Thursday 15 July 2021

ശ്ലോകം 25 26

ശ്ലോകം 25

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്ന നാഥ ഹരിനാരായണായ നമഃ

(ഐയ്യഞ്ചും-ഇരുപത്തഞ്ചും, ഉടൻ അഞ്ചും- പിന്നെ ഒരഞ്ചും, അയ്യാറും- അഞ്ചും ആറും ചേർന്നു പതിനൊന്നും, ഉടനെട്ടും- പിന്നെ ഒരെട്ടും, അവ്വണ്ണമെട്ടും- അതുപോലെ പിന്നെ ഒരെട്ടും, ഉടൻ എണ്മൂന്നും- പിന്നെ ഇരുപത്തിനാലും, അഥ ഏഴും- പിന്നെ ഏഴും, ചൊവ്വോടെ ഒരഞ്ചും- വേണ്ട പോലെ പിന്നെ ഒരഞ്ചും, രണ്ടൊന്നു- പിന്നെ രണ്ടും ഒന്നും മൂന്ന്, എന്ന തത്ത്വമതിൽ- ഇപ്രകാരം തൊണ്ണൂറ്റാറു തത്ത്വത്തിൽ, മേവുന്ന- നിറഞ്ഞു വർത്തിക്കുന്ന)

ഇരുപത്തിയഞ്ചും, പിന്നെയൊരഞ്ചും, ഒരു പതിനൊന്നും, പിന്നെയൊരെട്ടും, അതുപോലെ വീണ്ടും ഒരെട്ടും, പിന്നെ ഇരുപത്തിനാലും, പിന്നെ ഏഴും, വേണ്ടപോലെ പിന്നെ ഒരഞ്ചും, ഒരു മൂന്നും ഇങ്ങനെ 96 തത്ത്വങ്ങളിൽ നിറഞ്ഞു വർത്തിക്കുന്ന നാഥനായ ഹരിനാരായണനു നമസ്കാരം.

'അയ്യഞ്ചുമഞ്ചും ' - ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നിങ്ങനെ മഹാഭൂതങ്ങൾ അഞ്ച്., മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി എന്നിങ്ങനെ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്., ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം ഇങ്ങനെ ജ്ഞാനേന്ദ്രിയ വിഷയങ്ങൾ അഞ്ച്, വാക്ക്, പാണി, പാദം, പായു (വിസർജനേന്ദ്രിയം), ഉപസ്ഥo (ജനേന്ദ്രിയം) എന്നിങ്ങനെ കർമ്മേന്ദ്രിയങ്ങൾ അഞ്ച്., വചനം, ആദാനം, യാനം, വിസർജനം, ആനന്ദനം എന്നിങ്ങനെ കർമ്മേന്ദ്രിയവിഷയങ്ങൾ അഞ്ച്., പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ ഇങ്ങനെ പ്രാണന്മാർ അഞ്ച്., ആകെ മുപ്പത്. മഹാഭൂതങ്ങളഞ്ച്, ജ്ഞാനേന്ദ്രിയങ്ങളഞ്ച്, ജ്ഞാനേന്ദ്രിയവിഷയങ്ങളഞ്ച്, കർമ്മേന്ദ്രിയങ്ങളഞ്ച്, കർമ്മേന്ദ്രിയവിഷയങ്ങളഞ്ച്, പ്രാണന്മാരഞ്ച്, ഇപ്രകാരം ഐയ്യഞ്ചുമഞ്ചും മുപ്പത്.

അയ്യാറും: ഇവിടെ അഞ്ചും ആറും അയ്യാറ്' എന്നുവേണം അർത്ഥം ധരിക്കാൻ. നാഗൻ, കൂർമ്മൻ, ദേവദത്തൻ, ധനഞ്ജയൻ, കൃകലൻ എന്നിങ്ങനെ ഉപപ്രാണന്മാർ അഞ്ച്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ഇപ്രകാരം ആധാരം ആറ്. അഞ്ചു പ്രാണന്മാരും ആറാധാരങ്ങളും ചേർന്നു പതിനൊന്നു. അതത്രേ 'അയ്യാറ്'.
ഉടനെട്ടും: പിന്നെയൊരെട്ട് രാഗം, ദ്വേഷം, കാമം, ക്രോധം, മത്സര്യം, മോഹം, ലോഭം, മദം ഇങ്ങനെ രാഗങ്ങൾ എട്ട്. ഇവ അഷ്ടരാഗങ്ങളെന്നറിയപ്പെടുന്നു.
അവ്വണ്ണമെട്ടും: അതുപോലെ വീണ്ടും ഒരെട്ട്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഇങ്ങനെ അന്ത:കരണങ്ങൾ നാല്., സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം (സ്മരണം) ഇങ്ങനെ യഥാക്രമം അന്തഃകരണങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രവർത്തനങ്ങൾ നാല്. അന്തഃകരണങ്ങളെയും പ്രവർത്തനങ്ങളെയും ഒരുമിച്ചുചേർത്ത് 'കരണങ്ങൾ' എന്നു വിളിക്കുന്നു. അങ്ങനെ കരണങ്ങൾ എട്ട്. അതാണ് 'അവ്വണ്ണമെട്ട്'.

