ദംഭായവന്മരമതിന്നുള്ളില്‍നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നുഗതി
നിന്‍ പാദഭക്ത ഹരിനാരായണായ നമഃ
മദമാകുന്ന വലിയ വൃക്ഷത്തിന്റെ ഉള്ളിൽ നിന്നും പല അഭിമാന ചിന്തകൾ ആകുന്ന കൊമ്പുകൾ തളിരിട്ട് എണ്ണമറ്റ കാമക്രോധാദിവികാരങ്ങളാകുന്ന കായ്കളും കനികളും നിറഞ്ഞ് എന്റെ ജീവിതത്തെ സദാ മൂടിക്കളയാതിരിക്കുന്നതിന് ഒരേ ഒരുപായം അങ്ങയുടെ പാദങ്ങളിലുള്ള ഭക്തി മാത്രമാണ്.
ശ്ലോകം 48
ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ
ദംഭമയമായ കൊടുങ്കാട്! മനുഷ്യചിത്തത്തിൽ ദംഭമയമായ കൊടുങ്കാട് വളരുന്നതിപ്രകാരമാണ് :- ഞാൻ പ്രഭുവാണ്, ഞാൻ സർവ്വസുഖ സമ്പന്നനാണ്, ഞാൻ സിദ്ധനാണ്, ബലവാനാണ്, സുഖിയാണ്, ഞാൻ ആഢ്യനാണ്, ഉത്തമ കുലജാതനാണ്, എന്നെപ്പോലെ മറ്റാരുണ്ട്, ഞാൻ വലിയ യാഗങ്ങൾ ചെയ്യുന്നുണ്ട്, ഞാൻ ധാരാളം ദാനം ചെയ്യുന്നുണ്ട് എന്നിങ്ങനെ അജ്ഞാനത്തിന്റെ ഫലമായിട്ടാണ് ദംഭമയമായ കൊടുങ്കാട് തഴച്ചുവളരുന്നത്.
ഇതിന്റെ പരിണതഫലം ഭഗവാൻ ഗീതയിൽ ഇങ്ങനെ വിവരിക്കുന്നു.
അനേകചിത്തവിഭ്രാന്ത:
മോഹജാല സമാവൃതാ:
പ്രസക്താ: കാമഭോഗേഷു
പതന്തി നരകേ ശു ചൗ
ഇങ്ങനെ അനേക തരത്തിലുള്ള മാനസിക വിഭ്രമങ്ങളിൽക്കൂടി മോഹജാലങ്ങളാൽ ആവൃതരായി ഭവിക്കുന്നു. തുടർന്ന് കാമഭോഗങ്ങളിൽ അത്യധികം ആസക്തരായി പാപപങ്കിലമായ നരകത്തിൽ പതിക്കുകയും ചെയ്യുന്നു. ദംഭമയമായ ഈ കൊടുങ്കാട് ജ്ഞാനാഗ്നിയിൽ ദഹിച്ചു ചാമ്പലാകുന്നു. തുടർന്ന് ചിത്തം ഏകാഗ്രപ്പെടുന്നതോടെ സഹസ്രാര പത്മത്തിൽ നിന്നും അമൃതധാര വർഷിച്ച് ചിത്തത്തെ പരാഭക്തിയിൽ കൊണ്ടെത്തിക്കുന്നു
#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ
No comments:
Post a Comment