Thursday, 15 July 2021

ശ്ലോകം 43 44

ശ്ലോകം 43

ഢക്കാ മൃദംഗ തുടിതാളങ്ങൾ പോലെയുട-
നോർക്കാമിതന്നിലയിലെന്നേടമോർത്തു മമ
നില്ക്കുന്നതല്ല മനമാളാനബദ്ധകരി
തീൻകണ്ടപോലെ ഹരി നാരായണായ നമഃ

(അന്നിലയിൽ- കുണ്ഡലിനീപ്രാണൻ ഷഡാധാരങ്ങൾ കടന്നുപോകുന്ന അവസ്ഥയിൽ, ഢക്കാമൃദംഗതുടി താളങ്ങൾ പോലെ- പെരുമ്പറ, മൃദംഗം, കടുന്തുടി മുതലായ വാദ്യവിശേഷങ്ങളുടെ മധുരധ്വനികൾക്കു തുല്യങ്ങളായ ശബ്ദങ്ങൾ, ഉടൻ ഓർക്കാം- ഉടനെ കേൾക്കാൻ ഇടവരും, എന്നേടമോർത്തു- യോഗശാസ്ത്ര പ്രസിദ്ധമായ ഇക്കാര്യം വിചാരിച്ച്, മമ മനം- എന്റെ മനസ്സ്,ആളാനബദ്ധകരി- കെട്ടുകുറ്റിയിൽ തളച്ചിരുന്ന ആന, തീൻ കണ്ടപോലെ- അകലെയായി ഭക്ഷണസാധനം കണ്ടാൽ എന്നപോലെ ആകാംക്ഷാഭരിതമായി തീർന്നിരിക്കുന്നു)

കുണ്ഡലിനി പ്രാണൻ ഷഡാധാരങ്ങൾ കടന്നു പോകുന്ന അവസ്ഥയിൽ പെരുമ്പറ, മൃദംഗം, കടുന്തുടി മുതലായ വാദ്യവിശേഷങ്ങളുടെ മധുര നാദങ്ങൾക്കു തുല്യങ്ങളായ ശബ്ദങ്ങൾ കേൾക്കാൻ ഇടയാകും എന്ന യോഗശാസ്ത്ര പ്രസിദ്ധമായ കാര്യം വിചാരിച്ച് എന്റെ മനസ്സ്, കെട്ടുകുറ്റിയിൽ തളച്ചിരിക്കുന്ന ആന അകലെയായി ഭക്ഷണസാധനം കണ്ടാലെന്നപോലെ ആകാംക്ഷാഭരിതമായിത്തീർന്നിരിക്കുന്നു. ഹരിനാരായണനു നമസ്കാരം.
 
 'അനാഹതനാദങ്ങൾ' - ധ്യാനയോഗാഭ്യാസം ദൃഢപ്പെട്ടു കുണ്ഡലിനീപ്രാണൻ ഉണർന്നു സുഷുമ്നാനാഡിയിൽ പ്രവേശിക്കുന്നതോടെ യോഗിക്ക് ഉള്ളിൽ തേജോമയ ങ്ങളായ വിവിധ രൂപങ്ങൾ കാണാനും മധുരമധുരങ്ങളായ വിവിധ നാദങ്ങൾ കേൾക്കാനും ഇടവരുന്നു. പ്രാണൻ ഹൃദയസ്ഥാനത്തുള്ള അനാഹതമെന്ന ആധാരചക്രത്തിൽ എത്തുമ്പോൾ ഈ നാദങ്ങൾ ദീർഘതരങ്ങളും സ്പഷ്ടതരങ്ങളുമായി ഭവിക്കുന്നു. എവിടെനിന്നു മുഴങ്ങുന്നു എന്നറിയാൻ കഴിയാതെ മുഴങ്ങുന്നവയായതുകൊണ്ട് യോഗികൾ ഇവയെ 'അനാഹതനാദങ്ങൾ' എന്നാണ് വിളിക്കുന്നത്. അനാഹതമെന്നാൽ മുഴക്കപ്പെടാത്തത് എന്നർത്ഥം. മണിനാദം, പെരുമ്പറനാദം, ശംഖനാദം, വേണുനാദം, വീണാനാദം ഇങ്ങനെ പല തരത്തിലും അനാഹത നാദങ്ങൾ യോഗികൾക്ക് ഉള്ളിൽ അനുഭവപ്പെടാറുണ്ട്. ശ്രീ ശങ്കരഭഗവത്പാദരുടെ ദക്ഷിണാമൂർത്തി സ്തവത്തി നു വ്യാഖ്യാനരൂപത്തിൽ രചിച്ചിട്ടുള്ള കാരികയിൽ ശങ്കരശിഷ്യനായ സുരേശ്വരാചാര്യർ പറയുന്നത് നോക്കുക:

