Monday 12 July 2021

ശ്ലോകം 65 66

ശ്ലോകം 65

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തു പിഴവഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

കരുണാപയോധി =  കരുണയാകുന്ന ജലം നിറഞ്ഞ സമുദ്രം;
 മമ ഗുരുനാഥൻ  = എന്റെ ഗുരുനാഥൻ;
ഇസ്തുതിയെ = ഈ ഹരിനാമകീർത്തനത്തെ;
വിരവോടു പാർത്ത് =  വേഗത്തിൽ വായിച്ചുനോക്കി;
പിഴ വഴിപോലെ തീർത്തരുൾക = വേണ്ടുംവണ്ണം പിഴ തീർത്ത് അനുഗ്രഹിക്കണമേ;
ദുരിതാബ്‌ദിതൻ നടുവിൽ =  ദുരിതപൂർണ്ണമായ സംസാരസമുദ്രത്തിൽ;
മറിയുന്നവർക്ക്  = മൂങ്ങിയും പൊങ്ങിയും ക്ലേശിക്കുന്നവർക്ക് ;
ഒരു പോതമായ് വരിക = ഈ കീർത്തനം ഒരു തോണിയായി ഭവിക്കട്ടെ;
നാരായണായ നമഃ = നാരായണന്നായി നമസ്കാരം.

മാതൃകാക്ഷരങ്ങളിൽ ഓരോന്നു കൊണ്ടും തുടങ്ങുന്ന പദ്യങ്ങൾ കൊണ്ട് ശ്രീനാരായണനെ ആരാധിച്ചതോടൊപ്പം അനുവാചകന് ഉപനിഷത്സാരം ഉപദേശിക്കുകയും ചെയ്ത ആചാര്യൻ താൻ രചിച്ച കൃതി ഗുരുവിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. കരുണാപയോധിയായ ഗുരുനാഥൻ ഇതു വായിച്ചു് പിഴ തീർത്തു തരണേ എന്നു ഗുരുനാഥനോട് അഭ്യർത്ഥിച്ചു കൊണ്ടാണ് ഈ സമർപ്പണം. ഗുരുനാഥൻ പരിശോധിച്ചു പിഴതീർത്ത ഈ കീർത്തനം സംസാരസാഗരത്തിൽ വീണുഴന്നു ദുരിതമനുഭവിക്കുന്നവർക്ക് ഒരു തോണിയായിത്തീരട്ടെ എന്ന് ആചാര്യൻ ആശംസിക്കുന്നു.  ഡോ: ബി: സി: ബാലകൃഷ്ണന്റെ ഹരിനാമകീർത്തന വ്യാഖ്യാനത്തിൽ നിന്നും

ശ്ലോകം 66

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരാ‍യണായ നമഃ

മദം,  മത്സരം തുടങ്ങിയ ദോഷങ്ങൾ ഉള്ളിൽ നിന്നും അകറ്റാൻ ലോകം ഈ കീർത്തനം പാടി ഭഗവാനെ വാഴ്ത്തട്ടെ. നമുക്കും അത് മോക്ഷമാർഗ്ഗം തെളിക്കും. ഈ സ്തുതി ചൊല്ലിക്കേൾക്കുകയോ ഇതിലെ ഒരു പദ്യമെങ്കിലും കാണാതെ പഠിക്കുകയോ  ചെയ്യുന്നവനും സംസാര സമുദ്രത്തിൽ മുങ്ങി ദുഃഖിക്കുകയില്ല.

RADHAKRISHNAN KAKKASSERY

No comments:

Post a Comment