Friday 16 July 2021

ശ്ലോകം 10 11

ശ്ലോകം 10

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

( തത്വത്തിനുള്ളിൽ- മായാ നിർമ്മിതങ്ങളായ ജഡതത്ത്വങ്ങളാൽ മറയ്ക്കപ്പെട്ട്, ഉദയം ചെയ്തിരുന്ന പൊരുൾ- എന്നാൽ ഒരു കേടും കൂടാതെ നിത്യമുക്തമായി വിലസുന്ന ബോധവസ്തു, എത്തീടുവാൻ- സാക്ഷാത്കരിച്ചറിയാൻ, ഗുരുപദാന്തേ ഭജിപ്പവനു- ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ആശ്രയിക്കുന്നവന്, മുക്തിക്കു തക്ക- മോക്ഷം കിട്ടാൻ ഉചിതമായ)

മായാ നിർമ്മിതങ്ങളായ ജഡതത്വങ്ങളാൽ മറയ്ക്കപ്പെട്ട്, എന്നാൽ ഒരു കേടും കൂടാതെ നിത്യമുക്തമായി വിലസുന്ന ബോധവസ്തു സാക്ഷാത്കരിച്ചറിയാനായി ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ആശ്രയിക്കുന്നവന് മോക്ഷം കിട്ടാൻ ഉചിതമായ തത്ത്വോപദേശം ഗുരു നൽകും. അപ്പോൾത്തന്നെ അയാൾക്കു ജനന-മരണ രഹിതമായ സത്യമാണ് താനെന്ന് തെളിയും. നാരായണായികൊണ്ടു നമസ്കാരം.

തത്ത്വത്തിനുള്ളിൽ - പ്രപഞ്ചമായി കാണപ്പെടുന്ന നിലനിൽപ്പിന്റെ അടിസ്ഥാന പദാർഥങ്ങളെ ആധുനിക ശാസ്ത്രജ്ഞന്മാരെന്നപോലെ ഭാരതീയ തത്ത്വശാസ്ത്രജ്ഞന്മാരും ഗണിച്ചിട്ടുണ്ട്. എന്നാൽ, വിവിധ ശാസ്ത്രജ്ഞന്മാർ തത്വങ്ങളുടെ എണ്ണം പറയുന്നിടത്ത് ഭേദം കാണുന്നു. തത്വസംഖ്യകളിലെ ഈ വൈവിധ്യത്തെക്കുറിച്ച് ഭാഗവതം ഏകാദശ സ്കന്ധത്തിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ ഉദ്ധവർ ഭഗവാനോട് ചോദിക്കുന്നുണ്ട്. തത്വങ്ങൾ 28 ആണെന്നും 26 ആണെന്നും 25 ആണെന്നും 60 ആണെന്നും 70 ആണെന്നും 96 ആണെന്നും ഇങ്ങനെ പലതരത്തിൽ പറയപ്പെടുന്നുണ്ടല്ലോ. ഇതിന്റെ രഹസ്യം എന്താണ്? ഉദ്ധവരുടെ ഈ ചോദ്യങ്ങൾക്കു ഭഗവാൻ മറുപടി പറയുന്നത് ഇങ്ങനെയാണ്. തത്ത്വഭേദങ്ങളെല്ലാം മായാ പ്രകടനങ്ങളാണ്. അതുകൊണ്ട് ഓരോരുത്തർ ഭേദബുദ്ധിയോടെ എങ്ങനെ സങ്കൽപ്പിച്ചു കാണുന്നുവോ അങ്ങനെ ഗണിച്ചിരിക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് സംഖ്യാഭേദത്തിൽ സംശയിക്കാനൊന്നുമില്ല. ഏതായാലും എഴുത്തച്ഛൻ എല്ലാ മതഭേദങ്ങളെയും ഉൾക്കൊള്ളാൻ വേണ്ടിയാണോ എന്നു തോന്നുമാറ് ഹരിനാമകീർത്തനത്തിൽ ഏറ്റവും വലിയ സംഖ്യയാണ് അംഗീകരിച്ചിരിക്കുന്നത്. തത്ത്വങ്ങളെ എണ്ണിയെണ്ണി പറഞ്ഞിട്ട് തത്ത്വസംഖ്യ 96 ആണെന്ന് ഇരുപത്തഞ്ചാം ശ്ലോകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്, 'തത്ത്വമതിൽ മേവുന്ന നാഥ' എന്നു ഭഗവാനെ ഇരുപത്തഞ്ചാം പദ്യത്തിൽ സംബോധന ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് പ്രസ്തുത പദ്യത്തിൽ 'തത്ത്വത്തിനുള്ളിൽ' എന്ന ഭാഗം കൊണ്ട് ആചാര്യനുദ്ദേശിക്കുന്നത് മായാനിർമിതങ്ങളായ 96 തത്വങ്ങളാലും മറയ്ക്കപ്പെട്ടിരിക്കുന്ന പൊരുളിനെയാണെന്നുള്ളതിൽ സംശയിക്കാനില്ല.