എണ്മൂന്ന്: എട്ടുമൂന്ന്. ഇഡ, പിംഗള, സുഷുമ്ന, എന്നു നാഡികൾ മൂന്ന്., അഗ്നിമണ്ഡലം, അർക്കമണ്ഡലം, ചന്ദ്രമണ്ഡലം ഇങ്ങനെ മണ്ഡലങ്ങൾ മൂന്ന്., അർത്ഥേഷണ, ദാരേഷണ, പത്രേഷണ എന്ന് ഏഷണ മൂന്ന്., വാതം, പിത്തം, ശ്ലേഷ്മം എന്നു ദൂഷണങ്ങൾ മൂന്ന്., സത്ത്വം, രജസ്സ്, തമസ്സ് എന്നു ഗുണങ്ങൾ മൂന്ന്., ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നവസ്ഥകൾ മൂന്ന്., സ്ഥൂലം, സൂക്ഷ്മം, കാരണം എന്നു ദേഹങ്ങൾ മൂന്ന്., വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്ന് യഥാക്രമം ദേഹനാഥന്മാർ മൂന്ന്., നാഡികൾ മൂന്ന്, മണ്ഡലങ്ങൾ മൂന്ന്, ഏഷണ മൂന്ന്, ദൂഷണം മൂന്ന്, ഗുണങ്ങൾ മൂന്ന്, അവസ്ഥകൾ മൂന്ന്, ദേഹങ്ങൾ മൂന്ന്, നാഥന്മാർ മൂന്ന്., ഇങ്ങനെ എണ്മൂന്നിരുപത്തിനാല്.

അഥഏഴ്: പിന്നെ ഒരേഴ്. ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങനെ ധാതുക്കൾ ഏഴ്.

ചൊവ്വോടൊരഞ്ച്: പിന്നെ ഒരഞ്ച്. അന്നമയകോശം, പ്രാണമയ കോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം ഇങ്ങനെ കോശങ്ങൾ അഞ്ച്.

രണ്ടൊന്ന്: രണ്ടും ഒന്നും മൂന്ന്. ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നു താ പങ്ങൾ മൂന്ന്. ഇവ താപത്രയം എന്നറിയപ്പെടുന്നു.

'തത്വത്തിൽമേവുന്ന നാഥ' - വേർതിരിഞ്ഞുള്ള തത്ത്വാനുഭവം ജീവാത്മാവിനാണ്. എഴുത്തച്ഛന്റെ കൃതിയെന്നു പരമ്പരയാ കരുതപ്പെടുന്ന 'ചിന്താരത്ന'ത്തിൽ തത്ത്വങ്ങളുടെ വിശദമായ പ്രതിപാദനം കാണ്മാനുണ്ട്. അതിൽ-

ആത്മാവുമനാത്മാവുമെങ്ങനെയെന്നു ചിന്തിച്ചാ-
ത്മാവെത്തിരിച്ചറിഞ്ഞടുത്തതാത്മജ്ഞാനം
എന്നതു നിക്കു ബോധിപ്പാനായ് ജീവാത്മാവു-
തന്നുടെ തത്ത്വങ്ങളെത്തന്നെ ചൊല്ലീടാമല്ലോ.

