Friday 16 July 2021

ശ്ലോകം 14 15

ശ്ലോകം 14

അൻപേണമെൻമനസി ശ്രീനീലകണ്ഠ ഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടു ചേർക്ക ഹരിനാരായണായ നമഃ

(ഇഹ - ഈ കീർത്തനഗ്രന്ഥത്തിൽ, ഞാനും ഇതി - ഞാൻ ഇപ്രകാരം, അംഭോരുഹാക്ഷ - ജഗദീശ്വരനെ, വാഴ്ത്തുന്നു - സ്തുതിക്കുന്നു, എൻ മനസി - എന്റെ ഹൃദയത്തിൽ, അൻപേണം - കാരുണ്യം ചൊരിഞ്ഞ് തെളിഞ്ഞു വിളങ്ങണം)

ഈ കീർത്തന ഗ്രന്ഥത്തിൽ ഞാൻ ഇപ്രകാരം ജഗദീശ്വരനെ സ്തുതിക്കുന്നു. എന്റെ ഹൃദയത്തിൽ വന്ദ്യനായ ശ്രീനീലകണ്ഠ ഗുരു കാരുണ്യം ചൊരിഞ്ഞു തെളിഞ്ഞു വിളങ്ങണം. മാത്രമല്ല, ഞാൻ രചിക്കുന്ന കീർത്തനങ്ങളിൽ 51 അക്ഷരങ്ങളും യഥാക്രമം ഓരോന്നായി ഭംഗിയാംവണ്ണം ചേർക്കാനനുഗ്രഹിക്കണം. ഹരിനാരായണനു നമസ്കാരം.

16 സ്വരങ്ങളും 35 വ്യഞ്ജനങ്ങളും, ഇങ്ങനെ അക്ഷരസംഖ്യ 51. യഥാക്രമം ഓരോന്നായി ഈ സ്വരങ്ങളും വ്യഞ്ജനങ്ങളും ആദ്യക്ഷരങ്ങളായി അംഗീകരിച്ചുകൊണ്ടാണ് ഇനിയുള്ള പദ്യങ്ങൾ രചിച്ചിരിക്കുന്നത്. തുടർന്ന് ഒടുവിൽ രണ്ടുപസംഹാര പദ്യങ്ങളും. സ്വരവ്യഞ്ജന ക്രമത്തിൽ ആരംഭിക്കുന്ന പദ്യരചനയുടെ തുടക്കം കുറിക്കാനാണ് ഗുരുവിനെ ഒരിക്കൽകൂടി വന്ദിച്ചിരിക്കുന്നത്. എഴുത്തച്ഛന്റെ ഗുരുവിന്റെ പേര് നീലകണ്ഠനെന്നായിരുന്നു എന്ന് ഈ പദ്യത്തെ ആസ്പദമാക്കി ചിലർ ഊഹിക്കുന്നു.

ഇങ്ങനെ അക്ഷരക്രമത്തിൽ കീർത്തന ശ്ലോകങ്ങൾ രചിക്കാനുണ്ടായ പ്രേരണ എന്താണ്? വെറും ഭാവന മാത്രമാണോ? അതോ അതിനു പ്രേരകമായ വല്ല തത്ത്വചിന്തയും പിറകിലുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പതിനഞ്ചാം പദ്യം.





ശ്ലോകം 15

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി-
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

( ഇതൊക്കെയും - ഇക്കാണുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം, ആദ്യാക്ഷരത്തിൽ - ആദികാരണവും ജന്മനാശങ്ങളില്ലാത്തതുമായ പരബ്രഹ്മത്തിൽ, ഉളവായോന്നു - ഉത്ഭവിച്ചവയാണ്, ഇത് - ഈ പ്രപഞ്ചം, ആദ്യാക്ഷരത്തിൽ - ആ പരബ്രഹ്മത്തിൽത്തന്നെ, അടങ്ങുന്നതും - നിലനിന്ന് തിരിച്ചു ലയിക്കുന്നതും, കരുതി - കണക്കാക്കി, ഇവയിൽ - 51 അക്ഷരങ്ങളിൽ, ആദ്യക്ഷരാൽ - ഈശ്വരവാചിയായ ആദ്യത്തെ അകാരം മുതൽ)