ഉദയം ചെയ്തിരുന്ന പൊരുൾ - ചേതനതത്വത്തിലാണ് അതിന്റെ ശക്തിയായ മായ ജഡതത്ത്വങ്ങളെ ഉണ്ടാക്കിക്കാണിക്കുന്നത്. മായ പ്രകടമാകുന്ന തോടെ ഒരേ ചേതനതത്വം തന്നെ പുരുഷനെന്നും പ്രകൃതിയെന്നും രണ്ടായി പിരിഞ്ഞപോലെ കാണാനിടവരുന്നു. തുടർന്ന് പ്രകൃതി പുരുഷന്റെ സാന്നിധ്യത്തിൽ വിവിധ ജഡ തത്വങ്ങളെ ഉണ്ടാക്കി കാണിക്കുന്നു. ഇവിടെ ഒരു പ്രധാന കാര്യം ധരിക്കാനുണ്ട്. പ്രകൃതിതത്വം ആവിർഭവിക്കുമ്പോഴോ, അതു ജഡതത്വങ്ങളെ ഉണ്ടാക്കി കാണിക്കുമ്പോഴോ പുരുഷന്റെ സ്വരൂപത്തിന് അണുപോലും വികാരം സംഭവിക്കുന്നില്ല. അതുകൊണ്ടാണ് പരബ്രഹ്മത്തിൽ മായ ഉണ്ടാക്കി കാണിക്കുന്ന പ്രപഞ്ചം കയറിൽ സർപ്പമെന്ന പോലെയോ മരുഭൂമിയിൽ വെള്ളമെന്നപോലെയോ പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രമദൃശ്യം മാത്രമാണെന്നു സത്യദർശികൾ സിദ്ധാന്തിക്കുന്നത്. ഇങ്ങനെ കാരണവസ്തുവിന് അണുപോലും വികാരമുണ്ടാക്കാതെ അതിൽ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളാണ് ശാസ്ത്രം വിവർത്തകാര്യങ്ങളെന്നു പറയുന്നത്. ബ്രഹ്മത്തിൽ മായ ഉണ്ടാക്കി കാണിക്കുന്ന എല്ലാ ജഡതത്വങ്ങളും വിവർത്ത കാര്യങ്ങളാണ്. അതുകൊണ്ട് ഈ വിവർത്ത കാര്യങ്ങൾ ഉണ്ടാകുമ്പോഴും നിലനിൽക്കുമ്പോഴും മറയുമ്പോഴും സത്യസ്വരൂപം നിർവികാരമായിത്തന്നെ ആനന്ദഘനമായി വിലസുന്നു. ജഡതത്ത്വങ്ങൾ അകലുന്ന തോടുകൂടി ഏതൊരു ജിജ്ഞാസുവിനും ഈ വസ്തുത സാക്ഷാത്കരിച്ചനുഭവിക്കാവുന്നതാണ്. തത്ക്കാലം ജഡതത്വങ്ങളാൽ മറയ്ക്കപ്പെട്ടുനിൽക്കുന്ന വസ്തുവിന്റെ ആനന്ദഘനമായ ഈ നിർവികാരസ്ഥിതി വെളിപ്പെടുത്താനാണ് ആചാര്യൻ 'ഉദയം ചെയ്തിരുന്നപൊരുൾ' എന്നു പറഞ്ഞിരിക്കുന്നത്. 'ഇരുന്ന' എന്ന ഭൂതകാല പ്രയോഗം അർത്ഥവത്താണ്. ജഡതത്ത്വാ വിർഭാവത്തിനുമുമ്പുള്ള സ്ഥിതി തന്നെ ഇപ്പോഴും തുടരുന്നുവെന്നു സൂചന.

