Friday 16 July 2021

ശ്ലോകം 17 18

ശ്ലോകം17

ഈവന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരിഗോവിന്ദരാമതിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

(ഈ വന്ന മോഹം - ഇടയ്ക്കു കയറി വന്ന ഈ ദ്വൈത ഭ്രമം, അകലെ പ്പോവതിന്ന് - മാറിക്കിട്ടാൻ, ഉലകിൽ - ലോകത്തിൽ, ഈ വണ്ണമുള്ളൊരു പദേശങ്ങളില്ല - ഇതുപോലുള്ള മറ്റൊരുപദേശവും ഇല്ലതന്നെ, ജീവന് - മായാ മോഹത്തിൽപ്പെട്ടുപോയ ജീവാത്മാവിന്)

മായാമോഹത്തിൽപ്പെട്ടുപോയ ജീവാത്മാവിന് കൃഷ്ണ, ഹരേ, ഗോവിന്ദ, രാമ എന്നിങ്ങനെയുള്ള ദിവ്യനാമങ്ങൾ സദാ സ്മരിക്കുകയും കീർത്തി ക്കുകയും അല്ലാതെ വേറെ എന്താണ് ഗതിയുള്ളത്? ഇടയ്ക്കു കയറി വന്ന ദ്വൈതഭ്രമം മാറികിട്ടാൻ ഈ ലോകത്തിൽ ഇതുപോലുള്ള മറ്റൊരുപദേശവും ഇല്ലതന്നെ.

'ഈവന്ന മോഹം' - അവിദ്യയാണല്ലോ മായാമോഹമുളവാക്കുന്ന അജ്ഞാനശക്തി. ആത്മാവിനുണ്ടാകുന്ന സ്വരൂപവിസ്മൃതിയാണ് അവിദ്യ. ആത്മാവ് നിത്യമുക്തവും ശുദ്ധബുദ്ധവുമാണ്. ഏതോ കാരണവശാൽ തന്റെ ഈ നിത്യമുക്തശുദ്ധബുദ്ധസ്ഥിതി ഇടയ്ക്കുവച്ച് ആത്മാവ് മറന്നുപോകാൻ ഇടയാകുന്നു. പലപ്പോഴും മറവിയുടെ കാരണം അന്വേഷിക്കുന്നത് കൊണ്ട് ഫലമില്ല. ശ്രീ വിദ്യാരണ്യസ്വാമികൾ 'പഞ്ചദശി'യിൽ ഇതിനൊരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്. ഒരിക്കൽ പത്തു പേർ ഒരു വഴിയാത്ര പോയി. വഴിയിൽ ഒരു നദി കടക്കാൻ ഉണ്ടായിരുന്നു. അവർ നദി കടന്നു. നദിയുടെ മറുകര വന്ന് 10 പേരും ഉണ്ടോയെന്ന് എണ്ണി നോക്കി. ഓരോരുത്തരായി മാറിനിന്ന് മറ്റുള്ളവരെ എണ്ണി. എല്ലാവരും എണ്ണിയിട്ടും ഒൻപത് പേരെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അവർ കൂട്ടത്തോടെ നിലവിളിച്ചു കരയാനും തുടങ്ങി. ഇവിടെ എണ്ണുന്നയാൾ തന്നെ മറന്നു പോയത് കൊണ്ടാണ് സകലകോലാഹലങ്ങളും ഉണ്ടായത്. നിലവിളികേട്ട് അതിലെ പോയ ഒരാൾ അവരുടെ അടുക്കൽ എത്തി. പത്തു പേരെയും നിരത്തി നിർത്തി എണ്ണിക്കാണിച്ച് അയാൾ അവരെ സംതൃപ്തരാക്കുകയും ചെയ്തു. ഗുരു ഉപദേശം കൊണ്ട് ആത്മ വിസ്മൃതി മാറിക്കിട്ടിയാൽ നിത്യമുക്തമായ സത്യസ്വരൂപം അനാവൃതമാവും. താൻ ഉണ്ടായിരുന്നിട്ടും പത്താമനെ കാണുന്നില്ല. അതുകൊണ്ട് പത്താമനില്ല എന്നു പത്താമൻ തന്നെ ഭ്രമിക്കുന്നു. ഇതാണ് അവിദ്യജന്യമായ ആവരണം. പത്താമൻ മരിച്ചുപോയി എന്ന് കരുതി നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. ഈ അടിയും വിളിയും അജ്ഞാനം കൊണ്ടുള്ള വിക്ഷേപങ്ങളാണല്ലോ. ഇതുപോലെ ആത്മവിസ്മൃതി നിമിത്തം ആത്മാവില്ല എന്നു ഭ്രമിക്കുകയും തുടർന്ന് എല്ലാ ജീവിതമോഹങ്ങളും ആവിർഭവിക്കുകയും ചെയ്യുന്നു. ഇതാണ് 'ഈവന്ന മോഹം'.

