്നും 'ഓം'കാരം തുടങ്ങിയ മന്ത്രങ്ങൾ എല്ലാവർക്കും ഉച്ചരിക്കാൻ പാടില്ലന്നും ഒക്കെ ഇടക്കാലത്ത് സ്ഥാപിതതാൽപര്യക്കാർ പല തെറ്റായ ധാരണകളും സമൂഹത്തിൽ പരത്താനിടയായിട്ടുണ്ട്. ശ്രീചട്ടമ്പിസ്വാമിതിരുവടികൾ ശ്രുതിയേയും ഇതിഹാസ പുരാണങ്ങളെയും ആസ്പദമാക്കി ഇത്തരം ധാരണകളൊക്കെ അബദ്ധമാണെന്ന് പ്രമാണസഹിതം തെളിയിച്ചിട്ടുണ്ട്. വേദ പഠനത്തിനോ ജ്ഞാനലാഭത്തിനോ ജന്മം ഒരിക്കലും തടസ്സമല്ലെന്നും മനസ്സിനു പാകത വന്നാൽ ആർക്കും ജ്ഞാനോദയം സാധ്യമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. കൂടുതൽ അറിയണമെന്നുള്ളവർ സ്വാമിതിരുവടികളുടെ 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം വായിക്കേണ്ടതാണ്. സാംസ്കാരികമായി പാകത വന്നാൽ ഒരുവൻ എവിടെ ജനിച്ച ആളായാലും അയാൾക്കുണ്ടാകാവുന്ന ജ്ഞാനോദയത്തെ തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ലെന്നു ശ്രീശങ്കരഭഗവത്പാദർ ബ്രഹ്മസൂത്രഭാഷ്യത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. കർമ്മകാണ്ഡ വേദഭാഗങ്ങളും യജ്ഞാദ്യഅനുഷ്ഠാനങ്ങളും പല സാങ്കേതികാംശങ്ങളും ഉൾക്കൊള്ളുന്നവയായതുകൊണ്ട് പ്രത്യേകം അവ പഠിക്കുന്നവർക്കു മാത്രമേ കൈകാര്യം ചെയ്യാൻ പറ്റൂ. എന്നാൽ ഈ കർമ്മകാണ്ഡവേദഭാഗങ്ങൾ ജ്ഞാനത്തിന് ആവശ്യമുള്ളവയേ അല്ല. അതുകൊണ്ടാണ് അവയെ മാറ്റിവച്ചിട്ട് ജ്ഞാനം നേടാൻ ഭഗവാൻ ഗീതയിൽ അർജ്ജുനനോടാവശ്യപ്പെടുന്നത്. ജ്ഞാന ലാഭത്തിന് ചിത്തശുദ്ധി മാത്രമേ വേണ്ടൂ. അതു നേടാനുള്ള എളുപ്പവഴിയാണ് വസ്തുവിചാരത്തോടുകൂടിയ നാമസ്മരണ. നാമസ്മരണ കീർത്തനങ്ങൾ കൊണ്ട് പ്രധാനമായി സാധിക്കേണ്ടത് ചിത്തശുദ്ധിയാണ്. അക്കാരണത്താൽതന്നെ അശുദ്ധിയുള്ളവരാണ് കൂടുതൽ നാമ സ്മരണയിലും സങ്കീർത്തനത്തിലും മുഴുകേണ്ടതെന്നു വന്നുചേരുന്നുണ്ടല്ലോ. ശുദ്ധി കൂടുന്തോറും സ്മരണവും കീർത്തനവും സ്വാഭാവികമായിത്തീരുകയും ചെയ്യും. എന്തായാലും കാലമോ ദേശമോ വ്യക്തിസ്വരൂപമോ ഒന്നും പരിഗണിക്കാതെ ആർക്കും എവിടെയും നാമസ്മരണസ ങ്കീർത്തനങ്ങളിലൂടെ ചിത്തശുദ്ധി നേടാമെന്നും ജ്ഞാനിയായിത്തീരാമെന്നുമാണ് ആചാര്യൻ പ്രസ്തുത പദ്യത്തിൽക്കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

മായാമോത്തിൽ ആണ്ടുകിടക്കുന്ന അജ്ഞന്മാർ എക്കാലത്തും ഈശ്വരനെയും ഭക്തന്മാരെയും പരിഹസിക്കുന്നവരാണ്. ഭക്തോത്തംസമായിരുന്ന നമ്മുടെ കവിക്കു തന്നെ അത്തരം പരിഹാസശരങ്ങൾ ഒരുപക്ഷേ ഏൽക്കേണ്ടി വന്നിരിക്കാം. എന്തായാലും ഈശ്വരസാക്ഷാത്ക്കാരത്തിനു കൊതിക്കുന്ന ഒരു സത്യജിജ്ഞാസു ആദ്യമായി ഉദാസീനഭാവത്തിൽ പുറന്തള്ളേണ്ടത് ഇത്തരം മൂഢന്മാരെയാണെന്നാണ് കവി അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.






No comments:

Post a Comment