മുക്തിക്കു തക്കൊരുപദേശം തരും ജനന മറ്റീടുമന്നവന് - മേൽവിവരിച്ച വസ്തുവിന്റെ നിർവികാരസ്ഥിതി സാക്ഷാത്കരിച്ചു സദാ അനുഭവിക്കുന്നയാളാണല്ലോ ബ്രഹ്മനിഷ്ഠനായ ഗുരു. ഈ സാക്ഷാത്കാരം തനിക്കും അനുഭവിക്കാൻ വേണ്ടിയാണ് ശിഷ്യൻ ബ്രഹ്മ നിഷ്ഠനായ ഗുരുവിനെ പദാന്തേ ഭജനമാരംഭിക്കുന്നത്. ഗുരു ആദ്യമായി പാകപ്പെട്ട ശിഷ്യന് വസ്തുസ്ഥിതി വ്യക്തമായി വിവരിച്ചു കൊടുത്തിട്ട് സ്വയം ശിഷ്യൻ ജനന-മരണ രഹിതമായ ആ സത്യവസ്തു തന്നെയാണെന്നും കാട്ടിക്കൊടുക്കുന്നു. ശ്രുതി പ്രസിദ്ധങ്ങളായ തത് ത്വം അസി- 'അതു നീ തന്നെ' എന്നിത്യാദി മഹാവാക്യങ്ങൾ പാകപ്പെട്ട ശിഷ്യന്മാർക്ക് ഉടനേതന്നെ പ്രത്യക്ഷാനുഭവം പകർന്നുകൊടുക്കാനുള്ള ഗുരുക്കന്മാരുടെ മഹാവാക്യങ്ങളായിട്ടാണ് കരുതപ്പെടുന്നത്. മഹാവാക്യോപദേശത്തോടൊപ്പം ഗുരുകാരുണ്യം നിറഞ്ഞ നോട്ടം കൊണ്ടും സ്പർശം കൊണ്ടും ഒക്കെ അനുഭവം പകർന്നു കൊടുത്തു ശിഷ്യനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രാമകൃഷ്ണവിവേകാനന്ദന്മാരുടെ ഗുരുശിഷ്യബന്ധം ഇതിനുത്തമ ദൃഷ്ടാന്തമാണ്. വസ്തുബോധമുണ്ടാകുന്നതോടെ താൻ ജനിച്ചിട്ടേയില്ലെന്നും ഇനിയൊരിക്കലും മരിക്കുകയില്ലെന്നും ശിഷ്യനു ബോധ്യപ്പെടുന്നു. അതുകൊണ്ടത്രേ 'ജനനമറ്റീടുമന്നവന്' എന്ന് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.

കർമ്മമാണ് ബന്ധം. കർമ്മം ഭൗതികഫലത്തിൽ മനസ്സിനെ ആസക്തമാക്കിത്തീർക്കുന്നു. ഫലഭോഗം വീണ്ടും കർമ്മം ചെയ്യാൻ ഹേതുവായും ഭവിക്കുന്നു. ഒരു കർമ്മവും ഫലം പൂജിക്കുന്നതോടെ അവസാനിക്കുന്നില്ല. ഒരു കർമ്മത്തിന്റെ ഫലം ഭുജിച്ചു കഴിയുമ്പോൾ ആ ഫലഭോഗം വാസനാരൂപത്തിൽ ഉള്ളിൽ അടിയുന്നു. കർമ്മം ആവർത്തിക്കുന്തോറും വാസനയ്ക്ക് ശക്തി കൂടിവരും. അതുകൊണ്ട് കർമ്മം ചെയ്തു കർമ്മബന്ധം ഇല്ലാതാക്കാൻ ഒരിക്കലും സാധ്യമല്ല. തത്വ വിചാരത്തോടുകൂടിയ ഈശ്വരസ്മരണ ഒന്നുമാത്രമേ ആത്മാവിനെ കർമ്മബന്ധത്തിൽ നിന്നും വേർപെടുത്തു. കർമ്മബന്ധം അകന്നുകിട്ടാൻ അതുണ്ടാകണേ എന്നാണ് ആചാര്യൻ പതിനൊന്നാം ശ്ലോകത്തിൽ അപേക്ഷിക്കുന്നത്.