എന്ന ഉപക്രമത്തോടു കൂടിയാണ് തത്ത്വവിവരണം ആരംഭിക്കുന്നത്. അഖണ്ഡജ്ഞാനസ്വരൂപമായ പരമാത്മാവിൽ മായാസ്പന്ദനമാണല്ലോ തത്വഭേദങ്ങളെ ആവിഷ്കരിക്കുന്നത്. തത്ത്വങ്ങളിൽ പ്രതിബിംബിച്ച് അവയുമായി താദാത്മ്യപ്പെടുന്ന ബോധംശമാണ് ജീവൻ. വിചാരം ചെയ്തു ജീവാത്മാവും പരമാത്മാവും ഒന്നാണെന്നറിയുന്നതോടെ തത്ത്വഭേദം അവസാനിക്കുന്നു. കേവലപരമാത്മാവുതന്നെയാണ് സ്വശക്തികൊണ്ടു തത്ത്വഭേദങ്ങളായി കാണപ്പെട്ടതെന്നും അനുഭവമായിത്തീരുന്നു. ഈ അനുഭവരഹസ്യമാണ് 'തത്ത്വമതിൽ മേവുന്ന നാഥ' എന്ന ഭാഗംകൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്. പത്താംശ്ലോകത്തിൽ 'തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരുൾ' എന്നു പ്രസ്താവിച്ചതും ഇതേ അർത്ഥത്തിൽത്തന്നെയാണ്.

തത്ത്വസംഖ്യ ഇങ്ങനെ 96 ആയി വിവരിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒരേ കാരണവസ്തു തന്നെ പലതായിക്കാണുന്നതാണെന്നു ഗീതകൾ വിവരിക്കുന്നു. എന്നാൽ ആ ഏകവസ്തു ഏതാണെന്നു വിചാരം ചെയ്തറിയാൻ മനസ്സിനു കഴിവുമില്ല. വ്യക്തമായ വസ്തുബോധമുണ്ടാകാൻ ഭഗവത്കാരുണ്യത്തിനായി പ്രാർത്ഥിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഇരുപത്തിയാറാംപദ്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്





ശ്ലോകം 26

ഓതുന്നു ഗീതകളിതെല്ലാമതെന്ന പൊരുൾ
ഏതെന്നു കാണ്മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരിനാരായണായ നമഃ

( ഗീതകൾ- ഉപനിഷത്സാരസർവസ്വങ്ങളായി സത്യദർശികൾ ഗാനം ചെയ്തിട്ടുള്ള കൃതികൾ, ഇതെല്ലാം- ഈ തത്ത്വഭേദങ്ങളെല്ലാം, അതെന്ന- ആ പരമാത്മാവു തന്നെയാണെന്ന, പൊരുൾ- യാഥാർത്ഥ്യം, ഓതുന്നു- യുക്തിയുക്തം പ്രതിപാദിക്കുന്നു, ഏതെന്നു കാണ്മതിന്- എന്നാൽ ആ സത്യം ഏതെന്നു വിചാരം ചെയ്തനുഭവിക്കുന്നതിന്, മനോബലവും പോരാ- മനസ്സിനു കഴിവും ഇല്ല, ഏതെങ്കിലും എന്തായാലും തവ- ഭഗവാൻ, അങ്ങയുടെ, കിമപി-കുറച്ച്, കാരുണ്യം- വാത്സല്യം, സാധിക്കവേണ്ടു- സമ്പാദിക്കേണ്ടതായിരിക്കുന്നു)

ഉപനിഷത്സാരസർവസ്വങ്ങളായി സത്യദർശികൾ ഗാനം ചെയ്തിട്ടുള്ള കൃതികൾ ഈ തത്ത്വഭേദങ്ങളെല്ലാം ആ പരമാത്മാവുതന്നെയാണെന്നുള്ള യാഥാർത്ഥ്യം യുക്തിയുക്തം പ്രതിപാദിക്കുന്നു. എന്നാൽ ആ സത്യം ഏതെന്നു വിചാരം ചെയ്തനുഭവിക്കുന്നതിനു മനസ്സിനു കഴിവും ഇല്ല. എന്തായാലും ഹേ ഭഗവൻ, അങ്ങയുടെ വാത്സല്യം കുറച്ചു സമ്പാദിക്കേണ്ടിയിരിക്കുന്നു. ഹരിനാരായണനു നമസ്കാരം.