പ്രാണൻ സുഷുമ്നാനാഡിയിൽ പ്രവേശിച്ചാൽ യോഗിയുടെ ഉള്ളിൽ എട്ടുവിധം നാദങ്ങൾ കേൾക്കാനിടവരുന്നു. മണിനാദം, പെരുമ്പറനാദം, ശംഖനാദം, സമുദ്രഘോഷം, വീണാനാദം, വേണുനാദം മുതലായവ അതിലുൾപ്പെടുന്നു. ശ്രീശങ്കരഭഗവത്പാദർ തന്നെ 'പ്രബോധചന്ദ്രോദയം' എന്ന കൃതിയിൽ ഇങ്ങനെ പറയുന്നു:

മനുഷ്യർ മുഴക്കുന്ന ഭേരീനാദം, മൃദംഗനാദം, ശംഖനാദം മുതലായവയിൽ മനസ്സ് ക്ഷണനേരം ലയിച്ചാനന്ദിക്കുന്നു. മധുരമധുരങ്ങളായ അനാഹതനാദങ്ങൾ കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ആനന്ദം അവർണനീയമാണ്. ലോക വിഷയങ്ങളിൽ നിബദ്ധമായി ചഞ്ചലമായിരിക്കുന്ന മനസ്സിന് ഇതു സാധിക്കുകയില്ല. വിഷയദ്ധമായ മനസ്സിനെയാണു കെട്ടുകുറ്റിയിൽ തളച്ചിരുന്ന ആനയോട് ആചാര്യൻ ഉപമിച്ചിരിക്കുന്നത്. അകലെക്കാണുന്ന ഭക്ഷണമാണ് അനാഹതനാദാനുഭൂതി. കെട്ടുകുറ്റിയിൽ തളച്ചിരിക്കുന്ന ആന അകലെക്കാണുന്ന ഭക്ഷണത്തിനു കൊതിച്ചു വട്ടം കറങ്ങുന്നതുപോലെ വിഷയ നിബദ്ധമായ എന്റെ മനസ്സ് അനാഹതനാദാനുഭൂതിപോലുള്ള യോഗാനുഭവങ്ങൾക്കായി വെമ്പൽ കൊള്ളുന്നു എന്നു താത്പ്പര്യം.

ഏതായാലും ഈ ജന്മത്തിൽത്തന്നെ കർമ്മഗതി പൂർണമായി നിലച്ച് ജീവന്മുക്തി വന്നില്ലെങ്കിൽപോലും തത്ത്വവിചാരം കൊണ്ടുണ്ടായ ജ്ഞാനാനുഭൂതി വിട്ടുപോകാതെ തുടരണമെന്നാണ് അടുത്ത പദ്യത്തിൽ ആചാര്യൻ അപേക്ഷിക്കുന്നത്

ശ്ലോകം 44

ണത്വം വരും പരിചു കർമവ്യപായമിഹ
മധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്ത്വാദിയിൽ പരമുദിച്ചോരു ബോധമതു
ചിത്തേ  വരേണ്ടതിഹ നാരായണായ നമഃ

( ഇഹ മധ്യേ- ഈ ലോകത്തു ശരീരയാത്ര തുടർന്നുകൊണ്ടിരിക്കവേ തന്നെ, ണത്വം- ആനന്ദരൂപം അഥവാ ബ്രഹ്മസ്വരൂപം,വരുംപരിചു- കൈവരുമാറ്,കർമ്മവ്യപായം- പൂർണമായ കർമ്മ നിവൃത്തി, ഭവിക്കിലുമതില്ലെങ്കിലും കിമപി- ഉണ്ടായാലും ഇല്ലെങ്കിലും, തത്ത്വാദിയിൽ- തത്ത്വങ്ങൾക്കെല്ലാം ആദിയായ പരമാത്മാവിൽ, പരം- വ്യക്തമായി, ഉദിച്ചോരു ബോധം- തെളിഞ്ഞ ജ്ഞാനാനുഭവം, അതു ചിത്തേ വരേണ്ടതിഹ- വിട്ടുപോകാതെ ഉള്ളിൽ തുടർന്നു നിലനിൽക്കണം)

ഈ ലോകത്ത് ശരീരയാത്ര തുടർന്നു കൊണ്ടിരിക്കവേ  തന്നെ ആനന്ദസ്വരൂപമായ ബ്രഹ്മരൂപം കൈവരുമാറ് പൂർണമായ കർമ്മനിവൃത്തി ഉണ്ടായാലും ഇല്ലെങ്കിലും തത്ത്വങ്ങൾക്കെല്ലാം ആദിയായ പരമാത്മാവിൽ വ്യക്തമായി തെളിഞ്ഞു ജ്ഞാനാനുഭവം വിട്ടുപോകാതെ ഉള്ളിൽ തുടർന്നു നിലനിൽക്കണം നാരായണനു നമസ്കാരം.