ശ്ലോകം 11

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എൻപക്കലുള്ള ദുരിതം പാർത്തു കാണുമള
വംഭോരുഹാക്ഷ ഹരിനാരായണായ നമഃ

( എൻപാപമൊക്കെയറിവാൻ- എന്റെ കർമ്മബന്ധങ്ങൾ എല്ലാം വിലയിരുത്താൻ, ധർമ്മപതി- ധർമ്മരാജാവ് അഥവാ മൃത്യു, ചിത്രഗുപ്തനുടെ- ധർമ്മരാജാവിന്റെ കാര്യസ്ഥനായ ചിത്രഗുപ്തന്റെ അഥവാ സൂക്ഷ്മശരീരത്തിന്റെ, സമ്പൂർണ്ണലിഖ്യതഗിരം കേട്ട് - പൂർണമായി രേഖപ്പെടുത്തിയിട്ടുള്ള വാക്കുകേട്ട്, എൻപക്കലുള്ളദുരിതം പാർത്തുകാണുമളവ്- എന്റെ കർമ്മബന്ധത്തിന്റെ വില തീരുമാനിക്കാൻ ഭാവിക്കുമ്പോൾ, അംഭോരുഹാക്ഷ-അല്ലയോ ഭഗവൻ, അവിടുന്ന് അടുക്കലുണ്ടായിരിക്കണേ)

എന്റെ കർമ്മബന്ധങ്ങളെല്ലാം വിലയിരുത്താൻ യമധർമ്മ രാജാവ് അഥവാ മൃത്യു കാര്യസ്ഥനായ ചിത്രഗുപ്തന്റെ അഥവാ അന്തഃകരണത്തിന്റെ പൂർണമായി രേഖപ്പെടുത്തിയിട്ടുള്ള വാക്കു കേട്ട് എന്റെ കർമ്മബന്ധത്തിന്റെ വില തീരുമാനിക്കാൻ ഭാവിക്കുമ്പോൾ അല്ലയോ ഭഗവൻ, അവിടുന്ന് അടുക്കലുണ്ടായിരിക്കണേ. പാപഹാരിയായ നാരായണനു നമസ്കാരം.