'ഗീതകൾ' - ഉപനിഷത്സാരസർവസ്വങ്ങളായി സത്യ ദർശികൾ ഗാനം ചെയ്തിട്ടുള്ള കൃതികളാണ് ഗീതകൾ. മഹാഭാരതത്തിൽത്തന്നെ അത്തരം ഒന്നിലധികം ഗീതകൾ കാണ്മാനുണ്ട്. ഭഗവത്ഗീത, വ്യാധഗീത, അനുഗീത ഇവയെല്ലാം മഹാഭാരതത്തിലുള്ളവയാണ്. ഇവകൂടാതെ അഷ്ടാവക്രഗീത, രാമഗീത, ഗുരുഗീത എന്നിങ്ങനെ അനേകം ഗീതകൾ വേദാന്തരംഗത്തു പ്രസിദ്ധങ്ങളായുണ്ട്. ഇങ്ങനെ ഗീതകൾ അനേകമുണ്ടെങ്കിലും ലോക പ്രസിദ്ധമായിത്തീർന്നിട്ടുള്ളതു ഭഗവത്ഗീതയാണ്. ഭഗവത്ഗീതയുടെ മഹത്വം ഇങ്ങനെ വർണ്ണിക്കുന്നു:

സർവ്വോപനിഷദോ ഗാവോ
ദോഗ്ധാ ഗോപാലനന്ദനഃ
പാർത്ഥോ വത്സ:സുധീർഭോക്താ
ദുഗ്ധം ഗീതാമൃതം മഹത്
( ഗീത, ധ്യാ.4)

ഉപനിഷത്തുകളാണ് പശുക്കൾ, കൃഷ്ണനാണ് കറവക്കാരൻ, അർജുനനാണ് കന്നുകുട്ടി, ബുദ്ധിശാലിയാണു പാനംചെയ്യുന്ന ആൾ. ഇങ്ങനെ മഹത്തായ ഗീതാമൃതം കടന്നെടുക്കപ്പെട്ടു.

'ഇതെല്ലാം അത് എന്ന പൊരുൾ' - അദ്വൈത ബ്രഹ്മപ്രതിപദകങ്ങളാണു ഗീതകളെല്ലാം. നിശ്ചലാഖണ്ഡാനന്ദസ്വരൂപമായ ബോധമാണ് മായാശക്തിയെ അവലംബിച്ച് ഇങ്ങനെ 96 തത്ത്വങ്ങളായും അവയുടെ സമ്മിളിതരൂപമായ്l പ്രപഞ്ചമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ വസ്തു ഒന്നേയുള്ളു, ലേശം പോലും പലതില്ല എന്നാണ് എല്ലാ ഗീതകളും സമർത്ഥമായി പ്രതിപാദിക്കുന്നത്. ഭഗവത്ഗീത 'അദ്വൈതാമൃതവർഷിണി'യാണെന്നു പ്രസിദ്ധമാണല്ലോ. ഭഗവത്ഗീതയുടെ പ്രഖ്യാപനം നോക്കുക:

മത്ത: പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സർവ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ
( ഗീതം,7-7)

അല്ലയോ അർജ്ജുനാ, എന്നിൽ നിന്നും ഭിന്നമായി ഇവിടെ അല്പം പോലും യാതൊന്നുമില്ല. ചരടിൽ കോർക്കപ്പെട്ട രത്നങ്ങൾ പോലെ സർവ്വവും എന്നിൽ ചേർത്തിണക്കപ്പെട്ടിരിക്കുന്നു.

'ഏതൊന്നും കാണ്മതിനു പോരാ മനോബലവും' - വസ്തുസ്ഥിതി അദ്വൈതമാണെങ്കിലും അതു യുക്തിയുക്തംവിചാരം ചെയ്തറിയാനും സാക്ഷാത്ക്കരിക്കാനും അത്ര എളുപ്പമല്ല. കാരണവും കാര്യവും ഒന്നുതന്നെ എന്നു യുക്തിപൂർവ്വം ചിന്തിച്ചറിയുന്നതാണു വിചാര മാർഗ്ഗം. ചിത്തശുദ്ധി കൊണ്ടുവേണം വസ്തു സാക്ഷാത്കാരം നേടാൻ. സർവ്വകാമങ്ങളെയും നിവർത്തിപ്പിച്ച് അനന്തസുഖസ്വരൂപമായ വസ്തുവിനെ കണ്ടെത്താൻ അതിബുദ്ധിമാന്മാർക്കേ കഴിയൂ എന്നാണ് ഭാഗവതം പ്രഖ്യാപിക്കുന്നത്. പ്രയാസമാണെന്നു കരുതി പരമസത്യമന്വേഷിക്കാതിരിക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് മഹത്തായ ആപത്തിനു കാരണമായും ഭവിക്കും. അതുകൊണ്ട് കഠോപനിഷത്തു പ്രഖ്യാപിക്കുന്നത് നോക്കുക:

