കീര്‍ത്തനം ആരംഭിക്കുന്നത് ഓം എന്ന അക്ഷരത്തോടെയാണല്ലോ. ഹരിനാമകീര്‍ത്തനം പാരായണം ചെയുന്ന ഉപാസകനും സ്വാഭാവികമായി ഓങ്കാരോച്ചാരണത്തോടെ പാരായണം തുടങ്ങുന്നു. ബ്രഹ്മപദവിയില്‍ നിന്നു കൊണ്ട് കീര്‍ത്തനം ആരംഭിക്കുന്ന ആചാര്യന്‍ ക്രമമായി താഴത്തേക്കു വന്ന് വിവിധയോഗങ്ങളും ദര്‍ശനഭേദങ്ങളും വിവരിക്കുന്നു.
എല്ലാ മന്ത്രങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും ആധാരമാണ് ഓങ്കാരം. ഏതുദേവനെ സ്തുതിക്കുമ്പോഴും ഏതു മന്ത്രം ഉച്ചരിക്കുമ്പോഴും അതിന് മുമ്പും പിമ്പും ബ്രഹ്മവാചിയായ ഓങ്കാരം ചേർത്ത് ഉച്ചരിക്കണം.
ഉപനിഷത്തുകള്‍ ഓങ്കാരത്തെ പലതരത്തില്‍ അവതതരിപ്പിക്കുന്നു. അഥര്‍വവേദശാഖയില്‍പ്പെട്ട മാണ്ഡുക്യോപനിഷത്തിന്റെ മുഖ്യപ്രമേയം തന്നെ മൂന്ന് കാലത്തിലുള്ളതും ത്രികാലാതീതവുമായ ഓംകാരോപാസനയാണ്.
സര്‍വവും ബ്രഹ്മം തന്നെ ആകുന്നു. എല്ലാ ജീവികളിലും ആത്മസ്വരുപമായി വര്‍ത്തിക്കുന്നതും ബ്രഹ്മംതന്നെ. ഈ ആത്മാവ് നാലു പാദങ്ങളോടു കൂടിയതാകുന്നു. തുടര്‍ന്ന് നാലുപാദങ്ങള്‍ ഉപനിഷത്ത് വിവരിക്കുന്നു. ജാഗ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വൈശ്വാനരന്‍ ഒന്നാം പാദം. സ്വപ്നാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന തൈജസന്‍ രണ്ടാം പാദം. സുഷുപ്തിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാജ്ഞന്‍ മുന്നാം പാദം. തുര്യാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന, അഥവാ പ്രവര്‍ത്തനമൊന്നുമില്ലാത്ത, തുര്യന്‍ നാലാം പാദം.
പ്രശ്നോപനിഷത്തില്‍ സത്യകാമന്‍ പിപ്പലാദമുനിയൊട് ചോദിക്കുന്നു - ജീവിത കാലം മുഴുവന്‍ ഓംകാരത്തെത്തന്നെ ധ്യാനിക്കുന്ന മനുഷ്യന്‍ ഏതുലോകത്തെ പ്രാപിക്കും?
അതിനു മുനി നല്‍കുന്ന മറുപടി - ഓംകാരം പരവും അപരവുമായ ബ്രഹ്മം തന്നെയാണ്. ഇതിനെ അറിഞ്ഞു പാസിക്കുന്നവന്‍ ഈ സാധനകൊണ്ടു തന്നെ പരമോ അപരമോ ആയ ബ്രഹ്മത്തെ പ്രാപിക്കുന്നു. തുടര്‍ന്ന് പിപ്പലാദമഹര്‍ഷി വേദമന്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു ചെയ്യുന്ന ഉപദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. ഓംകാരത്തിനു നാലുമാത്രകളുണ്ടു്. ഒന്നാമത്തെ മാത്രയായ അകാരത്തെ ഉപാസിക്കുമ്പോള്‍ ഉത്കൃഷ്ടമായ മനുഷ്യജന്മം ലഭിക്കുന്നു. രണ്ടുമാത്രകളോടുകൂടിയ ഓംകാരത്തെ ഉപാസിക്കുന്നവന്‍ മരണാനന്തരം ചന്ദ്രലോകത്തെ പ്രാപിക്കുന്നു. മുന്നു മാത്രകളോടുകൂടിയ ഓംകാരത്തെ ഉപാസിക്കുന്നവന്‍ സാമങ്ങളെ ക്കൊണ്ട് ബ്രഹ്മലോകത്തെ പ്രാപിക്കുന്നു. ആ ഉപാസകന്‍ ഓങ്കാരാത്മകനും തേജോരുപനുമായ സൂര്യനുമായി ഐക്യം പ്രാപിക്കുന്നു. പാമ്പിന്റെ ചട്ട ഈരിപ്പോകുന്നതുപോലെ അവന്റെ പാപങ്ങള്‍ വേര്‍പെട്ടുപോകുന്നു.
ദത്താത്രേയ മഹര്‍ഷി ഇങ്ങനെ വിവരിക്കുന്നു - അകാരം ഉകാരം മകാരം എന്നീ മുന്നക്ഷരങ്ങള്‍ സത്ത്വരാജസതാമസഗുണങ്ങളുടെ രൂപമുളളവയാണ്. ഗുണാതീതവും യോഗികള്‍ക്കു മാത്രം പ്രാപിക്കാവുന്നതുമായ അര്‍ദ്ധമാത്ര ഇവയെ തുടര്‍ന്നുണ്ട്. ഈ അര്‍ത്ഥമാത്ര അ ഉ മ എന്നിവയെപ്പോലെ കാതുകൊണ്ടു കേട്ട് അറിയാവുന്നതല്ല. പ്രഥമമാത്രയായ അ ഹ്രസ്വവും വ്യക്തവുമാണ്. രണ്ടാമത്തെ മാത്രയായ ഉ ദീര്‍ഘവും അവ്യക്തവുമാണ്. മുന്നാമത്തെ മാത്രയായ മ പ്ലുതമായി ഉച്ചരിക്കപ്പെടുന്നതും ആണ്. അര്‍ദ്ധമാത്ര പരംപദസ്വരൂപവും ശ്രോത്രത്തിനും വാക്കുകള്‍ക്കും വിഷയമല്ലാത്തതും ആണ്.
ഈ കീര്‍ത്തനം പാരായണം ചെയ്യുന്നവര്‍ക്കെല്ലാം പ്രണവോപാസനയുടെ ഫലവും പ്രയോജനവും പ്രദാനം ചെയ്യുന്നു.
No comments:
Post a Comment