'കർമ്മബന്ധത്തിന്റെ വിലയിരുത്തൽ' - സാധാരണഗതിയിൽ കർമ്മത്തെ പുണ്യം എന്നും പാപം എന്നും രണ്ടായി വക തിരിക്കാറുണ്ട്. പുണ്യം ഉത്തമ ജന്മത്തിനും പാവം അധമ ജന്മത്തിനും കാരണമായി ഭവിക്കുന്നു. ഒരു മുമുക്ഷുവിനെ സംബന്ധിച്ചിടത്തോളം പുണ്യവും പാപവും ബന്ധം തന്നെയാണ്. രണ്ടും ജനന-മരണ രൂപത്തിലുള്ള സംസാരത്തിന് കാരണമായിത്തീരുന്നു എന്നുള്ളതു കൊണ്ടുതന്നെ. പുണ്യം സ്വർണച്ചങ്ങലയാണെങ്കിൽ പാപം ഇരുമ്പ് ചങ്ങല, അത്രേയുള്ളൂ ഭേദം. സ്വർണ്ണ ചങ്ങല കൊണ്ടായാലും ഇരുമ്പ് ചങ്ങല കൊണ്ടായാലും ബന്ധനം ബന്ധനം തന്നെയാണ്. ജന്മമറുന്ന മുക്തിയാണ് ഹരിനാമകീർത്തനത്തിലെ വിഷയം എന്നുള്ളതുകൊണ്ട് പ്രസ്തുത പദ്യലെ 'പാപ' ശബ്ദം എല്ലാത്തരം കർമ്മബന്ധങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നു കാണേണ്ടതാണ്. 'ഒക്കെ' എന്ന വിശേഷണം ഈ ധാരണയ്ക്കു സഹായകമായും വർത്തിക്കുന്നു. കർമ്മം എങ്ങനെയാണ് ജനന-മരണ സംസാരത്തിനു കാരണമായിത്തീരുന്നത്? ഒരു വ്യക്തിക്ക് സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ മൂന്ന് ശരീരങ്ങളാണുള്ളത്. മാംസാസ്ഥി മയമായ ബാഹ്യശരീരമാണ് സ്ഥൂലശരീരം. സങ്കല്പവാസനാ മയമായ അന്തകരണമാണ് സൂക്ഷ്മശരീരം. ഉറക്കത്തിലെ അജ്ഞാനമറയാണ് കാരണശരീരം. ഇവയിൽ മാംസസ്ഥി മയമായ ബാഹ്യശരീരം സങ്കൽപ്പവാനാമമായ സൂക്ഷ്മശരീരത്തിന്റെ ഒരു ഉപകരണം മാത്രമാണ്. ഇക്കാര്യം ചിന്തിക്കുന്നവർക്കൊക്കെ ബോധ്യപ്പെടും. അതുപോലെ ഉറക്കത്തിലെ കാരണശരീരം, സൂക്ഷ്മശരീരം ലയിച്ചുണ്ടാകുന്ന ഒരു മറയാണ്. ഉറക്കത്തിൽ ആരും പുതിയ കർമ്മം ഒന്നും ചെയ്യുകയോ ഫലം അനുഭവിക്കുകയോ ചെയ്യുന്നില്ല. സ്വപ്നം ഉറക്കമല്ലെന്നോർക്കുക. സ്വപ്നത്തിൽപോലും കർമ്മം ചെയ്യുന്നതും ഫലം അനുഭവിക്കുന്നതും സൂക്ഷ്മശരീരമാണ്. അപ്പോൾ യഥാർത്ഥത്തിൽ കർമ്മത്തിന്റെ മുഴുവൻ കലവറ സങ്കല്പവാസനാമയമായ സൂക്ഷ്മശരീരമാണ്. കഴിഞ്ഞു പോകുന്ന ഓരോ കർമ്മവും വാസനാരൂപത്തിൽ അതിന്റെ മുദ്ര ഈ സൂക്ഷ്മശരീരത്തിൽ സൂക്ഷിച്ചാട്ടാണു പോകുന്നത്. സൂക്ഷ്മശരീരത്തെ ഉപകരണമായ സ്ഥൂലശരീരം ഉപയോഗശൂന്യമായിത്തീരുമ്പോൾ സൂക്ഷ്മശരീരം അതിനെവലിച്ചെറിയുന്നു. ഇതാണ് മരണം. ഉപകരണം ഉപയോഗശൂന്യമെന്ന് കണ്ടാൽ ആരാണ് വലിച്ചെറിയാത്തത്? ഒരു ഉപകരണം വലിച്ചെറിഞ്ഞാൽ പുതുമയുള്ള മറ്റൊരു ഉപകരണം സ്വീകരിക്കാതെ വയ്യല്ലോ. ഇങ്ങനെ ഒരു പുതിയ ഉപകരണം സ്വീകരിക്കുന്നതാണ് ജനനം. ജീവിച്ചിരിക്കുമ്പോൾ തന്നെ സങ്കൽപ്പങ്ങളെയും വാസനകളെയും തത്ത്വവിചാരവും ഈശ്വരസ്മരണയും കൊണ്ടുപശമിപ്പിച്ച് ശുദ്ധബോധസ്വരൂപം സാക്ഷാത്കരിച്ചാൽ അതാണ് മോക്ഷം. സൂക്ഷ്മ ശരീരത്തിന്റെ സ്വഭാവമനുസരിച്ചാണ് പുതിയ ഉപകരണത്തിന്റെ രൂപം നിർണയിക്കപ്പെടുന്നത്. അപ്പോൾ മരണവേളയിൽ സങ്കല്പങ്ങളും വാസനകളും എന്തൊക്കെയാണെന്നുള്ളതിനെ ആശ്രയിച്ചാണ് അടുത്ത ജനനം എങ്ങനെയുള്ളതായിരിക്കണമെന്ന കാര്യം തീരുമാനിക്കപ്പെടുക. ചുരുക്കത്തിൽ ഒരു ജീവിതത്തിലെ എല്ലാ കർമ്മ ചലനങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുള്ള സൂക്ഷ്മശരീരം പേറിക്കൊണ്ടാണ് ജീവൻ മരണത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടുക. ഈ ശാസ്ത്ര സത്യത്തെയാണ് ധർമ്മപതി ചിത്രഗുപ്തനുടെ സമ്പൂർണ്ണലിഖ്യതഗിരം കേൾക്കുന്നതായി പുരാണങ്ങളെ അനുസ്മരിച്ചുകൊണ്ട് ആചാര്യൻ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ധർമാധർമ്മങ്ങളെ പാകപ്പെടുത്തി അനുഭവിക്കുന്ന കാലത്തിന്റെ പ്രതീകം തന്നെയാണ് കാലൻ അഥവാ ധർമ്മപതി. അതാതുകാലത്ത് കർമ്മ ചലനങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ധർമ്മപതിയുടെ കാര്യസ്ഥനായ ചിത്രഗുപ്തനാണ് സൂക്ഷ്മശരീരം. കാലത്താൽ ചിത്രമാംവണ്ണം ഗോപനം ചെയ്യപ്പെട്ടു സംസാരബന്ധത്തിൽ സുരക്ഷിതമായി തുടരുന്ന ഘടകമാണല്ലോ സൂക്ഷ്മശരീരം. അതുകൊണ്ട് പേര് തികച്ചും അന്വർത്ഥമാണ്. മരണം സൂക്ഷ്മശരീരത്തിലെ രേഖകൾക്ക് അനുസരണമായാണല്ലോ അടുത്ത ജനനത്തിനു വഴിതെളിക്കുന്നത്. അപ്പോൾ ധർമ്മപതി സമ്പൂർണ്ണലിഖ്യതഗിരം കേൾക്കുന്ന കാര്യവും യോജിക്കുന്നുണ്ട്.