ഉത്തിഷ്ഠത, ജാഗ്രത പ്രാപ്യവരാന്നിബോധത ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുർഗ്ഗം പഥസ്തത് കവയോ വദന്തി. (കഠോ.3-14)

ധീരനായി എണീറ്റ് സത്യാന്വേഷണ വ്യഗ്രനാവൂ, സർവ്വാനർത്ഥ ബീജമായ അജ്ഞാനനിദ്രവിട്ടുണരൂ, തത്ത്വവേദിയായ ആചാര്യനെ പ്രാപിച്ച് അനുകമ്പ നേടി സത്യം സാക്ഷാത്ക്കരിക്കൂ. മൂർച്ചയുള്ള വാൾത്തലയിൽക്കൂടി സഞ്ചരിക്കുന്നതുപോലെ ക്ലേശമേറിയതാണ് ജ്ഞാനസാക്ഷാത്കാരത്തിനുള്ള മാർഗം.

'തവ കാരുണ്യം സാധിക്കവേണ്ടു' - ഞാൻ, ഞാൻ എന്ന അഹന്ത നിശ്ശേഷം വെടിഞ്ഞ് ജഗദീശ്വരനെ സർവാത്മനാ ശരണം പ്രാപിക്കുന്ന ഭക്തനെ ഭഗവാൻ സ്വന്തം ആളായി അംഗീകരിക്കുന്നു. തുടർന്ന് സ്വരൂപം വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. കഠോപനിഷത്തുതന്നെ ഇക്കാര്യവും ഇങ്ങനെ വെളിപ്പെടുത്തുന്നു:

നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ:
തസൈഷ ആത്മാ വിവൃണുതേ തനും സ്വാം.
(കഠോ.2-23)

വാദങ്ങളിലേർപ്പെട്ടതുകൊണ്ടോ കേവലം യുക്തിചിന്ത ചെയ്തതു കൊണ്ടോ കേവലശ്രവണം കൊണ്ടോ ഈ ആത്മാവിനെ സാക്ഷാത്കരിക്കാൻ പറ്റുകയില്ല. ആരാണോ ആത്മാവിനെ സർവ്വാത്മനാ ശരണം പ്രാപിച്ച് അർഥിക്കുന്നത്, അയാൾക്ക് സത്യം സ്വന്തരൂപം സ്വയം വെളിപ്പെടുത്തിക്കൊടുക്കുന്നു. ഇങ്ങനെ അഹന്ത വെടിഞ്ഞുള്ള ആത്മവരണം സമ്പാദിക്കാണമെന്നു കാണിച്ചിരിക്കയാണ് 'തവ കാരുണ്യം സാധിക്കവേണ്ടൂ'എന്ന ഭാഗം കൊണ്ട്.

ലോകത്തുള്ള നശ്വരങ്ങളായ അൽപ്പപദാർത്ഥങ്ങളെ ആശ്രയിച്ചാണല്ലോ മനുഷ്യൻ സുഖമനുഭവിക്കാൻ കൊതിക്കുന്നത്. അതു നിമിത്തം കാര്യമായ സുഖമൊന്നും അനുഭവിക്കാൻ പറ്റുന്നില്ലെന്നു മാത്രമല്ല നിരന്തരപരിണാമികളായ ബാഹ്യവിഷയങ്ങൾ അത്യധികം ദുഃഖത്തെ ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ ദുഃഖം വീണ്ടും വീണ്ടും അനുഭവിച്ചിട്ടും ദുഃഖഹേതുക്കളിൽത്തന്നെ പറ്റിക്കൂടാനാണു മനുഷ്യമനസ്സു കൊതിക്കുന്നത്. അനന്തസുഖസ്വരൂപമായ ആത്മാവിനെ തിരയാൻ കൂട്ടാക്കുന്നതേയില്ല. ഇതിൽപ്പരം മായാമോഹം മറ്റെന്താണുള്ളത്.? ഈ മായാമോഹത്തിൽപ്പെട്ടുപോകാനിടയാകരുതേ എന്നാണ് അടുത്ത പദ്യത്തിൽ പ്രാർത്ഥിക്കുന്നത്




No comments:

Post a Comment