'നാമസാധന' - എല്ലാ അദ്വൈതികളും ഒരുപോലെ നിർദ്ദേശിക്കുന്ന ഒന്നാണ് നാമ സാധന. ഭജ ഗോവിന്ദം ഭജ ഗോവിന്ദം എന്നു ശ്രീശങ്കരഭഗവത്പാദർ നിർദ്ദേശിക്കുന്നു. ബ്രൂ ഹി മുകുന്ദേതി രസനേ ബ്രൂഹി മുകുന്ദേതി എന്ന് ശ്രീ സദാശിവബ്രഹ്മേന്ദ്രർ രസനയോടാവശ്യപ്പെടുന്നു. അല്ലയോ നാവേ, മുകുന്ദ, മുകുന്ദ എന്നുച്ചരിക്കൂ. ശ്രീ തുളസീദാസൻ തന്റെ രാമചരിതമാനസത്തിൽ നാമമാഹാത്മ്യം വർണ്ണിക്കാനായി എത്രയെത്ര വരികളാണ് എഴുതി ചേർത്തിരിക്കുന്നത്. എഴുത്തച്ഛൻ തന്നെ രാമായണത്തിലും ഭാരതത്തിലും നാമമാഹാത്മ്യത്തെക്കുറിച്ച് പലയിടത്തും പ്രകീർത്തിച്ചിട്ടുണ്ട്. പ്രസ്തുത ശ്ലോകത്തിലെ ഉത്തരാർധത്തിലും ആചാര്യൻ ഈ നാമമാഹാത്മ്യമാണ് പ്രകീർത്തിച്ചിരിക്കുന്നത്.

മനസ്സിൽ പലതരം മാലിന്യങ്ങളുള്ളപ്പോൾ നാമം ജപിക്കാമോ എന്ന സംശയത്തിനുള്ള സമാധാനമാണ് അടുത്ത പദ്യം:



ശ്ലോകം 18

ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക -
കളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരുനാമങ്ങളന്നവനു
നല്ലൂ ഗതിക്ക് വഴി നാരായണായ നമഃ

(ഉള്ളിൽ - ചിത്തത്തിൽ, കനത്ത - ശക്തിയേറിയ, മദമാത്സര്യമെന്നിവകൾ - മദം, മാത്സര്യം തുടങ്ങിയ ആസുരവാസനകൾ, ഉള്ളൊരു കാലമുടനെന്നാകിലും - ഉള്ള സമയമാണെങ്കിൽപ്പോലും, മനസി - മനസ്സിൽ)

ചിത്തത്തിൽ ശക്തിയേറിയ മദം, മത്സര്യം തുടങ്ങിയ ആസുരവാസനകൾ ഉള്ള സമയമാണെങ്കിൽപ്പോലും മനസ്സിൽ സദാ ഈശ്വരനാമം ആരു ജപിക്കുന്നു വോ ആ ഭക്തന് മുക്തിക്കു നല്ല വഴി തെളിഞ്ഞു കിട്ടുന്നതാണ്. നാരായണനു നമസ്കാരം.