 'ജ്ഞാനോദയവും ജീവന്മുക്കിയും' - ജീവിച്ചിരിക്കുമ്പോൾതന്നെ കർമ്മം പൂർണമായി ഒടുങ്ങി ആനന്ദസ്വരൂപമായ ബ്രഹ്മത്തിൽ ദൃഢമായ നിഷ്ഠ സംഭവിക്കുന്നതാണ് ജീവന്മുക്തി. ഈ ജീവന്മുക്തി കൈവരുന്നതിനുമുമ്പുതന്നെ പ്രത്യക്ഷമായ തത്ത്വജ്ഞാനം ഉണ്ടാകാം. തത്വജ്ഞാനം ഉണ്ടായാലും കർമ്മമയമായ മനസ്സും വാസനാമണ്ഡലവും പൂർണമായി ഒടുങ്ങി കിട്ടണമെന്നില്ല. മനോനാശവും വാസനാക്ഷയവും പൂർണ്ണമായാലേ ജീവന്മുക്തി കൈവരൂ. തത്ത്വജ്ഞാനം, വാസനാക്ഷയം, മനോനാശം എന്നിവ ഒരുമിച്ച് അഭ്യസിച്ചാണ് ജീവന്മുക്തി നേടേണ്ടത്. എന്നാൽ ജ്ഞാനോദയമുണ്ടായാൽ ജീവന്മുക്തി സംഭവിച്ചില്ലെങ്കിലും ദോഷമൊന്നും വരാനില്ല.ജീവിച്ചിരിക്കുമ്പോൾതന്നെ മോക്ഷ സ്ഥിതി ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ജീവന്മുക്തിയുടെ പ്രധാന പ്രയോജനം. ജീവന്മുക്തി ലഭിച്ചില്ലെങ്കിൽ പോലും ജ്ഞാനിക്ക് വിദേഹമുക്തി സുനിശ്ചിതമാണ്. പ്രത്യക്ഷമായ വസ്തു ബോധമാണു ജ്ഞാനം. അതൊരിക്കലുണ്ടായാൽ പിന്നെ ഒരു കാരണവശാലും നഷ്ടപ്പെടുന്നതല്ല.ഈ സത്യാനുഭവ രഹസ്യങ്ങളെല്ലാം 'ജീവന്മുക്തിവിവേകം' എന്ന കൃതിയിൽ ശ്രീ വിദ്യാരണ്യ സ്വാമികൾ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വേദാന്താനുഭവപാരംഗതനായ തുഞ്ചത്താചാര്യൻ ജീവന്മുക്തി ലഭ്യമായില്ലെങ്കിൽ പോലും പ്രത്യക്ഷമായ വസ്തു ബോധത്തിന് കോട്ടം സംഭവിക്കരുതേ എന്നാണ് പ്രസ്തുത ശ്ലോകത്തിൽ അപേക്ഷിച്ചിരിക്കുന്നത്. കർമ്മത്തിന്റെ സൂക്ഷ്മരൂപങ്ങളാണ് മനസ്സും വാസനയും. സങ്കല്പമയമാണ് മനസ്സ്. അതിനു വിത്തായി ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന സൂക്ഷ്മകർമ്മമാണ് വാസന. വസ്തുബോധമില്ലാതെ സംഗബദ്ധമായി കർമ്മം ചെയ്യുന്നവരുടെ എല്ലാ കർമ്മങ്ങളും ഫലലാഭത്തോടെ വാസനാരൂപത്തിൽ ഉള്ളിൽ അടിയും. അതു  പിന്നീടു സങ്കൽപ്പാത്മകമായ മനസ്സിനു രൂപം കൊടുക്കും. അങ്ങനെ ജന്മങ്ങൾ തുടർന്നു പോകാനിടവരും. ജ്ഞാനലാഭത്തോടെ സഞ്ചിതവും ആഗാമിയുമായ കർമ്മങ്ങൾ എരിഞ്ഞു ചാമ്പലാകും. പ്രാരാബ്ധം അവശേഷിക്കും. പ്രാരാബ്ധവും ഒടുങ്ങുന്നതോടെ ജീവന്മുക്തി കരഗതമാകും. അതുകൊണ്ട് പ്രസ്തുത ശ്ലോകത്തിൽ 'കർമവ്യപായം' എന്നു പറഞ്ഞിരിക്കുന്നത് മനസ്സും വാസനയും ഒടിങ്ങി പ്രാരാബ്ധമുൾപ്പെടെയുള്ള കർമ്മം നിവർത്തിക്കുന്നതിനെക്കുറിച്ചാണെന്ന് ഓർമ്മിക്കണം.

തത്ത്വാദിയാണു പരബ്രഹ്മമെന്നു  കണ്ടുവല്ലോ. അതുകൊണ്ടുതന്നെ സകല നാമരൂപങ്ങളിലും സാരഭൂതമായി വർത്തിക്കുന്നതു പരബ്രഹ്മമാണെന്നു നിശ്ചയിക്കാം. വിശേഷിച്ചും ശബ്ദങ്ങളിൽ ബോധവസ്തുവിന്റെ സ്ഥിതി ആർക്കും വിചാരം ചെയ്താൽ കണ്ടെത്താൻ കഴിയും. ശബ്ദത്തിന്റെ ഉറവിടമായ ബ്രഹ്മത്തെ ശബ്ദത്തിൽ കൂടി കണ്ടെത്താൻ വേദം അനുശാസിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളാണ് അടുത്ത ശ്ലോകത്തിൽ വിവരിക്കുന്നത്.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ

No comments:

Post a Comment