Monday, 12 July 2021

ശ്ലോകം 61 62

ശ്ലോകം 61

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണുഹരി നാരായണായ നമഃ

സത്യം വദാമി = ഞാൻ സത്യം പറയുന്നു; 
മമ ഭൃത്യാദിവർഗ്ഗമിതും = എൻറ ഭൃത്യർ തുടങ്ങിയവരെയും; 
അർത്ഥം കളത്രഗൃഹപുത്രാദി ജാലമതും = ധനം, ഭാര്യ, വീട്, പുത്രർ തുടങ്ങിയവയും; ഒക്കെ = പൂർണ്ണമായി;
ത്വദർപ്പണമതാക്കീട്ട്  =  അവിടുത്തേക്ക് അർപ്പിച്ചിട്ടു;
ഞാനുമിത തൃക്കാൽക്കൽ വീണു.= ഞാൻ ഇതാ തൃപ്പാദങ്ങളിൽ ശരണാർതഥിയായി പതിക്കുന്നു;
ഹരി നാരായണായ നമഃ = ഹരി നാരായണന്നായി നമസ്കാരം.

അല്ലയോ നാരായണാ, ഞാൻ സത്യമായി പറയുന്നു. എന്റെ ഭൃത്യർ തുടങ്ങിയവരേയും ധനം, ഭാര്യ, ഗൃഹം, പുത്രർ തുടങ്ങി എന്നെ ബന്ധിക്കുന്ന എല്ലാത്തിനെയും അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പണമാക്കിയിട്ട് ഞാൻ അങ്ങയെ ആശ്രയിക്കുന്നു. ഹരേ, നാരായണാ, നിന്തിരുവടിക്കു നമസ്കാരം.

സമ്പൂർണ്ണ ശരണാഗതിയാണ് ഈ പദ്യത്തിനു വിഷയം. പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും ബ്രഹ്മസത്തയെക്കുറിച്ചും ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജ്ഞാനവൈരാഗ്യാദികളെക്കുറിച്ചും യോഗചര്യകളെക്കുറിച്ചും ധർമ്മനീതികളെക്കുറിച്ചും എത്രയോ സിദ്ധാന്തങ്ങളുണ്ടു്. ഇനിയും ഉണ്ടാകുകയും ചെയ്യും. അതെല്ലാം സത്യത്തിന്റെ നേർക്കു നയിക്കുന്ന പാതകളുമാണ്. സുകൃതികളായി ചിലർ ആ വഴികളിൽക്കൂടി പരപദപ്രാപ്തി നേടുന്നുമുണ്ട്. ഏവർക്കും സ്വീകരിക്കാവുന്നതും സുഗമവും ആയ മാർഗ്ഗമാണ് ആചാര്യൻ നിർദ്ദേശിക്കുന്ന ശരണാഗതി, സർവ ഉപനിഷത്തുകളുടേയും സാരമായ ഭഗവദ് ഗീതയിൽ വിവിധ യോഗങ്ങൾ വിവരിച്ചശേഷം ഭഗവാൻ അർജ്ജുനനോട് ഉപദേശിക്കുന്നു.

"സർവധർമ്മങ്ങൾ വിട്ടെന്നെത്തന്ന ശരണമേല്ക്ക നീ
നിൻപാപമെല്ലാം ഞാൻ തീർത്തുകൊള്ളുവൻ മാഴ്കിടേണ്ടടോ"

എല്ലാം ത്യജിച്ച് സംസാരബന്ധങ്ങളിൽ നിന്ന് ഓടിപ്പോകലല്ല ശരണാഗതി. മനുഷ്യനെ സംസാരവുമായി ബന്ധിക്കുന്ന പാശങ്ങൾ പലതാണു്. ധനം, ഭാര്യ, ഗൃഹം, പുത്രർ, ബന്ധുക്കൾ, ഭൃത്യർ എന്നിങ്ങനെ. ഇതെല്ലാം ഉണ്ടായിക്കൊള്ളട്ടെ. മനുഷ്യനായി ജന്മം തന്ന ഭഗവാൻ ചില കർത്തവ്യങ്ങളും തന്നിട്ടുണ്ട്. അവ നിറവേറ്റുന്നത് ഭഗവാനോടുള്ള കടപ്പാടാണ്. എല്ലാ കർമ്മങ്ങളും ഈശ്വരനിൽ അർപ്പിക്കുക. എല്ലാ ബന്ധങ്ങളും ഈശ്വരനിൽ സമർപ്പിക്കുക.

കർമ്മങ്ങളെല്ലാമെപ്പോഴും ചെയ്കിലും മത്പ്പരായണൻ
മത്പ്രസാദത്തിനാൽ നേടുമവ്യയം നിത്യമാം പദം
മനസ്സാൽക്കർമ്മമൊക്കെയുമെങ്കലർപ്പിച്ചു മത്പരൻ
ബുദ്ധിയോഗം പൂണ്ടു നിത്യം മന്മനസ്സായിരിക്ക നീ

                                                                                      (ഗീത. 18 56-57)


ഞാനാണു കർത്താവ് എന്ന ബോധം ഉപേക്ഷിച്ചു ചെയ്യുന്ന കർമ്മം ശ്രഷ്ഠമാണ്. എല്ലാം ഭഗവാനിൽ അർപ്പിച്ച് ഭഗവത്പാദങ്ങളെ ശരണം പ്രാപിക്കുന്നവന് ഭീതിയില്ല. ദുരിതങ്ങൾ അവനെ സ്പർശിക്കുകയില്ല. അവന്റെ ക്ഷേമം ഭഗവാന്റെ ചുമതലയായിത്തീരുന്നു.

കർമ്മങ്ങൾ സംഗങ്ങളൊന്നിലും കൂടാതെ
കർമ്മഫലങ്ങളിൽ കാംക്ഷയും കൂടാതെ
കർമ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യം സമർപ്പിച്ചു ചെയ്യണം
നിർമ്മലമായുളെള്ളാരാത്മാവു തന്നോടു
കർമ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാൽ

എന്ന് ആചാര്യൻ  ലക്ഷ്മണോപദേശത്തിൽ പറയുന്നുണ്ട്.

ഡോ: ബി: സി: ബാലകൃഷ്ണന്റെ ഹരിനാമകീർത്തന വ്യാഖ്യാനത്തിൽ നിന്നും

ശ്ലോകം 62

ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയാവതല്ല തവ മറിമായതന്മഹിമ
അരിവായ്, മുതല്‍ക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളീക നാരായണായ നമഃ

ശിവനും ബ്രഹ്മാവും ഇന്ദ്രനും ആരും അങ്ങയുടെ മായയുടെ പൂർണ്ണ മഹത്വം അറിയുന്നവരല്ല. ബോധസ്വരൂപനായി  ആദ്യം മുതലേ ഹൃദയത്തിൽ കൂടുതൽ കുറവൊന്നും  കൂടാതെ ശുദ്ധ മുക്തനായി വസിക്കുന്ന പരമാത്മാംശമായ ജീവാത്മാവിൽ  അംശഭാവം മാറി പൂർണഭാവം തെളിയാൻ ഇടവരണം.

#ബ്രഹ്മശ്രീGബാലകൃഷ്ണൻനായർ

No comments:

Post a Comment