ഇക്കാണുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം ആദികാരണവും ജന്മനാശങ്ങളുമില്ലാത്തതുമായ പരബ്രഹ്മത്തിൽ പൊന്തിവന്ന വയാണ്. ഈ പ്രപഞ്ചം ആ പരബ്രഹ്മത്തിൽ തന്നെ നിലനിന്നു തിരിച്ച് ലയിക്കുന്നതുമാണ്. ഈ വസ്തുത ധരിച്ച് 51 അക്ഷരങ്ങളിൽ ഈശ്വരവാചിയായ ആദ്യത്തെ അകാരം മുതൽ ഓരോ അക്ഷരമായെടുത്ത് പല പ്രകാരത്തിലും ഭഗവാനെ സ്തുതിക്കുന്നതിനു അനുഗ്രഹിക്കുമാറാകണം. നാരായണനു നമസ്കാരം.
'പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി ബ്രഹ്മത്തിൽ നിലനിന്ന് ബ്രഹ്മത്തിൽ ലയിക്കുന്നു:' 
വേദാന്തം ഇന്നറിയപ്പെടുന്നതുപോലെയുള്ള ഒരു മതമല്ല. എല്ലാ മതങ്ങൾക്കും ഉറപ്പുറ്റ അടിത്തറ നൽകാൻ കഴിവുള്ള സത്യാന്വേഷണ ശാസ്ത്രമാണത്. ഉണ്ടായി മറയുന്നതായി കാണപ്പെടുന്ന പ്രപഞ്ചകാര്യരൂപങ്ങളുടെ പരമകാരണമെന്തെന്നന്വേഷിക്കുന്നതാണല്ലോ സത്യാന്വേഷണം. ആധുനിക ശാസ്ത്രങ്ങൾക്കൊന്നും ഇനിയും അത് വെളിപ്പെട്ടു കിട്ടിയിട്ടില്ല. വേദാന്തം അവകാശപ്പെടുന്നത് സൂര്യതുല്യം ആ പരമകാരണം വെളിപ്പെട്ടു കിട്ടിയിട്ടുണ്ടെന്നാണ്. വേദാന്തത്തിലന്റെ ഈ അവകാശവാദത്തെ ചോദ്യംചെയ്യാൻ ഇന്നുവരെ മറ്റൊരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, വേദാന്തത്തിലെ കണ്ടുപിടുത്തം ചിരകാലമായി ആവർത്തിച്ചു പരീക്ഷിച്ചുറപ്പിക്കപ്പെടുന്നുമുണ്ട്. ഉപനിഷത്തുക്കളിൽ ശിഷ്യന്മാർക്ക് ഗുരുക്കന്മാരോടു പ്രധാനമായി ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, ഉണ്ടായി മറയുന്ന ഈ പ്രപഞ്ചദൃശ്യങ്ങൾ എവിടെ നിന്നും ഉണ്ടായിവരുന്നു, എവിടെ നിലനിൽക്കുന്നു, എവിടെ തിരിച്ചു ലയിക്കുന്നു? തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലിയിൽ വരുണപുത്രനായ ഭൃഗു പിതാവായ വരുണനോട് ഈ ചോദ്യം ചോദിച്ചു. വരുണന്റെ മറുപടി ഇങ്ങനെയായിരുന്നു: ഏതിൽ നിന്ന് ഈ പ്രപഞ്ച ഘടകങ്ങൾ പൊന്തിവരുന്നു വോ, ഏതിൽ നിലനിൽക്കുന്നുവോ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ, ആ പരമകാരണ വസ്തുവാണ് ബ്രഹ്മം. അതിനെ ബുദ്ധിയുടെ ഏകാഗ്രതാരൂപത്തിലുള്ള തപസ്സു കൊണ്ട് കണ്ടെത്തേണ്ടതാണ്. പ്രപഞ്ചത്തിന് പരമ കാരണം ഉണ്ടായതോ നശിക്കുന്നതോ ആകാൻ സാധ്യമല്ല. ഉണ്ടാകുന്നതും നശിക്കുന്നതും ഒരിക്കലും പരമകാരണമായിരിക്കുയില്ല. അതുകൊണ്ടാണ് ബ്രഹ്മത്തെ 'അക്ഷരം' എന്നു വിളിക്കുന്നത്. നാശമില്ലാത്തത് എന്നർത്ഥം. ആദ്യം അവനവന്റെ ഹൃദയഗുഹയിൽ സാക്ഷാത്കരിക്കേത്. ഈ പരമകാരണമായ ബ്രഹ്മത്തിന്റെ സ്വരൂപമെന്തെന്നും തൈത്തിരീയോപനിഷത്ത് ബ്രഹ്മാനന്ദവല്ലിയിൽ നിർവചിക്കുന്നു. സത്യം, ജ്ഞാനം, അനന്തം, ബ്രഹ്മ എന്നാണ് നിർവചനവാക്യം. സത്യവും ജ്ഞാനവും അനന്തവുമാണ് ബ്രഹ്മം. സത്യമെന്നാൽ ഒരിക്കലും സ്വരൂപത്തിനു മാറ്റമില്ലാത്തത് എന്നർത്ഥം. ജ്ഞാനമെന്നാൽ ശുദ്ധമായ ബോധം എന്നർത്ഥം. അനന്തമെന്നതിന്, കാലം കൊണ്ടോ ദേശം കൊണ്ടോ അവസാനിക്കാത്തത് എന്നർത്ഥം. പ്രപഞ്ച അനുഭവത്തിൽ മാറ്റമില്ലാതെ തുടരുന്ന ഒരേയൊരു ഘടകം ബോധമാണെന്ന് ചിന്തിച്ചാൽ ആർക്കും തെളിയും. ബോധം ബോധമായി തുടർന്നാലല്ലേ എവിടെയും ആർക്കും അനുഭവം സാധ്യമാവൂ. അതുകൊണ്ട് അനന്തമായ ഒരു ബോധത്തിൽ ഉദിച്ചസ്തമിക്കുന്ന കാഴ്ചകൾ മാത്രമാണ് പ്രപഞ്ച ദൃശ്യങ്ങൾ. ആ ബോധമോ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാതെ സനാതനമായി വിളങ്ങുന്ന അക്ഷരസത്യം. അതു തന്നെയാണ് ബ്രഹ്മം. ഉപനിഷത്സാരം മുഴുവൻ സംഗ്രഹിച്ചുകൊണ്ട് ബ്രഹ്മസൂത്രത്തിലെ ജന്മാദ്യസ്യ യത: എന്ന രണ്ടാം സൂത്രത്തിൽ ബാദരായണൻ പ്രഖ്യാപിക്കുന്നതും ഇതുതന്നെ. ഈ ജഗത്തിനന്റെ ജന്മസ്ഥിതിലയങ്ങൾ ബ്രഹ്മത്തിൽ നിന്നും ഭവിക്കുന്നു എന്നാണ് സൂത്രാർത്ഥം. ശ്രീശങ്കരഭഗവത്പാദർ സൂത്രാ ർത്ഥം ഇങ്ങനെ വിവരിക്കുന്നു: "നാമരൂപങ്ങളിൽക്കൂടി പലതായി വേർതിരിഞ്ഞു കാണപ്പെടുന്നതും അനേകം കർത്താക്കളെയും ഭോക്താക്കളെയും കൊണ്ട് നിറഞ്ഞതും പ്രത്യേകം നിയതമായ ദേശകാല നിമിത്ത ക്രിയാ ഫലങ്ങളോടു കൂടിയതും മനസ്സുകൊണ്ട് ഭാവന ചെയ്യാൻ കഴിയാത്ത രചനാവൈഭവത്തോടുകൂടിയതുമായ ഈ ജഗത്തിനന്റെ സൃഷ്ടിസ്ഥിതി പ്രളയങ്ങൾ സർവജ്ഞവും സർവശക്തിമത്തുമായ ഏതൊരു കാരണത്തിൽ നിന്നും സംഭവിക്കുന്നുവോ അതാണ് ബ്രഹ്മം." ഇക്കാര്യം നല്ലവണ്ണം വിചാരം ചെയ്ത് അനുഭവിച്ച ആളായതുകൊണ്ട് തന്നെയാണ് ആചാര്യൻ 'ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി' എന്നു പ്രസ്താവിച്ചിരിക്കുന്നത്.

'ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി' - 16 സ്വരങ്ങളും 35 വ്യഞ്ജനങ്ങളും ചേർന്നതാണ് അൻപത്തൊന്നക്ഷരം. ഇവയിൽ ആദ്യത്തെ സ്വരമാണ് 'അ' എന്ന അക്ഷരം. അപ്പോൾ ആദ്യക്ഷരം മുതൽ എന്ന് പറഞ്ഞാൽ അകാരം മുതൽ എന്നർത്ഥം. അതുകൊണ്ട് ഈ ശ്ലോകത്തിൽ 'ഓരോന്നെടുത്ത്, ഉപരി' എന്നു പദം പിരിക്കാൻ പാടില്ല. പ്രസ്തുതമായ ശ്ലോകത്തിനു മുമ്പു തന്നെ അകാരം ചേർത്തുള്ള ശ്ലോകം എഴുതിക്കഴിഞ്ഞിരിക്കുന്നു. 'ഉപരി' എന്നു പദം പിരിച്ചാൽ ആ ശ്ലോകം ഉൾക്കൊള്ളാൻ കഴിയാതെപോകും. അതുകൊണ്ട് 'പരികീർത്തിപ്പത്തിന്' എന്നു തന്നെയാണ് പദം പിടിക്കേണ്ടത്. അകാരത്തെ തൊട്ടു തുടങ്ങുന്നത് അർത്ഥവത്തുമാണ്. 'ഓം'കാരത്തിലെ ആദിമവർണമായ 'അകാരം' വിഷ്ണുവിന്റെ പ്രതീകമാണെന്ന് നാം ഒന്നാംപദ്യത്തിന്റെ വ്യാഖ്യാനത്തിൽ കണ്ടുവല്ലോ. അക്ഷരാണാമകാരോസ്മി- അക്ഷരങ്ങളിൽ വച്ചു ഞാൻ അകാരമാണ്' എന്നു വിഭൂതി യോഗത്തിലെ മുപ്പത്തിമൂന്നാം ശ്ലോകത്തിൽ ഗീതയിലും ഭഗവാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ജഗത്ത് ഈശ്വരങ്കൽ തുടങ്ങുന്നതും ഒടുങ്ങുന്നതുമായതുകൊണ്ട് എന്റെ ഈ കീർത്തനഗ്രന്ഥത്തിന്റെ പ്രധാനഭാഗവും ഈശ്വരപര്യായമായ അകാരം തൊട്ട് ഓരോ അക്ഷരം ചേർത്തു രചിക്കാൻ കഴിയുമാറാകണം എന്നു ചുരുക്കം