'ദുരിതം പാർക്കുന്നിടത്ത് അംഭോരുഹാക്ഷൻ' - മരണവേളയിലെ സങ്കൽപവും വാസനയും എന്തായിരിക്കണമെന്നുള്ളതിനെ ആശ്രയിച്ചാണ് അപ്പോഴത്തെ സൂക്ഷ്മശരീരത്തിന്റെ രൂപം നിർണയിക്കുക. അതോടെ ജീവനു തുടർന്നുള്ള ജനനം ഏതുതരത്തിലായിരിക്കണമെന്നും തീരുമാനിക്കപ്പെടുന്നു. സൂക്ഷ്മശരീരമാണ് കർമ്മബന്ധം നിർണയിക്കുന്ന ധർമ്മപതി യുടെ കാര്യസ്ഥനായ ചിത്രഗുപ്തൻ. അതു രേഖപ്പെടുത്തിയിരിക്കുന്ന ലോക വാസനകളാണു ദുരിതം. ഇങ്ങനെയുള്ള ലോക വാസനകൾ അനന്തരജന്മം നിർണയിക്കപ്പെടാനായി കാലത്തിന്റെ മുമ്പിൽ വിലയിരുത്തപ്പെടുമ്പോൾ ദുരിതങ്ങളെയെല്ലാം പുറന്തള്ളികൊണ്ട് ജഗദീശ്വരന്റെ അനന്യസ്മരണമാണ് ചിത്രഗുപ്തന്റെ രേഖകളിൽ സ്ഥലം പിടിച്ചിരിക്കുന്നതെന്നു വന്നാൽ പിന്നെ ജനിക്കാനിടവരുന്നില്ല. അതാണ് ദുരിതം പാർത്തുകാണുമളവിൽ അംഭോരുഹാക്ഷൻ അടുത്തുണ്ടായിരിക്കണമെന്ന് ആചാര്യൻ അപേക്ഷിക്കുന്നത്. അതല്ല, അതിരറ്റ ധനതൃഷ്ണ, മമതാബന്ധം, സുഖമോഹം തുടങ്ങിയ ലോകവാസനകളാണ് ചിത്രഗുപ്തൻ രേഖപ്പെടുത്തിയിരിക്കുന്നതെന്നു വന്നാൽ അവ സഫലമാക്കാനുതകുന്ന ജന്മമായിരിക്കും ധർമ്മപതി അഥവാ മൃത്യു വിധിക്കുന്നത്.

ജീവന് പഞ്ചേന്ദ്രിയങ്ങളും മനസ്സും കൂടിചേർന്നു ണ്ടാക്കിക്കൊടുക്കുന്ന അനുഭവങ്ങളാണല്ലോ പ്രപഞ്ചാനുഭവങ്ങൾ. ഇന്ദ്രിയങ്ങളും മനസ്സും നിലനിൽക്കുന്നതോ, പ്രാണനെ ആശ്രയിച്ചാണ്. മാത്രമല്ല, പ്രാണൻ പലരൂപത്തിൽ വേർതിരിഞ്ഞു വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് സംസാര കാരണമായ ശരീരം തന്നെ തുടർന്നു നിലനിൽക്കുന്നത്. ആത്മവസ്തുവിനെ സുവ്യക്തമായി കാട്ടിത്തരാൻ കഴിവുള്ള ജ്ഞാനസൂര്യൻ ഉദിച്ചാൽ പിന്നെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും പ്രാണന്മാർക്കും എന്താണു സംഭവിക്കുക? ഇക്കാര്യമാണ് പ്രതീകാത്മകമായി ആചാര്യൻ പന്ത്രണ്ടാം പദ്യത്തിൽ വിവരിച്ചിരിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ




No comments:

Post a Comment