'ചിത്തശുദ്ധി' - ചിത്തത്തെ മലിനമാക്കി ആത്മാനുഭവത്തിനു തടസ്സം സൃഷ്ടിക്കുന്നവയാണ് ആസുരവാസനകൾ. ഭഗവാൻ ഗീത പതിനാറാം അദ്ധ്യായത്തിൽ ദംഭം, ദർപ്പം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിങ്ങനെ 6 ആസുരസമ്പത്തുകളെ ഗണി ഗണിച്ചിരിക്കുന്നു. എന്നെക്കവിഞ്ഞൊരു ധർമ്മിഷ്ഠനില്ല എന്ന ഭാവമാണ് ദംഭം. ധനത്തിലും ബന്ധുബലത്തിലുമുള്ള അഭിമാനമാണ് ദർപ്പം. ഞാനെല്ലാരാലും ആദരിക്കപ്പെടേണ്ടവനാണെന്ന ഭാവമാണ് അഭിമാനം. മറ്റുള്ളവരോട് ക്രൂരമായി പെരുമാറുന്നത് പാരുഷ്യം. ഒന്നുമറിഞ്ഞുകൂടെങ്കിലും എന്നെക്കാൾ അറിവുള്ളവനില്ല എന്നു ഭാവിക്കുന്നതാണജ്ഞാനം. ഈ ആസുര വാസനകളെ കൂടാതെ ശാസ്ത്രഗ്രന്ഥങ്ങൾ അഷ്ടരാഗങ്ങളെ പരിഗണിച്ചിട്ടുണ്ട്. രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം ഇവയാണ് എട്ടു രാഗങ്ങൾ. ഈ ആസുര സമ്പത്തുകളെയെല്ലാം സംഗ്രഹിച്ചുകൊണ്ടാണ് ആചാര്യൻ 'മദമത്സര്യമെന്നിവകൾ' എന്നു പ്രസ്താവിച്ചിരിക്കുന്നത്. മനുഷ്യഹൃദയം സ്വതേ തന്നെ ദൈവീസമ്പത്തുകളുടെയും ആസുരീസമ്പത്തുകളുടെയും ഇരിപ്പിടമാണ്. ഭയമില്ലായ്മ, നിഷ്കളങ്കത, സത്യബോധം, ദാനം, അടക്കം, ദേവതാരാധന, ശാസ്ത്രപഠനം, ഏകാഗ്രത, നേർമാർഗം, അഹിംസ, സത്യം, കോപമില്ലായ്മ, ത്യാഗം, ശാന്തി, ലോഭമില്ലായ്മ, ദയ, കൊതിയില്ലായ്മ, മൃദുത്വം, വിനയം, ഇളക്കമില്ലായ്മ, തേജസ്സ്, ക്ഷമ, ധൈര്യം, ശുചിത്വം, ദ്രോഹ ചിന്തയില്ലായ്മ, ദുരഭിമാനമില്ലായ്മ ഇവയൊക്കെയാണ് ദൈവീസമ്പത്തുകൾ. ആസുരീസമ്പത്തുകൾ ബന്ധ കാരണങ്ങളും ദൈവീസമ്പത്തുകൾ മോക്ഷകാരണങ്ങളുമാണ്. അതുകൊണ്ട് ആത്മസാക്ഷാത്കാരമെന്ന മോക്ഷം കാംക്ഷിക്കുന്നയാൾ ആസുരീസമ്പത്തുപേക്ഷിച്ച് ദൈവീസമ്പത്തു വർധിപ്പിക്കേണ്ടതാണ്. പൗരുഷത്തോടെ സത്യജിജ്ഞാസു ഇതിനായി യത്നിക്കണം. എന്നാൽ പൗരുഷം കൊണ്ട് മാത്രം ഇതു സാധ്യമാവില്ല. പൗരുഷത്തോടൊപ്പം ഈശ്വര കാരുണ്യവും നേടണം. ഈശ്വരകാരുണ്യം നേടാനുള്ള എളുപ്പമാർഗമാണ് സങ്കൽപ്പങ്ങൾകൊണ്ടിളകി മറിയുന്ന മനസ്സിൽ സദാ ഈശ്വരനാമം സ്മരിക്കുക. ഭഗവന്നാമം എപ്പോഴും നാവു കൊണ്ട് ഉറക്കെ ഉച്ചരിക്കണമെന്നില്ല. മദമത്സര്യാദി ആസുരസങ്കല്പങ്ങൾ മനസ്സിൽ തലപൊക്കുമ്പോൾ ഉടൻതന്നെ ഭഗവന്നാമം മനസ്സിൽ സ്മരിച്ചുച്ചരിച്ച് അവയെ അകറ്റാൻ യത്നിക്കുക. 'മനസി ചൊല്ലുന്നതാരു തിരുനാമങ്ങൾ' എന്ന് ആചാര്യൻ പറഞ്ഞിരിക്കുന്നത് ഈ അഭ്യാസക്രമം വെളിവാക്കാനാണ്. ജീവിതത്തിൽ ഇതു നിരന്തരം അഭ്യസിക്കുമെങ്കിൽ ചിത്തം ഈശ്വരസ്മരണയിൽ ഉറയ്ക്കുകയും ആസുരീസമ്പന്നന് ദൈവീസമ്പത്ത് വർദ്ധിക്കുകയും ചെയ്യും. അതോടെ മോക്ഷമാർഗവും തെളിയും. ഇക്കാര്യമാണ് 'നല്ലൂ ഗതിക്കു വഴി' എന്ന ഭാഗം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്.

പലരും സത്യാന്വേഷണ വും ഈശ്വരഭജനവും അത്യന്തം ക്ലേശകരമാണെന്നു കരുതാറുണ്ട്. ശരീരത്തെ പലതരത്തിലും ക്ലേശിപ്പിച്ചും വളരെയധികം പണം ചെലവഴിച്ചും ചിലർ ഈശ്വരഭജനം നടത്താറുണ്ട്. ഭജനത്തിന്റെ രഹസ്യമറിയുന്നവർക്ക് ഈ ക്ലേശത്തിന്റെയൊന്നും കാര്യമില്ല. ചിത്തശുദ്ധിയാണ് ഈശ്വര ഭജനത്തിന്റെ പ്രധാന പ്രയോജനം. ഭഗവന്നാമങ്ങൾ സ്മരിക്കുകയും കീർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് അനായാസമായി അതു നേടാമെന്നിരിക്കെ ജനങ്ങൾ എന്തുകൊണ്ട് ലളിതമായ ഈ വഴി പിന്തുടരുന്നില്ല എന്നാണ് ആചാര്യൻ അടുത്ത ശ്ലോകത്തിൽ സംശയിച്ചിരിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ






No comments:

Post a Comment