ആദികാരണമായ അക്ഷരവസ്തു ശുദ്ധബോധസ്വരൂപമായ പരബ്രഹ്മമാണെന്നു നാം കണ്ടു. പക്ഷേ, ആ പരബ്രഹ്മത്തെ ഒരിടത്തും കാണ്മാനില്ലല്ലോ. എങ്ങനെയാണ് ആ സത്യത്തെ കണ്ടറിയുക? ദേഹം കണ്ടല്ലേ നാം ബോധമുള്ള ജീവികളെ തിരിച്ചറിയുന്നത്. അതുപോലെ ഈ ജഗത്ത് ഈശ്വരന്റെ ദേഹമാണ്. ജഗത്തെന്ന ദേഹം കണ്ടിട്ട് അതിലിരുന്ന് ആ ദേഹത്തെ പ്രവർത്തിപ്പിക്കുന്ന ഈശ്വരനെ ആദ്യം അറിയണം. തുടർന്ന് ഈശ്വരന്റെ ശുദ്ധരൂപം സാക്ഷാത്കരിക്കണം. ഇതാണ് വിരാട് രൂപോപാസന വഴിയുള്ള സാക്ഷാത്കാരം. പുരുഷസൂക്തവും ഇതിഹാസ പുരാണങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒന്നാണ് വിരാട് രൂപോപാസന. ഈ വിരാട് രൂപോപാസനയ്ക്കു വഴി തെളിക്കണമെന്നാണ് പതിനാറാം പദ്യത്തിൽ ആചാര്യൻ അപേക്ഷിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




No comments:

Post a Comment